SignIn
Kerala Kaumudi Online
Thursday, 24 July 2025 7.50 PM IST

ഭാരതാംബയുടെ കണ്ണീർ; ഡബിൾ അക്കിടിയും

Increase Font Size Decrease Font Size Print Page
d

എന്തിനു ഭാരത ധരേ കരയുന്നു, പാരതന്ത്ര്യം നിനക്ക് വിധി കല്പിതമാണ് തായേ...! രണ്ടു നൂറ്റാണ്ടിലേറെക്കാലം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാൽച്ചുവട്ടിൽ ഞെരിഞ്ഞമർന്നിരുന്ന ഭാരത മാതാവ് ശുദ്ധവായുവിനായി കേഴുമ്പോഴായിരുന്നു കവിയുടെ ആത്മനൊമ്പരം. രാജ്യം സ്വതന്ത്രയായി 78 വർഷം പിന്നിടുമ്പോൾ, ദൗർഭാഗ്യവശാൽ ഉയരുന്ന ചോദ്യം ഇതാണ്: 'ഏത് ഭാരതാംബ?​ ആരുടെ ഭാരതാംബ?"​

രാജ്ഭവനിൽ സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. അത് ആർ.എസ്.എസിന്റെ പരിപാടികളിൽ ഉപയോഗിക്കുന്നതായതിനാൽ ഉൾപ്പെടുത്താൻ പറ്റില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പകരം, പൊതുവെ ഉപയോഗിക്കുന്ന ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കണമെന്നും മന്ത്രി. അത് അംഗീകരിക്കാതിരുന്ന ഗവർണർ ചടങ്ങ് ബഹിഷ്കരിച്ച മന്ത്രിയുടെ അഭാവത്തിൽ അതേ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മാത്രമല്ല, രാജ്ഭവനിലെ സമ്മേളന ഹാളിൽ നിന്ന് ആ ചിത്രം മാറ്റുകയില്ലെന്ന വാശിയിലുമാണ്.

'പുറത്ത് കണ്ടതിലും വലുത് മാളത്തിലുണ്ട്" എന്ന് ആർ.എസ്.എസുകാരനായ ആർലേക്കറെ ആരിഫ് മുഹമ്മദ് ഖാനു പകരം കേരള ഗവർണറായി കേന്ദ്ര സർക്കാർ നിയമിച്ചപ്പോൾത്തന്നെ കേരളത്തിലെ ചില ബി.ജെ.പി നേതാക്കൾ ഓർമ്മപ്പെടുത്തിയിരുന്നതാണ്. പക്ഷേ, പുതിയ ഗവർണറുടെ മട്ടും ഭാവവും പെരുമാറ്റവും കണ്ട് വല്ലാതെ തെറ്റിദ്ധരിച്ചു പോയി,​ നമ്മുടെ സർക്കാരും സഖാക്കന്മാരും. ആരിഫ് മുഹമ്മദ് ഖാന്റെ പരസ്യമായ അഭ്യാസങ്ങളില്ല,​ സർക്കാരുമായി അനാവശ്യ ഉടക്കില്ല. ഡൽഹിയിൽ ഗവർണറുടെ മദ്ധ്യസ്ഥതയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി സഖാവിന്റെ ചർച്ച. അടിക്കടി മുഖ്യമന്ത്രിയുടെ രാജ്ഭവൻ സന്ദർശനം. മുഖ്യമന്ത്രിയുടെ എൺപതാം പിറന്നാളിൽ കീഴ്‌വഴക്കം ലംഘിച്ച് ഉപഹാരവുമായി ഗവർണർ ക്ളിഫ് ഹൗസിലേക്ക്. പിണറായി- ബിജെ.പി രഹസ്യ ഇടപാടെന്ന് യു.ഡി.എഫ്. ഗവർണർ മാന്യനെന്ന് മുഖ്യമന്ത്രി. എന്തൊക്കെയായിരുന്നു,​ മച്ചാൻ- മച്ചാൻ സൗഹൃദം. എല്ലാം പെട്ടെന്ന് തീർന്നോ?

രാജ്ഭവൻ സമ്മേളന ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റിയില്ലെങ്കിൽ രാജ്ഭവനിലെ ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് മന്ത്രിമാർ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി സഖാവ് തുടരുന്ന മൗനത്തെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. മൗനം വിദ്വാനു ഭൂഷണമെന്ന് ചിലർ. ഭീരുവിന് അലങ്കാരമെന്ന് മറ്റു ചിലർ. സർക്കാരിന്റെ അഞ്ചാം വർഷത്തിൽ ഗവർണറുമായി ഉടക്കി അലമ്പ് സൃഷ്ടിക്കുന്നത് ബുദ്ധിയാണോ? ഗവർണറെക്കൊണ്ട് ഇനി എന്തൊക്കെ കാര്യങ്ങൾ സാധിക്കാൻ കിടക്കുന്നു. ഇതു വല്ലതും ഇവന്മാർക്ക് അറിയുമോ? ഉടക്കിയാൽ നഷ്ടം സർക്കാരിനു തന്നെ!

 

കിട്ടാത്ത മുന്തിരിങ്ങ പുളിക്കും. എങ്കിലും ചോദിച്ചുകളയാം. യു.ഡി.എഫിൽ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുകയും, സ്വതന്ത്രനായി കത്രിക ചിഹ്നത്തിൽ മത്സരിക്കേണ്ടി വരികയും ചെയ്തപ്പോഴും ഒരു കൈ അടുക്കള ജനാലയിലൂടെ അകത്തു കടത്താനുള്ള ശ്രമത്തിലാണ് പി.വി. അൻവർ. 'മുട്ടുവിൻ തുറക്കപ്പെടും" എന്ന് കേട്ടിട്ടുണ്ട്. മുട്ടിനോക്കാം. പക്ഷേ, മുൻവാതിലിൽ മുട്ടേണ്ട. അവിടെ ഊരിപ്പിടിച്ച വാളുമായി വി.ഡി. സതീശനുണ്ടാവും. തന്നോട് ഇപ്പോഴും ചിരിച്ചു കാണിക്കുന്ന കെ. സുധാകരനും കെ. മുരളീധരനും മറ്റും അകത്തുള്ളത് ആശ്വാസം.

വീടിന്റ പിന്നാമ്പുറത്തുനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: 'യു.ഡി.എഫിലേക്കു വരാൻ ഇനിയും തയ്യാർ. പക്ഷേ, രണ്ട് കണ്ടിഷൻ. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പിന്റെയോ വനം വകുപ്പിന്റെയോ മന്ത്രിയാക്കണം. അല്ലെങ്കിൽ വി.ഡി.സതീശൻ യു.ഡി.എഫ് ചെയർമാൻ സ്ഥാനം ഒഴിയണം!" വീട്ടിൽ നിന്ന് ഗൃഹനാഥനെ ഇറക്കിവിടണമെന്ന് സാരം.

ഒച്ചവച്ചു നോക്കി. വീടിനകത്തു നിന്ന് അനക്കമില്ല. സ്വന്തം അച്ഛനെപ്പോലെ കണ്ടിരുന്ന പിണറായി സഖാവിനെയും പാർട്ടിയെയും കോഴി കൂവുന്നതിനു മുമ്പ് മൂന്നുവട്ടം തള്ളിപ്പറഞ്ഞ് പുറത്തു ചാടിയത് വെറുതെയായോ? പിണറായിസത്തിന്റ തലയ്ക്കടിക്കാൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് താനായി വരുത്തി വച്ചതും ഇതിനായിരുന്നോ? തനിക്ക് കറിവേപ്പിലയുടെ ഗതിയായെന്ന് പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോൾ വിളിക്കുന്നത് 'ചതിയൻ ചന്തു"വെന്നാണ്. താനല്ല, പിണറായിയാണ് ചതിയൻ. കുളത്തിൽ ഇറങ്ങിക്കഴിഞ്ഞില്ലേ; ഇനി മുങ്ങിത്താഴാതെ കര പറ്റണം.

'നയാ പൈസയില്ലാ,​ കൈയിലൊരു നയാ പൈസയില്ല... നഞ്ചു വാങ്ങി തിന്നാൻ പോലും..." എന്ന സ്ഥിതിയിലാണ് ഇപ്പോൾ താനെന്ന് അൻവർ. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്തുവിവര കണക്കിൽ അൻവറിന്റെ മാത്രം സമ്പാദ്യം 34 കോടി. രണ്ടു ഭാര്യമാർക്ക് പത്തുകോടി വീതം. സ്വർണാഭരണങ്ങളും മറ്റും പുറമെ. നിലമ്പൂരിലെ പത്ത് സ്ഥാനാർത്ഥികളിൽ ഏറ്റവും ധനികൻ. പക്ഷേ, തിരഞ്ഞെടുപ്പു കളത്തിൽ ഇറങ്ങിയതോടെ അൻവർ പെട്ടെന്ന് 'പാപ്പരു പുള്ളി"യായി. തിരഞ്ഞെടുപ്പ് ചെലവിന് തന്റെ കൈവശം ചില്ലിക്കാശില്ലെന്നാണ് ഇപ്പോൾ പരിദേവനം. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എല്ലാവരും ഒരു രൂപ വീതമെങ്കിലും സംഭാവന നൽകി സഹായിക്കണമെന്നും! പത്രിക സമർപ്പണത്തോടെ സ്വത്തുക്കളെല്ലാം ആവിയായിപ്പോയോ? അതോ, തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടുകെട്ടിയോ? എന്തായാലും തിരഞ്ഞെടുപ്പിന് കെട്ടിവച്ച കാശ് സ്വാഹ! ഇനി കൈയിലുള്ള പണം കൂടി തീറെഴുതാതിരിക്കാനുള്ള പുതിയ നമ്പരെന്ന് ശത്രുക്കൾ.

 

സർക്കാരിന് വീണ്ടും വല്ലത്തൊരു അക്കിടി പറ്റി. ഒന്നാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് തെറിപ്പിക്കാനുള്ള നീക്കം വരുത്തിവച്ച ക്ഷീണം ചില്ലറയല്ല. സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരനായ ലോക്‌നാഥ് ബെഹ്റയെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ച സർക്കാരിന് ഒടുവിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു മുന്നിൽ പിഴമൂളേണ്ടി വന്നു. പൊലീസ് തലപ്പത്ത് വീണ്ടും പത്തു മാസക്കാലം വിരാജിച്ച ശേഷമാണ് സെൻകുമാർ പടിയിറങ്ങിയത്.

ഏറാൻമൂളികളല്ലാത്ത ഉദ്യോഗസ്ഥരെ ഒതുക്കി അപ്രധാന ലാവണങ്ങളിൽ തളയ്ക്കുക എല്ലാ സർക്കാരുകളുടെയും വിനോദമാണ്. പക്ഷേ, അത് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിലായാൽ ചിലപ്പോൾ പണി കിട്ടും. പ്രവർത്തിച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച ഡോ. ബി. അശോക് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും

കാർഷികോത്പാദന കമ്മിഷണറുമായിരിക്കെയാണ് സർക്കാരിന്റെ കണ്ണിലെ കരടായത്. പിന്നെ അമാന്തിച്ചില്ല. തദ്ദേശഭരണ പരിഷ്കരണ കമ്മിഷൻ എന്ന പുതിയ പദവി സൃഷ്ടിച്ച് അവിടേയ്ക്കു തട്ടി.

സ്വന്തം ഓഫീസില്ല,​ സ്റ്റാഫില്ല,​ അശോകിനെ ഒതുക്കിയതിൽ ചിലർക്കുണ്ടായ ആത്മനിർവൃതിക്ക് അഞ്ചു മാസത്തിന്റെ മാത്രം ആയുസ്. മന്ത്രിസഭാ യോഗമാണ് പുതിയ തസ്തികയിൽ നിയമിച്ചത്. സിവിൽ സർവീസ് ഉദ്യോഗസ്ഥനെ കേഡറിനു പുറത്ത് നിയമിക്കാൻ ആ ഉദ്യോഗസ്ഥന്റെ സമ്മതം വേണമെന്നും, അങ്ങനെ മാറ്റാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നും കേന്ദ്ര ട്രൈബ്യൂണൽ ഉത്തരവ്. അശോക് വീണ്ടും പഴയ ലാവണത്തിൽ! ഇത്തരം കുതന്ത്രത്തിന് സർക്കാരിനെ ഉപദേശിച്ചവർക്കു നൽകണം,​ ഈ വർഷത്തെ കേരളശ്രീ!

(വിദുരരുടെ ഫോൺ: 99461 08221)

TAGS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.