SignIn
Kerala Kaumudi Online
Friday, 25 July 2025 9.01 AM IST

വെളിനല്ലൂർ സ്കൂൾ വളപ്പിൽ കടമ്പ് വസന്തം

Increase Font Size Decrease Font Size Print Page
photo

കൊല്ലം: വെളിനല്ലൂർ ഗവ. എൽ.പി സ്കൂൾ മുറ്റം നിറയെ കടമ്പ് വസന്തം. മഴക്കാലത്താണ് കടമ്പ് പൂക്കാറുള്ളത്. 'കൊറോണപ്പൂക്കൾ' കാണാൻ കുട്ടികൾക്കും ഏറെ കൗതുകം. കൊവിഡ് കാലത്താണ് കൊറോണ വൈറസിന്റെ ചിത്രത്തിന് സമാനമായ കടമ്പ് പൂക്കൾക്ക് കൊറോണപ്പൂവെന്ന പേര് കിട്ടിയത്.

വെള്ള കലർന്ന ചന്ദന നിറമുള്ള പൂക്കൾക്ക് ചെറിയ സുഗന്ധമേയുള്ളൂവെങ്കിലും വണ്ടുകളും ശലഭങ്ങളും കൂട്ടുകൂടിയെത്തുന്നുണ്ട്. കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ജലാശയങ്ങളുടെ തീരത്തും നനവാർന്ന നിത്യഹരിത വനങ്ങളിലുമാണ് സാധാരണ കടമ്പ് കാണാറുള്ളത്.

സ്കൂൾ വളപ്പിൽ 2014ൽ നക്ഷത്രവനം ഒരുക്കിയപ്പോൾ നട്ട തൈയാണ് പൂവിട്ടത്. കടമ്പിന്റെ തൊലി, പൂവ്, കായ, വേര് എന്നിവ ഔഷധ ഗുണം നിറഞ്ഞതാണ്. സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കും. പന്തുപോലെയാണ് മൊട്ടുകൾ. മാസങ്ങളോളം ഇവ മരത്തിൽ തൂങ്ങി നിന്ന് മഴയെത്തുമ്പോൾ മൊട്ടിടുന്നതാണ് രീതി. കടമ്പ് പൂക്കൾ പൂജാ ചടങ്ങുകളിലും ഉപയോഗിക്കാറുണ്ട്.

ദേവ പരിവേഷം

ശ്രീരാമ കഥകളുമായി ബന്ധമുള്ളതാണ് വെളിനല്ലൂർ ഗ്രാമം. ഇവിടുത്തെ ശ്രീരാമ ക്ഷേത്രവും ചടയമംഗലത്തെ ജടായു ക്ഷേത്രവുമെല്ലാം അതിന്റെ ഭാഗമാണ്. ഗരുഡൻ ദേവലോകത്ത് നിന്ന് അമൃതുമായി വരുംവഴി യമുനാ നദിക്കരയിലെ കടമ്പുമരത്തിൽ വിശ്രമിച്ചതെന്നാണ് ഐതിഹ്യകഥ. ആ സമയം അല്പം അമൃത് മരത്തിൽ വീഴാനിടയായി. കാളിയന്റെ വിഷമേറ്റ് നദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞപ്പോൾ കടമ്പ് മാത്രം കരിയാതെ നിന്നു. കടമ്പിന്റെ കൊമ്പിൽ കയറിയാണ് കൃഷ്ണൻ കാളിയമർദ്ദനത്തിന് യമുനാ നദിയിൽ ചാടിയതെന്നും കഥയുണ്ട്. പുരാണങ്ങളിൽ രാധയും കൃഷ്ണനും പ്രണയ സല്ലാപങ്ങൾ നടത്തിയിരുന്നത് കടമ്പ് മരത്തിന് കീഴിലായിരുന്നുവെന്നാണ് മറ്റൊരു ഐതിഹ്യം.

കടമ്പിന്റെ പൂവ് ആദ്യമായിട്ടാണ് കാണുന്നത്. വല്ലാത്ത കൗതുകമുണ്ട്. കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി.

വി.റാണി, പ്രഥമാദ്ധ്യാപിക