നിലമ്പൂരിൽ എം. സ്വരാജ് എന്തുകൊണ്ട് തോറ്റു?എത്ര ആലോചിച്ചിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന് വ്യക്തമായ ഉത്തരം കിട്ടുന്നില്ല. ഒരു കാര്യം ഉറപ്പ്. നിലമ്പൂരിൽ 'വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ബൂർഷ്വാസികളും തക്കംപാർത്ത് ഇരിക്കുകയായിരുന്നു." അല്ലെങ്കിൽപ്പിന്നെ, കഴിഞ്ഞ രണ്ടുതവണ ഇടതുപക്ഷം ജയിച്ച
മണ്ഡലത്തിൽ പാർട്ടിയുടെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിറുത്തിയിട്ടും പതിനായിരത്തിലേറെ വോട്ടിന് എങ്ങനെ തോറ്റു? നമ്മൾ വഞ്ചകനെന്നു വിളിച്ച് പാടെ അവഗണിച്ച പി.വി. അൻവറിന്റെ പെട്ടിയിൽ പത്തൊമ്പതിനായിരത്തിലേറെ വോട്ട് എങ്ങനെ വീണു?
സ്വരാജിന് കിട്ടേണ്ട വോട്ടു കൂടി അൻവർ പിടിച്ചു. കഴിഞ്ഞ ഒമ്പതു കൊല്ലം ഇടതുപക്ഷ എം.എൽ.എയായിരുന്ന അൻവറിനാണ് നിലമ്പൂരിൽ പിണറായി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഗുണം കിട്ടിയത്; സ്വരാജിനല്ല! അല്ലെങ്കിൽത്തന്നെ, വായിക്കുകയും പഠിക്കുകയും എഴുതുകയും ചെയ്യുന്ന സ്വരാജിനെ
സ്ഥാനാർത്ഥിയാക്കിയത് മഹാ അപരാധം പോലെയാണ് യു.ഡി.എഫും ചില ബുദ്ധിജീവികളും ചിത്രീകരിച്ചത്. ഇനി, വോട്ടർമാരും അങ്ങനെ ചിന്തിച്ചതാവുമോ?അവരും അത്രയേറെ അക്ഷരവിരോധികളോ? സ്വരാജിന് വിജയം നൂറു ശതമാനം ഉറപ്പാണെന്ന് പ്രചാരണ കാലത്ത് വെറുതെ തട്ടിവിട്ടതല്ലേ?
അവിടെ ഇടതുപക്ഷത്തിന് 40,000 രാഷ്ട്രീയ വോട്ടേയുള്ളൂ. അപ്പോൾ, അവറിന് 2021-ൽ കിട്ടിയതിനേക്കാൾ 15,000 വോട്ട് സ്വരാജിന് കുറഞ്ഞത് എങ്ങനെയെന്ന് ചോദിക്കരുത്. ആർ.എസ്.എസുമായി സി.പി.എം മുമ്പ് സഹകരിച്ചിട്ടുണ്ടെന്ന വിടുവായത്തം നിലമ്പൂരിലെ പ്രചാരണത്തിന്റെ പതിനൊന്നാം മണിക്കൂറിൽ തട്ടിവിട്ടതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ശാസിച്ചെന്നത് കള്ളവാർത്ത. അത് പടച്ചുവിട്ട പത്രങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്നാണ് ഗോവിന്ദൻ മാഷിന്റെ ഭീഷണി. അമൂർത്തമായ കാര്യങ്ങൾ മൂർത്തമാണെന്ന് ചിത്രീകരിക്കുന്നവർ!
അയൽവീടിന്റെ ഉത്തരത്തിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്നതും പോയി, കക്ഷത്തിരുന്നതും പോയി എന്ന ഗതികേടിലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പി.വി. അൻവർ. പിണറായിസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇടതു ക്യാമ്പിൽ നിന്ന് മറുകണ്ടം ചാടി. അവിടെ അവർ മാലയിട്ട് വരവേൽക്കുമെന്ന് കരുതിയെങ്കിലും പുറത്തു നിറുത്തി വെയിൽ കൊള്ളിച്ചു. ഒടുവിൽ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ യു.ഡി.എഫിന്റെ വാതിലിൽ മുട്ടി. തുറക്കുന്നില്ല. എല്ലാം ആ വി.ഡി. സതീശന്റെ പണിയാണ്. സതീശനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണം. അല്ലെങ്കിൽ, അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണത്തിൽ വന്നാൽ ആഭ്യന്തരമന്ത്രി സ്ഥാനം
കിട്ടണം! അവിടെ ആരും മൈൻഡ് ചെയ്തില്ല.
വാതിലടച്ചെന്ന് സതീശൻ. കറിവേപ്പിലയാക്കിയെന്ന് പിണറായി വിജയന്റ പരിഹാസം. കറിവേപ്പിലയ്ക്കും ഗുണമുണ്ടെന്ന് മറുപടി പറഞ്ഞ അൻവർ സ്വതന്ത്രനായി പയറ്റി അതു തെളിയിച്ചു. പക്ഷേ, വിലപേശലിന് ഇല്ലെന്നു പറഞ്ഞ് സതീശൻ കൈമലർത്തി. അവിടെ, തന്നെ സഹായിക്കുമെന്നു കരുതിയവർക്കും മിണ്ടാട്ടമില്ല. വീണ്ടും പെരുവഴി ശരണം. തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോൾ തന്നെ വിളിക്കാതിരിക്കില്ല. അതുവരെ പുറത്തു നിന്ന് വെയിൽ കൊള്ളാം. ഇക്കരെ നിന്നപ്പോൾ അക്കരെപ്പച്ച തേടിയത് കാലക്കേടായോ?
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് നേടിയ വിജയത്തിന്റെ യഥാർത്ഥ ക്രെഡിറ്റ് അൻവറിനെപ്പോലും അടുപ്പിക്കാതെ ഒറ്റയ്ക്ക് തേർ തെളിച്ച വി.ഡി. സതീശനാണെന്ന കാര്യത്തിൽ കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രിയാവാൻ ഉടുപ്പു തയ്പിച്ച് കാത്തിരിക്കുന്നവർ ഒഴികെ മറ്റാർക്കും സംശയമില്ല. പാർട്ടി പ്രവർത്തകർ തന്നെ ക്യാപ്ടനെന്ന് വിളിച്ചപ്പോൾ സതീശൻ വിനയംകൊണ്ട് തല കുനിച്ചു. നിലമ്പൂരിലെ വിജയത്തിന്റെ ക്രെഡിറ്റ് തനിക്കു മാത്രമല്ല, യു.ഡി.എഫിലെ എല്ലാ നേതാക്കൾക്കും അവകാശപ്പെട്ടതാണെന്നു പറഞ്ഞിട്ടും ചില നേതാക്കൾക്ക് മുറുമുറുപ്പ്. അങ്ങനെ ഒരാളെ മാത്രം ആളാകാൻ വിടരുത്.
ഇപ്പോൾ മൗനം പാലിച്ചാൽ ജീവിതാഭിലാഷമായ മുഖ്യമന്ത്രിക്കസേര ആണുങ്ങൾ കൊണ്ടുപോകും. പിന്നെ വിലപിച്ചിട്ട് കാര്യമില്ല. 'ഞാൻ മുമ്പ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിരവധി ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിച്ചു. അന്ന് എന്നെ ആരും ക്യാപ്ടൻ പോയിട്ട് കാലാൾ എന്നുപോലും വിളിച്ചില്ല"- രമേശ് ചെന്നിത്തലയുടെ പരിഭവം. അപകടം മണത്ത സതീശൻ അതോടെ കൂടുതൽ വിനയാന്വിതൻ. 'ഞാൻ ക്യാപ്ടനെങ്കിൽ രമേശ് മേജറാണ്." അപ്പോൾ,ഉടുപ്പ് തുന്നിവച്ച മറ്റ് മേജർമാരോ? ഓട്ടത്തിൽ സതീശൻ ഒരുപടി മുന്നിലെത്തിയോ എന്നാണ് അവരുടെയും സംശയം.
കാറ്റുള്ളപ്പോൾ തൂറ്റണം എന്നാണല്ലോ. നിരാശപ്പെടേണ്ട. ഇനിയും വരും കാറ്റ്; കരുതിയിരിക്കാം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് എങ്ങാനും തോറ്റിരുന്നെങ്കിലോ? അൻവറിനെ കൂട്ടാത്തതിന്റെ പേരിൽ എല്ലാവരും ചേർന്ന് തന്റെ തലയിൽ തീ കോരിയിടുമായിരുന്നില്ലേ?സതീശൻ ഊറിച്ചിരിക്കുന്നു.
ജാതിഭ്രാന്ത് കൊടികുത്തി വാണിരുന്ന കാലത്താണ് കേരളത്തെ ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചത്. സങ്കുചിത മതതാത്പര്യങ്ങൾ കേരളത്തെ വീണ്ടും ഭ്രാന്താലയത്തിലേക്ക് മടക്കിക്കൊണ്ടുപോവുകയാണോ എന്ന ഉത്കണ്ഠയാണ് വീണ്ടും ഉയരുന്നത്. മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും, പിരിമുറുക്കവും സമ്മർദ്ദവും ഇല്ലാതാക്കുന്നതിനും അനുയോജ്യമെന്ന് പൊതുവെ കരുതപ്പെടുന്ന സൂംബ നൃത്തം കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്നതിനെച്ചൊല്ലിയാണ് പുതിയ കോലാഹലം.
ലഹരി വിരുദ്ധ പോരാട്ടത്തിനുള്ള ഒത്തൊരുമയുടെ ഭാഗമാണ് ഇതെന്ന് സർക്കാർ. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നൃത്തം ചെയ്യുന്നത് സംസ്കാരത്തിനും സദാചാരത്തിനും വിരുദ്ധമാണെന്ന് ചില മുസ്ലിം മതവിഭാഗങ്ങൾ. ലഹരി വിരുദ്ധ പോരാട്ടവും സൂംബ നൃത്തവും തമ്മിൽ എന്താണ് ബന്ധമെന്നാണ് അവരുടെ ചോദ്യം. ലഹരിക്കെതിരായ കൂട്ടയോട്ടം പോലുള്ള ഒരു കായിക വിനോദമാണ് ഇതെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും മറ്റും മറുപടി
'വിസ്ഡം സ്റ്റുഡന്റ്സ്" പോലുള്ള സംഘടനകൾക്ക് ദഹിക്കുന്നില്ല. സൂംബ നൃത്തമെന്ന പേരിൽ അല്പവസ്ത്രധാരികളായ സ്ത്രീകളുടെ അഴിഞ്ഞാട്ടമാണിതെന്ന് വരുത്താൻ ചില യൂ ട്യൂബ് ചാനലുകളെ അവർ കൂട്ടുപിടിക്കുന്നു.
പക്ഷേ,സ്കുളുകളിൽ കുട്ടികൾ അവരുടെ യൂണിഫോം ധരിച്ചുകൊണ്ട് തന്നെയാണ് സൂംബ നൃത്തം ചെയ്യുന്നത്. തലയിൽ തട്ടമിട്ടു വരുന്ന മുസ്ലിം പെൺകുട്ടികൾക്കും അതേ വേഷത്തിൽ പങ്കെടുക്കാമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
എന്നിട്ടും സൂംബ നൃത്തത്തെ ചിലർ കണ്ണടച്ച് എതിർക്കുന്നത് സ്ത്രീ വിരുദ്ധതയും താലിബാനിസവും ആണെന്നാണ് വിമർശനം. ഭൂമി പരന്നതാണെന്ന് മതവിശ്വാസം. അതല്ല, ഉരുണ്ടതാണെന്ന് ശാസ്ത്രം. മതവിശ്വാസം ആധാരമാക്കിയാൽ ഭൂമി പരന്നതാണെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടി വരും. ശാസ്ത്രം ജയിക്കുമ്പോൾ മനുഷ്യൻ തോൽക്കരുത്. ആശങ്കകൾ ഉള്ളവരെ വിളിച്ച് ചർച്ച ചെയ്ത് പരിഹരിക്കണം. കുടലെടുത്ത് കാണിച്ചാലും
വാഴനാരെന്ന് പറയുന്നവരെ വെറുതെ വിടുക.
കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന് ജാനകിയുടെ പേര് നൽകുന്നതിനെച്ചൊല്ലിയാണ് മറ്റൊരു പോര്. ജാനകി, രാമായണത്തിലെ സീതയുടെ
പര്യായമാണെന്നും, ഈ സിനിമയിലെ ജാനകിയുടെ പ്രവൃത്തി സദാചാരത്തിനു ചേരാത്തതിനാൽ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡിന്റെ കല്പന. യഥാർത്ഥത്തിൽ മതഭ്രാന്തിന്റെ മൊത്തക്കച്ചവടക്കാർ ഇത്തരക്കരല്ലേ എന്നതാണ് ഉയരുന്ന ചോദ്യം.
ജാനകി എന്ന് കഥാപാത്രങ്ങൾക്ക് പേരുള്ള എത്രയോ സിനിമകൾ മലയാളത്തിൽത്തന്നെ ഇറങ്ങിയിരിക്കുന്നു. ഇങ്ങനെ പോയാൽ മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു മതത്തിലെ ഏതൊക്ക പേരുകൾ സിനിമയിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് സിനിമാക്കാരുടെ ചോദ്യം. അറിവ് വെളിച്ചമാണ്. വെളിച്ചം ദു:ഖമാണുണ്ണി, തമസല്ലോ സുഖപ്രദം എന്നു കരുതിയിരുന്നാൽ കൂപമണ്ഡൂകങ്ങളാവുമെന്നത് ചരിത്രസത്യം.
നുറുങ്ങ്:
□ സി.പി.ഐയിലെ പുതിയ നേതൃത്വത്തിന് തന്നെപ്പോലുള്ള വയസന്മാരോട് അലർജിയെന്ന് മുൻ മന്ത്രി കെ.ഇ. ഇസ്മായിൽ.
■ പഴുത്ത പ്ലാവില വീഴുന്നത് നോക്കിയാവും പച്ച പ്ലാവിലയുടെ ഇരിപ്പ്. അതും നാളെ പഴുക്കുമെന്നോർത്ത് സമാധാനിക്കുക!
(വിദുരരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |