ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ എം.എസ്.സി ഐറിന വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ കേരളത്തിന്റെ വികസനത്തിന്റെ അനന്ത സാദ്ധ്യതകളാണ് ഒരിക്കൽ കൂടി തെളിഞ്ഞുവന്നത്. ദക്ഷിണേഷ്യൻ തുറമുഖങ്ങളിൽ ഇന്നുവരെ അടുക്കാത്ത കൂറ്റൻ കപ്പലാണ് വിഴിഞ്ഞത്തെ സ്വാഭാവിക ആഴമുള്ള തുറമുഖത്ത് നിഷ്‌പ്രയാസം അടുത്തത്. 400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള 22നില കെട്ടിടത്തിന്റെ വലുപ്പമുള്ള കപ്പൽ 24,346 കണ്ടെയ്നറുകൾ വഹിക്കാനാവുന്നതാണ്. അൾട്രാലാർജ് ഇനത്തിലെ കൂറ്റൻ കപ്പലുകൾ അടുപ്പിക്കാനാവുന്നതോടെ വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ കവാടമായി മാറുകയാണ്. ഐറിനയ്ക്ക് പിന്നാലെ 49കപ്പലുകളാണ് ഈ മാസം വിഴിഞ്ഞത്ത് ഷെഡുകൾ ചെയ്തിരിക്കുന്നത്.
കൂറ്റൻ കപ്പലുകളിലെത്തിക്കുന്ന കണ്ടെയ്നറുകൾ ചെറിയ കപ്പലുകളിൽ (ഫീഡർ) രാജ്യത്തെ വിവിധ തുറമുഖങ്ങളിലേക്കും വിദേശത്തേക്കും കൊണ്ടുപോവുന്ന ബിസിനസാണ് വിഴിഞ്ഞത്ത് ഇപ്പോൾ പ്രധാനമായി നടക്കുന്നത്. റോഡ്, റെയിൽ കണക്ടിവിറ്റിയുണ്ടായാലേ അതുവഴി ചരക്കുനീക്കം സാദ്ധ്യമാവൂ. കൂറ്റൻ കപ്പലുകൾ അടുപ്പിച്ചതോടെ ലോക മാരിടൈം ഭൂപടത്തിൽ ഇടംപിടിച്ചിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള അൾട്രാ ലാർജ് ഇനത്തിൽപ്പെട്ട എം.എസ്.സി തുർക്കി അടുത്തിടെ വിഴിഞ്ഞത്ത് അടുപ്പിച്ചിരുന്നു. എം.എസ്.സിയുടെ കൂറ്റൻകപ്പലായ ക്ലൗഡ് ജിറാർഡെറ്റ് (24116 കണ്ടെയ്നർ ശേഷി) കഴിഞ്ഞ സെപ്തംബറിൽ വിഴിഞ്ഞത്ത് എത്തിയിരുന്നു. നാല് ഫുട്ബോൾ മൈതാനത്തിനറെ വലിപ്പമുള്ള കൂറ്റൻ ചരക്കുകപ്പലുകളാണ് അൾട്രാലാർജ് ഇനത്തിലുള്ളത്. ശരാശരി 24,000കണ്ടെയനർ ശേഷിയുണ്ടായിരിക്കും. ഈ ഗണത്തിൽപ്പെട്ട മെറ്റ, ഗെമ്മ, സെലസ്റ്റീനോ, നിക്കോളോ മാസ്ട്രോ എന്നിവയെല്ലാം പിന്നാലെ വരുന്നുണ്ട്.
2023ൽ നിർമ്മിച്ചതാണ് എം.എസ്.സി ഐറിന. ഏറ്റവും വലിയ കണ്ടെയ്നർ കപ്പലാണിത്. 35 ജീവനക്കാരുണ്ട്. സിംഗപ്പൂരിൽ നിന്ന് ചൈനയിലും കൊറിയയിലുമെത്തി തിരികെ സിംഗപ്പൂരിലെത്തിയ ശേഷമാണ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ 24346 ടി.ഇ.യു കപ്പാസിറ്റി ഉള്ളവയാണ്. അത്തരത്തിൽ 6 കപ്പലുകൾ എം.എസ്.സിക്കുണ്ട്. ഐറിന,ലൊറെറ്റോ, മൈക്കൽ കാപ്പെല്ലിനി, മരിയല്ല, മൈക്കോൾ, തുർക്കി എന്നിവയാണിവ. ഇവയിൽ ആദ്യം ഇറങ്ങിയത് ഐറിന ആയതുകൊണ്ട് ഐറിന ക്ലാസ്സ് എന്ന് ഈ 6 കപ്പലുകൾ അറിയപ്പെടുന്നു. ഇതേ ക്ലാസ്സിലെ കാപ്പല്ലെനിയും തുർക്കിയും മുൻപ് വിഴിഞ്ഞത്ത് വന്നിട്ടുണ്ട്.
കൂറ്റൻ കപ്പലുകൾ
ലോകത്തെ മൂന്ന് വമ്പൻ കപ്പലുകൾ ഇതിനകം വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ കപ്പലുകളാണിവ. ഐറീനയെത്തിയതോടെ, ഏഴ് ലക്ഷം കണ്ടെയ്നർ നീക്കം കടന്ന വിഴിഞ്ഞത്ത് ഇനി അടുക്കാൻ ഇതിനപ്പുറം മറ്റൊരു വലിയ കപ്പൽ ലോകത്തില്ല. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347-ാമത് കപ്പലാണ് എം.എസ്.സി ഐറീന.
വമ്പൻ എം.എസ്.സി
155 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എം.എസ്.സി കമ്പനിക്ക് 860 കപ്പലുകളുണ്ട്. ജനീവയാണ് ആസ്ഥാനം. 22.5 ദശലക്ഷത്തിലധികം ടിഇയു കാർഗോ കൈകാര്യം ചെയ്യുന്നതാണ് എം.എസ്.സി. ഈ കമ്പനി ലോക റെക്കാഡുള്ളതാണ്. ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. ദക്ഷിണ കൊറിയയിൽ നിന്നും തുടങ്ങി ചൈന വഴി തെക്ക് - കിഴക്കേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് വരെയുള്ളതാണ് എം.എസ്.സിയുടെ പ്രധാന കപ്പൽറൂട്ട്. വിഴിഞ്ഞം തുറമുഖത്തെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര കപ്പൽ റൂട്ടിന്റെ ഭാഗമായി ഇന്ത്യയെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വിഴിഞ്ഞം മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |