കുടുംബാംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് വർഷങ്ങൾക്കുമുമ്പ് മുതൽ ലോകമെമ്പാടും മാതൃദിനം കൊണ്ടാടാൻ തുടങ്ങിയത്. ക്രമേണ അതിന്റെ ചുവടുപിടിച്ച് പിതൃദിനവും ആഘോഷിക്കാൻ തീരുമാനമായി. ഈ സുദിനം ലോക രാഷ്ട്രങ്ങളിൽ പലയിടത്തും പലതാണെങ്കിലും ഭാരതമുൾപ്പെടെ ഏറ്റവും കൂടുതൽ ഭൂപ്രദേശങ്ങളിൽ അത് ജൂൺ മാസം മൂന്നാമത്തെ ഞായറാഴ്ചയാണ്.
പശ്ചിമ വിർജീനിയയിലെ ഫെയർമോണ്ട് ഖനിയിൽ 1908 ജൂലായ് അഞ്ചിന് വലിയൊരു അപകടമുണ്ടായി. നൂറുക്കണക്കിന് ആൾക്കാരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. അങ്ങനെ മരണമടഞ്ഞവരുടെ; പ്രത്യേകിച്ച് പിതാക്കന്മാരുടെ ഓർമ്മ പുതുക്കാനായി ഒരുദിവസം വേണമെന്ന് അവിടത്തെ മന്ത്രിയുടെ മകളായ ഗ്രെയ്സ് ഗോൾഡൻ ക്ളേറ്റൺ തീരുമാനിച്ചു. അവരുടെ ആഹ്വാനമനുസരിച്ച് ജൂലായിലെ ഒരു ഞായറാഴ്ച എല്ലാവരും ഒത്തുകൂടി മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചു. എന്നാൽ പിന്നീട് അങ്ങനെയൊരു ആഘോഷം അവിടെ നടക്കുകയുണ്ടായില്ല.
1909-ൽ സൊനോറ സ്മാർട്ട് ഡോഡ് എന്ന അമേരിക്കൻ വനിതയാണ് ഈ ദിനാചരണത്തിന് പരക്കെ അംഗീകാരം നേടിക്കൊടുത്തത്. ക്രൈസ്തവ ദേവാലയത്തിൽ മാതൃദിന സന്ദേശം കേൾക്കുന്നതിനിടയിൽ പിതാക്കന്മാർക്കും അങ്ങനെയൊരു ദിവസം വേണ്ടതല്ലേ എന്ന ചിന്ത അവരിൽ അങ്കുരിച്ചു. മാതൃദിനാചരണത്തിന് കാരണക്കാരിയായ അന്നാ ജാർവിസിന്റെ ആശയങ്ങളിൽ ആകൃഷ്ടയായ സൊനോറ മാതൃദിനത്തിന്റെ മാതൃകയിൽ പിതാക്കന്മാരെയും ആദരിക്കണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങി. അതിന് മതിയായ ഒരു കാരണവുമുണ്ടായിരുന്നു.
അമ്മ മരിക്കുമ്പോൾ സൊനോറയും അവളുടെ അഞ്ച് അനുജന്മാരും തീരെ കുഞ്ഞുങ്ങളായിരുന്നു. അവർ ആറുപേരുടെയും ചുമതല വില്യം സ്മാർട്ട് എന്ന അവരുടെ അച്ഛന്റെ ചുമലിലായി. ജീവിതത്തിലെ അല്ലലുകളൊന്നും അറിയിക്കാതെ അദ്ദേഹം അവരെ നന്നായി വളർത്തി. അങ്ങനെ തങ്ങളെ വളർത്തി വലുതാക്കിയ അച്ഛന് അവിസ്മരണീയമായ ആഹ്ളാദം സമ്മാനിക്കണമെന്ന് ആ മകൾക്ക് അഭിപ്രായമുണ്ടായി. അക്കാര്യം അവർ പലപ്പോഴും പങ്കുവച്ചു. പലരും അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും ആ ദിനാചരണം നടപ്പിലായില്ല.
അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസനും കുടുംബവും 1916 ൽ ഈ ദിനം ആചരിച്ചതോടെയാണ് അതിന് കുറച്ചെങ്കിലും പ്രാധാന്യം ലഭിച്ചത്. 1924-ൽ അമേരിക്കയിലെ അന്നത്തെ പ്രസിഡന്റ് കാർവിൻ കോളിഡ്ജ് പിതൃദിനത്തിന് അനുകൂലമായി ഒരു പ്രമേയം തന്നെ പാസാക്കി. എന്നാൽ നീണ്ട നാല്പത്തിരണ്ടു വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു, ജൂൺമാസത്തെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആഘോഷിക്കുന്നതു സംബന്ധിച്ച് ഉത്തരവിറങ്ങാൻ. 1966 ൽ അപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ജോൺസൺ ആണ് ആ ഉത്തരവിറക്കിയത്. ആ ഉത്തരവുകൾക്കെല്ലാം ഓദ്യോഗികമാനം കൈവരാൻ വീണ്ടും ആറുവർഷങ്ങൾ വേണ്ടിവന്നു.
1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സനാണ് അത് പ്രാവർത്തികമാക്കിയത്.
അച്ഛനെയോർത്ത്
പാടുന്നവർ
നമ്മുടെ വെള്ളിത്തിരയിൽ അമ്മയെക്കുറിച്ചുള്ള പാട്ടുകൾ പലതുണ്ടെങ്കിലും അച്ഛനെ സംബന്ധിക്കുന്നവ തുലോം തുച്ഛമാണ്. മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് അടിത്തറ പാകിയ ആരിൽനിന്നും അത്തരം പാട്ടുകളൊന്നും പിറന്നിട്ടില്ല എന്നതും എടുത്തുപറഞ്ഞേ തീരൂ. നിലവാരത്തിന്റെ അളവുകോൽ വച്ചുനോക്കിയാൽ അവയുടെ എണ്ണം വീണ്ടുംവീണ്ടും ചുരുങ്ങും. ഇന്ന് പിതൃദിനം കൊണ്ടാടുമ്പോൾ പരാമർശിക്കാനും വിചിന്തനം നടത്താനും പര്യാപ്തമായ രണ്ട് പാട്ടുകളെക്കുറിച്ചാണ് ഈ കുറിപ്പ്. അവയിൽ ആദ്യത്തേത് 'ബാലേട്ടൻ" എന്ന ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ചേരി രചനയും എം. ജയചന്ദ്രൻ കാപ്പി രാഗത്തിന്റെ പിൻബലത്തോടെ സംഗീതവും യേശുദാസും കെ.എസ്. ചിത്രയും വെവ്വേറെ ആലാപനവും നിർവഹിച്ച ഗാനമാണ്.
'ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു-
മൺവിളക്കൂതിയില്ലേ- കാറ്റെൻ
മൺവിളക്കൂതിയില്ലേ,
കൂരിരുൾക്കാവിന്റെ മുറ്റത്തെ മുല്ലപോൽ
ഒറ്റയ്ക്കു നിന്നില്ലേ, ഞാനി-
ന്നൊറ്റയ്ക്കു നിന്നില്ലേ..."
മകന്റെ (മകളുടെ) ജീവിതത്തിൽ ഇന്നലെയാണ് ഏറ്റവും വലിയ ദുരന്തം നടന്നത്. പാടുന്ന നായകനു (നായികയ്ക്ക്) മാത്രമല്ല, കുടുംബത്തിനൊന്നാകെ പ്രകാശം പരത്തിയിരുന്ന മൺവിളക്ക് (അത് കുഞ്ഞുമൺ വിളക്കാണെന്നും അതിന്റെ സ്ഥാനം സ്വന്തം നെഞ്ചിലാണെന്നുമുള്ള ഭാഷ്യം വേറെ) എന്നെന്നേക്കുമായി കെട്ടുപോയി. അത് അങ്ങനെ തനിയെ കെട്ടുപോയതല്ല. കാറ്റ് ഊതിക്കെടുത്തിയതാണ്. ഇവിടെ കാറ്റിന് വിധിയെന്നോ കാലമെന്നോ മറ്റോ വിവക്ഷ നൽകാം. അതോടെ താൻ ഒറ്റയ്ക്കായിപ്പോയി എന്ന് ഏറ്റു പറയുകയാണ് നായകൻ (നായിക). എങ്ങനെ? 'കൂരിരുൾക്കാവിന്റെ മുറ്റത്തെ മുല്ലപോൽ" എന്ന ചമൽക്കാരം ചമച്ചിരിക്കുന്നു, പാട്ടെഴുത്തുകാരൻ.
'ദൂരേനിന്നും പിൻവിളി
കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാക്കണ്ണീരിൻ കാവലിൻ
നൂലിഴ ആരും തുടച്ചില്ല
ചന്ദനപ്പൊൻചിതയിൽ
എന്റെ അച്ഛനെരിയുമ്പോൾ
മച്ചകത്താരോ തേങ്ങിപ്പറക്കുന്ന-
തമ്പലപ്രാവുകളോ, അമ്പലപ്രാവുകളോ?"
മുമ്പൊക്കെ നടന്നകലുമ്പോൾ ദൂരെനിന്ന് പിൻവിളി കേൾക്കുമായിരുന്നു, ഈ മകൻ (മകൾ). അച്ഛന്റെ തിരോധാനത്തോടെ ആ പതിവില്ലാതായി. അന്ന് കണ്ണുകളിൽ കാണാക്കണ്ണീർ നിറയേണ്ടതില്ല; അതിനു മുമ്പുതന്നെ ആ കാവലിന്റെ നൂലിഴ- അച്ഛന്റെ സ്നേഹാർദ്രമായ കരങ്ങൾ തുടച്ചുകഴിഞ്ഞിരിക്കും. ഇന്നാകട്ടെ അച്ഛന്റെ തിരോധാനമുണ്ടായതോടെ ആ കീഴ്‌വഴക്കവുമില്ലാതെയായി. ചന്ദനപ്പൊൻചിതയിൽ തന്റെ പ്രിയപ്പെട്ട അച്ഛൻ എരിഞ്ഞടങ്ങുകയാണ്. അപ്പോൾ മച്ചകത്തെ അമ്പലപ്രാവുകൾ പോലും ആ കാഴ്ച കാണാനാവാതെ തേങ്ങിപ്പറക്കുകയാണ്. അച്ഛന്റെ വിയോഗത്തിൽ താൻ മാത്രമല്ല, അച്ഛൻ സ്നേഹിച്ചവരും അച്ഛനെ സ്നേഹിച്ചവരും മുഴുവൻ ഉള്ളുനൊന്തു തേങ്ങുകയാണ് എന്ന് വ്യംഗ്യം.
'ഉള്ളിന്നുള്ളിൽ അക്ഷരപ്പൂട്ടുക-
ളാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി
തെറ്റുമ്പോൾ കൈതന്നു
കൂടെവന്നു
ജീവിതപ്പാതകളിൽ ഇനി
എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ
പുണ്യം പുലർന്നീടുമോ?"
ഉള്ളിനുള്ളിലെ അക്ഷരങ്ങളുടെ പൂട്ടുകൾ മകന് (മകൾക്ക്) ഒന്നൊന്നായി തുറന്നുകൊടുത്തത് അച്ഛനായിരുന്നു. കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോൾ കൈകൊടുക്കുക മാത്രമല്ല, ഒപ്പം നടന്നും നടക്കാൻ (ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാനും) സ്നേഹനിധിയായ അച്ഛൻ പഠിപ്പിച്ചു . അങ്ങനെ ജീവിതപ്പാതകൾ പലതു കാട്ടിക്കൊടുത്തു. അവരിപ്പോൾ പരസ്പരം വേർപിരിഞ്ഞ യാത്രക്കാരായിപ്പോയി. ഇനിയെന്നാണ് സ്വന്തം അച്ഛനെയൊന്നു കാണുക? അച്ഛന്റെ മകനായി (മകളായി) മറ്റൊരു ജന്മംകൂടി പിറക്കാൻ പുണ്യം പുലർന്നിടുമോ എന്ന ആശങ്കയും അതേസമയം ആഗ്രഹവും പങ്കുവയ്ക്കുകയാണ്, മകനുവേണ്ടി (മകൾക്കുവേണ്ടി) തൂലികയെടുത്ത ഗിരീഷ് പുത്തഞ്ചേരി.
അച്ഛനെയാണ്
എനിക്കിഷ്ടം...
രണ്ടാമത്തെ ഗാനം 'സത്യം ശിവം സുന്ദരം" എന്ന ചിത്രത്തിലേതാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് വിദ്യാസാഗറിന്റേതാണ് സംഗീതം. സിന്ധുഭൈരവി രാഗത്തിന്റെ ചട്ടക്കൂടിലൊതുങ്ങുന്ന ഈ ഗാനം കെ.എസ്. ചിത്രയും ബിജു നാരായണനും പ്രത്യേകം പ്രത്യേകമായി പാടിയിരിക്കുന്നു.
'സൂര്യനായ് തഴുകിയുറക്ക-
മുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോൾ
അറിയാതെയുരുകുമെൻ
അച്ഛനെയാണെനിക്കിഷ്ടം..."
സൂര്യന്റെ പ്രൗഢഗംഭീരമായ സ്ഥാനം തിരിച്ചറിഞ്ഞിട്ടാവണം രചയിതാവ് അച്ഛനെ അതിനോട് കല്പിച്ചത് എന്നു തോന്നുന്നു. കുടുംബത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തി എന്ന ധ്വനി ഈ പ്രയോഗമുണർത്തിക്കുന്നുണ്ട്. സൂര്യോദയത്തിലാണല്ലോ ആരും ഉറക്കമുണരുക. ഇവിടെ, ഉറക്കമുണർത്തുന്നു എന്നതുകൊണ്ട് ആ പ്രക്രിയ മാത്രമല്ല, നന്മയിലേക്ക് നയിക്കുന്നു എന്ന സൂചനയുമുണ്ട്. മക്കൾ കരയുന്നത് ഏതൊരച്ഛനാണ് സഹിക്കുക? അറിയാതെ ഉരുകുന്ന എന്ന പ്രയോഗം ആ അർത്ഥത്തിൽ ഔചിത്യപൂർണമാണ്. അച്ഛനോട് ഇഷ്ടം തോന്നാറുള്ള കാര്യകാരണങ്ങൾ ഓരോന്നായി വെളിപ്പെടുത്തുകയാണ് മകൾ (മകൻ).
'കല്ലെടുക്കും കളിത്തുമ്പിയെപ്പോലെ
ഒരുപാട് നോവുകൾക്കിടയിലും
പുഞ്ചിരിച്ചിറകുവിടർത്തുമെന്നച്ഛൻ..."
തുമ്പി അതിന്റെ ശരീരഭാരത്തിന്റെ പതിന്മടങ്ങ് ഭാരമാണ് കല്ലെടുക്കുന്നതിലൂടെ പേറേണ്ടിവരുന്നത്. ഇവിടെ അച്ഛൻ ജീവിതഭാരം ചുമക്കാൻ വിധിക്കപ്പെട്ടവനാണ്. എന്നാൽ പ്രശ്നസങ്കീർണമായ നോവുകൾക്കിടയിലും പുഞ്ചിരിപൊഴിക്കാൻ ബാധ്യസ്ഥനുമാണ് അച്ഛൻ. അപ്പോൾ ആ അച്ഛനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? എങ്ങനെ സ്നേഹിക്കാതിരിക്കും?
'എന്നുമെൻ പുസ്തകത്താളിൽ
മയങ്ങുന്ന നന്മതൻ പീലിയാണച്ഛൻ
കടലാസുതോന്നിയെ-
പ്പോലെന്റെ ബാല്യത്തിൽ
ഒഴുകുന്നൊരോർമ്മയാണച്ഛൻ,
ഉടലാർന്ന കാരുണ്യമച്ഛൻ,
കൈവന്ന ഭാഗ്യമാണച്ഛൻ..."
അച്ഛന്റെ നന്മയെക്കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല ഈ മകൾക്ക് (മകന്). കുട്ടിക്കാലത്ത് വളരെ ശ്രദ്ധയോടെ പുസ്തകത്താളിൽ സൂക്ഷിക്കുന്നതാണ് മയിൽപ്പീലി. ആ പ്രായത്തിൽ കൈവരുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തുവും അതായിരിക്കും. പിതാവിന്റെ നന്മ ആ പീലി പോലെയാണ്. ബാല്യത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ കടലാസുതോണി പോലെ അച്ഛൻ ഒഴുകുന്ന ഓർമ്മ മനസിൽ തെളിയും. കാരുണ്യത്തിന് ഉടലുണ്ടെങ്കിൽ അത് തന്റെ അച്ഛൻ തന്നെയാണ്. സ്വന്തം ജീവിതത്തിൽ കൈവന്ന ഭാഗ്യം എന്നും അച്ഛനെ വിശേഷിപ്പിക്കാം.
കൈതപ്രം ഈ ഗാനം അവസാനിപ്പിക്കുന്നത് ഇങ്ങനെ ചില വരികളോടെയാണ്:
'അറിയില്ലെനിക്കേതു
വാക്കിനാലച്ഛനെ
വാഴ്ത്തുമെന്നറിയില്ലയിന്നും,
എഴുതുമീ സ്നേഹാക്ഷരങ്ങൾ-
ക്കുമപ്പുറം അനുപമസങ്കല്പമച്ഛൻ,
അണയാത്ത ദീപമാണച്ഛൻ,
കാണുന്ന ദൈവമാണച്ഛൻ..."
അച്ഛന്റെ പ്രവൃത്തികളെക്കുറിച്ച് ഈ മകൾ (മകൻ) നല്ല വാക്കുകളിൽ പലതും കോറിയിട്ടു. എന്നിട്ടും അവൾക്ക് (അവന്) മതിവരുന്നില്ല. ഏത് വാക്കുകൊണ്ടാണ് വാഴ്ത്തേണ്ടതെന്നറിയാതെ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് സ്നേഹാക്ഷരങ്ങൾക്കുമപ്പുറം സങ്കല്പാതീതമായ വ്യക്തിത്വമാണ് അച്ഛന്റേത് എന്ന് ഒടുവിൽ സ്വയം സമാധാനിക്കുകയാണ് മക്കളായ നായിക (മകനായ നായകനും). അണയാത്ത ദീപം, കൺക്കണ്ട ദൈവം എന്നൊക്കെയുള്ള വിശേഷണങ്ങൾ കൂടി ചേർത്തിട്ടേ കൈതപ്രം തൂലിക താഴെവയ്ക്കുന്നുള്ളു.
അച്ഛനെ ഓർക്കാൻ പ്രത്യേകിച്ചൊരു ദിവസം സത്യത്തിൽ ആവശ്യമില്ല. എങ്കിലും അങ്ങനെയൊരു ദിവസം നിശ്ചയിച്ചിട്ടുള്ളതിനാൽ പിതൃസ്മരണയിൽ മുഴുകാൻ ഈ രണ്ട് ഗാനങ്ങളും ഉപകരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അച്ഛനെ നടതള്ളുന്നവരും അവഗണിക്കുന്നവരും ഇവയുടെ അന്തസ്സത്ത തിരിച്ചറിയട്ടെ. അങ്ങനെ ആ അരുതാത്ത പ്രവൃത്തികൾക്ക് കുറച്ചെങ്കിലും തടയിടാൻ സാധിച്ചാൽ ഈ പിതൃദിനാചരണം സാർത്ഥകമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |