ഭൂമിയേറ്റെടുക്കാനുള്ള മഞ്ഞക്കുറ്റിയിടലിൽ ജനങ്ങളുടെ പ്രതിഷേധം കാരണം മരവിപ്പിച്ച സിൽവർലൈൻ പദ്ധതിക്ക് പകരം, അതിന്റെ മൂന്നിലൊന്ന് ഭൂമി മാത്രം ആവശ്യമുള്ള തിരുവനന്തപുരം- കണ്ണൂർ സെമി- ഹൈസ്പീഡ് റെയിൽപ്പാത ആറു വർഷംകൊണ്ട് നിർമ്മിക്കാമെന്നാണ് മെട്രോമാൻ ഇ. ശ്രീധരന്റെ ഉറപ്പ്. ശ്രീധരന്റെ വാക്ക് വെറുംവാക്കല്ലെന്ന് രാജ്യത്തിന് പലവട്ടം ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അസാദ്ധ്യമെന്ന് ബ്രിട്ടീഷുകാർ പോലും എഴുതിത്തള്ളിയ കൊങ്കൺപാത യാഥാർത്ഥ്യമാക്കിയും കടലെടുത്ത പാമ്പൻപാലം 46 ദിവസം കൊണ്ട് പുനർനിർമ്മിച്ചും രാജ്യത്ത് മെട്രോറെയിൽ സംസ്കാരത്തിന് തുടക്കമിട്ടും നവഭാരതത്തിന്റെ റെയിൽവേ സംരംഭങ്ങളുടെ ശിൽപ്പിയെന്ന കീർത്തി നേടിയിട്ടുണ്ട് ശ്രീധരൻ.
ഇ. ശ്രീധരൻ ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ് കൊച്ചി മെട്രോ. റെയിൽവേ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹത്തോളം പരിചയസമ്പന്നത നിലവിൽ രാജ്യത്താർക്കുമില്ല. അതിനാലാണ് സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ തള്ളിയ കേന്ദ്രം ശ്രീധരന്റെ ബദൽപദ്ധതിയിൽ ചർച്ചയ്ക്ക് സമ്മതമറിയിച്ചത്. ഇ.ശ്രീധരൻ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? സിൽവർലൈനിനു പകരമുള്ള പാത യാഥാർത്ഥ്യമാവുമോ.
നിലവിലെ ഇരട്ടപ്പാതയോടു ചേർന്ന് മൂന്ന്, നാല് പാതകളാണ് റെയിൽവേയുടെ പരിഗണനയിൽ. അത് പ്രായോഗികമാവില്ല. മൂന്ന്, നാല് പാതകളിലൂടെ അതിവേഗ ട്രെയിനുകൾ ഓടിക്കാനാവില്ല. നമുക്കാവശ്യം അതിവേഗ ട്രെയിനുകൾ മാത്രം ഓടിക്കാവുന്ന പാതയാണ്. കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് വന്നാൽ ഡൽഹിയിലെത്തി ചർച്ച നടത്തും. നിലവിൽ രണ്ടു പേജുള്ള പദ്ധതിയാണ് നൽകിയിട്ടുള്ളത്. ഡി.എം.ആർ.സി വേഗത്തിൽ പദ്ധതിരേഖ തയ്യാറാക്കും.
? ഇരട്ടപ്പാതയിൽ വേഗട്രെയിനുകൾ ഓടിക്കാനാവില്ലേ.
വന്ദേഭാരതിന്റെ വേഗത 160 കി.മി ആണെങ്കിലും കേരളത്തിൽ ഓടിക്കുന്നത് 110 കി.മീ വേഗത്തിലാണ്. അതുപോലെയാവും മൂന്ന്, നാല് ലൈനുകളും. 160 കി.മീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പാതയുടെ ഇരുവശത്തും മതിൽ കെട്ടേണ്ടി വരും. അപ്പോൾ കെ- റെയിലിന്റെ പ്രശ്നങ്ങൾ പോലെയാവും. മാത്രമല്ല,
ജനങ്ങൾക്ക് വേഗത്തിലെ ട്രെയിൻയാത്ര ആവശ്യമാണ്.
? ബദൽപദ്ധതിയുടെ ഗുണങ്ങൾ...
സിൽവർ ലൈനിന്റെ മൂന്നിലൊന്ന് ഭൂമി മതി. അതുകൊണ്ട് ജനങ്ങളുടെ എതിർപ്പ് കുറയും. തൂണുകൾക്ക് മുകളിലും തുരങ്കങ്ങളിലൂടെയുമാണ് പാതയേറെയും. തൂണുകൾ പണിത ശേഷം ഭൂവുടമയ്ക്ക് ഭൂമി തിരികെ നൽകാം. കൃഷി, പശുക്കളെ മേയ്ക്കൽ എന്നിവയ്ക്കെല്ലാം ഉപയോഗിക്കാം. പക്ഷേ വീടുവയ്ക്കാനോ മരങ്ങൾ നടാനോ പറ്റില്ല.
? തൂണുകളിലെ പാതയ്ക്ക് ചെലവ് കൂടുതലാവില്ലേ.
എലിവേറ്റഡ് ആകുമ്പോൾ ചെലവ് അൽപ്പം കൂടുതലായിരിക്കുമെങ്കിലും മറ്റു പല കുഴപ്പങ്ങളുമില്ല. ഭൂമി എറ്റെടുക്കൽ പ്രശ്നങ്ങളുണ്ടാവില്ല. ജനങ്ങൾക്ക് വഴി മുറിച്ചുകടക്കാനും പ്രശ്നങ്ങളില്ല. ദേശീയപാതയിൽ മറുവശത്തേക്കു കടക്കാനാവാത്ത പ്രശ്നങ്ങൾ കാണുന്നില്ലേ? മൂന്ന്, നാല് പാത പണിയാനും ചെലവ് കൂടുതലായിരിക്കും.
? ആറുവർഷം കൊണ്ട് പാത പൂർത്തിയാവുമോ.
ഡി.എം.ആർ.സി പോലൊരു ഏജൻസിയാണെങ്കിൽ ആറുവർഷം കൊണ്ട് പൂർത്തിയാക്കാം. സംസ്ഥാന സർക്കാരിനോ സർക്കാർ ഏജൻസികൾക്കോ ഇത്രയും സമയംകൊണ്ട് പൂർത്തിയാക്കാനാവില്ല. കെ- റെയിലിന് ഇത്രയും വൈദഗ്ദ്ധ്യമുണ്ടാവില്ല. ഡി.എം.ആർ.സിയുടെ നേതൃത്വത്തിൽ പാത നിർമ്മിക്കണം.
? ഗുഡ്സ് ട്രെയിനുകളും ഓടിക്കാനാവുമോ.
ചരക്കു ട്രെയിനുകൾ ഓടിക്കാനാവില്ല. അതിവേഗ ട്രെയിനുകൾ മാത്രം ഓടിക്കുന്ന ഡെഡിക്കേറ്റഡ് പാസഞ്ചർ കോറിഡോർ ആയിരിക്കണം.
? പാത ബ്രോഡ്ഗേജിലായിരിക്കണം എന്നാണല്ലോ റെയിൽവേ പറയുന്നത്.
ബ്രോഡ്ഗേജ് ആവുമ്പോൾ ചെലവ് വളരെ കൂടും. ജനങ്ങൾക്ക് പ്രദേശങ്ങൾ മുറിച്ചുകടക്കാനാവില്ല. നിലവിലെ റെയിൽവേ ലൈനുകളുമായി കണക്ട് ചെയ്യാൻ പറ്റില്ല. സ്റ്റാൻഡേർഡ് ഗേജിലായിരിക്കണം പാത വരേണ്ടത്. പരമാവധി 200 കി.മി വേഗതയുള്ള പാതയാണ് ശുപാർശ ചെയ്തിരിക്കുന്നത്. ശരാശരി വേഗത 135 ആയിരിക്കണം.
? ജനങ്ങൾക്ക് ഇത് എത്രത്തോളം പ്രയോജനകരമായിരിക്കും.
20- 25 കിലോമീറ്റർ ഇടവിട്ട്, എല്ലാ പ്രധാന സ്ഥലങ്ങളിലും സ്റ്റേഷനുകളുണ്ടാവണം. എങ്കിലേ ജനങ്ങൾക്ക് ഗുണമുള്ളൂ. വെറുതേ ട്രെയിൻ ഓടിപ്പോയിട്ട് കാര്യമില്ലല്ലോ. തിരുവനന്തപുരത്തും കണ്ണൂരിലുമുള്ള ജനങ്ങൾക്ക് മാത്രമല്ലല്ലോ, ഇതിനിടയിലുള്ള ജനങ്ങൾക്കും ട്രെയിനിൽ കയറാൻ കഴിയണം. കേരളത്തിന്റെ ഭാവിക്ക് ഏറെ അത്യാവശ്യമാണിത്. റോഡ് യാത്ര കുറയും. പ്രതിവർഷം 5000 പേർ റോഡപകടങ്ങളിൽ മരിക്കുന്നു. ഇത് ഗണ്യമായി കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |