SignIn
Kerala Kaumudi Online
Wednesday, 09 July 2025 4.12 PM IST

കാലത്തെ നമസ്‌കരിക്കുന്ന കാലാവസ്ഥാ ദർശനം  

Increase Font Size Decrease Font Size Print Page
a

കാലാവസ്ഥാ വ്യതിയാനം സ്വാഭാവികമില്ല. അത് മനുഷ്യനിർമ്മിതമാണ്. അതിന്റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെടുകയാണ്. ഇന്റർ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (IPCC) ആറാമത് റിപ്പോർട്ട്, വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള (1850-1900) നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ 2011-20 ദശകത്തിൽ ഭൂമിയുടെ താപനില 1.1 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വികസിത രാജ്യങ്ങൾ ആഗോള കാർബൺ ബഡ്ജറ്റിന്റെ ആനുപാതികമല്ലാത്ത പങ്ക് കൈവശപ്പെടുത്തുന്നത് തുടരുകയും,​ കാലാവസ്ഥാ നടപടികൾ പ്രോത്സാഹിപ്പിക്കാനുള്ള നിർവഹണ ചെലവുകൾ വഹിക്കാൻ വിസമ്മതിക്കുകയും ചെയ്യുകയാണ്.

കാലാവസ്ഥാ കാര്യനിർവഹണത്തോടുള്ള ഇന്ത്യയുടെ സമീപനങ്ങൾ കാലാതീതമായ വേദ ജ്ഞാനത്തിലാണ് അനുരണനം കണ്ടെത്തുന്നത്. ഒരു വശത്ത്, ആഗോള സമൂഹം പലപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന്റെ "അപ്രിയ സത്യങ്ങളിൽ"- അതായത്,​ വർദ്ധിച്ചുവരുന്ന താപനില, ക്രമംതെറ്രിയ ഋതുക്കൾ,​ വർദ്ധിക്കുന്ന ദുരന്തങ്ങൾ എന്നിവയിൽ- ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറുവശത്ത് നമ്മളാകട്ടെ,​ 'ഹിതകരമായ പ്രവർത്തന"ത്തെ പിന്തുണയ്ക്കുന്നു. സാംസ്കാരിക ധാർമ്മികതയിൽ വേരൂന്നിയ നമ്മുടെ ഈ സമീപനം, കഴിഞ്ഞ പതിനൊന്നു വർഷമായി ഇന്ത്യയെ അവബോധമുള്ള ആഗോള കാലാവസ്ഥാ പൗരൻ എന്ന നിലയിലേക്ക് ഉയർത്തിയിരിക്കുന്നു.

വേദജ്ഞാനവും

ആധുനികതയും

'നമ്മൾ ഭൂമിയിൽ നിന്ന് എന്ത് കുഴിച്ചെടുക്കുന്നുവോ, അത് വേഗത്തിൽ വളരട്ടെ, ഭൂമിയുടെ ജീവശക്തിയെ ഹനിക്കുകയോ ഹൃദയത്തെ മുറിപ്പെടുത്തുകയോ ചെയ്യരുത്" എന്ന അഥർവ വേദത്തിലെ ഒരു വാക്യം, ആധുനിക കാലാവസ്ഥാ ശാസ്ത്രം ഉരുത്തിരിയുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പുള്ള പുനരുത്പാദന, പ്രകൃതിവിഭവ പരിപാലന തത്വങ്ങളെ ഉദ്‌ഘോഷിക്കുന്നു. കാലാവസ്ഥാ പ്രവർത്തനത്തോടുള്ള നമ്മുടെ സമീപനം ഈ പൗരാണിക ധാരണയെ സമകാലിക നയ ചട്ടക്കൂടുകളിലേക്ക് ഇഴചേർത്തതാണ്. പരമ്പരാഗത ജ്ഞാനത്തിന്റെയും ആധുനിക കർമ്മശേഷിയുടെയും സവിശേഷമായ സമന്വയം സൃഷ്ടിച്ചുകൊണ്ടുള്ള ഈ സമീപനത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലളിതവും അതേസമയം ഗഹനവുമായ ഭരണപരമായ തീരുമാനത്തിലൂടെ തന്റെ കാലാവസ്ഥാ പ്രതിബദ്ധതയും ദീർഘവീക്ഷണവും പ്രകടമാക്കുന്നത്.

വനം, പരിസ്ഥിതി മന്ത്രാലയത്തിനൊപ്പം 'കാലാവസ്ഥാ വ്യതിയാനം" കൂട്ടിച്ചേർത്തുകൊണ്ട്, കാലാവസ്ഥാ പ്രവർത്തനത്തെ കേവലം ബാഹ്യ ആശങ്ക എന്നതിൽ നിന്ന് ഭരണപരമായ മുൻഗണന എന്ന നിലയിലേക്ക് അദ്ദേഹം ഉയർത്തി. 2015-ൽ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള 'നാഷണൽ അഡാപ്റ്റേഷൻ ഫണ്ടി"ന്റെ സൃഷ്ടി ഈ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്. ഇതിലൂടെ കാലാവസ്ഥാ പ്രതിരോധത്തിനായി സംസ്ഥാനങ്ങൾക്ക് സമർപ്പിത വിഭവങ്ങൾ ലഭ്യമാക്കി. വിവിധ സംസ്ഥാന സർക്കാരുകൾ സ്വന്തം കാലാവസ്ഥാ വ്യതിയാന വകുപ്പുകൾ സൃഷ്ടിച്ചുകൊണ്ട് ഭാവനാത്മകമായി പ്രതികരിച്ചു. അങ്ങനെ കാലാവസ്ഥാ പ്രവർത്തനങ്ങളുടെ ഒരു ഫെഡറൽ ചട്ടക്കൂട് സൃഷ്ടിക്കപ്പെട്ടു.

2015-ൽ ഇന്ത്യ ആഗോള കാലാവസ്ഥാ ചർച്ചകളിൽ സുപ്രധാന പങ്ക് വഹിച്ചു. പ്രധാനമന്ത്രി തന്നെ പാരീസിൽ സന്നിഹിതനാവുകയും പാരീസ് കരാർ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. കാലാവസ്ഥാ പ്രതിബദ്ധതകളെ ഭാരമായി കാണുന്ന രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആഗോള സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ പ്രതിഫലനമെന്ന നിലയിൽ, അതേ വർഷം പാരീസിൽ നടന്ന COP21-ൽ ആദ്യമായി 'നാഷണൽ ഡിറ്റർമൈൻഡ് കോൺട്രിബ്യൂഷൻസ്" (NDC) രൂപപ്പെടുത്തിക്കൊണ്ട് മൂർത്തമായ നടപടകളിലേക്ക് ഇന്ത്യ കടന്നു. പാരീസ് കരാർ ഒപ്പിട്ട 2015-ൽ ആരംഭിച്ച ഒരു സുപ്രധാന സംരംഭമായിരുന്നു അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ (ISA) രൂപീകരണം. ഇപ്പോൾ 120-ലധികം രാജ്യങ്ങൾ അതിൽ അംഗത്വമെടുത്തിരിക്കുന്നു.

ഊർജ്ജത്തിന്

സൂര്യവന്ദനം

സൗരോർജ്ജ സമ്പന്നമായ രാജ്യങ്ങൾക്ക് ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾക്കായി സഹകരിച്ചു മുന്നേറാനുള്ള വേദി എന്ന നിലയിലാണ് ഈ സഖ്യം സ്ഥാപിക്കപ്പെട്ടത്. പുനരുപയോഗ ഊർജ്ജത്തിനു നൽകിയ പ്രചോദനത്തിന്റെ ഫലമായി, 2014-ൽ വെറും 76 GW (ജിഗാ വാട്ട്. ഒരു മില്യൻ വാട്ട് അഥവാ ആയിരം മെഗാവാട്ട് ആണ് ഒരു ജിഗാവാട്ട്)​ ആയിരുന്ന പുനരുപയോഗ ഊർജ്ജ സ്ഥാപിത ശേഷി 2025 മാർച്ചിൽ 220 GW ആയി വർദ്ധിച്ചു. 2030 ആകുമ്പോഴേക്കും ഇത് 500 GW-ൽ എത്തിയേക്കും. സ്ഥാപിത ശേഷിയുടെ കാര്യത്തിൽ ഇന്ത്യ പുനരുപയോഗ ഊർജ്ജത്തിലും കാറ്റിൽ നിന്നുള്ള ഊർജ്ജത്തിലും നാലാം സ്ഥാനത്തും, സൗരോർജ്ജത്തിൽ മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനം വികസിത ഭാരതം എന്ന കാഴ്ചപ്പാടിന് അനുപൂരകമാണ്. 2024-ൽ പൗര കേന്ദ്രീകൃതമായ രണ്ട് പരിവർത്തന സംരംഭങ്ങൾക്ക് ഇന്ത്യ തുടക്കം കുറിച്ചു. 'പ്രധാൻമന്ത്രി സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന" സൗരോർജ്ജ ലഭ്യതയെ ജനാധിപത്യവത്കരിച്ചു. ഒപ്പം 'ഏക് പേഡ് മാ കേ നാം" (അമ്മയുടെ പേരിൽ ഒരു മരം) എന്ന പേരിൽ വനവത്കരണത്തിനായുള്ള ബഹുജന പ്രസ്ഥാനം ആരംഭിച്ചു. ഇവയിലൂടെ കാലാവസ്ഥാ പ്രവർത്തനത്തിന് സംഭാവന നൽകാൻ ഓരോ പൗരനെയും പ്രാപ്തമാക്കി. ഊർജ്ജ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് ആണവോർജ്ജത്തെ ഒരു നിർണായക ഘടകമായി അംഗീകരിച്ചുകൊണ്ട് ഈ വർഷം വികസിത ഭാരതത്തിനായുള്ള ദേശീയ ഊർജ്ജ ദൗത്യവും ദേശീയ ഉത്പാദന ദൗത്യവും ആരംഭിച്ചു.

2025-26 ലെ കേന്ദ്ര ബഡ്ജറ്റിൽ 20,000 കോടി രൂപ വകയിരുത്തിയ ആണവോർജ്ജ ദൗത്യം, ചെറുകിട മോഡുലാർ റിയാക്ടറുകളുടെ ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2033- ഓടെ തദ്ദേശീയമായി രൂപകല്പന ചെയ്ത ഇത്തരം അഞ്ച് റിയാക്ടറുകളെങ്കിലും വികസിപ്പിക്കുക, ഇന്ത്യയെ പുതുതലമുറ ആണവ സാങ്കേതികവിദ്യയിൽ നേതൃസ്ഥാനത്തേക്ക് ഉയർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. പരിസ്ഥിതി സൗഹൃദ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിഗത ആവശ്യകതകളുമായി ബന്ധപ്പെട്ടും ഇന്ത്യ കാലാവസ്ഥാ നടപടികൾ സ്വീകരിച്ചു വരികയാണ്. കാലാവസ്ഥാ നടപടികളെ സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒരു ബഹുജന പ്രസ്ഥാനമാക്കി ഇന്ത്യ മാറ്റി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.