കൊച്ചി : തീരദേശസംരക്ഷണ നിയമം ലംഘിച്ച് കൊച്ചി മരടിൽ നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന കോടതി ഉത്തരവിൽ അഭിപ്രായവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് അനുകൂലമായ രീതിയിലാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികളടക്കം നിലപാടെടുത്തിരുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കോടതി വിധി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നാണ് അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. മരടിൽ കോടതി വിധി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും സാദ്ധ്യമല്ല. ഈ വിഷയത്തിൽ മാനുഷിക പ്രശ്നവും നിയമപ്രശ്നവുമുണ്ട്. ഇതു സംബന്ധിച്ച് സർവ്വകക്ഷിയോഗത്തിൽ ചർച്ച ചെയ്യുമെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഫ്ളാറ്റ് നിർമ്മാതാക്കൾക്കു വേണ്ടി സമരം ചെയ്യാൻ സി.പി.ഐ തയ്യാറല്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. നിയമം ലംഘിച്ചെന്നു കാട്ടി ഫ്ളാറ്റ് നിർമ്മിക്കുമ്പോൾ തന്നെ സ്‌റ്റോപ്പ് മെമ്മോ നൽകിയതാണ്. ഇതിനെതിരെ നീണ്ട പത്തു വർഷക്കാലം നിയമയുദ്ധം നടന്നതാണെന്നും അദ്ദേഹം പറഞ്ഞു. മരടിൽ വിവിധ പാർട്ടികളുടെ നേതൃത്തിൽ നടക്കുന്ന സമര പരിപാടികളിലും സി.പി.ഐ വിട്ടുനിൽക്കുകയാണ്. ചട്ടം ലംഘിച്ചു നിർമ്മിച്ച ഫ്ളാറ്റിനുവേണ്ടി സമരരംഗത്ത് ഇറങ്ങേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സി.പി.ഐ എത്തിയിട്ടുള്ളത്.
അതേ സമയം മരട് ഫ്ളാറ്റ് വിഷയത്തിൽ സർക്കാർ ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. ഫ്ളാറ്റ് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. സർവ്വകക്ഷി യോഗം വിളിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങളുമായി കൂടിയാലോചിക്കാതെയാണ് യോഗത്തിൻെറ തീയതി സർക്കാർ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.. എങ്കിലും യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്നത്തിൽ തുടർ നിലപാട് സ്വീകരിക്കാനാണ് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.. ഫ്ളാറ്റിലെ താമസക്കാർക്ക് രാഷ്ട്രീയപ്പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം.
എന്നാൽ നിയമാനുസൃതം വിൽപ്പന നടത്തിയ ഫ്ളാറ്റുകളിൽ ഇനി തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് ഫ്ളാറ്റ് നിർമാതാക്കൾ വ്യക്തമാക്കി. ഫ്ളാറ്റ് വിഷയത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്ളാറ്റുൾ നിയമാനുസൃതമായി നിലവിലെ ഉടമകൾക്ക് വിറ്റതാണെന്നും കാണിച്ച് ഫ്ളാറ്റ് നിർമാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |