തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പഴയ ഡീസൽ ബസുകളെ ഇലക്ട്രിക് ബസുകൾ ആക്കുന്നു. അനെർട്ടിന്റെ പദ്ധതി പരീക്ഷാണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന് ഗതാഗതവകുപ്പ് അനുമതി നൽകി. തോഷിബയുടെ സഹായത്തോടെയാണ് അനെർട്ട് ഡീസൽ ബസുകളെ ഇ-ബസുകളാക്കുന്നത്.
ലിഥിയം-ടൈറ്റാനിയം-ഓക്സൈഡ് (എൽ.ടി.ഒ) ബാറ്ററികളാണ് ബസുകളിൽ ഘടിപ്പിക്കുക. പാന്റോഗ്രാഫ് ഓവർഹെഡ് ചാർജിംഗ് സംവിധാനത്തിലൂടെയാണ് ചാർജ് ചെയ്യുക. ബസിന്റെ മുകളിലൂടെ ചാർജ് ചെയ്യുന്ന സംവിധാനമാണിത്. അഞ്ചു വർഷത്തിലധികം പഴക്കമുള്ള ഡീസൽ ബസുകളെയാണ് മാറ്റുന്നത്. എൻജിനുകൾ, ഗിയർബോക്സ്, ട്രാൻസ്മിഷൻ സംവിധാനങ്ങൾ മാറ്റി ബാറ്ററി, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (ബി.എം.എസ്), മോട്ടോർ കൺട്രോൾ യൂണിറ്റ് (എം.സി.യു) എന്നിവ ഘടിപ്പിക്കും.
ആദ്യം മൂന്നു ബസാണ് ഇലക്ട്രിക് ആക്കുന്നത്. മൂന്നിനുംകൂടി ഒരു കോടി രൂപ ചെലവു വരുമെന്നാണ് 'അനർട്ടി'ന്റെ കണക്കുകൂട്ടൽ. പുതിയ ഒരു ഇ.ബസ് വാങ്ങാൻ ഒരു കോടി രൂപയിലേറെ വിലയാകും.
10-20 മിനിട്ടിൽ ഫുൾ ചാർജ്ജ്
10 മുതൽ 20 വരെ മിനിട്ടു മതി ഈ ബസ് പൂർണമായി ചാർജ് ചെയ്യാൻ. 80 മുതൽ 100 കിലോമീറ്റർ വരെ ഓടും
തിരുവനന്തപുരം- എറണാകുളം, തിരുവനന്തപുരം- കൊട്ടാരക്കര, കായംകുളം റൂട്ടുകളിൽ ചാർജ്ജിംഗ് സ്റ്റേഷൻ ഒരുക്കാനാണ് പ്ലാൻ
സി.എൻ.ജി പാതിവഴിയിൽ
പഴയ ഡീസൽ ബസിന്റെ എൻജിൻ മാറ്റി സി.എൻ.ജി എൻജിൻ ഘടിപ്പിക്കുന്ന പദ്ധതി 2022 ജൂണിൽ തുടക്കമിട്ടിരുന്നു. 100 ബസ് സി.എൻ.ജിയിലേക്ക് മാറ്റാനായിരുന്നു ലക്ഷ്യമിട്ടത്. 10 എണ്ണം മാത്രമാണ് മാറ്റിയത്.
''വിദേശ രാജ്യങ്ങളിൽ ഫാസ്റ്റ് ചാർജ് സംവിധാനമുള്ള ബസുകൾ വന്നുകഴിഞ്ഞു. ചെലവ് കുറഞ്ഞ ഇ - ബസ് സംവിധാനമാണ് അനർട്ട് അവതരിപ്പിക്കുന്നത്''
- നരേന്ദ്ര നാഥ് വേലൂരി, ഡയറക്ടർ, അനർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |