കോളേജ് ഫീസടയ്ക്കാനും, ഭക്ഷണം വാങ്ങാനും പണം തികയാതെ വിഷമിച്ച സാഹചര്യങ്ങളോടും, അവഗണനകളോടും പടപൊരുതി കോടികൾ വിറ്റുവരവുള്ള വ്യവസായ സംരംഭത്തെ പടുത്തുയർത്തിയ ആലപ്പുഴക്കാരൻ അനീഷ് മധുവും ത്രീ സ്റ്റാർ മെഷീനറീസ് പ്രൈവറ്റ് ലിമിറ്റഡും ഇന്ന് വ്യാവസായിക മെഷീനറികളുടെ ഉത്പാദനത്തിൽ കേരളത്തിന്റെ മുഖമുദ്ര യായി മാറുകയാണ്. വ്യവസായ സംരംഭങ്ങൾ സ്വപ്നം കാണുന്നവരെ പോലെ കേവലം ഉത്പന്നങ്ങളിലേക്ക് ചുരുങ്ങാതെ, ഓരോ ഉത്പ്പന്നവും തയാറാക്കാനുള്ള വമ്പൻ മെഷീനറികളിലേക്ക് തന്റെ ചിന്തയെ വഴിതെളിച്ച് വിട്ടിടത്ത് നിന്നാരംഭിക്കുകയാണ് അനീഷ് മധുവിന്റെയും, ആദ്ദേഹം മാനേജിംഗ് ഡയറക്ടറായ ത്രീ സ്റ്റാർ മെഷീനറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും വിജയഗാഥ. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പദവിയോട് വിടപറഞ്ഞ് അനീഷിന് പിന്തുണയായി ഭാര്യ സൗമ്യ മണിയൻകുട്ടി ഡയറക്ടറായി എത്തിയതോടെ വിജയക്കുതിപ്പിന് വേഗത കൂടി.
കഴിഞ്ഞ 17 വർഷങ്ങളായി വ്യാവസായിക, കാർഷിക മെഷീനറികൾ, കിച്ചൻ എക്യുപ്മെന്റ്സ്, ലോൺട്രി മെഷീനുകൾ എന്നിവ ഉത്പാദിപ്പിച്ചാണ് ത്രീസ്റ്റാർ മെഷീനറീസ് വ്യവസായ രംഗത്ത് സ്വന്തം സ്ഥാനമുറപ്പിച്ചത്. ഐ.എസ്.ഒ സർട്ടിഫിക്കേഷനുള്ള സ്ഥാപനം കെയ്കോ, സ്വിഫ്റ്റ്, കെ.എസ്.സി.എ.ഡി.സി, മത്സ്യഫെഡ്, കുടുംബശ്രീ, സി.ഡി.എസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രീ ക്വാളിഫൈഡ് വെൻഡർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി 250ൽപ്പരം ഏജൻസികളുള്ള സ്ഥാപനത്തിന്റെ ഉത്പന്നങ്ങൾ ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്കയടക്കം എട്ട് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പത്തിലേറെ എൻജിനിയർമാർ ഉൾപ്പെടുന്ന റിസർച്ച് ടീമാണ് പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നത്. 2024- 25ലെ മിഷൻ 1000 പുരസ്ക്കാരവും ആലപ്പുഴ, ഇടുക്കി, ബംഗളൂരു എന്നിവിടങ്ങളിൽ പ്രൊഡക്ഷൻ യൂണിറ്റുകളുള്ള ത്രീസ്റ്റാർ മെഷീനറീസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയിട്ടുണ്ട്. ത്രീസ്റ്റാറിന്റെ എല്ലാ ഉത്പന്നങ്ങളും 100 ശതമാനം സ്റ്റെയിൻലെസ് സ്റ്റീലിലാണ്. ഗവ. സബ്സിഡി നിരക്കിലാണ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്.
ഇൻകുബേറ്റർ മുതൽ അഡ്വാൻസ്ഡ്
ലോൺട്രി മെഷീൻ വരെ
ഇലക്ട്രോണിക്സ് എൻജിയനിയറിംഗ് ബിരുദം നേടി വിവിധ സ്ഥാപനങ്ങളിൽ ടെക്നിക്കൽ അഡ്വൈസറായി ജോലി ചെയ്യുമ്പോഴും അനീഷിന്റെ മനസ്സ് മെഷീനറി മാനുഫാക്ചറിംഗ് യൂണിറ്റെന്ന സ്വപ്നത്തിന് പിന്നാലെ സഞ്ചരിക്കുകയായിരുന്നു. നാട്ടിൻ പുറത്ത് കുറ്റമറ്റ സർവീസ് സെന്ററുകളില്ലെന്ന തിരിച്ചറിവിൽ സർവീസ് സെന്ററായാണ് സ്ഥാപനം ആരംഭിച്ചത്. തുടർന്ന് 2009ൽ മുട്ട വിരിയിക്കുന്ന ഇൻക്യുബേറ്ററുകൾ നിർമ്മിച്ചുകൊണ്ട് ത്രീസ്റ്റാറിന് തുടക്കമിട്ടു. ഇന്നും കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഏറ്റവും കൂടുതൽ അഗ്രി മിഷണറീസ്, ഡ്രയറും, ഡീഹൈഡ്രേറ്ററും മുതലായ മിഷണറികൾ വിതരണം ചെയ്യുന്നത് ത്രീ സ്റ്റാറാണ്. സൗത്ത് ആഫ്രിക്കയിലേക്ക് ഏറ്റവും കൂടുതൽ ഇൻക്യുബേറ്ററുകൾ കയറ്റുമതി ചെയ്ത റെക്കാഡും ത്രീസ്റ്റാറിന് സ്വന്തം. 2023ൽ ആലപ്പുഴയിലും, ഇടുക്കിയിലും പുതിയ ഷോറൂമുകൾ ആരംഭിച്ച ത്രീ സ്റ്റാറിന്റെ ഉത്പന്നനിര പച്ചക്കറികളും പഴവർഗ്ഗങ്ങളും തനിമയും ഗുണമേന്മയും നഷ്ടപ്പെടാതെ ഒരുവർഷം വരെ സൂക്ഷിക്കാൻ സാധിക്കുന്ന ഡീഹൈഡ്രേറ്റർ, തേങ്ങ പൊട്ടിക്കാനും, ചിരകാനും, എണ്ണയാട്ടാനും വിവിധ മെഷീനുകൾ, റൊട്ടി മേക്കിംഗ് മെഷീൻ, റോസ്റ്റർ, സ്റ്റീമർ, നാനോ ബബിൾ ടെക്നോളജിയിൽ സോപ്പ് പൊടി ഉപയോഗിക്കാതെ വസ്ത്രങ്ങൾ കഴുകാൻ സാധിക്കുന്ന വാഷിംഗ് മെഷീൻ... എന്നിങ്ങനെ നീളുകയാണ്. വസ്ത്രങ്ങളിലെ അഴുക്കും അണുക്കളെയും നീക്കം ചെയ്യാൻ ഏറ്റവും നൂതന സാങ്കേതികവിദ്യയാണ് ലോൺട്രി മെഷീനിൽ ഉപയോഗിച്ചിരിക്കുന്നത്.കായലുകളിലും, കനാലുകളിലും ശല്യക്കാരായി മാറുന്ന കുളവാഴകളെയും, പോളകളെയും നീക്കം ചെയ്യാൻ കഴിയുന്ന തരത്തിൽ പുതിയ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള പരീക്ഷണം നടന്നുവരികയാണ്.
കളിവാച്ചിന് വേണ്ടി
കൊതിച്ച ബാല്യം
ആലപ്പുഴ കൊമ്മാടി അംബികാഭവനിൽ മധുസൂദനന്റെയും അംബികാവതിയുടെയും മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയ ആളാണ് അനീഷ് മധു. കുട്ടിക്കാലത്ത് ഏറ്റവും വലിയ ആഗ്രഹങ്ങൾ 20 രൂപയുടെ കളിവാച്ചും അഞ്ച് രൂപയുടെ ഫൈവ്സ്റ്റാറുമായിരുന്നു. കുടുംബത്തെ മറ്റ് കുട്ടികൾക്കെല്ലാം വാച്ച് സമ്മാനിച്ച ബന്ധു, തന്നെയും സഹോദരന്മാരെയും മാത്രം അവഗണിച്ചത് ഒമ്പത് വയസ്സുകാരൻ അനീഷിൽ ഏൽപ്പിച്ച വേദന വളരെ വലുതായിരുന്നു. ജീവിതത്തിൽ മുന്നേറണമെന്ന ചിന്തയ്ക്ക് വിത്ത് പാകിയത് ഇത്തരം അവഹേളനങ്ങളായിരുന്നു. എൻജിനിയറിംഗ് പരീക്ഷയ്ക്ക് കോച്ചിംഗിന് പോകാൻ കാശില്ലാത്തതിനാൽ പലരുടെയും വീടുകളിൽ പോയി പഴയ പുസ്തകങ്ങൾ വാങ്ങിയായിരുന്നു പഠനം. ബി ടെക് പ്രവേശനത്തിന് ഒരാഴ്ച്ച മുമ്പായിരുന്നു അച്ഛന്റെ വിയോഗം. മൂന്നാം വർഷത്തിൽ ഫീസടയ്ക്കാൻ മാർഗം തേടി ആലപ്പുഴ നഗരസഭയ്ക്ക് മുന്നിൽ പേപ്പറും പേനയുമായി അപേക്ഷകൾ എഴുതിക്കൊടുക്കുന്ന തൊഴിലിനെത്തി. അനീഷിന്റെ സ്ഥിതി മനസ്സിലാക്കി നഗരസഭാ കൗൺസിലറായിരുന്നു ബി.മെഹബൂബാണ് ഫീസടയ്കാൻ അയ്യായിരം രൂപ നൽകി സഹായിച്ചത്. അമ്മ സ്വരുക്കൂട്ടിവെച്ച എഴുന്നൂറ് രൂപ കൂടിച്ചേർത്താണ് ഫീസടച്ച് പഠനം തുടർന്നത്. കിട്ടിയ തുകയിൽ നിന്ന് മിച്ചം പിടിച്ച 20 രൂപയുമായി ഭാവി സ്വപ്നം കണ്ടൊരു കാലമുണ്ട് അനീഷിന്. ഉത്തരേന്ത്യയിൽ ജനിച്ചുവളർന്ന അകന്നബന്ധുവായ സൗമ്യയോടുള്ള ഇഷ്ടം ചെറുപ്പത്തിലേ മനസ്സിൽ കടന്നുകൂടിയതാണ്. വലിയ അന്തരമുള്ള കുടുംബത്തിൽ നിന്ന് സൗമ്യയെ സ്വന്തമാക്കുക എന്ന ലക്ഷ്യവും വിജയപാതയിൽ കരുത്തായതായി അനീഷ് പറയുന്നു. 2023ൽ ആലപ്പുഴയിലെ മികച്ച നഴ്സിംഗ് ട്യൂട്ടർ പുരസ്ക്കാരം സൗമ്യ കരസ്ഥമാക്കിയിരുന്നു. സ്കൂൾ വിദ്യാർത്ഥികളായ അനുഷ്ക, ധീക്ഷിത, മിഷിത എന്നിവരാണ് മക്കൾ.
ടീം വർക്കിന്റെ വിജയം
ത്രീസ്റ്റാറിലെ പത്ത് എൻജിനിയർമാരിൽ എട്ട് പേരെയും ഗവേഷണത്തിന് മാത്രമായി നിയോഗിച്ചിരിക്കുകയാണ്. ഓരോ മെഷീനും ആശയം രൂപപ്പെട്ട് കുറ്റമറ്റ ഉത്പന്നമായി പുറത്തിറങ്ങാൻ 12 മാസത്തോളം സമയമെടുക്കും. പരമാവധി പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ത്രീസ്റ്റാറിന്റെ പേറ്റന്റ് ഉത്പന്നങ്ങളടക്കം രൂപപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും അതേസമയം, പരമാവധി ചെലവ് കുറഞ്ഞ രീതിയിലാണ് ഉത്പ്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യത്തിനും ആഗ്രഹത്തിനും അനുസരിച്ച് മെഷീനുകളെ ഡിസൈൻ ചെയ്യാൻ അനീഷിന് എം.ടെക് കാലത്ത് കരസ്ഥമാക്കിയ അറിവുകളും മുതൽക്കൂട്ടാകുന്നു. ഉപഭോക്താവിന്റെ ആവശ്യങ്ങൾ റിസർച്ച് ടീമിനൊപ്പം ചർച്ച നടത്തിയാണ് ഉത്പന്നം തയാറാക്കുന്നത്. ഓരോ ഉത്പന്നത്തിലും ഉപഭോക്താവിന് സൗജന്യ പരിശീലനവും നൽകുന്നത് ത്രീസ്റ്റാറിന്റെ പ്രത്യേകതയാണ്. മെഷീനുകൾ പ്രവർത്തിപ്പിച്ച് മികച്ചതാണെന്ന് ഉപഭോക്താവ് ഉറപ്പാക്കിയ ശേഷം മാത്രമാണ് കൈമാറുക. എൻജിനിയർമാർക്ക് പുറമേ എല്ലാ ഗവൺമെന്റ് ആനുകൂല്യങ്ങളുള്ള 56 ജീവനക്കാരും 30 താത്ക്കാലിക ജീവനക്കാരും ത്രീസ്റ്റാറിൽ ജോലിചെയ്യുന്നുണ്ട്.
ഫോൺ : 95670 25984
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |