ഇന്ത്യൻ കാർഷിക മേഖല ക്രമാനുഗതമായ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. കർഷക ക്ഷേമത്തിന് സമർപ്പിതമായ പ്രധാനമന്ത്രിയുടെ ദാർശനിക സമീപനവും ചരിത്രപരമായ തീരുമാനങ്ങളും കർഷകരെ ശാക്തീകരിക്കുകയും 'വികസിത ഭാരതം" എന്ന വലിയ ലക്ഷ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ഭക്ഷ്യ ഉത്പാദകർ ഇന്ന് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഒട്ടേറെ രാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയും ചെയ്യുന്നു. സംസ്ഥാനങ്ങളുമായി സഹകരിച്ച്, 'ഒരു രാഷ്ട്രം, ഒരു കൃഷി, ഒരു ടീം" എന്ന രീതിയിൽ പ്രവർത്തിക്കുകയെന്ന ദൗത്യം, ലബോറട്ടറികളിലെ കാർഷിക ഗവേഷണ ഫലങ്ങൾ യഥാസമയം കൃഷിഭൂമിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും, കൃഷിയുടെ ആധുനികവത്കരണത്തിലൂടെ കർഷകരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യും.
കൃഷിയും കർഷകരുമാണ് രാജ്യത്തിന്റെ സമൃദ്ധിയുടെ അടിത്തറ. നിരന്തര ഗവേഷണങ്ങളിലൂടെ ആധുനിക സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട വിത്തിനങ്ങൾ, വളങ്ങൾ എന്നിവ വികസിപ്പിക്കുന്ന നമ്മുടെ കൃഷി ശാസ്ത്രജ്ഞർ കുറഞ്ഞ ചെലവിൽ വിള ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണ്. അവരുടെ ഗവേഷണം കർഷകരിലേക്ക് തത്സമയം എത്തുന്നതിലൂടെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, മണ്ണിന്റെ പോഷകഗുണം, ശരിയായ വളപ്രയോഗം തുടങ്ങിയ കാര്യങ്ങൾ കർഷകർക്ക് മനസിലാക്കാനാവും. അതിന് അവരെ സഹായിക്കുന്നതിന് കൃഷി- കർഷക ക്ഷേമ മന്ത്രാലയം ജൂൺ 12 വരെ 'വികസിത് കൃഷി സങ്കല്പ് അഭിയാൻ' സംഘടിപ്പിക്കുന്നുണ്ട്. രാജ്യവ്യാപകമായ ഈ പ്രചാരണത്തിലൂടെ 700-ലധികം ജില്ലകളിലായി 65,000- ത്തിലധികം ഗ്രാമങ്ങൾ സന്ദർശിക്കാൻ 2170 ശാസ്ത്രജ്ഞരുടെ സംഘങ്ങൾ സജ്ജമായിട്ടുണ്ട്. 15 ദശലക്ഷം കർഷകർ ഈ സംരംഭത്തിൽ നേരിട്ട് പങ്കാളികളാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, കൃഷിയെ ആധുനികവത്കരിക്കുകയും കർഷകരുടെ ജീവിതത്തിൽ പരിവർത്തനം സൃഷ്ടിക്കുകയും ചെയ്യുക എന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR), കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (KVK), സംസ്ഥാന കാർഷിക വകുപ്പുകൾ, കാർഷിക സർവകലാശാലകൾ, നൂതനാശയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലെ ശാസ്ത്രജ്ഞർ 'വികസിത കൃഷിയും സമ്പന്നരായ കർഷകരും" എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ഒരുമിച്ച് ഒരു ടീം ആയി പ്രവർത്തിക്കും.
ഗവേഷണം കൂടുതൽ പ്രായോഗികമാക്കുന്നതിന് ശാസ്ത്രജ്ഞർ ഗ്രാമീണ കർഷകരുമായി നേരിട്ട് സംവദിക്കുകയും ഗവേഷണ ഫലങ്ങൾ പങ്കിടുകയും കർഷകരുടെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യും. ഈ പ്രചാരണത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് നാം നടത്തുന്ന പരിശ്രമങ്ങളും കർഷകരുടെ അക്ഷീണ പ്രയത്നവും ഒത്തുചേരുന്നതിന്റെ ഫലമായി ഹെക്ടറിന് ഒരു ക്വിന്റലെങ്കിലും ഉത്പാദനക്ഷമത വർദ്ധിക്കുകയാണെങ്കിൽ, അത് രാജ്യത്തുടനീളമുള്ള ഭക്ഷ്യ ഉത്പാദനത്തിൽ 20 ദശലക്ഷം ടണ്ണിന്റെ വർദ്ധനവാണ് സാദ്ധ്യമാക്കുക.
കഴിഞ്ഞ 11 വർഷത്തിനിടെ, വിത്ത് മുതൽ വിപണി വരെ, കർഷക ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ ഒട്ടേറെ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഈ തീരുമാനങ്ങൾ കൃഷി സുഗമമാക്കുന്നു. കുറഞ്ഞ താങ്ങുവില നൽകിയുള്ള സംഭരണം, ഉള്ളി, അരി എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കൽ, കാലാവസ്ഥയെ പ്രതിരോധിക്കുന്നതും ഉയർന്ന വിളവ് നൽകുന്നതുമായ ഇനങ്ങളുടെ വികസനം, കർഷക സൗഹൃദ പദ്ധതികളുടെ വിപുലീകരണം തുടങ്ങിയ സമീപകാല സംരംഭങ്ങളെല്ലാം കർഷക ക്ഷേമത്തിനായുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.
സമീപകാലത്ത് ജപ്പാനെ മറികടന്ന് ആഗോളതലത്തിൽ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയിട്ടുണ്ട്. 2024- 25 ൽ ഭക്ഷ്യധാന്യ ഉത്പാദനം 330.9 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഖാരിഫ് സീസണിൽ അരി ഉത്പാദനം 120.6 ദശലക്ഷം ടണ്ണും, ഗോതമ്പ് ഉത്പാദനം 115.4 ദശലക്ഷം ടണ്ണും ആകുമെന്ന് കണക്കാക്കപ്പെടുന്നു. സോയാബീൻ ഉത്പാദനക്ഷമത ഹെക്ടറിന് 985 കിലോ എന്നതിൽ നിന്ന് 1,169 കിലോ ആയി വർദ്ധിച്ചു. ഹോർട്ടികൾച്ചർ മേഖലയിലെ ഉത്പാദനം 362.1 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ. കർഷകരുടെ കഠിനാദ്ധ്വാനം, ശാസ്ത്രീയ ഗവേഷണം, കർഷകർക്ക് അനുകൂലമായ സർക്കാരിന്റെ നയങ്ങൾ എന്നിവയുടെ സംയോജിത വിജയത്തെ ഈ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നു.
സമഗ്രമായ ദർശനം, സംയോജിത സമീപനം, വ്യക്തമായ നയങ്ങൾ, ആത്മാർത്ഥമായ ഉദ്ദേശ്യങ്ങൾ എന്നിവയിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും അവരുടെ പ്രയത്നങ്ങൾക്ക് ന്യായമായ മൂല്യം ഉറപ്പാക്കുന്നതിനും അവരെ സ്വാശ്രയരാക്കുന്നതിനുമായി, ആറ് കാര്യങ്ങളിൽ ഊന്നിയ ഒരു തന്ത്രം കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉത്പാദനം വർദ്ധിപ്പിക്കുക, ചെലവ് കുറയ്ക്കുക, ന്യായവില ഉറപ്പാക്കുക, ദുരന്ത നിവാരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വൈവിധ്യവത്കരണവും പ്രകൃതിദത്ത കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മഹാപ്രസ്ഥാനമാണ് 'വികസിത് കൃഷി സങ്കല്പ് അഭിയാൻ." ഈ പ്രചാരണത്തിൽ പങ്കുചേരുവാനും, അതിൽ നിന്ന് നേട്ടങ്ങൾ കൈവരിക്കുവാനും എല്ലാ കർഷക സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. ശാസ്ത്രജ്ഞരുടെ ഉപദേശങ്ങൾ പിന്തുടർന്ന്, സ്വന്തം കൃഷി രീതികൾ നവീകരിക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും കഴിയും. ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിലൂടെ ഈ മഹത്തായ ദൗത്യം വികസിത ഇന്ത്യയുടെ അടിത്തറയായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |