ഭാരതപ്പുഴ അടക്കമുള്ള നദികളിൽ നിന്ന് മണൽവാരൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴും ഡാമുകളിൽ നിന്നുള്ള മണൽനീക്കം പാതിവഴിയിൽ തന്നെ. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ഡാമായ മലമ്പുഴയിൽ പദ്ധതി പൂർണമായും 'വെള്ളത്തിലായ' അവസ്ഥയാണ്. സംസ്ഥാനത്തെ നദികളിൽ നിന്ന് 10 വർഷത്തിനുശേഷമാണ് മണൽവാരൽ പുനരാരംഭിക്കുന്നത്. മണൽ ക്ഷാമം പരിഹരിക്കുന്നതോടൊപ്പം വരുമാനം കൂടി ലക്ഷ്യമിട്ടാണ് സർക്കാർ നടപടി. അപ്പോഴും ഡാമുകളിലെ മണൽ നീക്കത്തിൽ വേണ്ടത്ര പുരോഗതിയും താത്പര്യവുമില്ല. മലമ്പുഴ ഡാമിൽ ആരംഭത്തിൽ തന്നെ സ്തംഭിച്ച മണൽ നീക്കം നാളിതുവരെ പുനരാരംഭിക്കാനായിട്ടില്ല. ജില്ലയിലെ വാളയാർ, മീങ്കര, ചുള്ളിയാർ, മംഗലം ഡാമുകളിലും സ്ഥിതി വ്യത്യസ്ഥമല്ല. പലയിടത്തും മന്ദഗതിയിലാണു മണൽ, മണ്ണുനീക്കം നടക്കുന്നത്.
മലമ്പുഴയിൽ 40 ദശലക്ഷം
ഘനമീറ്റർ മണലും ചെളിയും
മലമ്പുഴ ഡാമിൽ അടിഞ്ഞുകിടക്കുന്ന മണലും ചെളിയും നീക്കിയാൽ മാത്രമേ സംഭരണശേഷി വർദ്ധിപ്പിക്കാനാകൂ. മലമ്പുഴയിൽ കൂടുതൽ ജലം സംഭരിക്കേണ്ടത് പാലക്കാടിനു മാത്രമല്ല, സമീപ ജില്ലകൾക്കും ആവശ്യമാണ്. ഇതിനായി വലിയപ്രതീക്ഷയോടെ ആരംഭിച്ച മണൽ നീക്കം തുടക്കത്തിൽ തന്നെ സ്തംഭിച്ചു എന്നതാണ് യാഥാർത്ഥ്യം. കോരിയിട്ട മണൽ പോലും പൂർണമായും നീക്കിയില്ല. അതിനുമുമ്പു തന്നെ പലവിധ കാരണങ്ങളാൽ പദ്ധതി നിറുത്തി. 226 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 40 ദശലക്ഷം ഘനമീറ്റർ മണലും ചെളിയും അടിഞ്ഞു കിടക്കുകയാണ്. ജല സംഭരണത്തിലും ഇത്രയേറെ കുറവുണ്ട്. മണൽ വാരൽ വഴി സർക്കാരിനു വരുമാനവും ഉറപ്പിക്കാം. എന്നിട്ടും നടപടി പുനരാരംഭിച്ചിട്ടില്ല. ഡാമിന്റെ സംഭരണ ശേഷി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വർഷങ്ങൾക്കു മുമ്പുതന്നെ ജലസേചന വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇപ്പോഴും ഇതിന്റെ സാദ്ധ്യത വിലയിരുത്തുന്നതല്ലാതെ നടപടിയിലേക്കു അധികൃതർ കടന്നിട്ടില്ല.
വാളയാറിൽ 60%
മണൽ നീക്കി
തമിഴ്നാടിനോട് ചേർന്നുള്ള വാളയാർ ഡാമിൽ നിന്നു മണലും മണ്ണും നീക്കി ആഴം കൂട്ടുന്ന പദ്ധതി 60 ശതമാനം പൂർത്തിയാക്കിയെന്നത് ആശ്വാസമാണ്. മൂന്നുഘട്ടമായി നാളിതുവരെയായി 6.78 ലക്ഷം ക്യുബിക് മീറ്റർ മണലും മണ്ണും അടങ്ങിയ സിൽറ്റ് പുറത്തെടുത്തിട്ടുണ്ട്. ഇതിൽ 80 ശതമാനവും വിൽപന നടത്തി. 13ലക്ഷം ക്യുബിക് മീറ്റർ സിൽറ്റ് നീക്കാനാണ് കരാർ. കേരള സ്റ്റേറ്റ് മിനറൽ ഡവലപ്‌മെന്റ് കോർപറേഷന്റെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്. അടുത്തവർഷം പദ്ധതി പൂർത്തിയാക്കുമെന്നാണ് അറിയിപ്പ്.
മീങ്കര അണക്കെട്ടിലെ മണലെടുപ്പ് 53 ശതമാനം പൂർത്തിയായി. കെംഡെല്ലിന്റെ നേതൃത്വത്തിലാണു സിൽറ്റ് നീക്കം. ഈ മാസം 31നു കരാർ പൂർത്തിയാകുമെങ്കിലും ബാക്കി പ്രവൃത്തി എങ്ങുംഎത്തിയിട്ടില്ല. കോരിയെടുത്ത മണലിന്റെ 7.6 ശതമാനം മാത്രമേ വിൽപന നടത്തിയിട്ടുള്ളൂ. ചുള്ളിയാർ ഡാമിൽ നിന്ന് 64.9% മണലെടുത്തു. ഇതിൽ 50.51 % വിൽപന നടത്തി. മണലെടുക്കാനുള്ള അനുമതിയുടെ കാലാവധി കഴിഞ്ഞെങ്കിലും പുതുക്കുന്നതുവരെ തുടരാൻ നിർദേശിച്ചിട്ടുണ്ട്. കേരള ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷനാണു മണലെടുക്കുന്നത്. മംഗലം ഡാമിൽ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ചെളി നീക്കത്തിൽ ഇപ്പോഴും സ്തംഭനാവസ്ഥ തുടരുന്നു. 2021ൽ ആരംഭിച്ച പദ്ധതി മാസങ്ങൾക്കുള്ളിൽ നിലച്ചു. കോടിക്കണക്കിനു രൂപയുടെ വരുമാനം സർക്കാരിനു ലഭിക്കേണ്ട പദ്ധതിയാണിത്. മണ്ണും മണലും വേർതിരിക്കാനായി എത്തിച്ച യന്ത്ര സംവിധാനങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. ഡാമിലെ സംഭരണശേഷി വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് 4 പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതിക്കും തുടക്കം കുറിച്ചു. പൈപ്പിടൽ അടക്കം 90 ശതമാനം പ്രവൃത്തികളും പൂർത്തിയായെങ്കിലും ഡാമിൽ നിന്നുള്ള സിൽറ്റ് നീക്കം സാങ്കേതിക കാരണങ്ങളാൽ പുനരാരംഭിക്കാനായിട്ടില്ല.
ഭാരതപ്പുഴയിൽ നിന്ന്
250 കോടിയുടെ കരാർ
ഭാരതപ്പുഴയിൽ നിന്ന് വൻതോതിൽ മണൽ ഖനനം ചെയ്ത് വിൽപ്പന നടത്താനുള്ള സർക്കാർ പദ്ധതിക്കും വേഗക്കുറവെന്ന് ആക്ഷേപം. 2 വർഷംകൊണ്ട് 250 കോടിയുടെ മണൽ വാരാനാണ് ടെൻഡർ. സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്ത് വിൽപന നടത്താനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് ഭാരതപ്പുഴയിൽ ഉൾപ്പെടെ മണലെടുപ്പ് ആരംഭിക്കുന്നത്. ആദ്യഘട്ടമായാണ് ഭാരതപ്പുഴയിൽ നിന്ന് ഖനനം ചെയ്ത് മണലെടുക്കുന്നത്.
നിളയിൽ നിർമാണം പുരോഗമിക്കുന്ന കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഇരുവശത്തുനിന്നുമാണ് ആദ്യം മണൽ വാരുന്നത്. റഗുലേറ്റർ പ്രദേശത്തെ 2 കിലോമീറ്റർ ചുറ്റളവിലെ മണൽ ശേഖരം 24 മാസംകൊണ്ട് ഖനനം ചെയ്ത് വിൽപന നടത്താനാണ് ടെൻഡർ. കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഇരുവശത്തുനിന്നുമായി 250 കോടിയിലേറെ രൂപയുടെ മണൽ വാരാനാണ് നീക്കം. ഖനനം ചെയ്ത മണൽ വിൽപന നടത്തി പണം കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിലേക്ക് അടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കരാർ.
കഴിഞ്ഞ കാലങ്ങളിലെ പ്രളയങ്ങളിൽ ഭാരതപ്പുഴയിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. 3 പതിറ്റാണ്ടു മുൻപുണ്ടായിരുന്ന മണൽ ശേഖരം പുഴയിൽ ഇപ്പോഴുണ്ടെന്നാണു കണക്ക്. 3 മീറ്റർ ആഴത്തിൽ ഖനനം ചെയ്ത് മണലെടുക്കാനാണ് ആദ്യ ടെൻഡറിലെ അനുമതി. റഗുലേറ്റർ കം ബ്രിഡ്ജിന്റെ വെള്ളം സംഭരിക്കുന്ന ഭാഗത്തുനിന്നും വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തുനിന്നും മണൽ ഖനനം ചെയ്യും. വലിയ ഡ്രഡ്ജറുകളും എസ്‌കവേറ്ററുകളും മണ്ണുമാന്തിയന്ത്രങ്ങളും ഉപയോഗിച്ചായിരിക്കും മണൽവാരൽ. 24 മാസം കൊണ്ട് നിശ്ചിത പ്രദേശത്തെ മണൽഖനനം ചെയ്യണമെന്നാണ് ടെൻഡറിലെ നിർദേശം. ഈ ഭാഗത്തെ ഖനനം ആരംഭിച്ചശേഷം മറ്റു ഭാഗങ്ങളിലെ മണലെടുപ്പ് നടപടികൾ തുടങ്ങുമെന്നാണ് വിവരം. രാത്രി മണലെടുപ്പ് പാടില്ലെന്നും ശബ്ദ മലിനീകരണമുണ്ടാകരുതെന്നും ടെൻഡറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം വ്യാവസായിക അടിസ്ഥാനത്തിൽ ആഴത്തിലുള്ള മണലെടുപ്പ് പുഴയോര പ്രദേശങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |