ഈ ദിവസം (ജൂൺ 21) അന്താരാഷ്ട്ര യോഗ ദിനമായി ലോകത്തെ 177 രാഷ്ട്രങ്ങൾ പ്രാധാന്യത്തോടെ ആചരിക്കുകയാണ്. 2014 ഡിസംബർ 11ന് ഐക്യരാഷ്ട്ര സഭയുടെ സമ്മേളന പ്രകാരമാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി നിർദ്ദേശിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2014 സെപ്തംബർ 27-ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ്, ഈ ദിവസം അന്താരാഷ്ട്ര യോഗ ദിനമായി തിരഞ്ഞെടുത്തത്. അന്ന് അദ്ദേഹം പറഞ്ഞു: ''ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലധികം പഴക്കമുളളതാണ്. യോഗ കേവലം ഒരു വ്യായാമമല്ല. മറിച്ച്, നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള ഒരു തിരിച്ചറിവാണ്.""
പുരാതന ഇന്ത്യൻ യോഗാഭ്യാസത്തെക്കുറിച്ചും ശാരീരികവും മാനസികവുമായ ക്ഷേമത്തിനായുള്ള അതിന്റെ നിരവധി ഗുണങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്. ഇന്ന് പത്താമത് അന്താരാഷ്ട്ര യോഗ ദിനമാണ് ആചരിക്കുന്നത്. 2015-ൽ ആദ്യമായി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ച പരിപാടിയിൽ 84 രാജ്യങ്ങളിൽ നിന്നായി 36,000-ത്തോളം പേർ പങ്കെടുത്തു.
ചരിത്രം പരിശോധിച്ചാൽ വേദകാലഘട്ടത്തിനു മുമ്പുതന്നെ ഭാരതത്തിൽ യോഗ ഉണ്ടായിരുന്നതായി മനസിലാക്കാം.
കൊല്ലം യോഗാസനാചാര്യ കെ.പി. ഗംഗാധരൻ സാറാണ് എന്റെ ഗുരു. 84 യോഗാസനങ്ങൾ 60 വർഷം മുമ്പ് അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ എനിക്ക് അവസരം ലഭിച്ചു. പക്ഷെ, ഇത്രയും യോഗാസനങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണമെന്നില്ല. ഇരുപതോളം യോഗാസനങ്ങൾ നിർദ്ദിഷ്ട ശ്വാസോച്ഛാസ വ്യായാമപ്രകാരം ദിനംപ്രതി അഭ്യസിച്ചുകൊണ്ടിരുന്നാൽ ശരീരം ആരോഗ്യപൂർണമായും സുശക്തമായും സൂക്ഷിക്കാൻ ആർക്കും സാധിക്കും.
യോഗക്രിയയും
രോഗശാന്തിയും
യോഗാസന പരിശീലനത്തിലൂടെ മാത്രം രോഗനിവാരണം സിദ്ധിച്ചവരും, രോഗങ്ങളിൽ നിന്ന് പ്രതിരോധരക്ഷ നേടിയിട്ടുള്ളവരും ധാരാളമുണ്ട്. പ്രാരംഭ ദശയിലുള്ള ക്ഷയം, ആസ്‌ത്‌മ, പ്രമേഹം മുതലായ രോഗങ്ങൾക്ക് പെട്ടെന്ന് ശമനമുണ്ടാക്കുവാൻ യോഗയ്ക്ക് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരം ദൃഢവും ബലിഷ്ഠവും ആയിത്തീരുക, മുഖം പ്രസന്നമായിത്തീരുക, ശബ്ദത്തിന് സ്‌ഫുടത കൈവരുക, നേത്രങ്ങൾ പ്രകാശപൂർണമാവുക, ആരോഗ്യം സിദ്ധിക്കുക തുടങ്ങിയവയാണ് യോഗ പരിശീലനംകൊണ്ട് സാദ്ധ്യമാകുന്നത്.
യോഗത്തിനും രോഗത്തിനും കാരണം മനസാണ്. മനസിന്റെ ഗതിയനുസരിച്ചാണ് മനുഷ്യന്റെ വ്യാപാരമെന്നത് സത്യമാണ്. ദൃഢഗാത്രത്തിൽ ദൃഢമനസ് സ്ഥിതി ചെയ്യുന്നു എന്നൊരു പഴമൊഴി തന്നെയുണ്ട്. ശരീരത്തിലെ ഏതെങ്കിലുമൊരു അവയവത്തിന് അനാരോഗ്യം സംഭവിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ മനസിനെ ബാധിച്ചുകാണാറുണ്ട്. ശരീരം ഉറയ്ക്കണമെങ്കിൽ മനസ് ഉറയ്ക്കണം. മനസ് ഉറയ്ക്കണമെങ്കിൽ ശരീരം ബലവത്തായിത്തീരണം. അത് യോഗാസന പരിശീലനംകൊണ്ട് സിദ്ധിക്കുന്നു.
ശ്വാസോച്ഛ്വാസ
വ്യായാമം
ശ്വാസോച്ഛ്വാസം തന്നെ നല്ലൊരു വ്യായാമമാക്കിത്തീർക്കാവുന്നതാണ്. ഇതിനായി ആദ്യഘട്ടത്തിൽ ചെയ്യേണ്ടത്, ദീർഘമായി ശ്വസിച്ചും നിശ്വസിച്ചും ശീലിക്കുകയാണ്. നിശ്വാസത്തിന് കൂടുതൽ സമയമെടുക്കുന്നത് സ്വാഭാവികമായതിനാൽ ശ്വസിക്കുന്നതിന്റെ ഇരട്ടി സമയംകൊണ്ട് നിശ്വസിക്കണമെന്ന് യോഗാചാര്യന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാലു സെക്കൻഡിൽ ശ്വസിച്ചും എട്ടു സെക്കൻഡിൽ നിശ്വസിച്ചുമുള്ള ശ്വാസോച്ഛ്വാസ വ്യായാമം 16 മിനിട്ടിൽ 80 എണ്ണം വീതം ദിവസവും ചെയ്തുകൊണ്ടിരുന്നാൽ അത് ഉത്തമ വ്യായാമമായി പരിണമിക്കും.
ഞാൻ പഠിച്ച 84 യോഗാസനങ്ങളിൽ, ഇരുന്നുകൊണ്ട് അമ്പത്തിയഞ്ചും, കമിഴ്‌ന്നു കിടന്നുകൊണ്ട് നാലും മലർന്നുകിടന്ന് ഏഴും നിന്നുകൊണ്ട് പതിനെട്ടും ആസനങ്ങളാണ് ഉള്ളത്. മുപ്പതോളം ആസനങ്ങളെ കൂടാതെ പ്രാണായാമം അനുലോമ വിലോമ, കപാലഭാത്തി, നാഡിശുദ്ധി പ്രാണായാമം തുടങ്ങിയ ശ്വസനക്രിയകളും ശരീരത്തെ പാകപ്പെടുത്തിയെടുക്കാനുള്ള സൂക്ഷ്മവ്യായാമമായ Stretching ഉൾപ്പെടെയുള്ള ഒരു പാക്കേജാണ് ഏതു പ്രായത്തിലുള്ളവർക്കുമായി പരിശീലിപ്പിക്കുന്നത്. യോഗയിൽ King of Yoga ശീർഷാസനവും, Queen of Yoga സർവാംഗാസനവുമാണ്. ഇവരണ്ടും ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ വേണം പരിശീലിക്കാൻ. 60 വയസു കഴിഞ്ഞവർ കഴിയുന്നതും ശീർഷാസനം ഒഴിവാക്കുന്നതാണ് നല്ലത്.
യോഗ ചെയ്യുമ്പോൾ അസുഖമുള്ളവർ അവരുടെ അസുഖം ഭേദമാകുന്നതിനായുള്ള യോഗക്രിയകൾ മാത്രമേ ചെയ്യാവൂ. ഉദാഹരണത്തിന് പ്രമേഹരോഗം ഉള്ളവർ ശ്വസനക്രിയയ്ക്കുശേഷം ഉത്താനാസന, ധനുരാസന, വജ്രാസന, ചക്രാസന, ഹലാസന, ബാലാസന, വിപരീത കരണി, ശവാസന തുടങ്ങിയ ആസനങ്ങൾ ദിവസവും ചെയ്യുന്നത് പ്രമേഹരോഗ നിയന്ത്രണത്തിന് നല്ലതാണ്. ഇതുപോലെ പല രോഗങ്ങൾക്കും ആവശ്യമായ യോഗകൾ ചെയ്യാം. ചുരുങ്ങിയ സമയംകൊണ്ട് ചെയ്യാവുന്ന, യോഗാസനത്തിനു തുല്യമായ മറ്റു വ്യായാമപദ്ധതികളൊന്നുമില്ല.
(ഡി. കുട്ടപ്പൻ, പേട്ട യംഗ്‌സ്റ്റേഴ്സ് ക്ളബ്, 9846 815075)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |