SignIn
Kerala Kaumudi Online
Thursday, 10 July 2025 3.27 PM IST

വാനമേ, ഗഗനമേ വ്യോമമേ നമസ്കാരം!

Increase Font Size Decrease Font Size Print Page
s

നൂറ്റിനാല്പത്തിമൂന്നു കോടി ഭാരതീയർ നക്ഷത്രങ്ങൾക്കപ്പുറത്തേക്ക് മിഴികളൂന്നി കാലങ്ങളായി കണ്ട സ്വപ്നത്തിനു കൈവന്ന സുന്ദരമുഖമാണ് ശുഭാംശു ശുക്ള എന്ന, നാല്പതു പിന്നിടാത്ത ഉത്തർപ്രദേശുകാരൻ! ആക്സിയം 4 ദൗത്യപേടകമായ ഡ്രാഗൺ സി 213-യിൽ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു നീന്തിക്കയറിയ ഇന്നലെ വൈകുന്നേരത്തെ ആ സുന്ദര നിമിഷം ഇന്ത്യയുടെ ആകാശസ്വപ്നങ്ങൾക്ക് തിലകം തൊട്ട സാക്ഷാത്കാര മുഹൂർത്തവും! ഭൂമിയിൽ നിന്ന് 408 കി.മീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഭാരതീയൻ. രാകേഷ് ശർമ്മയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത് ഇന്ത്യക്കാരൻ. നാല് പതിറ്റാണ്ടു മുമ്പ് ബഹികാശത്തു നിന്ന് ഇന്ത്യയിലേക്കു നോക്കി രാകേഷ് ശർമ്മ മന്ത്രിച്ച 'സാരേ ജഹാംസെ അച്ഛാ..." എന്ന സന്ദേശത്തിന്റെ മനോഹരമായ തുടർച്ചയായിരുന്നു,​ ബുധനാഴ്ച ഉച്ചയ്ക്ക് പേടകയാത്രാ മദ്ധ്യേ ശുഭാംശു ശുക്ള പങ്കുവച്ച വാക്കുകൾ: 'ജയ് ഹിന്ദ്,​ ജയ് ഭാരത്..."

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെയും ഐ.എസ്.ആർ.ഒയുടെയും സംയുക്ത ദൗത്യമായ ആക്സിയം-4ന്റെ ആകാശപേടകത്തെ സുരക്ഷിതമായി ഭ്രമണപഥത്തിലെത്തിച്ചത് സ്പേസ് എക്സ് ഫാൽക്കൺ 9 ബ്ളോക്ക് 5 റോക്കറ്റാണ്. പ്രതികൂല കാലാവസ്ഥ മുതൽ വിക്ഷേപണത്തിന് തൊട്ടു മുമ്പ് കണ്ടെത്തിയ ദ്രവ ഓക്സിജൻ ‌ചോർച്ച വരെ അപ്രതീക്ഷത കാരണങ്ങളാൽ ആക്സിയം- 4 ദൗത്യം മാറ്റിവയ്ക്കേണ്ടിവന്നത് ആറു തവണയാണ്. ഒടുവിൽ ഏഴാം തവണ,​ ബുധനാഴ്ച ഉച്ചയ്ക്ക് 12.01 ന് യു.എസിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് സെക്കൻഡിൽ 7.5 കി.മീറ്ററിന്റെ മിന്നുംവേഗത്തിൽ ഫാൽക്കൺ റോക്കറ്റ് കുതിച്ചുയരുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയം ദേശാഭിമാനത്താൽ ജ്വലിച്ച് അഭിമാനത്തിന്റെ ആകാശക്കൊടുമുടിയിലേക്ക് വിക്ഷേപണം ചെയ്യപ്പെടുകയായിരുന്നു. ഇന്ത്യൻ ബഹികാകാശ ജയങ്ങളുടെ ചരിത്രത്തിൽ ശുഭാംശു എന്നൊരു ശുഭാദ്ധ്യായം കൂടി.

ചെലവു കുറഞ്ഞ വിക്ഷേപണ വാഹനങ്ങളിലൂടെയും,​ വിജയകരമായ റോക്കറ്റ് വിക്ഷേപണങ്ങളിലൂടെയും ആഗോള ബഹിരാകാശ ഗവേഷണ,​ വിക്ഷേപണ,​ വ്യവസായ മേഖലകളിൽ ഭാരതം കൈവരിച്ച ചരിത്രനേട്ടങ്ങളിൽ ഏറ്റവും പുതിയത് എന്നതു മാത്രമല്ല ശുഭാംശു ശുക്ള കൈവരിച്ച അപൂർവനേട്ടത്തിന്റെ പ്രാധാന്യം. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുവാനുള്ള ഐ.എസ്.ആർ.ഒ ദൗത്യമായ 'ഗഗൻയാൻ", ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ 'ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ" എന്നിവ ഉൾപ്പെടെ ഭാവിയിൽ രാജ്യത്തിന് നിർണായകമാകുന്ന ഒട്ടേറെ ബഹരികാശ ദൗത്യങ്ങളിലേക്കുള്ള ചവിട്ടുപടിയും പരീക്ഷണ പാഠപുസ്തകവുമാണ് ആക്സിയം--4 ദൗത്യത്തിലെ പങ്കാളിത്തം. നാസയും ഐ.എസ്.ആർ.ഒയും തമ്മിലുള്ള സഹകരണത്തിന് കൂടുതൽ ശക്തിയും വ്യാപ്തിയും നല്കുന്നതിനും ആക്സിയം വിജയം പശ്ചാത്തലമൊരുക്കും. രണ്ടാഴ്ചക്കാലം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചെലവിടുന്ന ശുഭാംശു ശുക്ളയുടെ അനുഭവങ്ങൾ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ സാങ്കേതിക നിർമ്മിതികൾക്ക് മുതൽക്കൂട്ടാവുകയും ചെയ്യും.

കൃഷി,​ ബഹിരാകാശത്ത് താമസിക്കേണ്ടിവരുന്നവരുടെ ഭക്ഷണം എന്നിവയ്ക്കു പുറമേ ജീവശാസ്ത്രപരമായ വിഷയങ്ങൾ കൂടി ഉൾപ്പെട്ട ഏഴ് നിർണായക പരീക്ഷണങ്ങൾ ശുഭാംശു ശുക്ള രണ്ടാഴ്ചക്കാലത്തെ 'വാനവാസ"ത്തിനിടെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നടത്തുന്നുണ്ട്. ഐ.എസ്.ആർ.ഒയും ഡിപ്പാർട്ട്മെന്റ് ഒഫ് ബയോടെക്നോളജിയും വികസിപ്പിച്ചെടുത്ത പല സങ്കേതങ്ങളുടെയും പ്രായോഗിക പരീക്ഷണം ഉൾപ്പെടെയാണിത്. ബഹിരാകാശ നിലയത്തിൽ ചെടികൾ വളർത്തുന്ന പരീക്ഷണം ‌നാസ നേരത്തേ തന്നെ നടത്തിയിട്ടുണ്ടെങ്കിലും,​ അവിടെവച്ച് നട്ട് മുളപ്പിച്ചെടുക്കുന്ന വിത്തുകൾ തിരികെ ഇന്ത്യയിലെത്തിച്ച് തുടർപരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നത് ആഗോള കാർഷിക മേഖലയ്ക്കു തന്നെ അമൂല്യ വിവരങ്ങൾ സംഭാവന ചെയ്യുന്നതായിരിക്കും. പതിനഞ്ചു വർഷത്തിനകം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്കു കൂടി ആമുഖമാകുന്നതാണ് ആക്സിയം-4 ദൗത്യത്തിലെ പങ്കാളിത്തവും ശുഭാംശുവിന്റെ അനുഭവങ്ങളും.

യു.പിയിലെ ലക്നൗവിൽ സാധാരണകുടുംബത്തിൽ ജനിച്ച്, അലിഗഞ്ജിലെ സിറ്റി മോണ്ടിസോറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂ‌ർത്തിയാക്കിയ ശുഭാംശു ശുക്ളയുടെ അകാശജയം, സ്വപ്നവും അത് സാദ്ധ്യമാക്കുവാനുള്ള പരിശ്രമവുമുണ്ടെങ്കിൽ ആർക്കു മുന്നിലും ഒരു ദൂരവും ഒരു ലക്ഷ്യവും അകലെയല്ലെന്നതിന്റെ ആവേശമുണർത്തുന്ന പ്രചോദനകഥ കൂടിയാണ്. മനസിലേക്ക് വിമാനങ്ങളും സൈനിക ദൗത്യങ്ങളും ഉൾപ്പെടെ ഉയരത്തിൽ പറക്കുന്ന സ്വപ്നങ്ങൾ ചേക്കേറിയ കാർഗിൽ യുദ്ധം നടക്കുമ്പോൾ ശുഭാംശുവിന് വെറും പതിന്നാലു വയസ്. നാഷണൽ ഡിഫൻസ് അക്കാഡമിലേക്ക് പ്രവേശന പരീക്ഷയെഴുതിയത് മറ്രൊരാളുടെയും ഉപദേശമോ പ്രോത്സാഹനമോ ഇല്ലാതെ, സ്വന്തം ഇഷ്ടത്തിന്റെ ഇന്ധനത്തിൽ! അക്കാഡമിയിൽ,​ സൈനിക പരിശീലനത്തിനൊപ്പം കംപ്യൂട്ടർ സയൻസിൽ ബിരുദം കൂടി നേടിയ ശുഭാംശുവിനു മുന്നിൽ നിയോഗങ്ങളുടെ യാത്രാപഥം തുറക്കപ്പെടുകയായിരുന്നു. ഇന്ത്യൻ എയർഫോഴ്സ് അക്കാഡമിയിൽ ഫ്ളൈയിംഗ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശുഭാംശു,​ 2006-ൽ വ്യോമസേനയിൽ ഫ്ളൈയിംഗ് ഓഫീസർ ആയി ജോയിൻ ചെയ്തു.

യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ആധുനിക ആകാശയാനങ്ങൾ പറത്തിയതിന്റെ രണ്ടായിരം മണിക്കൂർ പരിചയവുമായാണ് 2019-ൽ അദ്ദേഹം വ്യോമസേനയ്ക്കു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയ്റോസ്‌പേസ് മെഡിസിന്റെ ബഹിരാകാശയാത്രാ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2020-ൽ റഷ്യയിലെ യൂറി ഗഗാറിൻ കോസ്മോനട്ട് ട്രെയിനിംഗ് സെന്ററിൽ പ്രാഥമിക പരിശീലനം. പിന്നീട്,​ ബംഗളൂരുവിലെ തുടർപരിശീലന കാലത്ത് ബംഗളൂരുവിലെ തന്നെ ഐ.ഐ.എസ്‌സിയിൽ നിന്ന് എയ്റോസ്പേസ് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം. ഒടുവിൽ,​ രാകേഷ്ശർമ്മയ്ക്കു ശേഷം,​ രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനായി ശുഭാംശു ശുക്ളയുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് തിരുവനന്തപുരത്തു വച്ചാണ്!- 2024 ഫെബ്രുവരി 27-ന് വി.എസ്.എസ്.സിയിൽ വച്ച് ഇന്ത്യയുടെ ഹ്യുമൻ സ്പേസ്ഷിപ്പ് ദൗത്യത്തിന്റെ പ്രഖ്യാപനത്തിനൊപ്പം.

അന്നു തുടങ്ങിയ കാത്തിരിപ്പിനാണ് ഇപ്പോൾ ശുഭാന്ത്യമായിരിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള പെറ്റി വിറ്ര്‌സൺ,​ പോളണ്ടുകാരനായ സ്ളാവോസ് വിറ്റ്നേവ്സ്കി,​ ഹംഗേറിയനായ ടിബോർ കാപു എന്നിവരാണ് ആക്സിയം ദൗത്യത്തിൽ ശുഭംശുവിന്റെ സഹയാത്രികർ. ഭൂമയിൽ നിന്ന് 28 മണിക്കൂർ യാത്ര പൂർത്തിയാക്കി,​ ഇന്നലെ വൈകുന്നേരം ഇന്ത്യൻ സമയം 4.01- ന് രാജ്യാന്തര ബഹിരാകാശ നിലയവുമായി വിജയകരമായി ഡോക്ക് ചെയ്യുമ്പോൾ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ സെക്കൻഡിൽ എട്ടു കി.മീറ്റർ വേഗതയിൽ ഭൂമിയെ ഭ്രമണം ചെയ്യുകയായിരുന്നു, നിലയം. ഇതുവരെ 23 രാജ്യങ്ങളിൽ നിന്നായി രാജ്യാന്തര ബഹിരാകാശ നിലയം സന്ദർശിച്ചത് 280 യാത്രികരാണ്. ഭാരതത്തിന് ഇത് ഒരു ബഹിരാകാശ യാത്ര മാത്രമല്ല, ആകാശദൗത്യങ്ങളുടെ നിരയിലെ നാഴികക്കല്ലും, നേടാനിരിക്കുന്ന മഹാവിജയങ്ങൾക്കുള്ള ഇന്ധനവുമാണ്. ഭാരതീയർക്കാകട്ടെ, ദേശാഭിമാനത്തിന്റെ ത്രിവർണ കിരീടവും.

TAGS: SHUBHAMSHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.