മേപ്പാടി(വയനാട്): മുണ്ടക്കൈ വനമേഖലയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. കഴിഞ്ഞമാസം 28നാണ് മുണ്ടക്കൈ വനമേഖലയിൽ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞവർഷം ജൂലായ് 30ന് ഉരുൾപൊട്ടിയമേഖലയിൽ നിന്നും ഏറെ അകലെയല്ലാതെയാണ് ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ചൂരൽമലയിൽ നിന്ന് മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങൾ വ്യക്തമായി കാണാൻ കഴിയും. കരുമുറ്റംമേഖലയിൽ വനത്തിനുള്ളിൽ വലിയ വെള്ളച്ചാട്ടമുണ്ട്. ഇതിനടുത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മേയ് 24 മുതൽ 30 വരെ ഒരാഴ്ചക്കാലം നീണ്ടുനിന്ന കനത്ത മഴയ്ക്കിടയിലാണ് ശക്തമായ മണ്ണിടിച്ചിലുണ്ടായത്. സംഭവം അധികൃതർ മൂടി വച്ചതായും പരാതിയുണ്ട്. ശക്തമായ മഴയിൽ ചൂരൽമല പുഴയിൽ വെള്ളം കലങ്ങിയ നിലയിൽ വന്നിരുന്നു. ജലനിരപ്പ് വൻതോതിൽ ഉയരുകയും ചെയ്തു. എന്നാൽ മണ്ണിടിച്ചിൽ ഉണ്ടായത് കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. കരിമുറ്റംമേഖലയിൽ ജനവാസം കുറവാണെങ്കിലും നിരവധിതോട്ടങ്ങൾ ഉള്ള പ്രദേശമാണ്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേർ ഈ തോട്ടങ്ങളിൽജോലിക്കെത്താറുണ്ട്. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തൽ.
ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും മുൻകരുതൽ സ്വീകരിക്കുന്നില്ലാണ് പരാതി. അപകടങ്ങൾ മുൻകൂട്ടി കണ്ടെത്താനും സംവിധാനമില്ല. വയനാട്ടിൽ പ്രകൃതിദുരന്തങ്ങൾ അറിയുന്നതിനായി റഡാർ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രാഥമിക നടപടികൾപോലും പൂർത്തിയായിട്ടില്ല. ദുരന്ത വാർഷികത്തിന് ഒന്നരമാസം മാത്രംശേഷിക്കുമ്പോഴും ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല. ഇന്നുമുതൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച വയനാട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ വീണ്ടും ശക്തിപ്പെട്ടാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |