ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചികിത്സാ ഗവേക്ഷണ സ്ഥാപനങ്ങളിലൊന്നാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി. നിർദ്ധനർക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന ഒരു ആശുപത്രികൂടിയാണത്. ഹൃദയ ചികിത്സയുടെ ചെലവ് കുറയ്ക്കുന്നതിന് ഉതകുന്ന, വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന പല കണ്ടുപിടിത്തങ്ങളും ഉപകരണങ്ങളും ആധുനിക ചികിത്സാ രംഗത്തിന് സംഭാവന ചെയ്തിട്ടുള്ള സ്ഥാപനം കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ഓരോ കേരളീയനും അഭിമാനിക്കാൻ വകയുണ്ട്. അതോടൊപ്പം തന്നെ, ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് തടയിടാൻ കച്ചവട താത്പര്യമുള്ള, മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട ചില ബാഹ്യശക്തികൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നതും മറച്ചുവയ്ക്കാനാവില്ല.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾ ഉപകരണക്ഷാമം കാരണം നിലയ്ക്കുമെന്ന വാർത്ത ആശങ്കാജനകമാണ്. മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന 15 ശസ്ത്രക്രിയകളും മാറ്റിവച്ച്, രോഗികളെ ഇക്കാര്യം ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. വളരെ ഗുരുതരാവസ്ഥയുള്ള രോഗികൾക്കാണ് ശ്രീചിത്രയിൽ സാധാരണ പ്രവേശനം ലഭിക്കുക. അതും, വളരെ നേരത്തെ രജിസ്റ്റർ ചെയ്ത് കാത്തിരുന്നതിനു ശേഷമാണ് ആശുപത്രി പ്രവേശനം സാദ്ധ്യമാകുന്നത്. അങ്ങനെയുള്ളവരുടെ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നത് ജീവനു തന്നെ ഭീഷണിയായി മാറാൻ സാദ്ധ്യത സൃഷ്ടിക്കാവുന്നതാണ്. ഇതേ രോഗികൾക്ക്, അവർ നിർദ്ധനരാണെങ്കിൽ പുറത്തെ സ്വകാര്യ ആശുപത്രികളിൽ അമിത നിരക്കിൽ ചികിത്സ നടത്താനാവില്ല. ഉപകരണങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതുവരെ കാത്തിരിക്കുക എന്നതല്ലാതെ അവർക്കു മുന്നിൽ മറ്റു പോംവഴികളില്ല.
അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്ന പല രോഗികളെയും ഡിസ്ചാർജ് ചെയ്തു തുടങ്ങിയിരിക്കുകയാണ്. കമ്പനികളോട് പലവട്ടം ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടും ഉപകരണങ്ങൾ വിതരണം ചെയ്യാൻ അവർ തയ്യാറായിട്ടില്ല. ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട് പ്രതിസന്ധി പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കേണ്ടതാണ്. 2023-നു ശേഷം ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുമായി ശ്രീചിത്ര കരാർ പുതുക്കിയിട്ടില്ല. പഴയ നിരക്കിലാണ് അവർ ഇതുവരെ ശസ്ത്രക്രിയാ സാമഗ്രികൾ നൽകിയിരുന്നത്. വിദേശ നിർമ്മിത സാമഗ്രികൾക്ക് വില വർദ്ധിപ്പിച്ചതോടെയാണ് പഴയ നിരക്കിൽ നൽകാനാവില്ലെന്ന നിലപാട് കമ്പനികൾ എടുത്തതെന്ന് അറിയുന്നു.
കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ച് 'ജെം പോർട്ടൽ" വഴി മാത്രമേ ശസ്ത്രക്രിയാ സാമഗ്രികൾ വാങ്ങാവൂയെന്ന നിലപാട് തുടർന്നാൽ റേഡിയോളജിക്ക് ആവശ്യമായ വിദേശ നിർമ്മിത ഉപകരണങ്ങൾ കിട്ടാതെ വരുമെന്നതാണ് സ്ഥിതി. പ്രത്യേക സാഹചര്യം മനസിലാക്കി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ബ്രെയിൻ അന്തറിസം ബാധിച്ച് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്ന മൂന്നുവയസുകാരിയെ വരെ കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്യേണ്ടിവന്നു. മികച്ച നിലയിൽ കേന്ദ്ര സഹായം ലഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്, കമ്പനികളുടെ ആവശ്യം ന്യായമാണെങ്കിൽ അതു പരിഗണിച്ച് കരാർ പുതുക്കുകയോ, അതല്ലെങ്കിൽ ഉപകരണ ക്ഷാമം പരിഹരിക്കാൻ മറ്റുവഴികൾ തേടുകയോ ആണ് ചെയ്യേണ്ടത്. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ജനങ്ങളുടെ ജീവൻ പന്താടുന്ന സമീപനം ശരിയല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |