'എക്‌സ് കമ്മ്യൂണിസ്റ്റ് ' അഥവാ മുൻ സഖാവ് അൻവറിക്ക ആനയല്ല, വെറും കുഴിയാനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെട്ടിത്തുറന്നു പറഞ്ഞതു കേട്ട് നടുങ്ങിയിരിക്കുകയാണ് കേരളത്തിലെ ബംഗാളികൾ. ബംഗാൾ മുഖ്യമന്ത്രി മമതാജിയുടെ കേരളത്തിലെ ഏകപ്രതിനിധിയായ ഇക്കയെ ഇങ്ങനെ ആക്ഷേപിച്ചത് എന്തായാലും ശരിയല്ല. പൊറോട്ടയടിക്കും പോലെ സതീശനെ മലർത്തിയടിക്കാനാണ് മമതാജിയുടെ തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം.
കോൺഗ്രസിൽ നിന്ന് അടർന്നുപോയ തൃണമൂൽ കോൺഗ്രസിന് ശുദ്ധമായ ഗാന്ധിയൻ രക്തം തന്നെയാണെന്ന് സതീശൻജി ഓർക്കണമായിരുന്നു. ഇന്നല്ലെങ്കിൽ നാളെ ഒന്നിക്കേണ്ടവരാണ്. തൃണമൂലിലൂടെ കോൺഗ്രസിലെത്തി യു.ഡി.എഫിനെ ശക്തിപ്പെടുത്താനും എല്ലാവരും കൂടി നിർബന്ധിച്ചാൽ മനസില്ലാമനസോടെ മന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാമെന്നു കരുതിയിരുന്ന ശുദ്ധഗതിക്കാരനെയാണ് നോവിച്ചത്. കലികയറിയ കൊമ്പനാണെന്ന് ഇക്ക മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇനി എന്തും സംഭവിക്കാം. കോൺഗ്രസിലെ പല പ്രമാണിമാരും വിരണ്ടെങ്കിലും സതീശൻജി രണ്ടും കൽപ്പിച്ചാണ്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുതെന്ന് വ്യംഗ്യമായി പറയുകയും ചെയ്തു. ഈ ധൈര്യം ചാൾസ് ശോഭ്‌രാജിൽ പോലും കണ്ടിട്ടില്ല. എന്തായാലും സതീശൻജിയുടെ ഉറച്ച മറുപടികേട്ട് അണികൾ ഉഷാറായി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ല വേണ്ടതെന്ന നിലപാടിനു മുന്നിൽ വാർ റൂം മേധാവി വേണുജിയടക്കം ഒന്നു പതറി.
ഇങ്ങനെയുണ്ടോ
അന്തർധാരകൾ!
മുഖ്യമന്ത്രി പിണറായിയും സതീശൻജിയും തമ്മിൽ ചില അന്തർധാരകളുണ്ടെന്നാണ് ഇക്കയുടെ ലേറ്റസ്റ്റ് കണ്ടെത്തൽ. സംഘികളും സഖാക്കളും തമ്മിലുള്ള അന്തർധാര നേരത്തേ കണ്ടെത്തിയിരുന്നു. അതിഭീകരമായ അവസ്ഥയാണിത്. സഖാക്കളും ഗാന്ധിയന്മാരും സംഘികളും ഒന്നിച്ചാൽ എന്താകും കഥ. ഈ അപകടം കണ്ടുപിടിക്കാൻ ബുദ്ധിയുള്ള ആരും കേരളത്തിലില്ല എന്നു കരുതരുത്. ജനാധിപത്യ വിശ്വാസികളുടെ ഏക പ്രതീക്ഷയായ മുസ്ലിം ലീഗിന് കാര്യം പിടികിട്ടി. പാർട്ടി എം.എൽ.എ പി. അബ്ദുൽ ഹമീദ് ഈ സത്യമറിഞ്ഞ് പൊട്ടിക്കരഞ്ഞുപോയി. ഒരു തങ്കപ്പെട്ട മനുഷ്യനെ നിഷ്‌ക്കരുണം തള്ളിക്കളയുന്നതിലുള്ള ആ സങ്കടം സ്വാഭാവികമാണ്. ഇതു വളരെ നിന്ദ്യവും പൈശാചികവുമാണെന്ന് തിരിച്ചറിയണമെങ്കിൽ എ.കെ. ആന്റണിയുടെ മനസ് വേണം. പ്രതിപക്ഷ നേതാവിന് അതില്ലാതെ പോയി.
അൻവറിക്കയെ ലീഗിലേക്ക് വരവേറ്റ് പോത്ത് ബിരിയാണി നൽകി സൽക്കരിക്കണമെന്ന് ലീഗുകാർക്ക് പെരുത്ത ആഗ്രഹമുണ്ട്. പത്തുവർഷത്തിനു ശേഷം ജയം കൈവെള്ളയിൽ നിൽക്കുന്ന സാഹചര്യത്തിൽ സംയമനം പാലിക്കണമെന്നാണ് പാണക്കാട്ടെ രാജ്യാന്തര ആസ്ഥാനത്തുനിന്നുള്ള നിർദ്ദേശം. 2026ൽ യു.ഡി.എഫ് ജയിക്കുകയും ചുരുങ്ങിയത് 20 ലീഗ് എം.എൽ.എമാർ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, അവുക്കാദർ കുട്ടി നഹ സാഹിബിനു ശേഷമൊരു ഉപമുഖ്യമന്ത്രിയെ കേരളത്തിനു കിട്ടുമെന്നാണ് ലീഗുകാരുടെ പ്രതീക്ഷ. ശുദ്ധഹൃദയനായ നഹ സാഹിബ് ഇരുന്ന കസേരയാണത്. താൻ അങ്ങനെയല്ലെന്നും, വെറുത്തുപോയാൽ വേരോടെ പിഴുതെടുത്ത് കത്തിച്ചുകളയുന്ന ചാണക്യനാണെന്നും ആവേശം മൂത്തപ്പോൾ അൻവറിക്ക ചില സദസുകളിൽ പറഞ്ഞത് കോൺഗ്രസ് ചാരന്മാർ പിടിച്ചെടുത്തെന്നാണ് സൂചനകൾ.
അഞ്ചാം മന്ത്രിയെ അന്നത്തെ മുഖ്യൻ ഉമ്മൻചാണ്ടിയെ അറിയിക്കാതെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച് ചങ്കൂറ്റം തെളിയിച്ച ലീഗിനെ കോൺഗ്രസുകാർ ഇനിയും വേണ്ടവിധം മനസിലാക്കിയിട്ടില്ല. മനസിൽ നന്മയുള്ളവരുടെ മനസു നൊന്താൽ എന്തൊക്കെ ചെയ്യുമെന്നു പറയാനാവില്ല.
കിട്ടിയില്ല, 'സ്നേഹത്തിന്റെ"
ഉണ്ടമ്പൊരി
സഖാക്കളുടെ ക്രൂരതയിൽ സങ്കടം സഹിക്കാനാവാതെയാണ് ഇക്ക എൽ.ഡി.എഫ് കൂടാരം വിട്ടത്. ഒറ്റപ്പെട്ട പാതകളിലൂടെ അവധൂതനെപ്പോലെ സഞ്ചരിച്ച് എത്തിയത് 'സ്നേഹത്തിന്റെ കട"യുടെ മുന്നിലായിരുന്നു. ഉണ്ടമ്പൊരിയുടെയും സുഖിയന്റെയും മണമടിച്ചപ്പോൾ അറിയാതെ നിന്നുപോവുകയായിരുന്നു എന്നതാണ് സത്യം. കടയിലിരുന്ന പഹയന്മാരിൽ പലരും ഇക്കയെ ക്ഷണിച്ചെങ്കിലും അകത്തേക്കു കയറിയില്ല. അതാണ് തറവാടിത്തം. ക്ഷണിക്കേണ്ടവർ ക്ഷണിക്കേണ്ട രീതിയിൽ വിളിച്ചാലേ പടികടക്കൂ. അപ്പോഴേക്കും, ആഴ്ചകൾക്കു പിന്നിലെ കെ.പി.സി.സി പ്രസിഡന്റ് സുധാകർജി ഓടിപ്പാഞ്ഞെത്തി. സ്നേഹത്തിന്റെ കടയിൽ രാഹുൽജിക്ക് ഇഷ്ടമുള്ള ഉണ്ടമ്പൊരി മാത്രമേ സ്പെഷ്യലായുള്ളൂ എന്നറിയാമായിരുന്ന മൂപ്പര്, ഇക്കയ്ക്ക് ഇഷ്ടമുള്ള പൊരിച്ച പത്തിരിയും ഉന്നക്കായയുമായി കണ്ണൂരിൽ നിന്ന് പഞ്ഞെത്തുകയായിരുന്നു. ലേശം വൈകിയ ആ ഗ്യാപ്പിലാണ് സതീശൻ ഈ പണി പറ്റിച്ചത്. വച്ചത് അൻവറിനിട്ടാണെങ്കിലും കൊണ്ടത് സുധാകർജിക്കാണ്. അതോടെ സതീശൻജി താരമായി.
ഗൗരി അമ്മയും എം.വി. രാഘവനുമൊക്കെ പോയിട്ടും ഒരു ചുക്കും സംഭവിക്കാത്ത പ്രസ്ഥാനത്തെ വിരട്ടിയെ ഇക്കയുടെ ചങ്കൂറ്റത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് സഖാക്കളും സംഘികളും ചില ഖദറുകാരും ഉൾപ്പെട്ട ഫാസിസ്റ്റ് മുന്നണി. ഇതിനെതിരെ ഒരു മതനിരപേക്ഷ മുന്നണി വളർന്നുവരണം. അതിനു നേതൃത്വം നൽകാൻ കഴിയുന്ന ഏക പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. ലീഗിന്റെ ബലത്തിൽ മുഖ്യമന്ത്രിക്കസേരയിൽ ഞെളിഞ്ഞിരുന്നവർ ഒരിക്കലെങ്കിലും ആ പാവങ്ങളിൽ ഒരാളെ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആക്കാൻ ശ്രമിച്ചിട്ടില്ല. ഇനിയത് നടപ്പില്ല. കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും തൃണമൂൽ കോൺഗ്രസിലും പയറ്റിത്തെളിഞ്ഞ വ്യത്യസ്തനായ ഇക്കയെ സത്യത്തിലാരും തിരിച്ചറിയുന്നില്ല. ഖജനാവിൽ കാശില്ലെങ്കിൽ സ്വന്തം കീശയിൽനിന്ന് കാശിട്ട് വികസനം നടപ്പാക്കാൻ ത്രാണിയുള്ള വിശാലഹൃദയനായ ആശാനാണ് അൻവറിക്ക.
കഥകൾ വരും,
ലോഡുകണക്കിന്
അൻവറിക്കയോട് ക്രൂരമായി പെരുമാറിയ മുഖ്യൻ വല്ലാതെ പേടിച്ചിട്ടുണ്ടെന്നാണ് പാർട്ടിയിൽ നിന്നുള്ള സൂചന. ലോഡുകണക്കിന് സ്വർണ ബിസ്ക്കറ്റുകൾ ബിരിയാണിച്ചെമ്പിൽ തലച്ചുമടായി കടത്തിയതിന്റെ ഫോട്ടോ ഇക്കയുടെ കൈയ്യിലുണ്ട്. തലയിൽ തോർത്ത് ചുറ്റി, ചെമ്പുമായി പോകുന്നതുകണ്ടാൽ നാട്ടുകാർ തിരിച്ചറിഞ്ഞില്ലെങ്കിലും അൻവറിക്ക പിടിച്ചെടുക്കും. ഈന്തപ്പഴത്തിന്റെ കുരുകളഞ്ഞ് പകരം സ്വർണം ഉരുക്കിയൊഴിച്ചു സെറ്റാക്കി കടത്തുന്നതിന്റെ തെളിവുമുണ്ട്. എല്ലാം പുറത്തുവിട്ടാൽ കേരള രാഷ്ട്രീയത്തിൽ പൊട്ടിത്തെറിയുണ്ടാകും, മന്ത്രിസഭ വീഴും. ഇത്രയും കാര്യങ്ങൾ വിളിച്ചുപറഞ്ഞിട്ടും ആരും ഞെട്ടാത്തതിൽ വലിയ സങ്കടമുണ്ട്. നിലമ്പൂരിൽ ജയിച്ച് എം.എൽ.എ ആകണമെന്ന ചെറിയ ആഗ്രമേ പാവംകുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. അതാണ് സതീശൻ തകർത്തുകളഞ്ഞത്. പാറയുടെ കരുത്തുള്ള മുൻ കെ.പി.സി.സി പ്രസിഡന്റ് സുധാകര ഗുരുക്കൾ ചലനശേഷിയില്ലാത്ത വെറും പാറയായി എന്നു മാത്രല്ല, പറഞ്ഞതൊക്കെ പാരയാവുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനം പോയ മൂപ്പരുടെ കാര്യം വലിയ കഷ്ടത്തിലാണ്. പാർട്ടിക്കാർ തന്നെ ക്ഷുദ്രപ്രയോഗം നടത്തി മൂപ്പരുടെ കിളിപോയെന്നാണ് സംഘികളും സഖാക്കളും പറഞ്ഞുപരത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |