ഒട്ടേറെ കായിക താരങ്ങളെ വാർത്തെടുത്ത നാടാണ് പത്തനംതിട്ട. ദേശീയ അന്തർ ദേശീയ രംഗങ്ങളിൽ തിളങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. സ്വന്തം നിലയിൽ പരിശീലനം നടത്തിയും മത്സരങ്ങളിൽ പങ്കെടുത്തുമാണ് അവർ നാടിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ചത്. പക്ഷെ, ജില്ലയിലെ കായിക താരങ്ങൾക്ക് പരിശീലിക്കാൻ നിലവാരമുള്ള ഒരു സ്റ്റേഡിയം ജില്ലയിൽ ഇല്ലാത്തതിന്റെ പോരായ്മയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല. പത്തനംതിട്ട രൂപീകൃതമായിട്ട് നാൽപ്പത്തി മൂന്ന് വർഷമായി. സ്കൂൾ മേളകൾ മുതൽ നോക്കിയാൽ ജില്ലയ്ക്ക് എടുത്തു പറയാവുന്ന കായിക നേട്ടങ്ങളൊന്നുമില്ല. സ്കൂൾ കായിക മേളകളിൽ ജില്ലാ അടിസ്ഥാനത്തിൽ നോക്കിയാൽ പത്താം സ്ഥാനത്തിനും ശേഷമാണ് പത്തനംതിട്ടയുടെ സ്ഥാനം. മലയോര ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണമാണ് ജില്ല പിന്നാക്കം പോകുന്നതെന്ന് അധികൃതർ നൽകുന്ന വിശദീകരണം, തിരഞ്ഞെടുപ്പിൽ നമ്മൾ എന്തുകൊണ്ട് തോൽക്കുന്നു എന്ന് ലളിതമായി പറഞ്ഞുതരാമോ എന്ന 'സന്ദേശം" സിനിമയിലെ കഥാപാത്രത്തിന്റെ ചോദ്യത്തിനുള്ള താത്വിക മറുപടി പോലെയാണ് അധികൃതർ പറയുന്നത്. കായിക താരങ്ങളെ വളർത്തിയെടുക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ മുട്ടാപ്പോക്ക് വാദങ്ങളുമായി നിൽക്കുകയാണ് കായിക വകുപ്പ്.
നിലവിലെ ജില്ലാ സ്റ്റേഡിയം മഴ പെയ്താൽ വലിയ ജലസംഭരണിയാകുമായിരുന്നു. ഒരു മഴ പെയ്താൽ ആർക്കും പ്രവേശിക്കാനാവാതെ ചെളിവെള്ളം കെട്ടിക്കിടക്കുമായിരുന്നു. സ്റ്റേഡിയം പുനർനിർമ്മാണത്തിന് നിലവിലെ സർക്കാർ ആവിഷ്കരിച്ച പദ്ധതി എങ്ങുമെത്താതെ നിൽക്കുന്നു. കേന്ദ്ര, സംസ്ഥാന കായിക മന്ത്രാലയത്തിന്റെ ഫണ്ടോടുകൂടി നിർമ്മാണം ആരംഭിച്ച പദ്ധതി ഈ വർഷം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ, ഇരുപത്തിയഞ്ച് ശതമാനം മാത്രം പണികളാണ് പൂർത്തിയാക്കാനായത്. കാലം തെറ്റിയുള്ള മഴ കാരണമാണ് പണികൾ വൈകിപ്പിക്കുന്നതെന്ന് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ അധികൃതർ പറയുന്നു. ഇത്തവണ മേയ് പകുതിയോടെ കാലവർഷം എത്തിയത് തിരിച്ചടിയായി. പദ്ധതിയുടെ പൈലിംഗ് ജോലികൾ നടക്കേണ്ട സമയത്ത് മഴ ശക്തമായി.
ഇനിയും കാത്തിരിക്കണം
ട്രാക്ക് നിർമ്മാണവും മൈതാനത്തെ മണ്ണ് നിറയ്ക്കലും മഴ കാരണം മുടങ്ങിയിരുന്നു. മഴയത്ത് വെള്ളം കെട്ടിനിറഞ്ഞും ചെളിയിൽ പുതഞ്ഞതും കാരണം മണ്ണ് നിറച്ച് ഒരേ അളവിൽ നിരത്തി ഉറപ്പിക്കുന്ന ജോലികൾ വൈകി. കാലവർഷം ഇത്തവണ നേരത്തെ എത്തിയതാണ് വെല്ലുവിളിയായത്. സാധാരണ ജൂൺ പകുതിയോടെ എത്തുന്ന കാലവർഷം ഇത്തവണ മേയ് പകുതിയോടെ പെയ്തതോടെ പണി നിറുത്തിവച്ചു. ജൂൺ ആദ്യം പുനരാരംഭിച്ചപ്പോഴേക്കും മഴ വീണ്ടും ശക്തമായി. എട്ടു ലെയ്നുകളിലായി ട്രാക്ക് നിർമ്മിക്കുന്നതിന് ഡ്രെയിനേജിന് വെളിയിലായി ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിന് മുകളിൽ മണ്ണ് നിറയ്ക്കണം. മഴയത്ത് ഈ പണികൾ നടത്താൻ സാധിക്കുന്നില്ല.
സ്റ്റേഡിയം നിർമ്മാണത്തിന്റെ കാലാവധി രണ്ടു വർഷമായിരുന്നു. ഒരു വർഷം മുമ്പാണ് നിർമ്മാണം തുടങ്ങിയത്. മഴ മാറിയാൽ മണ്ണ് നിറയ്ക്കൽ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉരാളുങ്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. മൈതാനത്ത് മണ്ണ് നിറയ്ക്കൽ ഏറെക്കുറെ പൂർത്തിയായി വരികയാണ്. മദ്ധ്യഭാഗത്ത് ഒന്നര മീറ്റർ ഉയർത്തും. വശങ്ങളിലേക്ക് ചരിവുണ്ടാക്കും. രണ്ട് അടിയോളമാണ് വശം ഉയർത്തുന്നത്.
മണ്ണ് നിറയ്ക്കൽ ജോലികളാണ് പൂർണതോതിൽ നടക്കുന്നത്. എഴുപത്തിയഞ്ച് ശതമാനം കഴിഞ്ഞുവെന്ന് പറയുന്നു. പൂർത്തിയാകാൻ രണ്ടാഴ്ചയിലേറെ വേണ്ടിവരും. ട്രാക്ക് നിർമാണത്തിന് ഭൂമി നിരപ്പാക്കുന്ന ജോലികളും മഴ തടസപ്പെടുത്തി. പവലിയൻ, സ്വിമ്മിംഗ് പൂൾ, ഇൻഡോർ സ്റ്റേഡിയം, ചെയ്ഞ്ച് റൂം, റിസപ്ഷൻ എന്നീ കെട്ടിടങ്ങളുടെ നിർമ്മാണവും നടക്കാനുണ്ട്. പദ്ധതിക്ക് മുപ്പത്തിയേഴ് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗുണനിലവാര പരിശോധനയിൽ എ ഗ്രേഡ് മണ്ണാണ് നിർമ്മാണത്തിന് വേണ്ടത്. സിന്തറ്റിക് ട്രാക്കിന് മേൽത്തരം മണ്ണാണ് ഉപയോഗിക്കുന്നത്. മണ്ണ് ലഭിക്കാൻ സാദ്ധ്യതയുള്ള പല പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പികളുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പകരം മണ്ണ് കൊണ്ടെത്തിച്ചാണ് നിർമാണം തുടങ്ങിയത്. തുടക്കത്തിൽ മലയാലപ്പുഴ, കോന്നി ഭാഗങ്ങളിൽ നിന്നാണ് മണ്ണ് എത്തിച്ചിരുന്നത്.
അപാകതകളെപ്പറ്റി
അന്വേഷണമില്ല
ജില്ലയിലെ പ്രധാന രണ്ട് സ്റ്റേഡിയങ്ങൾ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയവും തിരുവല്ല പബ്ളിക് സ്റ്റേഡിയവുമാണ്. ഉന്നത നിലവാരത്തിൽ പണിഞ്ഞ കൊടുമൺ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കുകൾ പൊളിഞ്ഞു. കുട്ടികൾ ഓടുമ്പോൾ ട്രാക്ക് പൊളിഞ്ഞു പോകുന്ന സ്ഥിതിയിലാണ്. ഇവിടെയാണ് ജില്ലാ കായികമേള കഴിഞ്ഞ നാലുവർഷങ്ങളായി നടക്കുന്നത്. ഗുണനിലവരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചുള്ള സിന്തറ്റിക് ട്രാക്ക് നിർമാണത്തിൽ അപാകതകൾ ഏറെയുണ്ടെന്ന് ആക്ഷേപത്തെപ്പറ്റി അന്വേഷണം ഒന്നും നടന്നില്ല. മൈതാനത്തെ പുല്ലുകൾ വച്ചുപിടിച്ചിപ്പതിൽ വേണ്ടത്ര പരിപാലനമില്ലാതെ കളകൾ നിറഞ്ഞു. രാത്രി കാലങ്ങളിൽ സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. തിരുവല്ല പബ്ളിക് സ്റ്റേഡിയിൽ സിന്തറ്റിക് ട്രാക്കില്ല. മൈതാനം സംരക്ഷണമില്ലാതെ കിടക്കുന്നു.
കായികരംഗത്ത് ശോഭിക്കണമെന്ന് ആഗ്രഹിക്കുന്ന ജില്ലിലെ കായിക താരങ്ങൾ മറ്റു ജില്ലകളിലേക്ക് ചേക്കേറുകയാണ്. അവർ അവിടെ പഠനം തുടർന്നാണ് പരിശീലനത്തിലും മത്സരങ്ങളിലും പങ്കെടുക്കുന്നത്. കായികരംഗത്ത് വൻ പദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാനത്ത് ഒരു ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം പുനർനിർമ്മാണം സ്വപ്നം കണ്ടിരിക്കുന്ന കായിക താരങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്നതാണ് ജനങ്ങളുടെ ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |