കൊച്ചി : കേരളതീരത്തിന് സമീപം പുറംകടലിൽ തീപിടിച്ച വാൻഹായ് 503 എന്ന ചരക്കു കപ്പലിലെ ജീവനക്കാരെ നാവികസേനയുടെ ഐ.എൻ.എസ് സൂറത്തിലേക്ക മാറ്റി. 18 ജീവനക്കാരുമായി കപ്പൽ മംഗലാപുരത്തേക്ക് പുറപ്പെട്ടു. രാത്രി പത്തുമണിയോടെ കപ്പൽ മംഗലാപുരം തുറമുഖത്തെത്തിക്കും. കപ്പൽ എത്തിയാലുടൻ രക്ഷപ്പെടുത്തിയവരെ ആശുപതിയിലേക്ക് മാറ്റും.
കോസ്റ്റ്ഗാർഡിന്റെ രണ്ട് കപ്പലുകൾ കാണാതായ നാലു ജീവനക്കാർക്കായി തെരച്ചിൽ തുടരുകയാണ്. രാത്രിയും തെരച്ചിൽ തുടരും. അതേസമയം കപ്പലിലെ തീ നിയന്ത്രണാതീതമായ സ്ഥിതിയിലാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. തീപിടിച്ച കപ്പലിൽ ആകെ 620 കണ്ടെയ്നറുകളുണ്ടെന്നാണ് വിവരം. തീപിടിച്ചതിന് പിന്നാലെ നിരവധി കണ്ടെയ്നറുകൾ കടലിലേക്ക് വീണിരുന്നു. സ്ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കൾ കണ്ടെയ്‌നറുകളിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം
കൊളംബോയിൽ നിന്ന് നവി മുംബയിലേക്ക് പോയ സിംഗപ്പൂർ കപ്പലിൽ രാവിലെ 9.30ഓടു കൂടിയാണ് സ്ഫോടനമുണ്ടായത്. കപ്പലിന്റെ താഴത്തെ ഡെക്കിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. തുടർന്ന് 12.40ഓടെ കൂടുതൽ കണ്ടെയ്നറുകളിലേക്ക് തീ പടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |