കൊച്ചി: ആറ് പതിറ്റാണ്ട് നീണ്ട സാഹിത്യസപര്യയിൽ 98-ാം വയസിൽ പ്രൊഫ.എം.കെ. സാനു എഴുതിയ പുതിയ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. അബലകൾക്ക് ആലംബമായി ജീവിതം സമർപ്പിച്ച തപസ്വനി അമ്മയെന്ന പുണ്യവതിയുടെ ജീവചരിത്രമാണ് പുതിയ പുസ്തകം. ആഫ്രിക്കയിലെ ആൽബർട്ട് ഷ്വാട്ട്‌സർ എന്ന ഭിഷഗ്വരനെക്കുറിച്ച് 1967ൽ ആദ്യപുസ്തകം പ്രസിദ്ധീകരിച്ച പ്രൊഫ.എം.കെ. സാനുവിന്റെ കണക്കിൽ ഇത് 55-ാമത്തെ രചനയാണ്.
പാപ്പിക്കുട്ടിയെന്ന യുവതിയാണ് തപസ്വിനി അമ്മയായത്. മാതാപിതാക്കൾ നിർബന്ധിച്ചിട്ടും വിവാഹത്തിന് വഴങ്ങാതെ സമൂഹത്തിലെ അബലകളുടെ കണ്ണീരൊപ്പാനായിരുന്നു അവർക്ക് താത്പപര്യം. പിന്നീട് ആലത്തൂരിൽ ബ്രഹ്മാനന്ദശിവയോഗിയുടെ ആശ്രമത്തിൽ അന്തേവാസിയായി തപസ്വിനി അമ്മ ദീക്ഷാനാമം സ്വീകരിച്ചു. 1956ലെ ഒരുദിവസം മെതിയടി ധരിച്ച് ഓലക്കുടയുമായി മദ്ധ്യവയസ്കയായ ഒരു ശുഭ്രവസ്ത്രധാരിണി നഗരത്തിലെ തിരക്കുള്ള സ്വകാര്യബസിൽ തിക്കിത്തിരക്കി യാത്രചെയ്യുന്നത് കണ്ട് കൗതുകം തോന്നിയ അന്വേഷണമാണ് അതേ ബസിലെ യാത്രക്കാരനായിരുന്ന എം.കെ. സാനുവിനെ തപസ്വിനി അമ്മയിലേക്ക് ആകർഷിച്ചത്.
ആലംബഹീനരായ സ്ത്രീകൾക്കുവേണ്ടി അബലാശരണവും, അയിത്താചാരങ്ങൾ നിലനിന്ന കാലത്ത് പിന്നാക്ക വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് നഗരത്തിൽ താമസിച്ച് ഉന്നതവിദ്യാഭ്യാസം ചെയ്യുന്നതിന് ശ്രീനാരായണ വിദ്യാർത്ഥിനി സദനം (എസ്.എൻ.വി സദനം) എന്നപേരിൽ ഹോസ്റ്റലും അവർ സ്ഥാപിച്ചു. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയിലെ അംഗമായിരുന്ന ദാക്ഷായണി വേലായുധൻ, മുൻമന്ത്രി കെ. ആർ. ഗൗരിഅമ്മ എന്നിവർ എസ്.എൻ.വി സദനത്തിൽ താമസിച്ച് ഉന്നതവിദ്യാഭ്യാസം ചെയ്തവരാണ്.
കേരള സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി കടന്നുപോയ തപസ്വിനി അമ്മയുടെ ജീവിതകഥ പലർക്കും അജ്ഞാതമാണ്. കഴിഞ്ഞവർഷം എസ്.എൻ.വി സദനത്തിൽ നടന്ന തപസ്വിനി അമ്മയുടെ ജന്മദിനാഘോഷവേളയിലാണ് പുസ്തക രചനയെക്കുറിച്ച് തീരുമാനിച്ചത്. അതിവേഗം രചന പൂർത്തിയാക്കിയ പുസ്തകത്തിന്റെ അച്ചടി കഴിഞ്ഞു. പ്രകാശനവും എസ്.എൻ.വി സദനത്തിന്റെ കൈവശഭൂമിയുടെ പട്ടയ കൈമാറ്റവും നിർവഹിക്കുന്നതിന് മന്ത്രി കെ.രാജന്റെ സമയത്തിനായി കാത്തിരിക്കുകയാണ്. എറണാകുളം പ്രണത ബുക്സാണ് പ്രസാധകർ. കവിയും ചിത്രകാരിയുമായ മഞ്ജു സാഗറാണ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത് ഡയസൻ ഡിസിൽവ കവർ രൂപകൽപ്പനയും ലതാ രാജു ലേഔട്ടും നിർവഹിച്ചു. ശ്രീനാരായണഗുരുവിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച അവസാനത്തെ ശിഷ്യൻ സ്വാമി ആനന്ദതീർത്ഥരുടെ ജീവചരിത്രരചനയാണ് എം.കെ.സാനുവിന്റെ അടുത്തപുസ്തകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |