തൃശൂർ: പുഷ്പക്കൃഷിയിലും വിപണനത്തിലും ആഗോളതലത്തിൽ ശ്രദ്ധേയമായ സംഭാവന നൽകുന്ന നെതർലാൻഡ് സാങ്കേതികവിദ്യ ഇനി കേരളത്തിലെ പൂപ്പാടങ്ങളിലേക്കും. നെതർലാൻഡുമായി ചേർന്ന് അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കുന്ന മികവിന്റെ കേന്ദ്രത്തിലൂടെ (സെന്റർ ഒഫ് എക്‌സലൻസ്) പുഷ്പക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പുഷ്പക്കൃഷിയുടെ പരിശീലനവും വിപണനവും ഉത്പാദനവർദ്ധനയും സംബന്ധിച്ച അറിവുകൾ ഇവർ കർഷകരിലെത്തിക്കും.
നെതർലാൻഡ് ശാസ്ത്രജ്ഞരുടെ സഹകരണവും ഉണ്ടാകും. ഇതു സംബന്ധിച്ച് ചർച്ചകൾ പൂർത്തിയായി. ഒക്ടോബറിൽ കരാറുണ്ടാക്കും. നെതർലാൻഡ് അംബാസഡറുമായി ഇക്കാര്യം ചർച്ച ചെയ്തതായും അവിടുത്തെ ഭരണാധികാരികൾ ഉടൻ കേരളത്തിലെത്തുമെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ പൂക്കൃഷി വേരുറയ്ക്കാത്തത് സംബന്ധിച്ച് സെപ്തംബർ നാലിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പുഷ്പഗ്രാമങ്ങൾ വ്യാപകമാക്കും: മന്ത്രി
അമ്പല വയലിൽ പൂപ്പൊലി എന്ന പദ്ധതിയുടെ ഭാഗമായി പുഷ്പഗ്രാമങ്ങൾ വ്യാപകമാക്കുമെന്നും 20,000 കർഷകരെ പൂപ്പൊലി പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
കയറ്റുമതി നടത്താൻ കഴിയുന്ന ഹെലിക്കോണിയ, ജർബറ പോലുള്ള പൂക്കളുടെ ഉത്പാദനം നടത്താനും ഉദ്ദേശ്യമുണ്ട്. ജൂൺ, ജൂലായ് മാസങ്ങളിലെ മഴയാണ് പലപ്പോഴും ഓണക്കാലത്തെ പൂക്കൃഷിയെ തളർത്തുന്നത്. അതുകൊണ്ടു തന്നെ രോഗങ്ങളെയും മറ്റും പ്രതിരോധിക്കാൻ കഴിവുള്ള സങ്കരഇനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കും. പൂക്കൃഷിയിൽ ആദിവാസികളുടെ പങ്കാളിത്തവും വർദ്ധിപ്പിക്കും. പുഷ്പക്കൃഷിയെ മാത്രം ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ ഇതേവരെ ഉണ്ടായിട്ടില്ല. സമഗ്രമായ കുതിച്ചുചാട്ടമാണ് ഈ മേഖലയിൽ കൃഷിവകുപ്പ് ലക്ഷ്യമിടുന്നതെന്നും കേരളത്തിലെത്തുന്ന പൂക്കളുടെ വില നിശ്ചയിക്കുന്നത് തമിഴ്‌നാടാണെന്നും മന്ത്രി പറഞ്ഞു. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രവും സംയുക്തമായി അന്താരാഷ്ട്ര പുഷ്പഫല പ്രദർശന മേള 'പൂപ്പൊലി' നടത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |