SignIn
Kerala Kaumudi Online
Wednesday, 09 July 2025 10.49 AM IST

സ്വാമി ശാശ്വതികാനന്ദയുടെ 23-ാം സമാധി വാർഷികം നാളെ , മാനവികതയുടെ നിലയ്ക്കാത്ത ശബ്ദം

Increase Font Size Decrease Font Size Print Page

kk

ശ്രീനാരായണ ഗുരുദേവന്റെ പാദമുദ്രകൾ പിന്തുടർന്ന് ആഗോളതലത്തിൽ പ്രശസ്തനായ സന്യാസിവര്യനാണ് സ്വാമി ശാശ്വതികാനന്ദ. വിനയംകൊണ്ട് ആരെയും വിസ്മയിപ്പിച്ച സന്യാസി. സമസ്ത വൈജ്ഞാനിക മേഖലകളിലും ജ്ഞാനി. കേരളത്തിന്റെ ആദ്ധ്യാത്മിക സാമൂഹിക ജീവിതത്തിൽ ഒരു പ്രകാശഗോപുരംപോലെ ഉയർന്നുനിന്നു. സ്വാമിയുമായി വ്യക്തിപരമായി അടുത്ത ബന്ധം പുലർത്താൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. സ്വാമിയോടൊപ്പമുള്ള യാത്രകളും സംഭാഷണങ്ങളും അതീവ ഹൃദ്യവും ചിന്തോദ്ദീപകവുമാണ്. ആ സാമീപ്യ സമ്പർക്കത്തിന്റെ സൗഭാഗ്യം ആത്മഹർഷമുണർത്തുന്ന ഓർമ്മകളാണ്.

കുടുംബസദസുകളിൽ സ്വാമി എത്തുമ്പോൾ വീട്ടുമുറ്റത്ത് ജനങ്ങൾ തടിച്ചുകൂടുകയും ആവലാതികൾ ഉണർത്തുകയും ചെയ്യും. സ്വാമിയുടെ സ്നേഹമധുരമായ വാക്കുകൾ ആരുടെയും ഹൃദയം കവരും. കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ സാന്ത്വനഗീതം പോലെ അത് ആശ്വാസദായകമാണ്. 51-ാം വയസിൽ മിന്നിമറഞ്ഞ ആ ജീവിതത്തിന്റെ ധന്യത അവിസ്മരണീയമായ അനുഭവമാണ്. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും കർമ്മകുശലതയും ഊർജ്ജസ്വലതയും എക്കാലവും ഓർമ്മിക്കപ്പെടും. ആ സ്മരണ പ്രചോദനത്തിന്റെ സൂര്യതേജസായി ജ്വലിച്ചുനിൽക്കും.

ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യബാച്ച് വിദ്യാർത്ഥിയായ ബ്രഹ്മചാരി ശശിധരനാണ് 1977-ൽ സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി ശാശ്വതികാനന്ദയായി ഉയർന്നത്. കരതലത്തിൽ ഭിക്ഷ സ്വീകരിച്ചും വൃക്ഷച്ചുവട്ടിൽ വിശ്രമിച്ചും സന്യാസാദർശം സ്വാംശീകരിച്ച തീർത്ഥാടനകാലത്തെ അസുലഭമായ അനുഭവങ്ങൾ സ്വാമി രേഖപ്പെടുത്തിയിട്ടുണ്ട്. തപോനിഷ്ഠയിലൂടെ സ്ഫുടം ചെയ്തെടുത്ത മനസോടെയാണ് സന്യാസി സംഘത്തിൽ അംഗമാകുന്നത്. മുപ്പത്തിമൂന്നാം വയസിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റാവാൻ ഇന്നേവരെ ഒരു സന്യാസിക്കു മാത്രമേ കഴിഞ്ഞിട്ടുള്ളു- സ്വാമി ശാശ്വതികാനന്ദയ്ക്കു മാത്രം.

മതേതരത്വത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള ഒരിക്കലും നിലയ്ക്കാത്ത ശബ്ദമാണ് ശാശ്വതികാനന്ദ സ്വാമിയിൽ നിന്ന് കേരളം ശ്രവിച്ചത്. മതാതീത ആത്മീയതയുടെ ഉണർത്തുഗീതങ്ങളായി ഗുരുധർമ്മത്തെ ഉയർത്തിക്കാട്ടി,​ ഒരു പോരാളിയെപ്പോലെ നിർഭയനായി ജ്വലിച്ചുനിന്ന സ്വാമി ആധുനിക കേരളത്തെ അതിഗാഢമാംവിധം അഭിസംബോധന ചെയ്തു. ആത്മീയതയെ വിഭാഗീകരിക്കുകയും,​ ദൈവത്തെ സങ്കുചിത ചിന്തകളുടെ ഉറവിടമാക്കുകയും ചെയ്യുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ആത്മീയ അനർത്ഥങ്ങൾക്കു നേരെയുള്ള ശക്തമായ താക്കീതും മുന്നറിയിപ്പുമായി ആ ദാർശനിക സമരം മാറി. അലസബുദ്ധിയോടെ ഉറങ്ങുകയായിരുന്നില്ല; ഗുരുധർമ്മത്തിനുവേണ്ടി ധാർമ്മിക ജാഗ്രതയോടെ പൊരുതുകയായിരുന്നു അദ്ദേഹം. ഗുരുദർശനത്തിന്റെ പ്രകാശം പരത്തുന്ന കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം നേടാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്ന ആശയപ്രചാരണവും കർമ്മപദ്ധതിയുമാണ് സ്വാമി ആവിഷ്കരിച്ചത്.

മാനവികതയെയും ആത്മീയതയെയും സമതുലിതവും ക്രിയാത്മകവുമാക്കുന്ന മതസമന്വയത്തിന്റെ ശാസ്ത്രീയ പദ്ധതിയായിട്ടാണ് ഗുരുദർശനത്തെ അദ്ദേഹം അവതരിപ്പിച്ചത്. ശാസ്ത്രീയവും ജീവിതഗന്ധിയുമായ മതേതര വീക്ഷണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള സ്വാമിയുടെ നിരീക്ഷണ നിഗമനങ്ങൾക്ക് സവിശേഷമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഭാരതം വിഭാവനം ചെയ്യുന്ന മതേതര സങ്കല്പത്തിന്റെ ആത്മാവിലേക്ക് പ്രവേശിക്കണമെങ്കിൽ ഗുരുദർശന മഹിമയിലേക്ക് കടന്നുചെല്ലണമെന്ന സുവ്യക്തവും സുചിന്തിതവുമായ നിലപാടാണ് സ്വീകരിച്ചത്. ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ബഹുമുഖവും സങ്കീർണവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നവർക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന വഴിവിളക്കായി ഗുരുദേവ ദർശനത്തെ സ്വാമി ഉയർത്തിക്കാട്ടി.

ജാതിയുടെ സങ്കുചിത ചിന്തകളും മതത്തിന്റെ വിഭാഗീയ ശാഠ്യങ്ങളും അരങ്ങു തകർക്കുന്ന സമകാലീന സന്ദർഭത്തിൽ മതവിമുക്ത ആത്മീയതയുടെ സന്ദേശവാഹകനായി ശാശ്വതികാനന്ദ സ്വാമി നടത്തിയ ദീർഘപ്രയാണം ചരിത്രത്തിലെ ഉജ്ജ്വലവും തിളക്കമാർന്നതുമായ ഒരദ്ധ്യായമാണ്. ശ്രീനാരായണ ഗുരുദേവ വ്യക്തിത്വത്തിന്റെ സമ്പൂർണതയും ദർശനത്തിന്റെ സമഗ്രതയും ഉൾക്കൊണ്ടുകൊണ്ടുള്ള ആ മഹാജ്ഞാനിയുടെ ജീവിതയാത്ര മലയാളികളുടെ മനസിൽ അത്ഭുതാദരങ്ങളാണ് ഉണർത്തിയത്. ആ ഓർമ്മപോലും പ്രബുദ്ധമായ ഒരു പ്രചോദനമാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.