കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ തുച്ഛമായ നിരക്കിൽ ലഭിക്കുന്നത് മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്നാണ്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. വർഷങ്ങളായി ഇത് ഒരു റഫറൽ ആശുപത്രിയായാണ് തുടരുന്നതെങ്കിലും ആ സ്ഥാനം ഇപ്പോൾ പേരിനു പോലുമില്ല എന്നതാണ് സ്ഥിതി. പ്രാഥമിക കേന്ദ്രങ്ങളിൽ നിന്നും താലൂക്ക് ആശുപത്രികളിൽ നിന്നും ക്രമാതീതമായി രോഗികളെ മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്യുന്നത്. ഇതാകട്ടെ മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നതിന് തുല്യമായി മാറിയിരിക്കുന്നു. മെഡിക്കൽ കോളേജിൽ രോഗികളുടെ ബാഹുല്യം കാരണം ശരിയായ പരിചരണം ലഭിക്കേണ്ട രോഗികൾ പോലും അവഗണിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഒരു രോഗിയുടെ സമീപത്ത് മെഡിക്കൽ സംഘം ഏറ്റവും കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും രോഗവിവരങ്ങൾ ആരായുന്നതിനും ചികിത്സ നിർദ്ദേശിക്കുന്നതിനും മറ്റുമായി ചെലവഴിച്ചില്ലെങ്കിൽ ഗുണമേന്മയുള്ള ചികിത്സ ആർക്കും നൽകാനാകില്ല. ഡ്യൂട്ടി ഡോക്ടർ നോക്കേണ്ട രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഒരു ഓട്ടപ്രദക്ഷിണം നടത്താനേ അവർക്കും കഴിയൂ. താലൂക്ക്തല ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി, റഫർ ചെയ്യുന്ന രോഗികളുടെ എണ്ണം നിജപ്പെടുത്താതെ ഈ പ്രശ്നം പരിഹരിക്കാനാകില്ല. താഴ്‌ന്ന തട്ടിലുള്ള ആശുപത്രികളിലും മികച്ച നിലവാരമുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാണെങ്കിലും വർദ്ധിച്ചുവരുന്ന രോഗി - ഡോക്ടർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിച്ച് നിസ്സാരമായ അസുഖങ്ങളുള്ളവരെപ്പോലും മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്ന പ്രവണത കുറെക്കാലമായി നിലനിൽക്കുന്നുണ്ട്. ഇതിന് കടിഞ്ഞാണിട്ടില്ലെങ്കിൽ മെഡിക്കൽ കോളേജുകളിലെ ചികിത്സാ മികവ് നഷ്ടപ്പെടുത്താനേ അതിടയാക്കൂ.
പകർച്ചപ്പനി രൂക്ഷമായതോടെ തിരുവനന്തപുരം ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്ന് രാത്രിയിൽ കൂട്ടത്തോടെ രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതാണ് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. മെഡിക്കൽ കോളേജുകളിലെ തിരക്ക് നിയന്ത്രിക്കാൻ റഫറൽ പ്രോട്ടോക്കാൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പലതവണ നിർദ്ദേശിച്ചിട്ടുള്ളതാണെങ്കിലും പല കാരണങ്ങളാൽ ഇതുവരെ നടപ്പായിട്ടില്ല. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലാണ് രോഗികളുടെ ബാഹുല്യം ഏറ്റവും കൂടുതൽ. ഇതോടെ ഒരു ബെഡ്ഡിൽ മൂന്നുപേരെ വരെ കിടത്തേണ്ട സ്ഥിതിയാണ്. ബെഡ്ഡ് കിട്ടാത്തവർ തറയിലാണ് കിടക്കുന്നത്. കൂട്ടിരിപ്പുകാരും കൂടി ചേരുമ്പോൾ മെഡിസിൻ വാർഡുകളിൽ ഇടംവലം തിരിയാൻ കഴിയാത്ത തിരക്കാണ്.
ശരാശരി 70 ബെഡ്ഡുള്ള ഒരു വാർഡിൽ ഇപ്പോൾ 180 പേരാണ് കിടക്കുന്നത്. രോഗികളുടെ എണ്ണം കുറച്ചില്ലെങ്കിൽ ശരിയായ ചികിത്സ ഒരു രോഗിക്കും ലഭിക്കാതെ വരുമെന്ന അവസ്ഥ ഒഴിവാക്കപ്പെടേണ്ടതാണ്. ഒരു ഡോക്ടറും തിരിഞ്ഞുനോക്കുന്നില്ല എന്ന പരാതിക്കും ഇത് ഇടയാക്കും. നെടുമങ്ങാട്, നെയ്യാറ്റിൻകര, ചിറയിൻകീഴ്, പാറശ്ശാല തുടങ്ങിയ താലൂക്ക് ആശുപത്രികളിൽ നിന്നും തിരുവനന്തപുരം ജനറൽ ആശുപത്രി, പേരൂർക്കട എന്നിവിടങ്ങളിൽ നിന്നും രോഗികളെ കൂട്ടത്തോടെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന പ്രവണത അടിയന്തരമായി തടയപ്പെടേണ്ടതാണ്. 'നമ്മുടെ" യൂണിയനിൽ പ്രവർത്തിക്കുന്ന ആൾ എന്ന പ്രത്യേക സംരക്ഷണമൊന്നും ഇത് നടപ്പാക്കുന്നതിന് വിലങ്ങുതടിയാകരുത്. ഏതൊരു ചികിത്സാ സ്ഥാപനത്തിനും ഉൾക്കൊള്ളാൻ കഴിയുന്ന രോഗികളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്. അതു കഴിഞ്ഞാൽ എത്ര മികച്ച സ്ഥാപനത്തിനും കാര്യങ്ങൾ കൈവിട്ടുപോകും. നിലവിൽ മെഡിക്കൽ കോളേജുകളുടെ സ്ഥിതി അതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |