SignIn
Kerala Kaumudi Online
Saturday, 26 July 2025 8.00 PM IST

ഭാരതം വായിക്കുന്നു,​ കേരളത്തിന്റെ കണ്ണിലൂടെ

Increase Font Size Decrease Font Size Print Page

sa

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ ശില്പിയും സൗഹൃദ ഗ്രാമങ്ങളുടെ ഉപജ്ഞാതാവുമായ പി.എൻ. പണിക്കർ വിടവാങ്ങിയിട്ട് 30 വർഷം പിന്നിടുന്നു. 1995-ൽ അന്തരിച്ച അദ്ദേഹത്തിന്റെ ഒന്നാം അനുസ്മരണ ദിനത്തിൽ, 1996-ലാണ് അന്നത്തെ ഇ.കെ. നായനാർ സർക്കാർ വായനാ ദിനാചരണത്തിന് തീരുമാനമെടുത്തത്. ഇരുപത്തിരണ്ടാമത് വായനാദിനം ഉദ്ഘാടനം ചെയ്യുവാൻ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയതലത്തിൽ ഈ ആഘോഷം സംഘടിപ്പിക്കണമെന്നും ഡിജിറ്റൽ വായനയ്ക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശിച്ചു. 2002-ലെ വായനാ ദിനത്തിൽ ഇന്ത്യയിൽ ആദ്യമായി പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഡിജിറ്റൽ വായനാ ദൗത്യം ആരംഭിച്ചു.

കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമത്തിൽ ഒരു സാധാരണ കർഷക കുടുംബത്തിൽ 1909 മാർച്ച് ഒന്നിനാണ് പി.എൻ. പണിക്കരുടെ ജനനം. കർഷകനായിരുന്നു അച്ഛൻ ഗോവിന്ദപിള്ള. അമ്മ ജാനകിഅമ്മ, ചെറുപ്പത്തിൽത്തന്നെ വായന ശീലമാക്കിയ പണിക്കർ രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കി. നാണു എന്ന് വിളിപ്പേരുണ്ടായിരുന്ന പണിക്കർ പന്ത്രണ്ടാം വയസിൽ നീലംപേരൂരിലെ പുരാതന ദേവീക്ഷേത്രത്തിനു മുന്നിലെ ആൽത്തറയിലിരുന്ന് പത്രങ്ങളും മാസികകളും ഉറക്കെ വായിക്കുമായിരുന്നു. ഈ വായന പിൽക്കാലത്ത് നൂറോളം പേർ അടങ്ങുന്ന ഒരു സംഘമായി മാറുകയും, അത് സ്ഥിരമായി ഒത്തുകൂടുന്ന വായനാസംഘമായി രൂപാന്തരപ്പെടുകയും ചെയ്തു.

അതോടെ, പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ നീലംപേരൂരിൽ സനാതനധർമ്മ വായനശാലയ്ക്ക് രൂപമായി. ഇക്കാലയളവിൽ പാലായിലെ സർക്കാർ സ്‌കൂളിൽ അദ്ദേഹത്തിന് അദ്ധ്യാപക ജോലിയും ലഭിച്ചു. പി.എൻ. പണിക്കരുടെ സഹധർമ്മിണിയായ ചെമ്പകകുട്ടിഅമ്മയുടെ കുടുംബ വീട് അമ്പലപ്പുഴയായതിനാൽ പ്രവർത്തനരംഗം അദ്ദേഹം അവിടേക്കു മാറ്റി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയ്ക്കു മുന്നിൽ ഹൈസ്‌കൂൾ വളപ്പിനോടു ചേർന്ന് ഓലപ്പുരയിൽ ഒരു വായനശാല സ്ഥാപിച്ചു. അതാണ് പിൽക്കാലത്ത് പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയായത്. അദ്ദേഹം ബീജാവാപം ചെയ്ത തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെ ഒന്നാം നമ്പർ ഗ്രന്ഥശാലയായി അത് മാറുകയും ചെയ്തു.

ഗ്രന്ഥശാല

പിറക്കുന്നു

1930-കളിൽ മലബാർ ഭാഗത്ത് കേളപ്പജിയുടെയും കെ. ദാമോദരന്റെയും ശ്രമഫലത്താൽ ഗ്രന്ഥാലയ സംഘങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ രണ്ടുമൂന്നു വർഷം മാത്രമേ ഈ പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ സാധിച്ചുള്ളൂ. ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം നൽകണമെന്നുള്ള പി. എൻ. പണിക്കരുടെ ആഗ്രഹം അന്ന് തിരുവിതാകൂറിൽ പ്രവർത്തിച്ചിരുന്ന 47 ഗ്രന്ഥശാലകളെ ഒരുമിച്ചു സംഘടിപ്പിച്ച് 1945-ൽ രാജ്യത്ത് ആദ്യമായി തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം എന്ന സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് സെപ്തംബർ 14-ന് പി.എൻ.പണിക്കർ രൂപം കൊടുത്തു. ഉദ്ഘാടനത്തിന് ദിവാൻ സർ സി.പി. രാമസ്വാമി അയ്യരെത്തന്നെ അമ്പലപ്പുഴയിൽ കൊണ്ടുവന്നു. ആ ഉദ്ഘാടന സമ്മേളനം അമ്പലപ്പുഴ ഗ്രാമത്തെ ഇളക്കിമറിച്ചു.

പി.എൻ.പണിക്കരുടെ പ്രവർത്തനശേഷി മനസിലാക്കിയ ദിവാനാണ് ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തനം തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് മാറ്റുവാൻ ആവശ്യപ്പെട്ടത്. ഇതോടെ തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് നിയമപ്രാബല്യം നൽകി കമ്പനീസ് ആക്ട് പ്രകാരം ചാരിറ്റബിൾ സംഘടനയായി രജിസ്റ്റർ ചെയ്തു. പി.എൻ. പണിക്കർ ആയിരുന്നു സെക്രട്ടറി. പണിക്കരുടെ മുഴുവൻ സമയ സേവനം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ലഭിക്കുന്നതിനായി സി.പി നേരിട്ട് ഇടപെട്ട് അദ്ദേഹത്തെ അദ്ധ്യാപക ജോലിയിൽ നിന്ന് സംഘത്തിന്റെ പ്രവർത്തക കൺവീനറാക്കി തിരുവനന്തപുരത്തേക്കു മാറ്റി. ആ തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം പിന്നീട്

1800-ഓളം ഗ്രന്ഥശാലകളുടെ ഒരു ശൃംഖലയായി, തിരു- കൊച്ചി ഗ്രന്ഥശാലാ സംഘമായും 1957-ൽ കേരള ഗ്രന്ഥശാലാ സംഘമായും രൂപാന്തരപ്പെട്ടു.

നേട്ടങ്ങളുടെ

താളുകൾ

1977 വരെ സംഘത്തിന്റെ അമരക്കാരനായിരുന്ന പി.എൻ. പണിക്കർ,​ അതിനെ 4800-ഓളം ഗ്രന്ഥശാലകളുടെ അംഗബലമുള്ള ഒരു മഹാപ്രസ്ഥാനമാക്കി മാറ്റി. ഇക്കാലയളവിൽ ഗ്രന്ഥശാലാ സംഘത്തിന് അന്തർദ്ദേശീയ, ദേശീയ അംഗീകാരങ്ങളും ലഭിച്ചു. സംഘം നടത്തിയിരുന്ന സാക്ഷരതാ പ്രവത്തനങ്ങളുടെ ശക്തി മനസിലാക്കിയ യുനെസ്‌കോ,​ വിഖ്യാതമായ ക്രൂപ്സ്‌കായ അവാർഡ് നൽകി ഗ്രന്ഥശാലാ സംഘത്തെ ആദരിച്ചു. അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പിലാക്കുവാൻ സംഘത്തെ ചുമതലപ്പെടുത്തി. ഗ്രന്ഥശാലാ സംഘത്തിൽ നിന്ന് വിരമിച്ച പണിക്കർ കേരളത്തെ സമ്പൂർണ സാക്ഷരമാക്കുവാനുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. 1991-ൽ കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുകയും ചെയ്തു.

ഗാന്ധിജിയുടെ ഗ്രാമസ്വരാജിന്റെ പുതിയ ഭാവമായ സൗഹൃദ ഗ്രാമങ്ങൾ കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങൾക്കിടെയാണ് 1995 ജൂൺ 19-ന്,​ 86-ാം വയസിൽ ഹൃദയാഘാതം മൂലം പി.എൻ. പണിക്കർ ലോകത്തോട് വിടപറഞ്ഞത്. 1993-ൽ അദ്ദേഹത്തിന്റെ ശതാഭിഷേക വേളയിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിൽ പി.എൻ.പണിക്കർ ഫൗണ്ടേഷന് രൂപം നൽകി. 29 വർഷങ്ങൾക്കിടെ പി.എൻ.പണിക്കർ ഫൗണ്ടേഷൻ ഇന്ത്യയൊട്ടാകെ വിജ്ഞാന വിപ്ലവത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിവരുന്നു. ഭാരത സർക്കാരിന്റെ ഏറ്റവും വലിയ ശാസ്ത്ര അവാർഡിനു തന്നെ ഫൗണ്ടേഷൻ അർഹമായി. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 9 കേന്ദ്രഭരണ പ്രദേശങ്ങളിലും 18 വിദേശ രാജ്യങ്ങളിലും പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ജനകീയമാക്കി. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നിർദ്ദേശാനുസരണം ഇന്ത്യയിലെ ജനസംഖ്യയുടെ 8.3 ശതമാനം വരുന്ന ആദിവാസികൾക്ക് ട്രൈബൽ ലിറ്ററസി പ്രകാരം പരിശീലനം നൽകുന്ന ഒരു ബൃഹദ് പദ്ധതിക്ക് ഇപ്പോൾ രൂപം നലകി വരികയാണ്.


ഈ വർഷം ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത് രാജ്യമൊട്ടാകെ ഒരു ലക്ഷത്തിൽപ്പരം വായനാ സദസുകൾ സൃഷ്ടിച്ച് വായനയെ ജനകീയവൽക്കരിക്കുകയാണ്. തൊഴിലുറപ്പ് ജോലിക്കാർ ജോലി ചെയ്യുന്ന ഇടങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാന്റുകൾ, പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, ചുമട്ടു തൊഴിലാളികളുടെ വിശ്രമ കേന്ദ്രങ്ങൾ തുടങ്ങി സമൂഹത്തിലെ അദ്ധ്വാന വിഭാഗത്തിന് വായനയുടെ മഹത്വം പകർന്നുകൊടുക്കുകയാണ് ലക്ഷ്യം. ഒരു നാടൻ മനുഷ്യൻ നടന്ന് സുഗമമാക്കിയ ആ മാർഗം,​ പിന്നീട് ഭരണകൂടത്തിന്റെ പദ്ധതിയും,​ ഒടുവിൽ സാമൂഹ്യ ചരിത്രത്തിലെ വിജയസാക്ഷ്യവും ആയിത്തീർന്നിരിക്കുന്നു.

ക്യാപ്ഷൻ

അമ്പലപ്പുഴയിൽ,​ തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് തുടക്കം കുറിച്ച പി.കെ. നാരായണപിള്ള സ്മാരക ഗ്രന്ഥശാല ഇപ്പോൾ

TAGS: PN PANIKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.