ഐപിഎൽ മത്സരങ്ങളിൽ സ്റ്റേഡിയത്തിലെ സ്ഥിരം സാന്നിദ്ധ്യമാണ് നടി അനുഷ്‌ക ശർമ്മ. ഭർത്താവും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) താരവുമായ വിരാട് കൊഹ്‌ലിക്ക് വേണ്ടി ആവേശത്തോടെ ആർപ്പുവിളിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാവാറുമുണ്ട്. എന്നാൽ കഴുകൻ കണ്ണുകളുള്ള ആരാധകരുടെ ശ്രദ്ധയിൽ മറ്റൊരു കാര്യം കൂടി വന്നിരുന്നു. അപൂർവ്വമായി മാത്രമാണ് അനുഷ്‌കയെ സ്റ്റേഡിയത്തിൽ ഒറ്റയ്ക്ക് കാണാറുള്ളത്. മിക്കപ്പോഴും താരത്തിന്റെ അരികിലായി ഒരു സ്ത്രീയെ കാണാം. അനുഷ്ക ശർമ്മയുടെ അരികിലായി കാണാറുള്ള സ്ത്രീ ആരാണെന്ന കൗതുകം സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
കൗതുകം കൂടിയ ആരാധകർ ഗ്രോക്ക്, പെർപ്ലെക്‌സിറ്റി പോലുള്ള പ്ലാറ്റ്‌ഫോമുകളിൽവരെ ഉത്തരം തേടി. വിരാടിന്റെ സഹോദരഭാര്യ ഭാവന കൊഹ്‌ലി മുതൽ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ ഭാര്യ ഗീത ബസ്ര വരെയുള്ളവരുടെ ഊഹാപോഹങ്ങൾ എഐ ഉപകരണങ്ങൾ മുന്നോട്ടുവച്ചു. എന്നാൽ ഈ ഊഹങ്ങളൊന്നും ശരിയായിരുന്നില്ല.
ഈ യുവതി യഥാർത്ഥത്തിൽ അനുഷ്ക ശർമ്മയുടെ അടുത്ത സുഹൃത്തായ മാളവിക നായക് ആണ്. മാളവികയും അനുഷ്ക ശർമ്മയും വർഷങ്ങളായി സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. ഐപിഎൽ മത്സരങ്ങളിൽ ഇരുവരും പലപ്പോഴും ഒരുമിച്ച് കാണാറുണ്ട്. ഇടയ്ക്കിടെ ഭർത്താക്കന്മാർക്കൊപ്പം ഡബിൾ ഡേറ്റിംഗിനും ഇരുവരും പോകാറുണ്ട്.
അടുത്തിടെ നടന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ആർസിബിയും തമ്മിലുള്ള മത്സരത്തിനിടെ മാളവിക ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സെഞ്ച്വറി നേടിയതിന് ശേഷമുള്ള ഋഷഭ് പന്തിന്റെ ആഘോഷത്തിന് മറുപടിയായി "മണ്ടൻ" എന്ന വാക്ക് അവർ ഉച്ചത്തിൽ ഉച്ചരിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഇതിനുശേഷമാണ് അനുഷ്‌കയുടെ കൂടെയുള്ള സ്ത്രീ ആരാണെന്ന ചർച്ചകൾ കൂടുതൽ ശക്തമായത്.
അതേസമയം, മാളവിക നായക് വെറുമൊരു ക്രിക്കറ്റ് ആരാധികയോ ഒരു സെലിബ്രിറ്റി സുഹൃത്തോ അല്ല. അവരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, മണിപ്പാൽ അക്കാദമി ഒഫ് ഹയർ എഡ്യൂക്കേഷനിൽ നിന്നുള്ള എംബിഎ ബിരുദധാരിയാണ് മാളവിക. ഡിജിറ്റൽ ഇന്നൊവേഷനിൽ പേരുകേട്ട ഇന്നോസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ ബിസിനസ് ഡെവലപ്മെന്റ് ആൻഡ് പാർട്ണർഷിപ്പ് വിഭാഗത്തിലാണ് അവർ ജോലി ചെയ്യുന്നത്. മാളവികയുടെ ഭർത്താവ് നിഖിൽ സൊസാലെയും ക്രിക്കറ്റ് ലോകവുമായി ബന്ധമുള്ളയാളാണ്. ഡിയാജിയോ ഇന്ത്യയിലെ മാർക്കറ്റിംഗ് ആന്റ് റവന്യൂ (ആർസിബി) മേധാവിയായാണ് നിഖിൽ സേവനമനുഷ്ഠിക്കുന്നത്. ഐപിഎല്‍ കിരീട നേട്ടത്തിന് പിന്നാലെ ബംഗളൂരുവിലെ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ നിഖിൽ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |