തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിൽ വയനാടൻ ചുരമിറങ്ങിയ ഒറ്റയാനായിരുന്നു ചിത്രമെഴുത്തുകാരനായ കെ.പി. തോമസ്. ഫിലോസഫി പഠിക്കാനെത്തിയ തോമസിന് അഭയവും അറിവും ആശ്രയവുമായ എറണാകുളം മഹാരാജാസ് കോളേജിന് അന്ന് ശതാബ്ദിയോടടുക്കുന്ന പ്രായം. കാമ്പസിൽ കലാ, സാഹിത്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ തിളങ്ങി, പില്ക്കാലത്ത് പ്രശസ്തിയുടെ നെറുകയിലെത്തിയ മമ്മൂട്ടിയും വി.പി. ഗംഗാധരനും തോമസ്‌ഐസക്കും എസ്. രമേശനും കെ.പി. ജയശങ്കറും പി.എൻ പ്രസന്നകുമാറുമെല്ലാമുണ്ട്, അന്നവിടെ വിദ്യാർത്ഥികളായി. ഒപ്പം, എം.കെ. സാനുമാഷും എം. ലീലാവതി ടീച്ചറും കെ.എൻ. ഭരതൻ മാഷും ടി.ആറും എല്ലാമുൾപ്പെടുന്ന സമ്പന്നമായ അദ്ധ്യാപക നിരയും. എന്തിന്, രാജ്യത്ത് പൗരന്റെ നാവടക്കാനൊരുമ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരെയുള്ള ആത്മാവിഷ്‌കാരമായ തോമസിന്റെ ആദ്യ ചിത്രപ്രദർശനത്തിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിനടുത്തുള്ള സഹോദരൻ അയ്യപ്പൻ ഹാൾ ഏർപ്പാടു ചെയ്തു കൊടുത്തത് സാനുമാഷായിരുന്നു എന്നും അറിയുക.
പരുക്കൻ മാനന്തവാടിയൻ കിനാക്കളുമായി അന്ന് ചുരമിറങ്ങിയ തോമസ് ഇപ്പോൾ എഴുപതു പിന്നിട്ട റിട്ട. ബാങ്കുദ്യോഗസ്ഥൻ. അന്നത്തെ ഒറ്റയാനെ പരുവപ്പെടുത്തിയെടുത്ത മഹാരാജാസ് എന്ന മഹാകലാലയം ഇപ്പോൾ നൂറ്റിയൻപതാം പിറന്നാളാൾ ആഘോഷിക്കുന്ന വേള. എഴുപതുകൾ പിന്നിട്ട എഴുപതുകളിലെ ആ ചെറുപ്പക്കാർ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ മേയ് മാസമൊടുവിൽ ഒത്തുകൂടിയത് ഒരപൂർവാനുഭവമായിരുന്നു. തോമസിന്റെ പെയിന്റിംഗുകളുടെ പ്രദർശനമായിരുന്നു സന്ദർഭം.
മഹാരാജാസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ, കാൻസർ കെയർ സൊസൈറ്റിയുമായി ചേർന്ന് ഒരുക്കിയ പ്രദർശനം ഉദ്ഘാടനം ചെയ്തത് ഡോ. വി,പി. ഗംഗാധരൻ (2023 മാർച്ച് മാസത്തിൽ മട്ടാഞ്ചേരിയിലെ നിർവാണ ആർട്ട് ഗാലറിയിൽ തോമസിന്റെ രചനകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത്, എഴുപതുകളിലെ ചങ്ങാതിക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ മമ്മൂട്ടിയായിരുന്നു). ദർബാർ ഹാൾ ഗാലറിയിലെ പ്രദർശനത്തിൽ ഏതാനും ചിത്രങ്ങൾ വിറ്റുപോയ വകയിൽ കിട്ടിയ തുകയിൽ പാതി തോമസ് കാൻസർ കെയർ സൊസൈറ്റിക്കു നൽകി.
തോമസ് സമീപകാലത്തു ചെയ്ത അറുപതിൽപ്പരം പെയിന്റിംഗുകളാണ് കേരള ലളിതകലാ അക്കാഡമിയുടെ ദർബാർ ഹാൾ ഗാലറിയിൽ പ്രദർശിപ്പിച്ചത്. ചിത്രമെഴുത്ത് ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത തോമസിന്റെ ആദ്യകാല രചനകളിൽ നിറഞ്ഞുനിന്നത് മാനന്തവാടിയൻ കിനാക്കളായിരുന്നു (വയനാട്ടിലെ ആദ്യകാല കുടിയേറ്റ കുടുംബത്തിലെ പിന്മുറക്കാരനായിട്ടും ഇടതുപക്ഷ സഹയാത്രികനായ തോമസിനു ചാർച്ച വനഭൂമിയിലെ ആദിമനിവാസികളോടായിരുന്നു. 'മാനം അവസാനിക്കുന്ന വാടി; അഥവാ സ്വർഗ്ഗം... ആ പഴയ മാനന്തവാടിയെ വീണ്ടെടുക്കേണ്ടതുണ്ട്"എന്ന് ചിത്രകാരൻ).
പരുക്കൻ ഭാവത്തിലുള്ള ആദ്യകാല രചനകൾ പണ്ടുപണ്ട് വയനാടൻ മലമടക്കുകളുടെ സങ്കീർണതകൾ/ കാനനപാതകൾ പരിചയപ്പെടുത്തിക്കൊടുത്തതിന് പ്രത്യുപകാരമായി സായിപ്പന്മാർ കൊന്നുകളഞ്ഞ (!!) ആദിവാസി മൂപ്പനായ കരിന്തണ്ടനെയും ഊരിലെ മന്ത്രവാദിനിയായ മീനിപ്പണിച്ചിയെയും ബാർബർഷാപ്പു നടത്തുന്ന സുബ്രനെയുമെല്ലാം പുറംലോകത്തിന് പരിചിതരാക്കി.
കുറഞ്ഞ കാലം ഭൂട്ടാനിൽ സ്‌കൂൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്ലാർക്കായി ചേർന്ന തോമസ് ചിത്രരചനാശൈലിയിലെന്നപോലെ രചനാ സങ്കേതങ്ങളിലും നിരന്തര പരീക്ഷണത്തിലായിരുന്നു. ഉപയോഗം കഴിഞ്ഞ തപാൽ കവറുകളും ഇൻലന്റുകളും രചനയ്ക്കു പ്രതലമാക്കിയതിനു പിന്നാലെ ബാങ്കിലെ പ്രിന്ററിലൂടെ പുറംതള്ളുന്ന, ഒരു ഭാഗം മാത്രം അച്ചടിച്ച കടലാസിന്റെ മറുഭാഗവും പെയിന്റിംഗുകൾക്കായി ഉപയോഗപ്പെടുത്തി. 'പൊയ്‌പ്പോയ നല്ല കാലത്തെ" ഓർത്ത് നിരാശാബോധത്തിലും നഷ്ടബോധത്തിലും മുഴുകി ഒതുങ്ങുന്നതിനപ്പുറം ചുറ്റുപാടുകളിലെ അനീതികളോട്, അതിക്രമങ്ങളോട് ശക്തമായി കലഹിക്കുന്നതും പ്രതികരിക്കുന്നതുമാണ് തോമസിന്റെ രചനകളിലേറെയും.
മുത്തങ്ങാ പ്രക്ഷോഭവും വെടിവയ്പിലേക്കു നീണ്ട പൊലിസ് നരനായാട്ടും സെക്രട്ടേറിയറ്റ് നടയിലെ ആദിവാസികളുടെ കുടിലുകെട്ടി സമരവും 'ബുദ്ധൻ ചിരിക്കുന്നു" എന്ന അസംബന്ധ ശീർഷകത്തിനു കീഴിൽ നടന്ന പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണവും കന്യാസ്ത്രീകൾ ലൈംഗിക പീഡനത്തിന് ഇരയായ കയ്പൻ വൃത്താന്തങ്ങളും ജീവിത പ്രാരാബ്ധത്തീ തിന്നുന്ന പെണ്ണുങ്ങളുടെ പൊങ്കാല നേർച്ചയുമെല്ലാം തോമസിന്റെ രചനകൾക്ക് പ്രമേയമായി.
'സോളിലോക്വി' എന്ന പൊതു ശീർഷകത്തോടെ ദർബാർ ഹാൾ ഗാലറിയിൽ പ്രദർശിപ്പിച്ച സമീപകാല രചനകളിലേറെയും വെറുപ്പിന്റെ വ്യാപാരികൾ അരങ്ങു വാഴുന്ന ഈ കെട്ടകാലത്ത് ജീവിക്കേണ്ടിവരുന്നതിൽ വ്യാകുലപ്പെടുന്ന, അസ്വസ്ഥനാവുന്ന ചിത്രകാരന്റെ ആത്മഭാഷണങ്ങളാണ്. സാമൂഹ്യജീവി എന്ന നിലയ്ക്ക് ചിത്രകാരൻ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ നമുക്കതിൽ വായിച്ചെടുക്കാം. ഭീതിയും നിസ്സഹായതയും പേറുന്ന മനുഷ്യ രൂപങ്ങൾക്കൊപ്പം കാക്കയും കഴുകനും ഓന്തും ആമയും കുതിരയുമെല്ലാം ഭ്രമാത്മകതയിൽ ചാലിച്ച പ്രതീകങ്ങളായി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
ആദ്യകാല രചനകളിലെ പരുക്കൻ ഭാവത്തിനപ്പുറം ജീവിതം പരുവപ്പെടുത്തിയ പക്വതയുടെ നിറലയവും സമീപകാല രചനകളിൽ പലതിന്റെയും സവിശേഷതയാകുന്നു. 'ശിഷ്യന്റെ പെരുവിരൽ അറുത്തു വാങ്ങാത്ത" കാനായി കുഞ്ഞിരാമനാണ് തോമസിന്റെ മാനസഗുരു. കാനായിക്കു ബദൽ കാനായി മാത്രം എന്നു പറഞ്ഞപോലെ തോമസിനെപ്പോലെ വരയ്ക്കാൻ തോമസേയുള്ളൂ എന്നതു തന്നെയാണ് ഈ ചിത്രമെഴുത്തുകാരന്റെ രചനകളെ വേറിട്ടതും ശ്രദ്ധേയവുമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |