സമീപകാല രാഷ്ട്രീയ കാരണങ്ങളാൽ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് വീറും വാശിയും വളരെ കൂടുതലാണ്. നിലമ്പൂർ നഷ്ടമാവുന്നത് യു.ഡി.എഫിന് ആലോചിക്കാൻ പോലും കഴിയുന്നതല്ല. അതേസമയം നിലമ്പൂർ നേടിയാൽ എൽ.ഡി.എഫിന് മൂന്നാം വരവിന്റെ കേളികൊട്ടായി അതു മാറും. ഇരുപക്ഷത്തെയും വിമർശിച്ച് അൻവറും രംഗം കൊഴുപ്പിക്കുന്നു. അതിനാൽ സംസ്ഥാനത്ത് നടക്കുന്ന ചെറിയ സംഭവങ്ങൾ പോലും നിലമ്പൂരിൽ ഊതിവീർപ്പിക്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ അത്യാഹിതങ്ങൾക്കും അപകടങ്ങൾക്കുമൊക്കെ രാഷ്ട്രീയ നിറം നൽകി പരസ്‌പരം വിമർശിക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ല. കഴിഞ്ഞ ദിവസം നിലമ്പൂർ വഴിക്കടവിൽ പതിനഞ്ചുകാരൻ അനന്തു എന്ന വിദ്യാർത്ഥി മരിച്ചത് തികച്ചും ദാരുണമായ സംഭവമാണ്. കാട്ടുപന്നിയെ പിടിക്കാൻ അനധികൃതമായി തീർത്ത വൈദ്യുതി കെണിയിൽപ്പെട്ടാണ് അനന്തുവിന് ജീവൻ നഷ്ടപ്പെട്ടത്.
പന്നിശല്യം അതിരൂക്ഷമായതിനാൽ സംസ്ഥാനത്തിന്റെ പല സ്ഥലത്തും കർഷകർ ഇതുപോലുള്ള കെണികൾ ഒരുക്കാറുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. കാരണം, പന്നികൾ ഇറങ്ങിയാൽ ഒരു രാത്രികൊണ്ട് കർഷകരുടെ മാസങ്ങൾ നീണ്ട അദ്ധ്വാനവും സമ്പത്തുമാണ് ഒറ്റയടിക്ക് ഇല്ലാതാകുന്നത്. പന്നിയെ വെടിവയ്ക്കാൻ നിയമമുണ്ടെങ്കിലും അതൊന്നും സമയത്ത് നടക്കുന്നതല്ല. പലപ്പോഴും കൃഷിനാശം സംഭവിച്ചതിനു ശേഷമാവും പന്നിയെ കൊല്ലാൻ ആളെത്തുക. പന്നി മാത്രമല്ല, കുരങ്ങും മുള്ളൻപന്നിയും മറ്റ് കാട്ടുമൃഗങ്ങളും കൃഷി നശിപ്പിക്കുന്നുണ്ട്. ഇതിനെയൊന്നും വെടിവയ്ക്കാൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. അതിന് അനുവാദം നൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അനുവാദം ലഭിക്കുന്നത് എളുപ്പമല്ലെന്നാണ് റിപ്പോർട്ടുകൾ.
എന്തായാലും വന്യമൃഗശല്യവും കൃഷിനാശവും മലയോര ജനതയുടെ ഉറക്കം കെടുത്തുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാൽ നിലമ്പൂരിൽ കെണിവച്ചത് കൃഷിനാശം തടയാനായിരുന്നില്ല. കാട്ടുപന്നികളെ ഷോക്കേൽപ്പിച്ചു കൊന്ന് മാംസം വിൽക്കുന്നവരാണ് ഇവിടെ കെണി സ്ഥാപിച്ചിരുന്നത്. തോട്ടിൽ രാത്രി മീൻപിടിക്കാൻ പോയ കുട്ടിക്ക് ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഈ സംഭവത്തിൽ ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഈ സംഭവത്തിന് രാഷ്ട്രീയ നിറം നൽകുന്ന രീതിയിലുള്ള പ്രതികരണം നടത്തിയതോടെ സംഭവത്തിന് മറ്റൊരു മാനം കൈവരികയായിരുന്നു. പന്നിക്കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതിൽ തെറ്റില്ലെന്നാണ് മന്ത്രി ആദ്യം പ്രതികരിച്ചത്. പിന്നീട് തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചെങ്കിലും, മത്സരരംഗത്തുള്ള എല്ലാ പാർട്ടികളും അതിനകം അത് ഏറ്റുപിടിച്ചു കഴിഞ്ഞിരുന്നു.
വനാതിർത്തിയിലെ ജനങ്ങളെ മൃഗങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുന്ന നിഷ്‌ക്രിയനായ മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടത്. ഗൂഢാലോചന ആരോപിച്ച മന്ത്രി അത് തെളിയിക്കണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടത്. ദാരുണമായ ഈ സംഭവത്തിന്റെ പേരിൽ സമരം നടത്തുന്ന പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമാണെന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്. അനന്തുവിന്റെ മരണം ഒരു തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിയത് നീതീകരിക്കാനാവുന്നതല്ല.
ഇത്തരം വൈദ്യുതി കെണികൾ സമയാസമയങ്ങളിൽ പരിശോധന നടത്തി കണ്ടുപിടിക്കേണ്ടത് കെ.എസ്.ഇ.ബിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂടി ചുമതലയാണ്. കഴിഞ്ഞ എട്ടു മാസത്തിനിടെ വൈദ്യുതി കെണിയിൽപ്പെട്ട് സംസ്ഥാനത്ത് ജീവൻ പൊലിഞ്ഞ ആറാമത്തെയാളാണ് അനന്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് അധികൃതർ അടിയന്തരമായി സ്വീകരിക്കേണ്ടത്. അല്ലാതെ ഇത്തരം ദാരുണ സംഭവങ്ങൾ രാഷ്ട്രീയ മീൻപിടിത്തത്തിനുള്ള കലക്കവെള്ളമാക്കി മാറ്റരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |