ഇറാൻ- ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന പശ്ചിമേഷ്യൻ മേഖലയിലെ രാജ്യങ്ങളിൽ ഉപരിപഠനത്തിനെത്തിയ അന്താരാഷ്ട്ര വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് വിവിധ രാജ്യങ്ങൾ. യുക്രെയിൻ ഉൾപ്പെട്ട യൂറോപ്യൻ കൗൺസിൽ രാജ്യങ്ങളിലേക്കാണ് വിദ്യാർത്ഥികൾ ഉപരിപഠനത്തിന് (പ്രത്യേകിച്ച്, മെഡിക്കൽ പഠനത്തിന്) റഷ്യ- യുക്രെയിൻ യുദ്ധം തുടങ്ങുന്നതിനുമുമ്പ് തയ്യാറെടുത്തിരുന്നത്. യുദ്ധത്തെ തുടർന്ന് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഈ കാലയളവിൽ 2023 മുതൽ പശ്ചിമേഷ്യയിലേക്കാണ് വിദ്യാർത്ഥികളുടെ ഉപരിപഠന പ്രയാണം വർദ്ധിച്ചത്.
പശ്ചിമേഷ്യൻ മേഖലയിലെ രാജ്യങ്ങളായ ഇറാക്ക്, അഫ്ഗാനിസ്ഥാൻ, അർമേനിയ, ലെബനോൺ, ഇസ്രയേൽ, ജോർദാൻ, അസർബൈജാൻ, തുർക്കി, സൈപ്രസ്, ജോർജിയ, പലസ്തീൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. പതിനായിരത്തോളം അന്താരാഷ്ട്ര വിദ്യാർഥികളുണ്ട്, ഈ മേഖലയിൽ. ഇതിൽ 70 ശതമാനത്തിലധികവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികളിലാണ്. അർമേനിയ വഴി വിദ്യാർത്ഥികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സംഘർഷബാധിത മേഖലയിൽ വിദ്യാർഥികൾ ഏറെ മുൻകരുതലെടുക്കേണ്ടതുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും, യുദ്ധവുമായി ബന്ധപ്പെട്ട മുൻകരുതലുകൾ, മുന്നറിയിപ്പുകൾ, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കുകയും വേണം.
വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവും, കുറഞ്ഞ ഫീസ് നിരക്കുമാണ് കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ ഈ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ, പ്രസ്തുത രാജ്യങ്ങളിലെ മെഡിക്കൽ പഠനത്തിനു ശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ നാഷണൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനായി FMGE പരീക്ഷ വിജയകരമായി പൂർത്തിയാക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ പഠനത്തിനുള്ള താത്പര്യം വർദ്ധിച്ചു വരുമ്പോൾ ആഗോളതലത്തിൽ ജിയോ പൊളിറ്റിക്കൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന കാര്യം മനസിലാക്കാൻ ശ്രമിക്കണം. റഷ്യ- യുക്രെയിൻ യുദ്ധം അരംഭിച്ചതു മുതൽ യുക്രെയിൻ പഠനം പാതിയിൽ ഉപേക്ഷിച്ച് പഠനം തുടരാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾ ഏറെയുണ്ട്.
നിയന്ത്രണം
മറികടക്കാം
ഉപരിപഠനത്തിന് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ പല വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവ് കുറയ്ക്കാൻ ലക്ഷ്യമിട്ട് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പശ്ചിമേഷ്യൻ, യൂറോപ്യൻ കൗൺസിൽ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവ് പ്രോത്സാഹിപ്പിച്ച് ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. അടുത്തിടെ, കാനഡയും ഓസ്‌ട്രേലിയയും ചില നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അക്കാഡമിക് മികവുള്ള വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കുന്നില്ല. ഉദാഹരണമായി, ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ നടപടിക്രമങ്ങൾ സമർത്ഥരായ അന്താരാഷ്ട്ര വിദ്യാർഥികൾ ഓസ്‌ട്രേലിയയിൽ ഉപരിപഠനത്തിനെത്തണം എന്ന ലക്ഷ്യത്തോടെയാണ്.
ഓസ്ട്രേലിയ ഏർപ്പെടുത്തിയ പുതിയ നടപടിക്രമങ്ങളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഗുണനിലവാരം, അക്കാഡമിക് മെറിറ്റ്, ഇംഗ്ലീഷ് പ്രാവീണ്യം, തൊഴിൽ നൈപുണ്യം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.ഇ.എൽ.ടി.എസിന് ഓസ്‌ട്രേലിയയിലേക്കു കടക്കാൻ കുറഞ്ഞത് 6.5 ബാൻഡ് ആവശ്യമാണ്. എന്നാൽ സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് ഗവേഷണ പ്രോഗ്രാമുകൾ പഴയ രീതിയിൽ തുടരും. അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്കാണ് കൂടുതൽ നിയന്ത്രണം. പ്ലസ്ടുവിനുശേഷം ഓസ്‌ട്രേലിയയിൽ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിന് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ അക്കാഡമിക് മെറിറ്റും ഇംഗ്ലീഷ് പ്രാവീണ്യവും വിലയിരുത്തി മാത്രമേ ഇനി വിസ അനുവദിക്കൂ.
പാർട്ട് ടൈം
തൊഴിൽ
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ് പല രാജ്യങ്ങളിലും താമസൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും ഭീമമായ വാടക വർദ്ധനവിനും ഇടവരുത്തിയിട്ടുണ്ട്. ജീവിതച്ചെലവിലുണ്ടായ വർദ്ധനവ് ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചു വരുന്നു. പാർട്ട് ടൈം തൊഴിൽ ലഭിക്കാനുള്ള ബുദ്ധിമുട്ട്, കുറഞ്ഞ വേതനത്തിൽ, അധികദൂരം യാത്ര ചെയ്ത് പാർട്ട് ടൈം തൊഴിൽ കണ്ടെത്തേണ്ട സ്ഥിതി, പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയും നിലനിൽക്കുന്നു. പഠനശേഷം മിക്ക രാജ്യങ്ങളും പോസ്റ്റ് സ്റ്റഡി വർക്ക് വിസ ഓഫർ ചെയ്യുന്നുണ്ടെങ്കിലും വിദ്യാർഥികൾ തന്നെ തൊഴിൽ കണ്ടെണം എന്നതാണ് സ്ഥിതി.
അംഗീകാരമില്ലാത്ത കനേഡിയൻ സർവകലാശാലകളിൽ പ്രവേശനം നേടി കബളിപ്പിക്കപ്പെടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നത് ശ്രദ്ധിക്കണം. ഉത്തരേന്ത്യയിൽ നിന്നുള്ള ഇരുന്നൂറോളം വിദ്യാർഥികൾക്ക് വ്യാജ സർവകലാശാലയുടെ പേരിൽ കാനഡയിൽ നിന്ന് തിരിച്ചുവരേണ്ടി വന്നത് അടുത്തിടെയാണ്. വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ച്, നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ വിദ്യാർത്ഥികൾ ശ്രമിക്കണം. രാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണം. പ്രാവീണ്യ പരീക്ഷകളിൽ ഇളവു നൽകി വിദ്യാർത്ഥികളെ കബളിപ്പിക്കുന്ന എജൻസികളുമുണ്ട്. സർവകലാശാലകളുടെ ലോക റാങ്കിംഗ് നിലവാരവും വിലയിരുത്തണം.
അംഗീകൃത
ഏജൻസികൾ
വിവിധ രാജ്യങ്ങളിലെ അംഗീകൃത ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ നൽകും. ഉദാഹരണമായി, USIEF, BRITISH COUNCL, DAAD, CAMPUS FRANCE എന്നിവ യഥാക്രമം അമേരിക്ക, യു.കെ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഉപരിപഠനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്ന സർക്കാർ ഏജൻസികളാണ്. പാർട്ട് ടൈം തൊഴിൽ ലഭിക്കുമെന്നു കരുതി വിദേശ പഠനത്തിന് മുതിരരുത്. കോഴ്സിന്റെ അംഗീകാരം, സർവകലാശാലയുടെ നിലവാരം, ജീവിതച്ചെലവുകൾ എന്നിവ വ്യക്തമായി വിലയിരുത്തണം. ലഭിക്കാവുന്ന സ്‌കോളർഷിപ്പുകൾ, അസിസ്റ്റന്റ്ഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം.
ഫ്രാൻസിൽ ആറുമാസത്തെ ഉപരിപഠനം പൂർത്തിയാക്കിയവർക്ക് അഞ്ചു വർഷത്തെ ഷെങ്കൺ വിസ ലഭിക്കും. അമേരിക്കയിലെ കുറഞ്ഞ വേതനം പ്രതിവർഷം 70,000 ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. യു.കെ, കാനഡ എന്നീ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് വിലയിരുത്തി വ്യക്തമായ ഫണ്ടിംഗ് പ്ലാനുകൾ തയ്യാറാക്കണം. ഉപരിപഠന സാദ്ധ്യതകൾ വർദ്ധിച്ചുവരുന്ന നെതർലൻഡ്സ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ സ്‌കോളർഷിപ്പുകൾ ലഭിക്കാൻ പ്രാവീണ്യ പരീക്ഷകളിൽ മികച്ച സ്‌കോർ നേടേണ്ടതുണ്ട്. അതുകൊണ്ട് വിദേശപഠനത്തിന് തയ്യാറെടുക്കുന്നവർ പ്രാവീണ്യ പരീക്ഷകൾക്ക് ചിട്ടയോടെ തയ്യാറെടുക്കണം. നടപടിക്രമങ്ങളിൽ ഇളവ് നൽകുന്നത് പലപ്പോഴും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാനായിരിക്കും എന്നത് മറക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |