SignIn
Kerala Kaumudi Online
Thursday, 10 July 2025 9.30 AM IST

വർഷത്തിലൊരിക്കൽ തെെ നട്ടാൽ മതിയോ?

Increase Font Size Decrease Font Size Print Page
sa

ഈ വർഷത്തെ പരിസ്ഥിതിദിനം പൂർവ്വാധികം ഭംഗിയോടെ കഴിഞ്ഞു. പതിവുപോലെ സംഘടനകളായ സംഘടനകളെല്ലാം തെെകൾ നട്ടു. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം ആബാലവൃദ്ധം വിവിധയിടങ്ങളിൽ ചെടികൾ നട്ടുപിടിപ്പിച്ചു. അതോടെ പരിസ്ഥിതി ദിനത്തിന്റെ കടമ പൂർത്തിയായോ. ഇനി ആ തെെകൾ വളർന്നോ, വേരുപിടിച്ചോ എന്നെല്ലാം ആര് ചിന്തിക്കാൻ? അതേസ്ഥലത്ത് തന്നെ അടുത്തവർഷം വീണ്ടും തെെകൾ നടും, ഒരാചാരം പോലെ. എല്ലാം തുടങ്ങിവയ്ക്കാൻ എളുപ്പമാണ്. പക്ഷേ, പരിപാലിക്കുന്നതാണ് പണി. അതിനാരും മെനക്കെടില്ല. പക്ഷേ, മരങ്ങളുടെ പരിപാലനം വലിയൊരു കടമയാണെന്ന ഓർമ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനത്തിൽ വടക്കുന്നാഥ മെെതാനത്തുണ്ടായത്.

ഒരു നൂറ്റാണ്ടോളം തൃശൂർ പൂരത്തിന്റെ ഉപചാരം ചൊല്ലലിന് സാക്ഷിയായ വടക്കുന്നാഥൻ ശ്രീമൂലസ്ഥാനത്തെ മുത്തശ്ശി അരയാലിന് ഇടവപ്പാതിയിലെ പരിസ്ഥിതി ദിനത്തിൽ മൂന്നാമതും 'സുഖചികിത്സ" തുടങ്ങി. ചിതൽ പോലുള്ള കീടങ്ങളും ഫംഗസുകളും പൊത്തുകളും കാരണം മൂന്നുവർഷം മുൻപ് കടപുഴകാറായ നിലയിലായിരുന്നു അരയാൽ. തിരക്കുള്ള സ്ഥലമായതിനാൽ ചില്ലകൾ വെട്ടിമാറ്റി. ക്ഷേത്രത്തിലെ ആൽമരമായതിനാൽ പിഴുതുമാറ്റി ആചാരപ്രകാരം സംസ്‌കരിക്കാനായിരുന്നു തീരുമാനം. ചിതയും പകരം നടാനുള്ള തൈയ്യും തയ്യാറാക്കി.

എന്നാൽ,​ ദഹിപ്പിക്കാൻ ഒരുങ്ങിയപ്പോൾ പുതുനാമ്പുകൾ പൊട്ടിമുളച്ചു. ചില്ലകൾ കിളിർത്തു. 'മരണാസന്നനായ" ആൽമരത്തിന് കൊടുംവേനലിലുണ്ടായ പുതുജന്മം കണ്ടറിയാൻ കേരള വന ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരെത്തി. മഴക്കാലത്തു തന്നെ ചികിത്സ തുടങ്ങി. അങ്ങനെ മൂന്നാംവർഷത്തെ ലോക പരിസ്ഥിതി ദിനത്തിലും കൊച്ചിൻ ദേവസ്വം ബോർഡിന്റെ 'ദേവാങ്കണം ചാരു ഹരിതം" പരിപാടിയുടെ ഭാഗമായി ചികിത്സയുടെ അടുത്ത ഘട്ടം ആരംഭിക്കുകയായിരുന്നു.

മഴക്കാലത്ത് സ്വാഭാവികമായുണ്ടാകുന്ന ചീയലിനെ പ്രതിരോധിച്ചായിരുന്നു ചികിത്സ തുടങ്ങിയത്. രോഗങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ച്,​ പ്രതിവിധികൾ ചെയ്തു. ആധുനിക,​ പരമ്പരാഗത രീതികൾ സമന്വയിപ്പിച്ചു. പഞ്ചഗവ്യം പോലുള്ളവയും ഉപയോഗിക്കുന്നുണ്ട്. പേരാലും അത്തിയും ഇത്തിയും അരയാലിനോട് ചേർന്ന് നട്ടുപിടിപ്പിച്ചിരുന്നു. നാലുമരങ്ങളുടേയും കൂട്ടായ നാൽപ്പാമരം ഔഷധക്കൂട്ടുപോലെ ഇവിടെ നിലകൊളളുന്നു. നാൽപ്പാമരം ഭാവിയിൽ അരയാലിന് താങ്ങായിത്തീരും. ഇതോടെ ശ്രീമൂലസ്ഥാനം മുഴുവൻ പടരുംവിധം ശാഖകളുണ്ടാകും.

ട്രീ സർജറിയുടെ കാതൽ

ട്രീ സർജറി എന്ന നിലയിലാണ് ചികിത്സ. ആദ്യം മരത്തിന്റെ പ്രശ്‌നങ്ങൾ പരിശോധിച്ചു. മഴയിൽ മരത്തിലുണ്ടാകാനിടയുള്ള ഫംഗസുകളെയും കീടങ്ങളെയും നശിപ്പിച്ചു. മുറിച്ചു മാറ്റേണ്ട ഭാഗങ്ങൾ നീക്കി. വേരുകളെ ഉത്തേജിപ്പിക്കുന്ന ചികിത്സകൾ നൽകി. പോഷണങ്ങൾ നൽകി പുനരുജ്ജീവനം സാദ്ധ്യമാക്കാൻ പഞ്ചഗവ്യം നൽകി. പശുവിൽ നിന്നു ലഭിക്കുന്ന ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നീ അഞ്ച് വസ്തുക്കൾ ശരിയായ അളവിൽ ചേർത്താണ് പഞ്ചഗവ്യം ഉണ്ടാക്കുന്നത്. നൂറുവർഷത്തിലേറെ പഴക്കമുണ്ടെന്ന് കണക്കുകൂട്ടുന്ന ആലിന്റെ കൊമ്പുകളെ മുറിച്ചുമാറ്റി, വേരുപടലത്തിന് കരുത്ത് നൽകിയാണ് ആലിന് പുനരുജ്ജീവനം നൽകിയതെന്നും ഇത്തരം ചികിത്സകളെ ട്രീ സർജറി എന്നുപറയാമെന്നും പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ പറയുന്നു.

പെട്ടെന്നുള്ള കാലാവസ്ഥാമാറ്റം താങ്ങാൻ മരങ്ങൾക്ക് കഴിയില്ല. അതുകൊണ്ടാണ് ഈ സമയത്ത് ചികിത്സ തുടങ്ങുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന കേരള വനഗവേഷണ കേന്ദ്രം സിൽവികൾച്ചർ വിഭാഗം മേധാവി ഡോ. പി. സുജനപാലും കൂട്ടിച്ചേർത്തു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വടക്കുന്നാഥൻ അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളിലും 'ദേവാങ്കണം ചാരുഹരിതം' പദ്ധതിയുടെ ഭാഗമായി ചികിത്സ നടന്നിരുന്നു. നൂറുവർഷത്തോളം പഴക്കം അനുമാനിക്കുന്ന ആലിന്റെ പരിശോധനയ്ക്ക് പി. ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തെക്കേ ഗോപുരനടയ്ക്ക് സമീപമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പേരാൽ മുത്തശ്ശിക്കും ആദരം അർപ്പിച്ചിരുന്നു.

കാട് വളരുമ്പോൾ പ്രതിസന്ധി

അധിനിവേശ മരങ്ങൾ

പരിസ്ഥിതി അവബോധം കൂടിയതോടെ കാട് വളരുകയാണ്. പക്ഷേ, അധിനിവേശ മരങ്ങളായ അക്കേഷ്യയും യൂക്കാലിപ്റ്റസും അടക്കമുള്ള പ്ലാന്റേഷനുകൾ കാടുകളിലെ എരിതീയിൽ എണ്ണയാവുകയാണ്. യൂക്കാലിപ്റ്റസ് എണ്ണയുടെ സാന്നിദ്ധ്യമുള്ള മരമായതിനാൽ പച്ചയ്ക്ക് പോലും കത്തും. ഇവ ജലക്ഷാമം രൂക്ഷമാക്കും. മറ്റ് മരങ്ങളിലേക്കും പടരും. മൂന്നാർ വന്യജീവി ഡിവിഷനിലെ ഷോല നാഷണൽ പാർക്കിൽപ്പെട്ട കുറിഞ്ഞിമല സാംഗ്ച്വറിയിൽ 2016-17ൽ എട്ടിടങ്ങളിലായി 180 ഹെക്ടർ വനത്തിൽ കാട്ടുതീ പടർന്നിരുന്നു. യൂക്കാലിപ്റ്റസ് പ്ലാന്റേഷനാണ് ആ പ്രദേശങ്ങളെന്ന് അന്നത്തെ വനംമന്ത്രിയും നിയമസഭയിൽ വ്യക്തമാക്കിയിരുന്നതാണ്. അധിനിവേശ മരങ്ങൾ ജലക്ഷാമം കൂട്ടി കാടുണക്കും. ഇവയുടെ അടിയിൽ മറ്റു സസ്യങ്ങളും മരങ്ങളും വളരില്ല. വനത്തിൽ തീറ്റയും വെള്ളവും കുറയുമ്പോൾ മൃഗങ്ങൾ കാടിറങ്ങും.
വൻമരങ്ങളിലെ ഉയർന്ന അളവിലെ എണ്ണ കാട്ടുതീ കൂട്ടും. കാട്ടിലെ ജൈവ സന്തുലിതാവസ്ഥയെ തകിടം മറിക്കും. ഏതാണ്ട് അഞ്ചുവർഷം മുൻപ് തൃശൂർ വടക്കാഞ്ചേരിക്ക് അടുത്ത് കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീ ആരും മറന്നുകാണില്ല. കാട്ടുതീയിൽ മൂന്നു വനപാലകർ വെന്തുമരിക്കുന്ന കേരളത്തിലെ ആദ്യ ദുരന്തമായിരുന്നു അത്. മൃഗങ്ങൾക്കും മനുഷ്യർക്കും ആവാസവ്യവസ്ഥയ്ക്കും അതുണ്ടാക്കിയ പ്രത്യാഘാതം വലുതായിരുന്നു. ഇന്നിപ്പോൾ തീയിൽ എരിഞ്ഞൊടുങ്ങിയ കൊറ്റമ്പത്തൂർ വനത്തിലും തളിർത്ത് തഴച്ചു വളരുകയാണ് അഞ്ചുലക്ഷത്തിലേറെ മരങ്ങൾ. വന്യമൃഗങ്ങൾ മനുഷ്യജീവനെ കടിച്ചുകീറുമ്പോൾ, വനംവകുപ്പ് നട്ടുവളർത്തിയ ഈ സ്വാഭാവിക വനത്തിൽ നിന്ന് മൃഗങ്ങൾ നാട്ടിലിറങ്ങാറില്ല. മരുത്, പ്ലാവ്, ഞാവൽ, കുമിഴ്, പേര, നെല്ലി, ആഞ്ഞിലി... പലതും കായ്ക്കാൻ തുടങ്ങി. കാട്ടുതീ പടരാൻ വഴിയൊരുക്കുന്ന പുല്ലും മറ്റും നീക്കിയാണ് നാലുവർഷം മുൻപ് വനമൊരുക്കിയത്. ജലലഭ്യത കൂട്ടാനായി കുളങ്ങളും ചെക്ക് ഡാമും നിർമ്മിച്ചു. ഭൂഗർഭ ജലവിതാനം ഉയർന്നു. മണ്ണ് ഫലഭൂയിഷ്ഠമായി. കാട് സ്വാഭാവിക സന്തുലനാവസ്ഥയിലായി. 2020 ഫെബ്രുവരി 16ന് വൈകിട്ടായിരുന്നു ഹെക്ടർ കണക്കിന് കാട് നശിച്ചത്. തുടർന്ന് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് കൊടുത്ത ഭൂമി വനം വകുപ്പ് തിരികെ ഏറ്റെടുക്കുകയായിരുന്നു.

കൊറ്റമ്പത്തൂരിൽ വനമാക്കിയത് എച്ച്.എൻ.എല്ലിൽ നിന്നേറ്റെടുത്ത 475.5 ഹെക്ടർ അടക്കം 600 ഓളം ഹെക്ടറാണ്. എച്ച്.എൻ.എല്ലിനുളള പാട്ടക്കാലാവധി 20 വർഷമായിരുന്നു. പ്ലാന്റേഷൻ ഉണ്ടായിരുന്നത് 200 ഹെക്ടറിലും. ചെലവ് 18 കോടിരൂപയും. ഇതിന് സഹായം അനുവദിച്ചത് നബാർഡായിരുന്നു. കാടുണക്കുന്ന അധിനിവേശ മരങ്ങളായിരുന്നു കൊറ്റമ്പത്തൂരിന്റെ ഹരിതഹൃദയത്തിൽ തീയായത്.

നാടിനെ മാത്രമല്ല, മരങ്ങളും ഫലവൃക്ഷങ്ങളും ജലാശയങ്ങളും ഒരുക്കി കാടിനേയും ഹരിതാഭമാക്കണം. അതാകണം ഏറ്റവും മാതൃകാപരമായ പ്രകൃതിസ്നേഹം, വന്യജീവിസ്നേഹം...

TAGS: TREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.