SignIn
Kerala Kaumudi Online
Wednesday, 09 July 2025 6.37 AM IST

മൊസാ‌ദ് എന്ന ചാരസംഘടനയുടെ കൂർമബുദ്ധി, മൂന്ന് വർഷംകൊണ്ട് സ്യൂട്ട്‌കേസിലും കണ്ടെയ്‌നറുകളിലും ഇറാനിലേക്ക് കടത്തിയത് നിരവധി ആയുധങ്ങൾ

Increase Font Size Decrease Font Size Print Page
mossad

ടെൽ അവീവ്:കഴിഞ്ഞ 20 മാസങ്ങളോളമായി പശ്ചിമേഷ്യയിൽ സമാധാനം ഇല്ലാത്ത ദിനരാത്രങ്ങളാണ്. ഇസ്രയേലും ഹമാസും തമ്മിലെ ഏറ്റുമുട്ടലും അയൽരാജ്യങ്ങളുമായി ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളും പ്രദേശത്ത് ധാരാളം മനുഷ്യരക്തം ചൊരിയാൻ ഇടയാക്കി. ഇറാനുമായുള്ള ശക്തമായ ഏറ്റുമുട്ടൽ ഇ‌സ്രയേൽ ഇന്ന് അവസാനിപ്പിക്കുമെന്നും ഇരുകൂട്ടരും സമാധാന ഉടമ്പടിയിലെത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് ഇന്ന് രാവിലെയാണ്. എന്നാൽ ഇപ്പോഴും ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

ലോകരാജ്യങ്ങളിൽ ഏറ്റവും ശക്തമായ ചാരസംഘടനയുള്ള രാജ്യമാണ് ഇസ്രയേൽ. മൊസാദ് എന്ന അവരുടെ ചാരസംഘടന ഇറാനിലും മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇറാനിലെ ആണവകേന്ദ്രങ്ങളിൽ കഴിഞ്ഞയാഴ്‌ച ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം മൊസാദിലെ ചാരന്മാരായിരുന്നു. കൃത്യമായ ഓപ്പറേഷനിലൂടെ ഇറാനിലെ മുതിർ‌ന്ന സൈനിക ഉദ്യോഗസ്ഥരെ ഇസ്രയേൽ വധിക്കുകയായിരുന്നു.

ഇറാനിൽ തിരിച്ചടി നൽകാൻ ഇസ്രയേലിന്റെ ആദ്യ സൈനികവിമാനം പറന്നുയരും മുൻപ് മൊസാദിന്റെ ചാരന്മാർ ഏകദേശം ഒരുവർഷം നീളുന്ന രഹസ്യ ഓപ്പറേഷനിലൂടെ ആയുധങ്ങൾ ഘടിപ്പിച്ച ഡ്രോണുകളും കൃത്യസ്ഥാനത്ത് ആക്രമിക്കുന്ന മറ്റ് ആയുധങ്ങളും ഇറാനിലേക്ക് കടത്തിയിരുന്നു. ഇതോടെ ഇസ്രയേലിനുനേരെ ഇറാൻ മിസൈലുകൾ തൊടുക്കാൻ ശ്രമിച്ചപ്പോഴും അവരുടെ എയർ ഡിഫൻസ് സിസ്റ്റം വഴി ഇസ്രയേൽ മിസൈലുകളെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴും ആ ശ്രമം പരാജയപ്പെടുത്താൻ മൊസാദിനായി. പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായിരിക്കുന്ന ഈ സമയത്ത് ഇസ്രയേലിന് നേരെയുള്ള ആക്രമണം തകർക്കാൻ സഹായിക്കുന്ന മറ്റൊരു രഹസ്യ ഓപ്പറേഷനാണ് മൊസാദ് നടപ്പാക്കിയത്.

ഈ ഓപ്പറേഷന് പിന്നിലുള്ള മൊസാദ് ചാരന്മാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോഴും ഇറാൻ. 'ഈ ആക്രമണം ഇറാന്റെ ന്യൂക്ളിയാർ പദ്ധതി തകർക്കാൻ ലക്ഷ്യംവച്ചുള്ള മൊസാദിന്റെ വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങളുടെ പരിസമാപ്‌തിയാണ്.' മൊസാദിന്റെ മുൻ ഗവേഷണവിഭാഗം ഡയറക്‌ടർ സിമ ഷൈൻ വ്യക്തമാക്കുന്നു.

മൊസാദിന്റെ ചാരന്മാർ ഇറാനിൽ തലസ്ഥാനമായ ടെഹ്‌റാനടുത്ത് അവരുടെ ആയുധങ്ങൾ വിക്ഷേപിക്കാൻ ഒരു ലോഞ്ച് ബേസ് തന്നെയുണ്ടാക്കി. ഇറാൻ തയ്യാറാക്കിയ മിസൈൽ ലോഞ്ചറുകളെ തകർത്ത് ചാരമാക്കാൻ അവർ ഇവിടെനിന്നും സ്‌ഫോടകവസ്‌തുക്കളടങ്ങിയ ഡ്രോൺ ഉപയോഗിച്ചു. ഇറാനിലെ പ്രധാന സൈനിക താവളത്തിലെ ഭൂതല മിസൈൽ ലോഞ്ചറുകളെ ഇങ്ങനെ ഇസ്രയേൽ തകർത്തു.

ശതകോടികൾ ചെലവാക്കിയുള്ള ഈ പദ്ധതി മൊസാദും ഇസ്രയേലി സൈന്യവും ചേർന്ന് നടപ്പാക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമെങ്കിലും ആയിട്ടുണ്ടാകുമെന്നാണ് ഒരു മുൻ ഇന്റലിജൻസ് ഓഫീസറുടെ പ്രതികരണം. ദീർഘകാലമായുള്ള ആലോചന തീർച്ചയായും ഇതിനുപിന്നിലുണ്ട്. മാസങ്ങളോളമെടുത്താണ് ഇസ്രയേലി ഉദ്യോഗസ്ഥർ ഡ്രോണിന്റെയും മറ്റും ഭാഗങ്ങൾ കടത്തിയത്.

സ്യൂട്ട്‌കേസുകൾ, ഷിപ്പിംഗ് കണ്ടെയ്‌നറുകൾ, ട്രക്കുകൾ എന്നിവ വഴിയൊക്കെയാണ് മനുഷ്യരഹിത സൈനിക വാഹനഭാഗങ്ങളടക്കം ഇറാനിലേക്ക് ഇസ്രയേൽ കടത്തിയത്. ജൂൺ 13ന് ഇറാൻ ആക്രമിക്കുന്നതിന് മുൻപ് ഇവർ തങ്ങൾക്ക് നിശ്ചയിച്ച സ്ഥലങ്ങളിൽ കൃത്യമായി തയ്യാറായി നിന്നു. ഇസ്രയേൽ ഇറാനെ ആക്രമിച്ച് തുടങ്ങിയപ്പോൾ ചിലർ മിസൈലുകളെ പ്രതിരോധിക്കാൻ സംവിധാനമൊരുക്കി. മറ്റ് ചിലർ മിസൈൽ ലോഞ്ചർ ഉപയോഗിച്ച് ഇറാനിലെ കേന്ദ്രങ്ങൾ ആക്രമിച്ചു.

ഇറാന്റെ സൈനിക ബലം അറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും സാറ്റലൈറ്റ് ദൃശ്യങ്ങളെയും ഇസ്രയേൽ ഉപയോഗിച്ചു. ഇത് അവിടെയുള്ള ന്യൂക്ളിയാർ ആയുധ കേന്ദ്രങ്ങൾ കൃത്യമായി ആക്രമിക്കാൻ അവരെ സഹായിച്ചു. ഹിസ്‌ബുള്ളയുടെ പ്രവർത്തകരുടെ പേജറുകൾ ഒരേസമയം പൊട്ടിത്തെറിക്കുന്ന ശക്തമായൊരു സൈബർ ആക്രമണം നടത്താനും കഴിഞ്ഞവർഷം മൊസാദിന് കഴിഞ്ഞിരുന്നു.

ഇറാനെതിരെ മൊസാദ് നടത്തിയ ആക്രമണങ്ങളെ ഭരണകൂടം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ മൊസാദിന്റെ രഹസ്യാന്വേഷണ സംവിധാനത്തിലെ ഏക പോരായ്‌മ വന്നത് 2023 ഒക്‌ടോബർ ഏഴിന് ഹിസ്‌ബുള്ള ഇസ്രയേലിൽ നടത്തിയ പെട്ടെന്നുള്ള കനത്ത ആക്രമണമാണ്. ഈ ആക്രമണത്തിൽ നിന്നുമുള്ള പാഠങ്ങൾ ഉൾക്കൊണ്ട് ഇറാനെതിരെ ശക്തമായ പ്രതിരോധമാണ് ഇസ്രയേലിനായി മൊസാദ് നടത്തുന്നത്.

TAGS: MOSSAD, ISRAEL SPY, SUITCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER