SignIn
Kerala Kaumudi Online
Monday, 07 July 2025 6.51 PM IST

കാവിക്കൊടി വിപ്ളവം; മാഷിന്റെ പൊല്ലാപ്പും!

Increase Font Size Decrease Font Size Print Page
a

ഉടുത്തിരിക്കുന്നത് പട്ടുസാരി. ഇരിപ്പ് സിംഹത്തിൽ. പിന്നിൽ പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടം. ഇടതു കൈയിൽ പിടിച്ചിരിക്കുന്നത് ഇരട്ടവാലും 'ഓം" ചിഹ്നവുമുള്ള കാവിക്കൊടി. രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം വേദി പങ്കിടുമ്പോഴാണ് സഖാവ് ശിവൻകുട്ടി ആ ചിത്രം കണ്ട് വീണ്ടും ഞെട്ടിയത്. ഇത് ആർ.എസ്.എസുകാരുടെ ഭാരതാംബയല്ലേ?ഒരാഴ്ച മുമ്പ് രാജ്ഭവനിൽ ഇതേ ചിത്രത്തിനു മുന്നിൽ ഗവർണർ ആർലേക്കർ പുഷ്പാർച്ചന നടത്തുന്ന ചിത്രം പത്രത്തിൽ കണ്ട് ഒന്നു ഞെട്ടിയതാണ്.

ഗവർണറുടെ ആ നമ്പർ തലേദിവസം രാത്രി തന്നെ അറിഞ്ഞതിനാൽ ആ വഴിക്ക് എത്തിനോക്കാതെ മന്ത്രി പ്രസാദ് തടിയൂരി. സംഭവം വിവാദമായതോടെ, ഔദ്യോഗിക ചടങ്ങുകളിൽ ഈ ചിത്രം ഒഴിവാക്കുമെന്ന് രാജ്ഭവൻ അറിയിച്ചിരുന്നതാണ്. പക്ഷേ, അദ്ദേഹം പറ്റിച്ചു. അല്ലെങ്കിൽ, ഈ ചിത്രത്തിലാണ് ചടങ്ങിൽ പുഷ്പാർച്ച നടത്തുന്നതെന്ന് ഒരു സൂചനയെങ്കിലും തരാമായിരുന്നു. വല്ലാത്ത ചതിയായിപ്പോയി. സഖാവ് ശിവൻകുട്ടിയുടെ ചോര തിളച്ചു. നാവ് വരണ്ടു. കണ്ണുകൾ ചുവന്നു. കോപം ആളിക്കത്തി. കൈകാലുകൾ വിറകൊണ്ടു. ഇത് ഏതു ഭാരതാംബ?"- തൊട്ടടുത്തിരുന്ന ഗവർണറെ കൂസാതെ അദ്ദേഹം ചോദിച്ചു. ജനാധിപത്യ ഇന്ത്യയുടെ ഭാരതാംബ ഇതല്ല. ആർ.എസ്.എസുകാരുടെ ഭാരതാംബയെ അംഗീകരിക്കാനാവില്ല. പിന്നെ അമാന്തിച്ചില്ല; ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് ആശംസ നേർന്ന് മന്ത്രി ഉടൻ സ്ഥലം കാലിയാക്കി.

മന്ത്രിയുടേത് മര്യാദകേടും പ്രോട്ടോക്കോൾ ലംഘനവുമെന്ന് രാജ്ഭവൻ. ഭരണഘടന ലംഘിക്കുന്നിടത്ത് എന്ത് പ്രോട്ടോക്കോളെന്ന് ശിവൻകുട്ടി. ആർ.എസ്.എസ് കൊടി പിടിച്ച ഭാരതാംബ തന്നെ രാജ്ഭവനിൽ വേണമെന്ന് ഗവർണർക്കും ബി.ജെ.പിക്കും എന്താണ് ഇത്ര നിർബന്ധമെന്നു ചോദിച്ചാൽ ചക്കയ്ക്ക് ചുക്കെന്ന് മറുപടി. രവീന്ദ്ര നാഥ ടാഗോറിന്റെ ബന്ധു അബനീന്ദ്ര ടാഗോർ വരച്ച ചിത്രത്തിൽ ഭാരതാംബയുടെ കൈയിൽ കാവിക്കൊടിയില്ല. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ പൊതുചടങ്ങുകളിലെല്ലാം കണ്ടത് ത്രിവർണ പതാകയേന്തിയ ഭാരതാംബയെ. ആർ.എസ്.എസ് ചടങ്ങുകളിൽ ആരാധിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബ എങ്ങനെ രാജ്ഭവനിലെ ഔദ്യോഗിക സമ്മേളനഹാളിൽ സ്ഥാനം പിടിച്ചു?

ഗവർണർ ആർലേക്കറുടെ ആർ.എസ്.എസ് സ്നേഹംകൊണ്ടാണെങ്കിൽ അത് സ്വന്തം കിടപ്പുമുറിയിലോ മറ്റോ വച്ചാൽ പോരേ?അപ്പോൾ മതേതരത്വമെന്ന ഇന്ത്യൻ ഭരണഘടനാ സങ്കല്പം ലംഘിച്ചത് ഗവർണറല്ലേ എന്നാണ് ശിവൻകുട്ടിയുടെയും ഗോവിന്ദൻ മാഷിന്റെയും ചോദ്യം. ശിവൻകുട്ടിയെ പഴി പറയുന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ മുമ്പ് ഗവർണറായിരുന്ന സംസ്ഥാനത്തെ രാജ്ഭവനിൽ ഇതേ ഭാരതാംബയെയാണോ ആരാധിച്ചത്? ബി.ജെ.പി ഭരണത്തിലുള്ള എത്ര സംസ്ഥാനങ്ങളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചിട്ടുണ്ട്? ഉത്തരമില്ലാത്ത ചോദ്യങ്ങൾ നീളുന്നു.

ഗവർണറുടെ അധികാരങ്ങളും ചുമതലകളും സ്കൂൾ കുട്ടികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. കുട്ടികളെ ഗവർണർ വഴിതെറ്റിക്കരുതല്ലോ. ഒരു വനിത കാവിക്കൊടിയും പിടിച്ചു നിൽക്കുന്ന ചിത്രം കണ്ട കുട്ടികൾക്കു മാത്രമല്ല,

തനിക്കു പോലും അതാരാണെന്ന് മനസിലായില്ലെന്ന് ശിവൻകുട്ടി. ഗവർണർക്ക് വായിച്ചു പഠിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ ഒരു പതിപ്പ് രാജ്ഭവനിൽ എത്തിച്ചു കൊടുക്കാമെന്ന് ഡി.വൈ.എഫ്.ഐ സഖാക്കൾ. ആരിഫ് മുഹമ്മദ് ഖാനെക്കാൾ വലിയ ആർ.എസ്.എസുകാരനാണ് ആർലേക്കറെന്ന് താൻ അന്നേ പറഞ്ഞതാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്.എസുകാരനായ ഗവർണർക്ക് ഒപ്പമല്ലേ ഡൽഹിയിൽ കേന്ദ്ര ധനമന്തി നിർമ്മലാ സീതാരാമന്റെ വീട്ടിൽ പോയി പുട്ടും കടലയും തട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരിഹാസം.

ശിവൻകുട്ടിക്ക് സ്കൂളിൽ പോകാത്തതിന്റെ കുഴപ്പമെന്നാണ് ബി.ജെ.പി നേതാവ് വി. മുരളീധരന്റെ കണ്ടുപിടിത്തം. പരസ്പരം വാളെടുത്ത് ഗവർണറും സർക്കാരും. വാളെടുത്തവൻ വാളാൽ!

 

വൈകുവോളം വെള്ളം കോരിയ ശേഷം വൈകിട്ട് കുടമിട്ട് ഉടയ്ക്കുന്നതു പോലെയായി ഗോവിന്ദൻ മാഷിന്റെ കാര്യം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയുമായുള്ള 'അവിശുദ്ധ" ബന്ധത്തിന്റെ പേരിൽ യു.ഡി.എഫിനെ അലക്കി വെളുപ്പിക്കുന്നതിനിടെയാണ് മാഷിൽ നിന്ന് സ്വയരക്ഷയ്ക്കുള്ള ആയുധം അവർക്ക് വീണുകിട്ടിയത്. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി സി.പി.എം കൂട്ടുകൂടിയിട്ടുണ്ടെന്ന സത്യം മാഷ് പറഞ്ഞത് നിഷ്കളങ്കമായിട്ടാവാം. പക്ഷേ,അത് വോട്ടെടുപ്പിന്റെ തലേന്നായിപ്പോയി. കൈവിട്ട കല്ലും വാവിട്ട വാക്കും പോയതു തന്നെ. സമയവും സന്ദർഭവും ചിലപ്പോൾ മാഷ് മറന്നു പോകുന്നുവെന്നാണ് സ്വന്തം ക്യാമ്പിലെ വിമർശനം.

മോങ്ങാനിരുന്ന കുരങ്ങന്റെ തലയിൽ തേങ്ങാ വീണതു പോലെ, പാർട്ടിക്കെതിരെ പരാതിയുമായി ശശി തരൂരും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ പാർട്ടി ക്ഷണിച്ചില്ലെന്നാണ് തരൂരിന്റെ പരിഭവം. അത് പറഞ്ഞതാകട്ടെ വോട്ടെടുപ്പു ദിവസം! തരൂരിന്റെ പേരും പ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെന്ന് പാർട്ടി. അത് കടലാസിൽ എഴുതിവച്ചാൽ മതിയോ; വിളിച്ച് അറിയിക്കണ്ടേ?പക്ഷേ, ഒരു കാൽ ബി.ജെ.പി കപ്പലിൽ കയറ്റിവച്ച് നിൽക്കുന്ന തരൂരിനെ ആര് ക്ഷണിക്കും?

 

മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്. പക്ഷേ, മൂക്കിനപ്പുറം കാണാൻ കഴിയാത്തവർ ഭരണാധികാരികളാവുന്നത് നാടിന്റെ ദുര്യോഗം. ഇന്ത്യയെ രണ്ട് നൂറ്റാണ്ടിലേറെ അടക്കിഭരിച്ച് നാട് കൊള്ളയടിച്ച ബ്രിട്ടീഷുകാർ രാജ്യത്തിനു നൽകിയ സംഭാവന ഇംഗ്ളീഷ് ഭാഷയാണ്. ശാസ്ത്ര സാങ്കേതിക പരിജ്ഞാനത്തിലും, ആധുനിക എ.ഐ സാങ്കേതിക വിദ്യയിലും ഉൾപ്പെടെ രാജ്യം നേട്ടം കൈവരിച്ചതും ലോക സാഹിത്യവും വിജ്ഞാനവും തൊട്ടറിഞ്ഞതും ഇംഗ്ലീഷിലൂടെ. ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടി വരുമെന്നും, ഇംഗ്ലീഷ് ഭാഷ നശിക്കുന്ന കാലം വരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത് ഹിന്ദി ഭാഷയോടുള്ള അമിതസ്നേഹം കൊണ്ടാവാം. പക്ഷേ, ഇംഗ്ലീഷ് ഇല്ലാത്ത ഇന്ത്യ ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും അസമത്വത്തിന്റെയും ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചു പോക്കാവുമെന്നാണ് ഉയരുന്ന വിമർശനം.

 

ഓണം വന്നാലും സംക്രാന്തി വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല. സംസ്ഥാനത്തെ ഹൈസ്കൂളുകളിലെ പ്രഥമാദ്ധ്യാപകരുടെ സ്ഥിതിയും മറ്റൊന്നല്ല. സ്കൂൾ ഉച്ചഭക്ഷണത്തിന് നേരത്തേ കഞ്ഞിയും പയറും ഉപ്പുമാവും ആയിരുന്നപ്പോൾത്തന്നെ സർക്കാരിന്റെ തുച്ഛമായ ധനസഹായം പോലും മാസങ്ങളുടെ കുടിശിക. സമീപത്തെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയ കടം വീട്ടാനാവാതെ തലയിൽ മുണ്ടിട്ടായിരുന്നു നടപ്പ്. സ്വന്തം പോക്കറ്റുകൾ കാലിയാക്കിയും വയർ മറുക്കിയുടുത്തും കുട്ടികളുടെ കഞ്ഞികുടി മുട്ടാതിരിക്കാൻ വല്ലാതെ പണിപ്പെട്ടു.

സർക്കാരിന്റെ പുതിയ മെനുവിൽ കഞ്ഞിക്കും ഉപ്പുമാവിനും ചകരം ബിരായാണി, ഫ്രൈഡ് റൈസ്, മുട്ട തുടങ്ങി സമൃദ്ധമായ ഭക്ഷണം. അൽഫാമും കുഴിമന്തിയും കൂടി ഉൾപ്പെടുത്താമായിരുന്നു. പ്രഖ്യാപനത്തിന് ചെലവില്ല. അതിനുള്ള പണംകൂടി നൽകണം. എൽ.പി സ്കൂളിൽ ഒരു കുട്ടിക്ക് ഒരു ദിവസം 6.78 രൂപ. യു.പി സ്കൂളിൽ 10.17 രൂപ! പ്രഥമാദ്ധ്യാപക പ്രൊമോഷൻ വേണ്ടെന്ന് സീനിയർ അദ്ധ്യാപകർ!

നുറുങ്ങ്:

□ കേന്ദ്ര അന്വേഷണ ഏജൻസി മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ഫയർ ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയുടെ വിജിലൻസ് റിപ്പോർട്ട് കേന്ദ്ര സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും കൈമാറാതെ സംസ്ഥാന സർക്കാർ.

■ പട്ടി പുല്ല് തിന്നുകയുമില്ല,​ പശുവിനെ തീറ്റിക്കുകയുമില്ല!

(വിദുരരുടെ ഫോൺ: 99461 08221)

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.