SignIn
Kerala Kaumudi Online
Saturday, 26 July 2025 10.59 AM IST

ഇരുളിനു പിന്നിലെ രഹസ്യങ്ങൾ

Increase Font Size Decrease Font Size Print Page

d

അടിയന്തരാവസ്ഥയുടെ അമ്പതാണ്ടുകൾക്കിപ്പുറം നിന്ന് ഭീതിദമായ ഓർമ്മകളിലേക്കു സഞ്ചരിക്കുമ്പോൾ എന്താണ് നമ്മുടെ മനസുകളെ മഥിക്കുന്നത്? അരനൂറ്റാണ്ടെത്തുന്ന അടിയന്തരാവസ്ഥ 1975-ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തായിരുന്നുവല്ലോ. യഥാർത്ഥത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അത് മൂന്നാമത്തെ അടിയന്തരാവസ്ഥയായിരുന്നു. അതിനു മുമ്പ് 1962-ൽ ഇന്ത്യാ- ചൈന യുദ്ധകാലത്തും,​ 1971-ൽ ഇന്ത്യാ- പാക് യുദ്ധസന്ദർഭത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാലും അടിയന്തരാവസ്ഥയെപ്പറ്റി പറയുമ്പോഴൊക്കെ നമ്മുടെ ഓർമ്മകളിൽ വരുന്നത് 1975-ലെ അടിയന്തരാവസ്ഥയാണ്. കാരണം, സാമൂഹ്യ ജീവിതത്തിലെ സകല മേഖലകളിലെയും ചലനാത്മകതയെ ബന്ധനസ്ഥമാക്കിയത് 75-ലെ അടിയന്തരാവസ്ഥയായിരുന്നു!

അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിന് ഭരണഘടന നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പരിശോധിച്ചാൽ ഇതു ബോദ്ധ്യപ്പെടും. ഭരണഘടനയിലെ അനുച്ഛേദം 352 പ്രകാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. യുദ്ധം, പുറമേ നിന്നുള്ള ആക്രമണം, സായുധ കലാപം എന്നിവയിലേതെങ്കിലും മൂലം രാജ്യത്തിന്റെ സുരക്ഷിതത്വമോ,​ രാജ്യത്തെ ഏതെങ്കിലും പ്രദേശത്തിന്റെസുരക്ഷിതത്വമോ അപകടപ്പെടുന്ന സ്ഥിതിയുണ്ടായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്നതാണെന്നാണ് ഈ നിബന്ധന. 1962-ലും 71- ലും യുദ്ധത്തിന്റെ പശ്ചാത്തലത്തിലായതുകൊണ്ട് അന്നത്തെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ന്യായയുക്തമായ കാരണങ്ങളുണ്ടായിരുന്നു.

എന്നാൽ 1975-ലാകട്ടെ, ഇങ്ങനെയൊന്നുമുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതി നടപടിയിൽ നിന്ന് രക്ഷപ്പെടാനും പ്രധാനമന്ത്രിയായി തുടരാനും വേണ്ടി ഇന്ദിരാഗന്ധി ഏകപക്ഷീയമായി ചെയ്ത നടപടിയായിരുന്നു എന്നതും 75-ലെ അടിയന്തരാവസ്ഥയെ വേറിട്ടു പരിശോധിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു. 1975 ജൂൺ 12-ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജഗ് മോഹൻലാൽ സിൻഹയാണ് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള ഇന്ദിരാഗാന്ധിയുടെ 1971-ലെ തിരഞ്ഞെടുപ്പ് അസാധുവാക്കി വിധി പ്രസ്താവിച്ചത്. 1951-ലെ ജനപ്രാതിനിദ്ധ്യ നിയമം ലംഘിച്ചുവെന്നും, ഭരണയന്ത്രം ദുർവിനിയോഗം ചെയ്ത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്നും ആരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയിലെ രാജ്നാരായണൻ കൊടുത്ത കേസിലാണ് കോടതി ഇന്ദിരയ്ക്കെതിരെ വിധി പറഞ്ഞത്.

ഇരുട്ട് വന്ന

വഴിയിലൂടെ

ഇന്ദിരാഗന്ധിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്ന യശ്പാൽ കപൂർ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നുവെന്നും, ഉദ്യോഗസ്ഥരെ ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉയോഗിച്ചിരുന്നുവെന്നും കേസിൽ പറഞ്ഞിരുന്നു. 1951-ലെ ജനപ്രാതിനിദ്ധ്യ നിയമത്തിന്റെ 123 (7) വകുപ്പു പ്രകാരം തിരഞ്ഞെടുപ്പ് അഴിമതി കാട്ടി എന്നു പറഞ്ഞുകൊണ്ടാണ് വിധി വന്നത്. ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ദിരയ്ക്ക് വിലക്കും ഏർപ്പെടുത്തിയിയിരുന്നു. വിധി വന്നതോടെ രാജ്യത്ത് പല ഭാഗങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരാഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സുപ്രീം കോടതിയിൽ അവധിക്കാല ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ജൂൺ 24-ന് ഹൈക്കോടതി വിധി ശരിവച്ചു. എന്നാൽ പ്രധാനമന്ത്രിയായി തുടരുന്നതിന് ഇന്ദിരാഗാന്ധിക്ക് തടസമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

തൊട്ടു പിറ്റേദിവസം ജൂൺ 25-ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വലിയ പ്രതിഷേധ റാലി നടന്നു. ഈ പ്രതിഷേധം രാജ്യമെങ്ങും ആഞ്ഞടിക്കുമെന്ന് മനസിലാക്കിയായിരുന്നു അടിയന്തരവസ്ഥാ പ്രഖ്യാപനം. അന്ന് രാഷ്ട്രപതിയായിരുന്ന ഫക്രുദീൻ അലി അഹമ്മദാണ് പ്രഖ്യാപനം നടത്തിയതെങ്കിലും അദ്ദേഹം ഇന്ദിരാ ഗാന്ധിയുടെ ഒരു ടൂൾ മാത്രമായിരുന്നു. കേന്ദ്രമന്ത്രിസഭയുടെ അനുവാദത്തോടെയും പാർലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരത്തോടെയും വേണം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ എന്ന നിയമം കാറ്റിൽപ്പറത്തിയായിരുന്നു ഇന്ദിരാ ഗാന്ധി ഇതു ചെയ്തത്. അവിടെത്തുടങ്ങി,​ ഇന്ദിരയുടെ ഏകാധിപത്യ നടപടികൾ.

ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ പുറത്തുവരാതിരിക്കാനുള്ള നടപടികളാണ് ആദ്യം സ്വീകരിച്ചത്. പ്രഖ്യാപനമുണ്ടായി ആദ്യ മൂന്നു മണിക്കൂറിനുള്ളിൽത്തന്നെ രാജ്യത്തെ പ്രമുഖ പത്ര സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചു. പത്രങ്ങൾക്കും മറ്റു പ്രസിദ്ധീകരണങ്ങൾക്കും സെൻസർഷിപ്പ് ഏർപ്പെടുത്തി. ദി ഇന്ത്യൻ എക്സ്പ്രസ്, ദ സ്റ്റേറ്റ്സ്‌മാൻ എന്നീ പത്രങ്ങളാണ് ആദ്യംതന്നെ പ്രതിഷേധിച്ചത്. എഡിറ്റോറിയൽ കോളം ശൂന്യമാക്കിയായിരുന്നു പ്രതിഷേധം. സ്റ്റേറ്റ്സ്‌മാൻ എഡിറ്റർ കുൽദീപ് നയ്യാർ അറസ്റ്റ് ചെയ്യപ്പെട്ടു. ദ ടൈംസ് ഒഫ് ലണ്ടൻ, ദ വാഷിംഗ്ടൺ പോസ്റ്റ്, ദ ലോസ് ഏഞ്ചൽസ് ടൈംസ് എന്നീ വിദേശ പത്രങ്ങളിലെ പത്രപ്രവർത്തകരെ രാജ്യത്തു നിന്ന് പുറത്താക്കി. ഭരണകൂട ഭീഷണി ഭയന്ന് ഇംഗ്ലണ്ടിലെ ദി ഗാർഡിയൻ, ദി ഇക്കണോമിസ്റ്റ് എന്നീ പത്രങ്ങളുടെ ഡൽഹിയിലെ റിപ്പോർട്ടർമാർ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോയി. ബി.ബി.സിയുടെ മാർക്ക് ടുളിയെ ചാനൽ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിളിച്ചു.

കസ്റ്റഡിയിലെ

ക്രൂരകാലം

പ്രതിപക്ഷ നേതാക്കളും കമ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളുമൊക്കെ അറസ്റ്റിലായി. പലരും ഭീകരമായ കസ്റ്റഡി മർദ്ദനത്തിനും ഇരയായി. മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് എം.എൽ.എ ആയിരുന്നിട്ടു കൂടി അറസ്റ്റ് ചെയ്യപ്പെട്ട് ഭീകര പൊലീസ് മർദനത്തിനിരായി. പിന്നീട്,​ മർദ്ദനത്തിൽ രക്തം പുരണ്ട ഷർട്ടുമായി അദ്ദേഹം നിയമസഭയിൽ നടത്തിയ പ്രസംഗം ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. ഇന്ദിരാ ഗാന്ധിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിയായിരുന്നു അന്ന് വടക്കേ ഇന്ത്യയിലെ ആയിരക്കണക്കിന് ചേരികൾ ബുൾഡോസർ വച്ച് തകർത്തതും,​ ലക്ഷക്കണക്കിന് ചേരിനിവാസികളെ നിർബന്ധപൂർവം വന്ധ്യംകരണത്തിന് വിധേയരാക്കിയതും. ഇന്ദിരയുടെയും അവരുടെ കോക്കസിന്റെയും ഉള്ളംകൈയിലായിരുന്നു ഭരണ ദുഷ്ചെയ്തികളുടെ മുഴുവൻ നിയന്ത്രണവും. കൗതുകകരമായ കാര്യം,​ ഈ അതിക്രമങ്ങളൊക്കെ കാട്ടിക്കൂട്ടുന്നതിനിടയിൽ 1975 നവംബർ ഏഴിന് ഇന്ദിരാ ഗാന്ധിക്കെതിരായ വിധി സുപ്രീം കോടതി തന്നെ റദ്ദാക്കുകയും ചെയ്തു എന്നതാണ്. അടിയന്തരാവസ്ഥയിൽ സുപ്രീം കോടതിയെപ്പോലും ഇന്ദിരാഗാന്ധി വരച്ചവരയിൽ നിറുത്തി എന്നതാണ് വസ്തുത.

ഇതിന് ഉപോൽബലകമായി അടിയന്തരാവസ്ഥയുടെ 40-ാം വാർഷികത്തിന്,​ 2015 ജൂൺ 26 ന് ഹിന്ദുസ്ഥാൻ ടൈംസ്, രാജ് നാരായണു വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശാന്തിഭൂഷണെ ഉദ്ധരിച്ച് ഇപ്രകാരം എഴുതിയിരുന്നു : 'അലഹബാദ് ഹൈക്കോടതി വിധി വരുന്നതിനു മുമ്പ്, അന്നത്തെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റസ് ഡി. എസ്. മാഥൂറിനെ ഉപയോഗിച്ച് കേസ് പരിഗണിച്ച ജസ്റ്റിസ് ജഗ് മോഹൻലാൽ സിൻഹയെ സ്വാധീനിക്കാൻ ഇന്ദിരാഗാന്ധി ശ്രമിച്ചിരുന്നു. മാഥൂർ അദ്ദേഹത്തിന്റെ ഭാര്യയുമൊത്ത് സിൻഹയുടെ വസതിയിലെത്തിയാണ് സ്വാധീനിക്കാൻ ശ്രമിച്ചത്. അലഹബാദ് ഹൈക്കോടതി വിധി ഇന്ദിരയ്ക്ക് അനുകൂലമായി പറഞ്ഞാൽ, വിധി പ്രസ്താവത്തിനു ശേഷം സിൻഹയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താമെന്ന് ഇന്ദിരാ ഗാന്ധിയുടെ പേഴ്സണൽ ഡോക്ടറും തന്റെ ബന്ധുവും കൂടിയായ ഡോ. മാഥൂറിനോട് പറഞ്ഞിട്ടുള്ളതായി ഡോ. മാഥൂർ തന്നെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റീസ് ഡി. എസ്. മാഥൂർ സിൻഹയോട് പറഞ്ഞത്. എന്നാൽ സത്യസന്ധനും ദൈവവിശ്വാസിയുമായിരുന്ന സിൻഹ ഇതിനു വഴിപ്പെട്ടില്ല."

വിധി പ്രസ്താവത്തിനു ശേഷം ഒരിക്കൽ അലഹബാദിൽ ഗോൾഫ് കളിക്കുന്നതിനിടയിൽ ജസ്റ്റിസ് സിൻഹ തന്നെ തന്നോടു പറഞ്ഞതാണ് ഇക്കാര്യമെന്ന് ശാന്തിഭൂഷൺ പറഞ്ഞതായും ഹിന്ദുസ്ഥാൻ ടൈംസ് അന്ന് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒടുവിൽ 1977 മാർച്ച് 21 ന് പൊതു തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളൊക്കെ തോൽക്കുകയും, കോൺഗ്രസ് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം കടപുഴകി വീഴുകയും ചെയ്തതോടെയാണ് അടിയന്തരാസ്ഥ പിൻവലിക്കപ്പെട്ടത്.

TAGS: EMERGENCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.