'എന്താണ് ഞാൻ ചെയ്ത കുറ്റം? എനിക്ക് ഉത്തരം കിട്ടണം. ആരാണ് മറുപടി തരിക? എന്റെ ജീവിതം പ്രതിസന്ധിയിലായി. പഠനം അവസാനിച്ചു. ബിരുദ സർട്ടിഫിക്കറ്റുകൾ നഷ്ടമായി; പിഎച്ച്.ഡി പ്രബന്ധവും. പതിനഞ്ചു മാസത്തെ ജയിൽ വാസം. രാഷ്ട്രീയ മാറ്റത്തിനു വേണ്ടി നെഞ്ചുവിരിച്ച് ശബ്ദിച്ചത് തെറ്റാണോ? അതിതീവ്രവാദിയെന്നും നക്സലൈറ്റെന്നും മുദ്രചാർത്തി കക്കയം ക്യാമ്പിൽ വച്ച് അതിക്രൂരമായി മർദ്ദിച്ചു"- അടിയന്തരാവസ്ഥയുടെ ജീവിക്കുന്ന രക്തസാക്ഷികളിൽ ഒരാളായ ഡോ: അബ്രഹാം ബെൻഹർ എന്ന എൺപത്തിയൊന്നുകാരൻ ചോദിക്കുന്നു. കൃഷ്ണഗിരിയിലെ മഹാശിലായുഗത്തിന്റെ അവശിഷ്ടമായ ശവക്കല്ലറകൾ നിറഞ്ഞ ബെൻഹറിന്റെ വീട്ടുപറമ്പിൽ വച്ച്, പച്ചത്തൊപ്പിയും പച്ച ഷർട്ടും ധരിച്ച ആ താടിക്കാരൻ മനസു തുറന്നു:
1976 മാർച്ച് ഒന്നു മുതൽ പതിമൂന്നുവരെ കക്കയം ക്യാമ്പിൽ വച്ച് അതിമൃഗീയമായ മർദ്ദനത്തിനും ചോദ്യം ചെയ്യലിലും ഇരയായി. ജയറാം പടിക്കൽ, മധുസൂദനൻ, പി. ലക്ഷ്മണ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പിനെ വിറപ്പിച്ചു. മാർച്ച് ഒന്നിന് ഉച്ചയോടെ ഒരു പൊലീസുകാരൻ ഉദ്യോഗസ്ഥരോട് പറയുന്നതു കേട്ടു; ആ പയ്യന്റെ ബോധം പോയെന്ന്! രാജന് എന്തോ അത്യാഹിതം സംഭവിച്ചെന്ന് ബെൻഹറിനു തോന്നി. അടുത്ത ദിവസം മുതലാണ് ബെൻഹറിന് ക്രൂരമർദ്ദനം. നിന്നെയൊക്കെ ഉരുട്ടിക്കൊന്ന് വയറ് കുത്തിക്കീറി ജഡം ചാക്കിൽക്കെട്ടി കടലിലേക്ക് എറിഞ്ഞാൽ ആരും അറിയില്ല. ജഡം പൊങ്ങുകയുമില്ല എന്നു പറഞ്ഞായിരുന്നു മർദ്ദനം.
സി.പി.ഐ എം.എല്ലിലെ ഒരു ഗ്രൂപ്പിന്റെ നേതാവാണെന്നു പറഞ്ഞാണ് പിടികൂടിയത്. ഈ സംഘടനയാണ് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. മർദ്ദനത്തെ തുടർന്ന് ഒരു പകലും രാത്രിയും ബോധം കെട്ട് കിടന്നു. ഓരോ മുറിയിലും നാൽപ്പതു പേരെ വീതം തള്ളിയിട്ടുകൊണ്ടായിരുന്നു ചോദ്യംചെയ്യലും മർദ്ദനവും. ആർ.ഇ.സി വിദ്യാർത്ഥിയായിരുന്ന രാജൻ കൊല്ലപ്പെട്ടത് ഈ ക്യാമ്പിൽ വച്ചായിരുന്നു. ജോസഫ് ചാലിയും അന്ന് ക്യാമ്പിലുണ്ടായിരുന്നു. കക്കയം ക്യാമ്പിൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ 'മിസ" പ്രകാരമുളള ഓർഡർ ലഭിച്ചു. കക്കയത്തു നിന്ന് നേരെ കൊണ്ടുപോയത് മാലൂർകുന്നിലേക്ക്. പിന്നെ കണ്ണൂർ സെൻട‌്രൽ ജയിലിലേക്ക്. ജയിൽ മോചിതനാകുംവരെ കണ്ണൂരിലായിരുന്നു.
രാജന്റെ അച്ഛൻ ഈച്ചരവാര്യർ നൽകിയ നഷ്ടപരിഹാര കേസിൽ മൂന്നാം സാക്ഷിയായിരുന്നു. അബ്രഹാം ബെൻഹറിന് ജയിൽ പുത്തരിയല്ല. സോഷ്യലിസ്റ്റ് വിദ്യാർത്ഥി യൂണിയന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. പതിനെട്ട് വയസിൽ വോട്ടവകാശം വേണമെന്ന് പറഞ്ഞുകൊണ്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തി. 1970-ൽ തിഹാർ ജയിലിലും 1973-ൽ പൂജപ്പുര ജയിലിലും കിടന്നു. ആറാം ക്ളാസിൽ പഠിക്കുമ്പോൾ വായിച്ച എം.ടിയുടെ 'വേദനയുടെ പൂക്കൾ" പ്രതികരിക്കാൻ പ്രചോദന നൽകി. കക്കയം ക്യാമ്പിൽ വച്ച് രാജനെ കൊന്ന് ജഡം ചാക്കിൽ കെട്ടി കോരപ്പുഴയിൽ ഒഴുക്കിയെന്ന് കോഴിക്കോട് പത്രസമ്മേളനം നടത്തി വിളിച്ചുപറഞ്ഞത് ബെൻഹറായിരുന്നു.
കോഴിക്കോട് സർവകലാശാലയിലെ ആദ്യബാച്ചിലെ എം.എ വിദ്യാർത്ഥിയായിരുന്നു. പത്താംക്ളാസിൽ പഠിക്കുമ്പോൾ കാപ്പിക്കുരു മുളപ്പിച്ച് ചെടിയുണ്ടാക്കി കൃഷി ചെയ്താണ് ഫീസ് അടച്ചിരുന്നത്. സ്വന്തം തോട്ടത്തിലെ കാപ്പിക്കുരു പറിക്കാൻ ലൈസൻസ് വേണമെന്ന കോഫി ബോർഡ് നിയമത്തിനെതിരെയാണ് ബെൻഹറിന്റെ ആദ്യത്തെ പ്രതിഷേധം. ധനതത്വശാസ്ത്രത്തിലെ പിഎച്ച്.ഡി പ്രബന്ധ വിഷയവും കാപ്പി തന്നെ . നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. സാക്ഷരതയെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററിക്ക് 1997-ൽ ദേശീയ അവാർഡ് ലഭിച്ചു. ഭാര്യ ആനി ടീച്ചർ. മകൻ നിത്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |