പിതാവ് സി പി ചാക്കോയുടെ മരണമുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. തന്റെ ജീവിതത്തിൽ ഇത്തരമൊരു സംഭവം കടന്നുവരുന്നതുവരെ എല്ലാ അപകടങ്ങളും മരണങ്ങളും വാർത്തകൾ മാത്രമായിരുന്നുവെന്നും ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ പാലക്കോടിന് സമീപം ഹൊസൂർ ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പരിക്കേറ്റിരുന്നു. അമ്മ മേരി കാര്‍മലിനും സഹോദരന്‍ ജോ ജോണിനും പരിക്കേറ്റിരുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഷൈൻ ടോം ചാക്കോ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും നടൻ മമ്മൂട്ടിയെക്കുറിച്ചും പറഞ്ഞത്.
'ഞാൻ ചെയ്യുന്നത് ശരിയാണെന്ന് ചിന്താഗതിയായിരുന്നു എന്റേത്. ഞാൻ ഒരോന്ന് തിരിച്ചറിയാൻ തുടങ്ങിയതോടെ ഡാഡി വലിയ സന്തോഷത്തിലായിരുന്നു. റീഹാബിലിറ്റേഷനിലെ ചികിത്സ ആരംഭിച്ചതോടെ രാത്രി സമയങ്ങളിൽ നല്ല വിശപ്പായിരുന്നു. അതുകൊണ്ട് പാതിരാത്രികളിൽ ബിസ്കറ്റ് കഴിക്കുന്ന ശീലമുണ്ടായിരുന്നു. യാത്രയ്ക്കിടയിലും ഡാഡി എനിക്ക് ബിസ്കറ്റ് തന്നിരുന്നു. അങ്ങനെ ഉറങ്ങി. അപകടം സംഭവിച്ചതിനുശേഷമാണ് ഞാൻ ഉണർന്നത്. അപകടങ്ങളൊക്കെ എനിക്ക് ആദ്യമൊക്കെ കാഴ്ചകളായിരുന്നു. മറ്റുളളവരുടെ അച്ഛനോ അമ്മയോ മരിക്കുക എനിക്ക് വാർത്തകൾ മാത്രമായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങി ആരെങ്കിലും രക്ഷിക്കണേയെന്നുപറഞ്ഞ് ഞാൻ കരയുകയായിരുന്നു. ഇനി എനിക്ക് മമ്മിയെ വേദനിപ്പിക്കാൻ കഴിയില്ല. എന്നെ ഇഷ്ടപ്പെടുന്നവർ ഞാൻ കാരണം ഒരുപാട് വിഷമിച്ചിട്ടുണ്ട്.
ഒരു നടന്റെ ലഹരി സിനിമയാണ്. ആ ലഹരികൊണ്ടാണ് എല്ലാവരും മുന്നോട്ട് പോകുന്നത്. ഞാനുമായി ബന്ധപ്പെട്ട് നിൽക്കുന്നയാളുകൾക്കുവേണ്ടിയാണ് ഞാൻ ലഹരി ഉപയോഗം നിർത്തിയത്. തിരിച്ചറിവുണ്ടായി. എന്റെ ശീലങ്ങൾ അഭിനയത്തെയും സിനിമയെയും ഒരിക്കലും ബാധിച്ചിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. ഇടയ്ക്കിടയ്ക്ക് ലഹരി ഉപയോഗിക്കണമെന്നുണ്ട്. പക്ഷെ അതിൽ നിന്നും അതിജീവിക്കുന്നുണ്ട്. ഒരുപാട് മാറ്റങ്ങൾ ഞാൻ അനുഭവിക്കുന്നുണ്ട്. ശബ്ദത്തിൽ ഒരുപാട് മാറ്റം വന്നു. മറ്റുളളവരോട് പെരുമാറുന്ന രീതി മാറി. എന്റെ പഴയ അഭിമുഖങ്ങൾ കാണുമ്പോൾ ഓവറാണല്ലോയെന്ന് ഇപ്പോൾ തോന്നുന്നുണ്ട്.
ഒരു കഥാപാത്രം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് സംവിധായകൻമാരാണല്ലോ? ഒരു നടൻ അനുസരണയുളള കുട്ടിയെ പോലെയായിരിക്കണം സംവിധായകന്റെ മുൻപിൽ ഇരിക്കേണ്ടത്. ഉണ്ട സിനിമയുടെ സംവിധായകന് 27 അല്ലെങ്കിൽ 28 വയസേ കാണുളളൂ. മമ്മൂക്ക സംവിധായകൻ പറയുന്നത് ഒരു കുട്ടിയെ പോലെ അനുസരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു ദിവസം രാത്രി മമ്മൂക്ക കഴിക്കാൻ പോയപ്പോൾ ഒരു ഷോട്ടും കൂടിയുണ്ടെന്ന് അയാൾ പറഞ്ഞു. എന്നാൽ ഷോട്ട് കഴിഞ്ഞിട്ട് കഴിക്കാമെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അദ്ദേഹം ആഹാരം കഴിച്ചുതുടങ്ങിയിരുന്നു. മമ്മൂക്കയുടെ വിശപ്പും ദാഹവുമെല്ലാം സിനിമയാണ്.
അങ്ങനെയാകുമ്പോൾ നല്ല കഥാപാത്രങ്ങൾ കിട്ടും. സിനിമയെയും സിനിമാക്കാരെയും എപ്പോഴും കുറ്റം പറയുന്നത് എനിക്ക് കേട്ടുക്കൊണ്ടിരിക്കാൻ കഴിയില്ല.എന്റെ ഈ അവസ്ഥയിൽ മമ്മൂക്ക ഒരു ദിവസം വിളിച്ചിരുന്നു. ഞാൻ പ്രശ്നക്കാരനായ കുട്ടിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നിനക്ക് കുറച്ച് കുറുമ്പുണ്ട്. അതൊക്കെ മാറ്റിയാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്'- ഷൈൻ ടോം ചാക്കോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |