ജയ്പൂർ: കടിച്ച പാമ്പിനെ ബാഗിലാക്കി ആശുപത്രിയിലെത്തിച്ച് യുവാവ്. രാജസ്ഥാനിലെ ജയ്പ്പൂരിലുള്ള രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലാണ് സംഭവം. കടിച്ച പാമ്പ് വിഷമുള്ളതാണോയെന്ന് തിരിച്ചറിയാനാണ് ബാഗിലാക്കി കൊണ്ടുവന്നതെന്ന് യുവാവ് ആശുപത്രി ജീവനക്കാരോട് പറഞ്ഞു. പാമ്പിനെ ബാഗിൽ നിന്നും പുറത്തെടുത്തതോടെ ജീവനക്കാരും രോഗികളും കൂട്ടിരുപ്പുകാരും പരിഭ്രാന്തരായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ജീവനക്കാർ സാഹചര്യം ശരിയായി കൈകാര്യം ചെയ്ത് യുവാവിനെ അഡ്മിറ്റ് ചെയ്തു. പിന്നീട് യുവാവിന്റെ കുടുംബാംഗങ്ങൾ എത്തിയാണ് പാമ്പിനെ കൊണ്ടുപോയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത്തരം കാര്യങ്ങൾ അപകടകരമാണെന്ന് യുവാവിനെ പറഞ്ഞ് മനസിലാക്കി ചികിത്സ നൽകിയ ശേഷം പറഞ്ഞയച്ചു.
കഴിഞ്ഞ വർഷം ബീഹാറിലെ ഭഗൽപൂരിലും സമാനമായ സംഭവം റിപ്പോർട്ടു ചെയ്തിരുന്നു. മാരക വിഷമുള്ള പാമ്പായ അണലിയുടെ വർഗ്ഗത്തിൽപ്പെട്ട ചേനത്തണ്ടനുമായിട്ടാണ് ഒരാൾ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. പാമ്പിന്റെ വായിൽ പിടിച്ച് കഴുത്തിൽ ചുറ്റിയാണ് ഇയാൾ ആശുപത്രിയിലേക്ക് പ്രവേശിച്ചത്. ഇത് കണ്ടു നിന്ന ഡോക്ടർമാരും രോഗികളും പരിഭ്രാന്തരായി. ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോൾ പോലും ഇയാൾ പാമ്പിനെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ചികിത്സിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പറഞ്ഞപ്പോൾ മാത്രമാണ് പിന്നീട് വഴങ്ങിയത്.