യോഗനാദം 2025 ജൂൺ 16 ലക്കം എഡിറ്റോറിയൽ
കേന്ദ്രസർക്കാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചത് നല്ല കാര്യംതന്നെ. ജാതി സംവരണം നിലനിൽക്കുന്ന രാജ്യത്ത് വിവിധ ജാതി വിഭാഗങ്ങളുടെ കൃത്യമായ കണക്ക് ഇല്ലെന്നു പറയുന്നതാണ് കഷ്ടം. അധികാരവും വിദ്യാഭ്യാസവും പൊതുവിഭവങ്ങളും ക്ഷേമപദ്ധതികളും എല്ലാ ജനവിഭാഗങ്ങളിലേക്കും ആനുപാതികമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ ഇത് അനിവാര്യമാണുതാനും. ഇന്ത്യയിലെ സാമൂഹിക അസമത്വത്തിന്റെ അടിസ്ഥാന കാരണം ജാതിയാണ്. ജനസംഖ്യയുടെ 80 ശതമാനത്തിലേറെ വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ സമൂഹങ്ങൾ പൊതുധാരയിൽ നിന്ന് നൂറ്റാണ്ടുകൾ അകറ്റിനിറുത്തപ്പെട്ടവരും അധികാരവും അന്തസും സമ്പത്തും വിദ്യാഭ്യാസവും തലമുറകളായി നിഷേധിക്കപ്പെട്ടവരുമാണ്. സ്വാഭാവികമായും അവർ സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കേണ്ടി വന്നു. അധികാരവും ജ്ഞാനസമ്പാദനയിടങ്ങളും സവർണ സമുദായങ്ങളുടെ കുത്തകയായി. ആ ദുരവസ്ഥയിൽ നിന്ന് പിന്നാക്ക, പട്ടികജാതി, വർഗ സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവിഷ്കരിച്ചതാണ് സംവരണം.
എട്ട് പതിറ്റാണ്ടോളം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ ക്ഷേമപദ്ധതികൾകൊണ്ട് ഈ ജാതിസമൂഹങ്ങൾ എവിടെയെത്തിയെന്നും സംവരണം ലക്ഷ്യം കണ്ടോയെന്നും അറിയാൻ സമഗ്രമായ കണക്കെടുപ്പ് ആവശ്യമാണ്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യൻ തുടങ്ങി രാജ്യത്തെ എല്ലാ മതവിഭാഗങ്ങൾക്കിടയിലും ജാതി സെൻസസും സാമൂഹ്യ, സാമ്പത്തിക സർവേയും കൂടി നടത്തണം. ഓരോ ജാതി, മതവിഭാഗങ്ങളുടെ ആധികാരികമായ തത്‌സ്ഥിതി വിവരങ്ങൾ ലഭ്യമായാൽ ഇവർ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും അധികാരപരമായും എവിടെ നിൽക്കുന്നുവെന്ന യഥാർത്ഥ ചിത്രവും ലഭിക്കും. ജാതി സെൻസസിനെ എതിർക്കുന്നവരുടെ ഭയം സർക്കാർ സർവീസിലും വിദ്യാഭ്യാസരംഗത്തുമുള്ള കുത്തക ഇല്ലാതാകുമോ എന്നതു തന്നെയാണ്. ജോലി മാത്രമല്ല സംവരണത്തിന്റെ ലക്ഷ്യം. അധികാരത്തിലെ പങ്കാളിത്തവും കൂടിയാണെന്ന് തിരിച്ചറിവുള്ളവരും വിവരശേഖരണത്തിന്റെ പ്രാധാന്യം അറിയാവുന്നവരും ജാതി സെൻസസിനെയും സാമൂഹ്യ, സാമ്പത്തിക സർവേയെയും എതിർക്കില്ല.
ബീഹാർ, ഛത്തിസ്ഗഢ്, തെലങ്കാന, ആന്ധ്ര, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ ജാതി സെൻസസ് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ സംവരണ പരിധി ഉയർത്താൻ തെലങ്കാന സർക്കാർ തീരുമാനിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങൾ സെൻസസ് നടത്തി ഇക്കാര്യത്തിൽ നയങ്ങൾ രൂപീകരിക്കുന്നതിലും ഉചിതം സെൻസസും സർവേയും കേന്ദ്രം തന്നെ ആധികാരികമായി നടത്തുന്നതാണ്. 1872-ലാണ് ഇന്ത്യയിൽ ആദ്യ സെൻസസ് നടന്നത്. 1931 വരെ ജാതിക്കണക്കെടുപ്പും സെൻസസിന്റെ ഭാഗമായിരുന്നു. 1941-ൽ രണ്ടാം ലോകമഹായുദ്ധ കാലത്തും സെൻസസ് നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവന്നില്ല. സ്വാതന്ത്ര്യാനന്തരം ആഭ്യന്തര മന്ത്രാലത്തിനു കീഴിൽ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ ഒഫ് ഇന്ത്യയുടെ പ്രഥമ സെൻസസ് 1951-ൽ നടന്നു. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, ജനറൽ എന്നീ നാലു വിഭാഗമായി ഇന്ത്യൻ ജനതയെ തരംതിരിച്ചത് അക്കാലത്താണ്. ഈ സെൻസസോടെ ഇന്ത്യയിലെ ജാതിക്കണക്കെടുപ്പ് അവസാനിച്ചെന്നും പറയാം. കൊവിഡ് മൂലം വൈകിയ എട്ടാമത്തെ ദേശീയ സെൻസസാണ് ഇനി നടക്കുവാൻ പോകുന്നത്. ലോകത്തെ ഏറ്റവും വലിയ ഈ സെൻസസ് പ്രക്രിയ സമ്പൂർണമായും ഡിജിറ്റലാണെന്ന പ്രത്യേകതയുമുണ്ട്.
1953-ൽ കേന്ദ്രസർക്കാർ നിയോഗിച്ച ആദ്യ പിന്നാക്ക വിഭാഗ കമ്മിഷനായ കാക്കാ കലേക്കർ കമ്മിഷൻ മൂന്നാം വർഷം സമർപ്പിച്ച റിപ്പോർട്ടിൽ 2,399 പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തി. ഇതിൽ 837 വിഭാഗങ്ങൾ അതീവ പിന്നാക്കാവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞു. ജാതി സെൻസസ് വേണമെന്നുൾപ്പടെ സമഗ്രമായ ഒട്ടേറെ പരിഷ്കാരങ്ങളും സംവരണ തത്വങ്ങളും ശുപാർശ ചെയ്തു. പക്ഷേ പിന്നാക്ക നിർണയം വസ്തുനിഷ്ഠമല്ലെന്ന കാരണം പറഞ്ഞ് കേന്ദ്രസർക്കാർ ആ റിപ്പോർട്ട് തള്ളി. 1978-ൽ മൊറാർജി സർക്കാർ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ ബി.പി. മണ്ഡൽ കമ്മിഷനെ നിയോഗിച്ചു. 1980-ൽ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ത്യയിലെ ജനങ്ങളിൽ 52 ശതമാനം അധികാര സ്ഥാനങ്ങളിൽ നിന്നും പദവികളിൽ നിന്നും പിന്തള്ളപ്പെട്ടവരാണെന്നും ആ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ ആകെയുള്ള പ്രാതിനിദ്ധ്യം 4.69 ശതമാനം മാത്രമാണെന്നും കണ്ടെത്തിയിരുന്നു. മതിയായ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ 52 ശതമാനം സംവരണത്തിനും ശുപാർശ ചെയ്തു. പത്ത് വർഷത്തിനു ശേഷമാണ് 1990-ൽ കേന്ദ്രസർവീസിൽ 27 ശതമാനം ജോലിസംവരണം ഉറപ്പാക്കി വി.പി. സിംഗ് സർക്കാർ ഈ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചത്. സുപ്രീംകോടതിയിലെ കേസുകളെ തുടർന്ന് ക്രീമിലെയർ വ്യവസ്ഥ ഉൾപ്പെടുത്തി സംവരണം പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത് 1993 സെപ്തംബർ എട്ടിനാണ്.
കേന്ദ്ര സർക്കാർ സർവീസിൽ ആദ്യമായി പിന്നാക്ക സംവരണം നിലവിൽ വന്ന് 25 വർഷത്തിനുശേഷം പ്രാതിനിദ്ധ്യം പരിശോധിച്ച പാർലമെന്റിന്റെ പിന്നാക്ക വിഭാഗ ക്ഷേമ സമിതിയുടെ റിപ്പോർട്ടിൽ കണ്ടെത്തിയത് ഒ.ബി.സി പ്രാതിനിദ്ധ്യം കേവലം 13 ശതമാനത്തിൽ താഴെ മാത്രമാണെന്നാണ്. മൻമോഹൻ സിംഗ് സർക്കാർ 2010-ൽ പ്രഖ്യാപിച്ച സാമൂഹ്യ, സാമ്പത്തിക, ജാതി സെൻസസിന്റെ റിപ്പോർട്ടിന്റെ കരട് 2016-ൽ പ്രസിദ്ധീകരിച്ചെങ്കിലും ജാതിവിവരങ്ങൾ രഹസ്യമാക്കിവച്ചു. പിന്നീട് ഇത് സാമൂഹ്യനീതി വകുപ്പിനു കൈമാറി. പക്ഷേ ഒന്നും നടന്നില്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെൻസസ് ഫലം ഇന്നും രഹസ്യമായി തുടരുകയാണ്.
സമകാലിക ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ വസ്തുതാപരമായി കൂടുതൽ സൂക്ഷ്മതയോടെ വിലയിരുത്താൻ ജാതി സെൻസസ് ഉപകരിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകാനിടയില്ല. അവശജന വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ അധികാര, വിദ്യാഭ്യാസ, രാഷ്ട്രീയ പങ്കാളിത്തം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒമ്പതു പതിറ്റാണ്ടിനിടെ ഒരു കണക്കും ലഭ്യമായിട്ടില്ല. കൊട്ടക്കണക്കു വച്ചാണ് പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ രാജ്യം ഇത്രയും കാലം നടപ്പിലാക്കി വന്നിരുന്നത്. രാജ്യത്തെ ജനങ്ങളുടെ സാമൂഹ്യ, സാമ്പത്തിക അവസ്ഥ വ്യക്തമാകാൻ ജാതി സെൻസസും സാമൂഹിക, സാമ്പത്തിക സർവേയും നടത്തണം. സംവരണാർഹർക്കു മാത്രമല്ല, മറ്റ് ജാതി, മത വിഭാഗങ്ങളുടെയും ഉയർച്ചകളും താഴ്ചകളും എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് മനസിലാക്കണമെങ്കിൽ ഇത് അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |