രാഷ്ട്രീയത്തെക്കാൾ സംഗീതത്തെയും കൃഷിയെയും സ്‌നേഹിച്ച മനുഷ്യൻ, എഴുത്തുകാരൻ, 36-ാം വയസിൽ ആഭ്യന്തരമന്ത്രി, നിയമസഭയിൽ അമ്പതു വർഷം പൂർത്തിയാക്കിയ അപൂർവം നേതാക്കളിലൊരാൾ, ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന കേരള കോൺഗ്രസ് നേതാവ്... വിശേഷണങ്ങൾ ഏറെയുള്ള പി.ജെ. ജോസഫ് എന്ന, തൊടുപുഴക്കാരുടെ സ്വന്തം ഔസേപ്പച്ചന് ഇന്ന് ശതാഭിഷേകം. തൊടുപുഴയാർ പോലെ മെലിഞ്ഞും നിറഞ്ഞും കരകവിഞ്ഞും വഴിമാറിയും ഒഴുകിയ ആ ജീവിതം ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ നിറവിലാണ്.
കഴിഞ്ഞ അരനൂറ്റാണ്ടിലെ കേരള രാഷ്ട്രീയ ചരിത്രം കൂടിയാണ് ആ ജീവിതം. പുറപ്പുഴ പാലത്തിനാൽ വീട്ടിൽ പി.ഒ. ജോസഫിന്റെയും അന്നമ്മയുടെയും മകനായി 1941 ജൂൺ 28-ന് ഇടവമാസത്തിലെ ആയില്യം നക്ഷത്രത്തിൽ ജനനം. എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും പിണറായി വിജയനും രംഗപ്രവേശം ചെയ്ത 1970 നിയമസഭാ ബാച്ചിലെ നവാഗതരിൽ ഒരാളായിരുന്നു, അന്ന് 29 വയസ് മാത്രമുള്ള പി.ജെ. ജോസഫും. അന്നു മുതൽ തൊടുപുഴയുടെ സാരഥിയായി ജോസഫ് നിയമസഭയിലുണ്ട്. ഒരു തവണ തൊടുപുഴക്കാർ കൈവിട്ട് പി.ടി. തോമസിനെ ജയിപ്പിച്ചു. മറ്റൊരു തവണ ലോക്‌സഭയിലേക്ക് മത്സരിക്കാനും മാറിനിന്നു. അങ്ങനെ 10 വർഷത്തെ ഇടവേളയൊഴിച്ചാൽ 40 വർഷമായി തൊടുപുഴക്കാരുടെ ജനപ്രതിനിധിയാണ്.
1973-ൽ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായ ജോസഫ് വളരെ പെട്ടെന്നാണ് നേതൃനിരയിലെത്തിയത്. 1977- ൽ കേരള കോൺഗ്രസ് ഉൾപ്പെട്ട ഐക്യമുന്നണിയുടെ സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. 1978 ജനുവരിയിൽ ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം. മാണിയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയും തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് ജോസഫ് നിയോഗിക്കപ്പെട്ടു. അങ്ങനെ അന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി. സെപ്തംബറിൽ മാണിയും സി.എച്ചും കുറ്റവിമുക്തരാണെന്ന കോടതിവിധി വന്ന ദിവസം തന്നെ ജോസഫ് മന്ത്രിസ്ഥാനം രാജിവച്ച് മാതൃക കാണിച്ചതും ചരിത്രം.
എന്നാൽ, അതേ മാണിയുമായി അകന്ന് 1979-ൽ സ്വന്തം പേരിൽ കേരള കോൺഗ്രസ് രൂപീകരിച്ചു. 1980-ൽ രൂപീകൃതമായ ഐക്യജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്) സ്ഥാപക കൺവീനറുമായി. 1980-ൽ കേരള കോൺഗ്രസ് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി. കെ. കരുണാകരൻ മന്ത്രിസഭയിൽ റവന്യു- വിദ്യാഭ്യാസ- എക്‌സൈസ് മന്ത്രിയായി. 1982- 87ൽ റവന്യു ഭവനനിർമ്മാണ വകുപ്പു മന്ത്രി. 1989-ൽ യു.ഡി.എഫുമായി ഇടഞ്ഞ് മൂവാറ്റുപുഴയിൽ നിന്ന് ലോക്‌സയിലേക്കു മത്സരിച്ചെങ്കിലും തോറ്റു. തുടർന്ന് എൽ.ഡി.എഫിലെത്തി. 91-ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. 1996-ലും 2006-ലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തൊടുപുഴയിൽ ജയം.
1996-ൽ വിദ്യാഭ്യാസ, പൊതുമരാമത്ത്, രജിസ്‌ട്രേഷൻ മന്ത്രി. 2001-ൽ പി.ടി. തോമസിനോട് തോൽവി. അതേ പി.ടി. തോമസിനെ വൻഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി 2006-ൽ വീണ്ടും പൊതുമരാമത്ത് മന്ത്രിയായി. വിമാനയാത്രാ വിവാദത്തെ തുടർന്ന് സെപ്തംബറിൽ രാജിവച്ചെങ്കിലും, 2009-ൽ വീണ്ടും മന്ത്രിസ്ഥാനമേറ്റു. 2010-ൽ ഇടതു മന്ത്രിസഭയിൽ അംഗമായിരിക്കെ, രാജിവച്ച് കേരള കോൺഗ്രസ് മാണിഗ്രൂപ്പിൽ ലയിച്ച് വീണ്ടും യു.ഡി.എഫിലെത്തി. 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ജലവിഭവ മന്ത്രിയായി. ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ.എം. മാണി രാജിവച്ചപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പി.ജെ. ജോസഫും മന്ത്രിസ്ഥാനം രാജിവച്ചു. കെ.എം. മാണിയുടെ മരണത്തോടെ പാർട്ടിയിലുണ്ടായിരുന്ന വിള്ളൽ പൊട്ടിത്തെറിയായി മാറി.
രാഷ്ട്രീയ തന്ത്രജ്ഞനായ ജോസഫിന് മാണി ഗ്രൂപ്പിലെ മുതിർന്ന നേതാക്കളെ ഒപ്പം നിറുത്താനും, യു.ഡി.എഫിൽ നിന്ന് ജോസ് കെ. മാണിയെ പുറത്താക്കാനുമായി. 2016-ൽ വീണ്ടും കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021-ലും തൊടുപുഴക്കാർ ജോസഫിനെ നെഞ്ചോടു ചേർത്തു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ഇപ്പോഴും ചുറുചുറുക്കിന് കുറവില്ല. പതിവുപോലെ പുലർച്ചെ നാലിന് എഴുന്നേൽക്കും. പ്രഭാതകർമങ്ങൾക്കു ശേഷം ബി.ബി.സി ഉൾപ്പെടെ അന്താരാഷ്ട്ര ചാനലുകൾ കാണും. പിന്നെ മുറ്റത്തോട് ചേർന്നുള്ള തൊഴുത്തിലേക്ക്. അവിടെ പാട്ടുപെട്ടിയിൽ നിന്ന് പഴയ പാട്ടുകൾ ഒഴുകിയെത്തുന്നുണ്ടാകും. പശുക്കളെയെല്ലാം പേരെടുത്തു വിളിച്ച് വിശേഷം ചോദിക്കും.
പാട്ടുംപാടി
ജയിച്ച കാലം
'പാട്ടുംപാടി ജയിക്കുക"യെന്ന പ്രയോഗം നേരിട്ട് അനുഭവിച്ചയാളാണ് സംഗീത പ്രിയനായ ജോസഫ്. വർഷങ്ങൾക്കു മുമ്പ് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ കാലം. കല്ലൂർകാട് പഞ്ചായത്തിലെ കുളങ്ങാട്ടുപാറയിൽ പ്രസംഗിക്കാൻ പോകണം. സി.പി.എമ്മിന് സ്വാധീനമുള്ള കോളനിയാണ്. സ്ഥലത്തെത്തുമ്പോൾ അർദ്ധരാത്രിയായി. സി.പി.എം പ്രവർത്തകരല്ലാതെ വേറെയാരുമില്ല. കോളനിക്കു നടുക്ക് കെട്ടിയുണ്ടാക്കിയ ചെറിയ പന്തലിൽ ചെന്ന് ജോസഫ് മൈക്ക് കൈയിലെടുത്ത് പാടി- ''താഴമ്പൂമണമുള്ള തണുപ്പുള്ള രാത്രിയിൽ... തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ..." പന്തലിൽ ആളു നിറഞ്ഞു. പ്രസംഗമൊന്നും നടത്താതെ എല്ലാവരെയും കണ്ട് വോട്ടു ചോദിച്ച് തിരിച്ചുപോന്നു. ഫലം വന്നപ്പോൾ ആ ബൂത്തിൽ ഭൂരിപക്ഷം ജോസഫിനായിരുന്നു!
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ , പി.ജെ. ജോസഫിന്റെ മൂത്ത സഹോദരി ത്രേസ്യാമ്മയുടെ ജൂനിയർ ആയിരുന്ന ശാന്തയാണ് പിന്നീട് ജോസഫിന്റെ പ്രണയിനിയായും ജീവിതസഖിയായും മാറിയത്. രണ്ടുവർഷം മുമ്പ് ശാന്ത വിടപറഞ്ഞു. 2020-ൽ മകൻ ജോമോന്റെ (ജോക്കുട്ടൻ- 34) വേർപാടും ഒരിക്കലും നികത്താനാകാത്ത വിടവാണ്. ഇന്ന് ശതാഭിഷേകമാണെങ്കിലും ആഘോഷങ്ങളൊന്നുമില്ല. 'പ്രാർത്ഥന മാത്രമാണ് ആഘോഷമെന്നും, തൊടുപുഴക്കാർ തന്നെയും താൻ തൊടുപുഴക്കാരെയും വിശ്വസിക്കുന്നു"വെന്നും ജോസഫ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |