എന്റെ കുടുംബം കൊല്ലം ജില്ലയിലെ കുണ്ടറയിൽ നിന്ന് തിരുവനന്തപുരത്ത് വഴുതക്കാട്ടേക്ക് താമസം മാറിയ കാലം. ആയിടയ്ക്കാണ് രാമചന്ദ്രൻ സാർ തിരുവനന്തപുരത്തേക്കു വരുന്നത്. കേരളകൗമുദി പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായി ജോലിയിൽ പ്രവേശിക്കാനായിരുന്നു ആ വരവ്. താമസം, വിൻസ് കോളേജിനടുത്ത്. ഞങ്ങളുടെ വീട്ടിൽ നിന്ന് നടന്നാൽ പത്ത് മിനിട്ടുകൊണ്ട് സാറിന്റെ വീട്ടിലെത്താം.
അദ്ദേഹം കേരളകൗമുദിയിൽ വരുന്നതിനു മുമ്പു തന്നെ കെ. ബാലകൃഷ്ണന്റെ 'കൗമുദി"യിൽ 'കഴിഞ്ഞ ആഴ്ച" എന്നൊരു പംക്തി എഴുതിയിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ആ ലേഖനം സ്ഥിരമായി വായിക്കും. വാക്കുകളെ പാറക്കല്ലുകളാക്കി എറിയേണ്ടവരെ എറിഞ്ഞും, തലോടേണ്ടവരെ തലോടിയുമുള്ള എഴുത്ത്. അതിലൂടെ തന്നെ രാമചന്ദ്രൻ സാറിലെ നിർഭയത്വവും അപാരമായ ജ്ഞാനവും സൈദ്ധാന്തിക മനസും ദീർഘവീക്ഷണത്തിൽ അധിഷ്ഠിതമായ എഴുത്തും ഞാൻ തിരിച്ചറിഞ്ഞിരുന്നു. എഴുത്തിന്റെ ശക്തികൊണ്ടും ഗൗരവംകൊണ്ടും രാമചന്ദ്രൻ സാർ എഴുതുന്ന എഡിറ്റോറിയലുകൾ കേരളകൗമുദി പത്രത്തിന്റെ വിശ്വാസ്യതയ്ക്ക് കരുത്തു നല്കിയിരുന്നു.
എന്റെ അച്ഛൻ മരിച്ച ദിവസം രാമചന്ദ്രൻ സാർ വീട്ടിൽ വന്നു. എന്നെ കുറച്ചപ്പുറം മാറ്റിനിറുത്തിയിട്ട് ആരും കാണാതെ കുറച്ചു രൂപ കൈയിൽ തന്നിട്ട് പറഞ്ഞു: 'എന്റെ അച്ഛൻ മരിക്കുമ്പോൾ മണിയുടെ (കുടുംബത്തിൽ എന്നെ വിളിച്ചിരുന്ന പേര്) അച്ഛൻ ശിരോമണി സാർ എനിക്ക് കുറച്ച് രൂപകൊണ്ടുതന്നു. എനിക്കന്ന് കാശിന് വളരെ ആവശ്യമുള്ള സമയമായിരുന്നു. ഇന്നെങ്കിലും എനിക്ക് ആ കടം തിരിച്ചുവീട്ടണ്ടേ!"
ഒരു ദിവസം രാമചന്ദ്രൻ സാർ എന്നെ വിളിച്ചു. എന്തെങ്കിലും പ്രധാന കാര്യം പറയാനായിരിക്കും വിളിക്കുന്നതെന്നറിയാം. ഞാൻ വൈകുന്നേരം വീട്ടിലേക്കു ചെന്നു. അപ്പോൾ സാർ പറഞ്ഞു; 'ഇടയ്ക്കിടയ്ക്ക് ഒരു തലകറക്കം വരുന്നു. ഒപ്പം തലവേദനയുമുണ്ട്!" സാറിന്റെ സംസാരത്തിൽ അതിന്റേതായ ക്ഷീണമോ അവശതയോ ഒന്നും കണ്ടില്ല. സാർ പതിവ് പ്രസരിപ്പോടെ തന്നെയാണ്. എങ്കിലും ഞാൻ പറഞ്ഞു: 'സാർ, ഈ രണ്ട് അസുഖവും ഞാൻ നോക്കേണ്ട കാര്യങ്ങളല്ല. നമുക്ക് ഒരു ന്യൂറോ ഡോക്ടറെ കാണിക്കാം."
ഞാൻ ഡോ. മനോരമയെ വിളിച്ച്, സാറിനെ പരിശോധിക്കാൻ ഏർപ്പാടാക്കി. ന്യൂറോ വിഭാഗത്തിലെ മിടുക്കിയായ ഡോക്ടറാണ് മനോരമ. സാറിനെ ഡോക്ടർ വിശദമായി പരിശോധിച്ചു. സി.ടി സ്‌കാനും എടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡോ. മനോരമ എന്നെ വിളിച്ച് നേരിയൊരു ഇടർച്ചയോടെ പറഞ്ഞു: 'രാമചന്ദ്രൻ സാറിന്റെ സ്കാൻ റിപ്പോർട്ടിൽ ചെറിയൊരു പ്രശ്നമുണ്ട്. തലച്ചോറിൽ ഒരു ചെറിയ ട്യൂമർ."
മനസ് പതറി. ഞാനൊരു ഡോക്ടർ ആണെങ്കിലും നമുക്കു വേണ്ടപ്പെട്ടവർക്ക് അസുഖമാണെന്ന് അറിയുമ്പോൾ മനസ് നൊമ്പരങ്ങളുടെ ആഴത്തിലേക്ക് ഇറങ്ങിപ്പോവുക സ്വാഭാവികമാണല്ലോ. തലച്ചോറിൽ, അത്രവേഗം ഓപ്പറേറ്റ് ചെയ്തു മാറ്റാൻ പറ്റു സ്ഥലത്തായിരുന്നില്ല ആ ട്യൂമർ. വിവരം മറ്റാരോടും പറയേണ്ടെന്നും, സാറിന്റെ അടുത്ത ഒരു ബന്ധുവിനെ മാത്രം അറിയിച്ചാൽ മതിയെന്നും ഞാൻ പറഞ്ഞു. രാമചന്ദ്രൻ സാറിന്റെ മക്കളായ ലക്ഷ്മിയെയും ലേഖയെയും വിളിച്ചെങ്കിലും, സാർ നിരീക്ഷണത്തിലാണ് എന്നു മാത്രമെ ഞങ്ങൾ പറഞ്ഞുള്ളൂ.
രോഗം കണ്ടെത്തിയെങ്കിലും സത്യം പറയട്ടെ, സാറിന്റെ ഭാഗ്യംകൊണ്ട് ട്യൂമറിന്റെ ശല്യം അദ്ദേഹത്തെ ബാധിച്ചതേയില്ല. അദ്ദേഹം ഒരു സാധാരണ മനുഷ്യനായി, ഉത്സാഹത്തോടെ ദൈനംദിന കർമ്മങ്ങളിൽ മുഴുകിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ സാർ വിളിക്കും. ഞാനും ഭാര്യ നളിനിയും കൂടി കാണാൻ പോകും. ലോകത്തുള്ള സകല വിഷയങ്ങളെക്കുറിച്ചും സാർ വാചാലമായി സംസാരിക്കും. താനൊരു രോഗിയാണെന്ന വിവരം സാറിന് അറിയില്ലല്ലോ. 'അധികം സംസാരിക്കേണ്ട" എന്നു പറഞ്ഞ് വിലക്കാൻ ശ്രമിച്ചാൽ അവിടെ ഗുരുതരമായൊരു പ്രശ്നം ശിരസുയർത്തും. അതുകൊണ്ട് സാറിന്റെ നാവിൽ നിന്നു വരുന്ന വിജ്ഞാനഭാഷണങ്ങൾ കേട്ടുകൊണ്ട് ഞങ്ങൾ സായൂജ്യരാകും.
വർഷം രണ്ടു കഴിഞ്ഞു. വീണ്ടും രാമചന്ദ്രൻ സാറിന് തലവേദന വന്നു. ക്രമേണ വേദനയുടെ കാഠിന്യം കൂടി. രോഗം മൂർച്ഛിക്കാൻ തുടങ്ങി. ജോലിത്തിരക്കു കാരണം സാറും ഞാനും തമ്മിലുള്ള കണ്ടുമുട്ടലുകൾ കുറഞ്ഞു. ഒരു ദിവസം, അന്ന് കേരളകൗമുദിയിലായിരുന്ന പി.പി. ജയിംസ് എന്നോടു പറഞ്ഞു- 'രാമചന്ദ്രൻ സാർ പറഞ്ഞു, ഡോക്ടർ ഇപ്പോൾ സാറിന്റെ അടുത്ത് അധികം ചെല്ലാറില്ലെന്ന്." അന്നുതന്നെ ഞാൻ പോയി. എന്നെ കണ്ടുകഴിയുമ്പോൾ സാറിന് വലിയ സന്തോഷമാണ്. അനുദിനം സാറിന്റെ സംസാരം കൂടിക്കൂടി വന്നു. അത് രോഗലക്ഷണമായിരുന്നു. പക്ഷേ, സാറിനറിയില്ലല്ലോ താനൊരു ട്യൂമർ പേഷ്യന്റ് ആണെന്ന്.
ക്രമേണ അസുഖത്തിന്റെ ലക്ഷണങ്ങൾ ബാഹ്യമായി കണ്ടുതുടങ്ങി. അപ്പോൾ എനിക്കു മനസിലായി, ഇത് അധികകാലം നീണ്ടുപോകില്ലെന്ന്. എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചു. നമുക്ക് എൻ. രാമചന്ദ്രൻ എന്ന കുശാഗ്രനും കർമ്മനിഷ്ഠനുമായ വലിയ പത്രപ്രവർത്തകനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. തനിക്ക് എന്തായിരുന്നു അസുഖമെന്ന് അവസാന നിമിഷം വരെ അറിയാതിരുന്നത് അദ്ദേഹത്തിന്റെ ആത്മാവിനു കൊടുത്ത ഒരു ഭാഗ്യമായിരുന്നു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |