SignIn
Kerala Kaumudi Online
Saturday, 26 July 2025 12.01 AM IST

അവരുടെ പാർപ്പിടങ്ങൾ ഇങ്ങനെയാവരുത്

Increase Font Size Decrease Font Size Print Page
d

കേരളത്തിലെ സാമാന്യ ജനജീവിതത്തിന്റെ അവിഭാജ്യ
ഘടകമാണിന്ന് അതിഥി തൊഴിലാളികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികൾ. നിർമ്മാണ രംഗത്തും ഹോട്ടൽ തൊഴിലിനും കൃഷിക്കും വീട്ടുജോലിക്കും തേങ്ങ ഇടാനും റബർ വെട്ടാനുമെല്ലാം അതിഥി തൊഴിലാളികളെയാണ് കേരളം ഇന്ന് മിക്കവാറും ആശ്രയിക്കുന്നത്. നാൽപ്പത് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗികമായ കണക്ക്. ഇവരുടെ യഥാർത്ഥ എണ്ണം സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ ഒരു സർക്കാർ വകുപ്പിന്റെയും പക്കലില്ല എന്നതാണ് വാസ്‌തവം. അവരിൽ പലരും കുടുംബമായിട്ടാണ് താമസിക്കുന്നത്. മക്കൾ സർക്കാർ സ്‌കൂളുകളിൽ പഠിക്കുകയും ചെയ്യുന്നു. ഇനിയൊരു തിരിച്ചുപോക്ക് ഇല്ലാത്തവിധം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയവരും കുറവല്ല. ഇവിടെയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഏതാണ്ട് പൂർണമായും സ്വകാര്യ മേഖലയുടെ കീഴിലാണ് പണിയെടുക്കുന്നത്. സർക്കാർ ജോലികളിലും അവർ കയറിപ്പറ്റുന്ന കാലം വിദൂരത്തല്ല. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടയിൽ അവർ നൽകിയ സംഭാവന വളരെ വലുതാണ്. എന്നിരുന്നാലും മലയാളികൾ പൊതുവെ അവരെ ഇന്നും രണ്ടാംകിട പൗരന്മാരായാണ് വീക്ഷിച്ചുവരുന്നതെന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവരോടുള്ള സമീപനങ്ങളിൽ നിന്നുപോലും മനസ്സിലാക്കാം ഇവർ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പരിശോധനയൊന്നും കൃത്യമായി തൊഴിൽ, തദ്ദേശവകുപ്പുകൾ നടത്തുന്നില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് തൃശൂർ കൊടകരയിൽ ഇരുനില കെട്ടിടം നിലംപൊത്തിയുണ്ടായ അപകടത്തിൽ പശ്ചിമബംഗാളിൽ നിന്നുള്ള ചെറുപ്പക്കാരായ റാബുൾ, അബ്ദുൾ അലാം, റാബുൾ ഇസ്ളാം എന്നീ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടത്. കെട്ടിടത്തിന്റെ കാലപ്പഴക്കവും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയുമാണ് അപകടത്തിനിടയാക്കിയത്. അവിടെ താമസിച്ചിരുന്ന 17 തൊഴിലാളികളും ജോലിക്ക് പോകുവാൻ തയ്യാറെടുക്കവെ രാവിലെ ആറുമണിയോടെയാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വലിയ ശബ്ദവും മറ്റും അനുഭവപ്പെട്ടത്. വീടിന്റെ മുൻവശത്തുകൂടി പുറത്തേക്ക് ഓടിയ നാലുപേരിൽ മൂന്നുപേരാണ് തകർന്നുവീണ കോൺക്രീറ്റ് സ്ളാബുകൾക്കടിയിൽപ്പെട്ട് മരിച്ചത്. കെട്ടിടത്തിന്റെ പിറകുവശത്തുകൂടി ഓടിയവർക്ക് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടാനായി. ഈ അപകടം രാത്രിയിലാണ് നടന്നിരുന്നതെങ്കിൽ വലിയ ഒരു ദുരന്തമായി മാറുമായിരുന്നു. ഇതുപോലുള്ള അപകടങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഇവർ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റിംഗ് അടിയന്തരമായി നടത്താൻ തയാറാവേണ്ടതാണ്. വീട് വാടകയ്ക്ക് എടുത്തുകൊടുക്കുന്ന ലേബർ കോൺട്രാക്ടർമാർക്ക് കമ്മിഷനിൽ മാത്രമായിരിക്കും താൽപ്പര്യം. അല്ലാതെ ഇവരുടെ സുരക്ഷയിൽ യാതൊരു താൽപ്പര്യവും ഉണ്ടാകണമെന്നില്ല. ഗൾഫിലെ പ്രവാസി തൊഴിലാളികളുടെ താമസ സൗകര്യങ്ങളിലെ അപര്യാപ്തതകളെക്കുറിച്ച് വിലപിക്കുമ്പോഴും നമ്മുടെ കൺമുന്നിൽ നടക്കുന്ന ഇത്തരം സംഭവങ്ങളോട് സർക്കാർ അധികൃതർ മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ് തുടരുന്നത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ലേബർ കമ്മിഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ മറ്റു ജില്ലകളിലും ഇവർ താമസിക്കുന്ന ഇടങ്ങളെക്കുറിച്ച് റിപ്പോർട്ട് തേടി ആവശ്യമായ നടപടിയെടുക്കാൻ സർക്കാർ തയാറാകണം. ഇവർക്ക് വേണ്ടി ഇടപെടാനും അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാനും ഒരു സാമൂഹ്യ സംഘടനയും മുന്നോട്ടുവരാത്തത് അപലപനീയമാണ്. അതിഥി തൊഴിലാളികളുടെ പാർപ്പിടങ്ങളുടെ ശോചനീയാവസ്ഥകൾ പരിഹരിക്കേണ്ടത് ആതിഥേയർ എന്ന നിലയിൽ നമ്മുടെ കടമയാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.