സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നൽകുകയെന്ന ലക്ഷ്യത്തോടെ, വിപുലമായ പദ്ധതികൾ ഉൾപ്പെടുത്തി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം അഭിനന്ദനീയവും പ്രതീക്ഷകൾ നൽകുന്നതുമാണ്. ഇംഗ്ലീഷിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനും, ആശയവിനിമയം നടത്താനും, പ്രസംഗിക്കാനും ഒക്കെ പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് വളരെ മുമ്പേ തന്നെ വിദ്യാഭ്യാസത്തിന്റെയും വൈജ്ഞാനികതയുടേയും മേഖലകളിൽ ചുവടുറപ്പിച്ചാണ് കേരളം യാത്ര തുടങ്ങിയത്. തിരുവിതാംകൂറിൽ സ്വാതി തിരുനാളിന്റെ കാലത്ത് 1834 ൽ ആരംഭിച്ച രാജാസ് ഫ്രീ സ്കൂളാണ് 1866 ൽ യൂണിവേഴ്സിറ്റി കോളജായി ഉയർന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി ആരംഭിച്ച രാജാസ് സ്കൂൾ ഹെഡ്മാസ്റ്ററായി സ്വാതി തിരുനാൾ കൊണ്ടുവന്നത് നാഗർകോവിലിൽ ഇംഗ്ലീഷ് സ്കൂൾ മേധാവിയായിരുന്ന ജോൺ റോബർട്ട്സ് എന്ന ക്രിസ്ത്യൻ മിഷണറി യെയായിരുന്നു. ക്രൈസ്തവ മിഷണറിമാരുടെ വരവോടെ മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമായി.
ഇങ്ങനെ വിദ്യാഭ്യാസം പുരോഗതിയിലേക്കു പോയെങ്കിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ വേണ്ടത്ര മികവു പുലർത്താൻ നമുക്കു കഴിഞ്ഞില്ല. ഇപ്പോഴാകട്ടെ, ദേശീയ തലത്തിൽ ഇംഗ്ലീഷ് അത്യാവശ്യമല്ല എന്നൊക്കെയുള്ള നിലപാടുകൾ വന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഇംഗ്ളീഷിനായി പുതിയ പദ്ധതി കൊണ്ടുവരുന്നത്. സ്കൂൾ കാലത്തുതന്നെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അർത്ഥവത്താക്കിയാൽ മാത്രമേ നമുക്ക് ഭാഷയെ മെരുക്കിയെടുക്കാൻ കഴിയൂ. പക്ഷെ ഇക്കാലമത്രയും അങ്ങനെയൊരു ഗൗരവം നാം കൊടുത്തിരുന്നില്ല. അടുത്ത കാലം വരെ ഹൈസ്കൂൾ ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് സയൻസ് അദ്ധ്യാപകരോ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകരോ ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ സ്ഥിതി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐശ്ചികമായി പഠിച്ചവരാണ് ഇപ്പോൾ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്.
നമുക്ക് ലോകത്തിന്റെ വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെടാൻ ഇംഗ്ലീഷ് പഠിക്കാതെ നിവൃത്തിയില്ല. ഇംഗ്ളീഷ് പഠിച്ചാൽ ഉന്നത വിദ്യയാർജ്ജിക്കുന്നതിനും തൊഴിൽ ലഭ്യമാകുന്നതിനുംവേണ്ടിയുള്ള യുദ്ധം പാതി ലഭിച്ചുവെന്നാണ് പൊതുവെ പറയാറുള്ളത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ അനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ സ്വായത്തമാക്കാൻ ഇംഗ്ലീഷ് പഠിച്ചെങ്കിലേ കഴിയൂ. നാമിപ്പോൾ ജീവിക്കുന്നതു ഡിജിറ്റൽ കാലത്താണ്. ഏറ്റവും ഒടുവിൽ നിർമിത ബുദ്ധിയും എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടെല്ലാം ഇടപെടാനും അതിലെ നന്മ-തിന്മകൾ വേർതിരിച്ചറിഞ്ഞ് മുന്നേറാനും നമുക്ക് ഇംഗ്ലീഷിനെ ആശ്രയിക്കാതെ തരമില്ല. ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികളുമായി മലയാളികൾ പരിചയപ്പെടുന്നത് അവയുടെ ഇംഗ്ലീഷ് പരിഭാഷയിൽ നിന്നാണ്. വിശ്വസാഹിത്യകാരായ വില്യം ഷേക്സ്പിയറും, ഷെല്ലിയും, ടി.എസ്. എലിയറ്റും തൊട്ട് ടോൾസ്റ്റോയിയും ദസ്തയേവ്സ്കിയും ഗബ്രിയേൽ ഗാർഷ്യ മാർക്വേസും വരെയുള്ളവരെ മലയാളി പരിചയപ്പെട്ടത് ഇംഗ്ലീഷിലൂടെയാണ്. ഇത്തവണത്തെ പത്താം ക്ലാസ്സിലെ ആദ്യപാഠമായി മാർക്വേസിന്റെ പെരും ചിറകുള്ള പടുവൃദ്ധൻ (A Very Old Man With Enormous Wings) എന്ന കഥയും അവസാന പാഠമായി ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ മാർക്ക് ആന്റണിയുടെ വിശ്വപ്രസിദ്ധമായ പ്രസംഗവും ഉൾപ്പെടുത്തിയിരിക്കുന്നത് അത്യന്തം പ്രശംസനീയമാണ്. വിദ്യാർത്ഥികളെ ലോകസാഹിത്യത്തിന്റെ ആകാശങ്ങളിലേക്ക് കൊണ്ടുപോകാനും അവരുടെ ഭാവനയെ പ്രോജ്വലിപ്പിക്കാനും ഉതകുന്നതാണ് ഈ പാഠങ്ങൾ. തീർച്ഛയായും ഇത് കൂടുതൽ അർത്ഥപൂർണമാക്കി ഉയരങ്ങളിലേക്കു കൊണ്ടുപോകാനുള്ള ഉദ്യമമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്നത് . ഇതിനു നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെയും ഞങ്ങൾ അഭിനന്ദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |