റെയിൽവേ വക സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മിനിമം ഫീസ് വാങ്ങാം. എന്നാൽ അതിന്റെ പേരിൽ ഫീസ് കൊള്ള നടത്തുന്നത് അന്യായമാണ്. റെയിൽവേയിൽ നിന്ന് കരാറെടുക്കുന്ന സ്വകാര്യ കരാറുകാരാണ് പാർക്കിംഗ് കേന്ദ്രങ്ങൾ നടത്തുന്നത്. പല സന്ദർഭങ്ങളിലും ഇവർ കരാറിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടിയ തുകയാണ് വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്നത്. മണിക്കൂർ കണക്കിന് പണം കൂടുമെന്ന് വാഹനം പാർക്ക് ചെയ്യുന്നതിനു മുമ്പ് കരാർ ജോലിക്കാർ പറയുകയും, തിരികെ വരുമ്പോൾ നിയമപരമായി വാങ്ങേണ്ടതിന്റെ ഇരട്ടി വാങ്ങുകയും ചെയ്യുക പതിവാണ്. മാത്രമല്ല, കാറിനും സ്‌കൂട്ടറിനുമുള്ള നിരക്കുകളും വ്യവസ്ഥകളും പ്രദർശിപ്പിക്കുന്ന ബോർഡും പാർക്കിംഗ് കേന്ദ്രങ്ങളിൽ കാണാറില്ല. കരാർ നൽകി പണം വാങ്ങിക്കഴിഞ്ഞാൽ കൈയൊഴിഞ്ഞ് പൂർണമായും സ്വകാര്യ കരാറുകാരുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കുന്ന രീതിയാണ് റെയിൽവേ ഇക്കാലമത്രയും പുലർത്തിവരുന്നത്.
ജൂൺ ഒന്നുമുതൽ റെയിൽവേയുടെ ചില പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹന പാർക്കിംഗ് നിരക്ക് ഒറ്റയടിക്ക് കുത്തനെ ഉയർത്തിയത് യാത്രക്കാരുടെയും യുവജന സംഘടനകളുടെയും ഭാഗത്തുനിന്ന് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. 12 മണിക്കൂർ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ചില കേന്ദ്രങ്ങൾ ഈടാക്കുന്നത് 30 രൂപ മുതൽ മുകളിലേക്കാണ്. എത്ര മണിക്ക് വണ്ടിയെടുക്കും എന്നു ചോദിച്ച് അതനുസരിച്ച് മുൻകൂർ ഫീസ് വാങ്ങുന്ന രീതിയും നടക്കുന്നുണ്ട്. കാറുകൾക്ക് പുതിയ നിരക്ക് പ്രകാരം 70- 80 രൂപ വരെ വാങ്ങുന്നുണ്ട്. 12 മണിക്കൂർ കഴിഞ്ഞാൽ അധിക ഫീസ് ഈടാക്കും. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് 600 രൂപയായി ഉയർത്തിയ കേന്ദ്രങ്ങളുമുണ്ട്.
സ്ഥിരമായി ട്രെയിൻ യാത്ര നടത്തുന്ന സർക്കാർ ജീവനക്കാരും സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരുമാണ് ഈ ഫീസ് കൊള്ളയ്ക്ക് കൂടുതലും ഇരയാകുന്നത്. ഫീസ് ഉയർത്തിയെങ്കിലും അതിനു തക്കതായ ഒരു സൗകര്യവും പാർക്കിംഗ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്താറില്ല. പല പാർക്കിംഗ് കേന്ദ്രങ്ങളിലും മേൽക്കൂരകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ചില സ്ഥലങ്ങളിൽ മേൽക്കൂര പോലുമില്ല. ഇരുചക്ര വാഹനങ്ങളിൽ നിന്ന് ചിലയിടങ്ങളിൽ സാമൂഹ്യവിരുദ്ധർ പെട്രോൾ ഊറ്റുന്നതും പതിവാണ്. ഇതിനൊക്കെ കരാറുകാരുടെ സഹായവും ലഭിക്കാറുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. പല സ്ഥലത്തും സീസൺ ടിക്കറ്റിനേക്കാൾ ഉയർന്ന തുക പാർക്കിംഗ് ഫീസായി നൽകണം. ഫീസ് വർദ്ധനയ്ക്ക് ഏകീകൃത സ്വഭാവമില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിലാണ് പാർക്കിംഗ് ഫീസ് ഇരട്ടിയിലധികം വർദ്ധിപ്പിച്ചിരിക്കുന്നത്.
പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ച റെയിൽവേയുടെ നടപടിക്കെതിരെ സമൂഹത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷണൽ റെയിൽവേ കൊമേഴ്സ്യൽ മാനേജരെ ഉപരോധിക്കുകയുണ്ടായി. എ കാറ്റഗറിയിലുള്ള തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനേക്കാൾ കൂടിയ തുകയാണ് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ഈടാക്കുന്നതെന്നും ഇത് പിൻവലിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നുമാണ് കഴക്കൂട്ടം റെയിൽവേ വികസന ആക്‌ഷൻ കൗൺസിൽ അറിയിച്ചിട്ടുള്ളത്. പാർക്കിംഗ് ഫീസ് വർദ്ധന അടിയന്തരമായി പുനഃപരിശോധിക്കാൻ ദക്ഷിണ റെയിൽവേ അധികൃതർ തയ്യാറാകണം. നിരക്കുകൾ പുനഃപരിശോധിക്കുന്നതിനൊപ്പം പുതിയ നിരക്കുകൾ പ്രദർശിപ്പിക്കുന്ന ഡിസ്‌പ്ളേ ബോർഡുകൾ പാർക്കിംഗ് കേന്ദ്രങ്ങളിൽ സ്ഥാപിക്കാനും നടപടി എടുക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |