ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണുള്ളത്. ഇതിൽ ഓരോ നക്ഷത്രക്കാർക്കും ഓരോ ഗുണങ്ങളാണുള്ളത്. ജനന സമയമനുസരിച്ച് ഇതിൽ മാറ്റം വരുമെങ്കിലും പൊതുഫലം എല്ലാവർക്കും ഒരുപോലെയായിരിക്കും. ചിലരെ അഗ്നി നക്ഷത്രക്കാർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവർ വസിക്കുന്ന വീടുകളിൽ ഐശ്വര്യവും സമ്പത്തും തേടിയെത്തുമെന്നാണ് വിശ്വാസം. ഈ നക്ഷത്രക്കാർ ആരൊക്കെയെന്നും അവരുടെ പ്രത്യേകതകൾ എന്തൊക്കെയെന്നും നോക്കാം.
ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം എന്നിവരാണ് അഗ്നി നക്ഷത്രക്കാർ. അനാവശ്യമായി ആരുടെയും കാര്യത്തിൽ ഇടപെടാത്തവരാണ് ഈ നക്ഷത്രക്കാർ. സ്വതന്ത്രമായ നിലപാട് ഇവർക്കുണ്ടാകും. മറ്റുള്ളവർ ഭരിക്കാൻ വരുന്നത് ഇവർക്ക് ഇഷ്‌ടമല്ല. അതിനാൽ, എത്രയും വേണ്ടപ്പെട്ട സുഹൃത്തുക്കളായാലും ബന്ധുക്കളായാലും ഒരു അകലം പാലിക്കാൻ ഇവർ ശ്രദ്ധിക്കാറുണ്ട്.
പെട്ടെന്ന് വിഷമിക്കുന്നവരാണ് ഈ നക്ഷത്രക്കാർ. എല്ലാ വിഷയത്തിലും പെട്ടെന്ന് പ്രതികരിക്കും. പൂർത്തീകരിക്കണം എന്നാഗ്രഹിക്കുന്ന പല കാര്യങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും. ജീവിതത്തിൽ പല കാര്യങ്ങൾക്കും കാലതാമസം നേരിടേണ്ടി വരും. ഒരുപാട് ആഗ്രഹങ്ങൾ മനസിലുള്ളവരാണ് ഈ നക്ഷത്രക്കാർ. അത് നേടിയെടുക്കാനായി കഷ്‌ടപ്പെടുന്നവരുമാണ്. എടുത്തുചാട്ടം കാരണം ജീവിതത്തിൽ പല അബദ്ധങ്ങളിലും ചെന്ന് ചാടാനുള്ള സാദ്ധ്യതയുണ്ട്.
അഭിമാനികളായ ഇവർ തെറ്റുകൾ ചെയ്‌താൽ അത് അംഗീകരിക്കാനുള്ള മനസ് കാണിക്കില്ല. പല കാര്യങ്ങളിലും മറ്റുള്ളവരെ ഉപദേശിക്കുമെങ്കിലും സ്വന്തം കാര്യത്തിൽ അത് നടപ്പിലാക്കാൻ വളരെയേറെ ബുദ്ധിമുട്ടുന്നവരാണ്. ഇവർക്ക് വേണ്ടപ്പെട്ട വ്യക്തികളിൽ നിന്ന് പോലും വിശ്വാസ വഞ്ചന ഒന്നിലധികം തവണ നേരിടേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |