
പറമ്പിലെ പ്ലാവ് വെട്ടാൻ
പണിക്കാർ വന്ന ദിവസം
വൃദ്ധൻ വീടുവിട്ടിറങ്ങുന്നത് കണ്ട് മകൻ ആകുലപ്പെട്ടു, അച്ചൻ എവിടെപ്പോകുന്നുി
കാലത്ത് അന്നം തേടിപ്പോയ പക്ഷികളോട് ഇനി തിരികെ വരേണ്ടതില്ലെന്ന് പറയാൻ
പണിക്കാർ ചിരിച്ചു
മകൻ പറഞ്ഞു
അച്ഛനിപ്പോ തീരെ ഓർമ്മയില്ല
(കരുതൽ)
രണ്ടുപേർ പ്രണയത്തോടെ നോക്കിയതേയുള്ളൂ
അവർക്കൊരു കുഞ്ഞുണ്ടായി
വാരിയെടുത്ത് ഒന്നുമ്മവച്ചപ്പോൾ
അവൻ മുറ്റത്തോടിക്കളിക്കാൻ തുടങ്ങി
ഒരുരുള ചോറ് കൊടുത്തപ്പോഴേക്കും
അവന് ഓഫീസിൽ പോകാൻ സമയമായി
(തണ്ട്)
വീടിനുള്ളിലേക്ക് പൊന്നു നേശായിയാണോ
പൊന്നുനേശായിയുടെ ഉള്ളിലേക്ക് വീടാണോ
കയറിപ്പോകുന്നതെന്ന് മരങ്ങളായ മരങ്ങളെല്ലാം
അന്തംവിട്ടു നോക്കും.
(കാവൽ)
പിഞ്ഞിക്കീറിയ ഡബിൾമുണ്ടിനെ
പിന്നെയും അലക്കി വെളുപ്പിച്ച്
നിലവിളക്കിന്റെ തിരിയാക്കി
തൊഴപതുനിൽക്കാൻ അമ്മയ്ക്കേ കഴിയൂ
(കറ)
.
ഹരീഷ് ശക്തിധരന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ നാം ജീവിതത്തിൽ കാണുന്ന , അനുഭവിക്കുന്ന പല സന്ദർഭങ്ങളഉമായി സാദൃശ്യം തോന്നുക സ്വാഭാവികം മാത്രം. ഒരു ചലച്ചിത്രത്തിലെന്ന പോലെ അമ്മയും അച്ഛനും ഭാര്യയും കാമുകിയും മകളും പട്ടിയും പൂച്ചയും ചിത്രശലഭവുമെല്ലാം നമ്മുടെ മുന്നിൽ തിരശീല നീക്കി വന്നു നിൽക്കുന്നതു പോലെ തോന്നും.
തന്റെ ജീവിത പരിസരങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമാണ് ഹരീഷ് ശക്തിധരന്റെ കവിതയുടെ പിറവി. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ഹരീഷിന്റെ തണ്ട് എന്ന കവിതാ സമാഹാരത്തിലും നിറയുന്നത് ഈ ജീവിതാനുഭവങ്ങൾ തന്നെയാണ്.
പ്രതിരോധത്തിന്റെ അവസാന ഇടമാണ് കവിതയെന്നാണ് ഹരീഷ് പറയുന്നത്. കവിതയ്ക്ക് അതിർത്തികൾ വരയ്ക്കാനറിയില്ലെന്നും ഹരീഷ് ചൂണ്ടിക്കാണിക്കുന്നു. മണ്ണും മരങ്ങളും പൂവും പുൽച്ചാടിയും പാമ്പും പുൽച്ചാടിയും അടങ്ങുന്ന ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി താനുൾപ്പെടുന്ന മനുഷ്യരാണ് എന്ന തിരിച്ചറിവാണ് തന്റെ തണ്ട് എന്ന കവിതാസമാഹാരമെന്ന് കവി പറഞ്ഞു വയ്ക്കുന്നു. കോവിഡ് കാലത്ത് ഫേസ്ബുക്കിൽ കുറിച്ച് കവിതകളാണ് ഇപ്പോ(ൾ പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങിക്കഴിഞ്ഞു.
നാം സാധാരണ കണ്ടു മറക്കാറുള്ള പലതിനെയും ഒരു വാക്ക് കൊണ്ട് കവിതയാക്കി മാറ്റുന്ന മാന്ത്രികത ഹരീഷിലുണ്ട്. തോറ്റവരുടെ ആഹ്ളാദങ്ങൾ എന്ന കവിതയിൽ കവി പറയുന്നത് കേൾക്കുക.
മരത്തലപ്പിലേക്ക് പറന്നിറങ്ങിയ
ആകാശത്തെ തോൽപ്പിക്കാൻ
ആ പക്ഷി . മുകളിലേക്ക് പറക്കാൻ തുടങ്ങി
പക്ഷിയുടെ ചിറക് തളർന്നു
ഉടൽ വിറച്ചു
വിജയമെന്നത് ശൂന്യാകാശം മാത്രമാണെന്ന്
പക്ഷിക്ക് ബോധ്യമായി
പക്ഷി താഴേക്ക് പതിച്ചു
മരം പക്ഷിയെ ചേർത്തുപിടിച്ചു
പരാജയങ്ങളിലാണ് ജീവിതമുള്ളതെന്ന്
പക്ഷി
മരത്തിന്റെ കാതിൽ പറഞ്ഞു..
മുറിക്കുള്ളിൽ ഒരു പക്ഷി എന്ന കവിതയിലെ പക്ഷി കവിയുടെ മുറിക്കുള്ളിൽ അകപ്പെട്ടു പോയതാണ. സ്വാതന്ത്ര്യത്തിന്റെ പുറത്തേക്കുള്ള വിടവ് പക്ഷിക്ക് കണ്ടെത്താനാകുന്നില്ല. കവി ജനാല തുറന്നിട്ടും അത് പുറത്തേക്ക് പോകുന്നില്ല.
ഇത്രമേൽ പൊരുതിയിട്ടും
കിട്ടാതെപോയ
സ്വാതന്ത്ര്യത്തെ
അത് എങ്ങനെയാണ് വിശ്വസിക്കുക.... എന്നാണ് കവി ചോദിക്കുന്നത്.
വീടും ഹരീഷിന്റെ കവിതകളിലെ ഒരു പ്രധാന ഘടകമാണ്. വാതിലും പൂട്ടും താക്കോലുമില്ലാത്ത വീട്ടിൽ നിന്ന് പൊന്നുനേശായി പുറത്തേക്കിറങ്ങുന്നത് ആധിയോടെയാണ്.
എവിടേക്കെങ്കിലും പോയിട്ട് തിരിച്ച് വന്ന് കെട്ടഴിക്കുമ്പോൾ വീട് ആഹ്ളാദത്തോടെ ഒറ്റച്ചാട്ടത്തിന് പൊന്നുനേശായിയുടെ കാലിൽ നക്കുമെന്ന് കവി പറയുന്നു. . തോറ്റവരുടെ പ്രാർത്ഥനകളിൽ പറയുന്നത് ഇങ്ങനെ.
വാടകവീടിന്റെ
താക്കോലു വാങ്ങി അകത്തുകയറിയതും
വാ മാഷേ എന്റെയുള്ളിൽ
ഒന്നുമില്ലെന്ന് വീട് സ്നേഹത്തോടെ വിളിച്ചു.
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച രാത്രി എന്ന കവിതയിൽ വീടും പരിസരവുമാണ് പ്രധാന കേന്ദ്രബിന്ദു. . ഇങ്ങനെ ജീവിതത്തെ കവിതയോളമോ കവിതയെ ജീവിതത്തോളമോ വരച്ചിടുകയാണ് ഹരീഷ് . കവിതയുടെ ഇത്തിരിണ്ണിൽ തനിക്കുമുണ്ട് ഇത്തിരിയിടം എന്ന് ഉറപ്പിച്ചു പറയുകയാണ് ഹരീഷ്. തനിക്ക് വേണ്ടി ഉറങ്ങാതിരുന്ന വീടിനും മറ്റുപച്ചില തിന്നാൻ മോഹിച്ചപ്പോഴൊക്കെ കവിതയാണെന്റെ വഴിയെന്ന് ചേർത്തുപിടിച്ച വായനക്കാർക്കുമാണ് കവി തണ്ട് സമർപ്പിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാറൂർ സ്വദേശിയായ ഹരീഷ് ശക്തിധരന്റെ കവിതകൾ തമിഴ്, ഇംഗ്ലിഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ ക്ലാസിക്കൽ പദവി ചരിത്രപരമായ ഒരു അവലോകനം, അകത്തേക്ക് തുറക്കുന്ന തിരജാലകങ്ങൾ, തിരക്കഥ ആഖ്യാനത്തിന്റെ വിഭേദങ്ങൾ, ആണുങ്ങളുടെ അടുക്കള തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ.
ഹരീഷിന്റെ കവിതകളിലൂടെ കടന്നുപോകുമ്പോൾ പുസ്തകത്തിന്റെ അവതാരികയിൽ പറയുന്നതു പോലെ പറക്കാൻ ആകാശമില്ലാത്ത പട്ടവുമായി നില്ക്കുന്ന ഒരു കുട്ടിയും തീപ്പെട്ടിക്കൊള്ളികൊണ്ടു കുപ്പായം തുന്നി ആഘോ ഷത്തിൻ്റെ കതിന കത്തിച്ചു നടന്നുപോകുന്ന ഒരാളും ഓട്ടോറി ക്ഷയുടെ കിക്കറിലേയ്ക്ക് ചാഞ്ഞുകയറി ഗിയറിൽ പൂവിടർത്തുന്ന വള്ളിച്ചെടിയുംപോലെ നിരവധി ദൃശ്യങ്ങൾ ഉള്ളിൽപ്പതിയും . പൂച്ചയെ കളയാൻ തീരുമാനിച്ചപ്പോൾതന്നെ അതുവീടുവിട്ടു പോയതിനാൽ അതിനായി തയ്യാറാക്കിയ ചാക്കിൻ്റെ വാപിളർന്നുള്ള ചിരി, മീൻചരുവം തലയിലേറ്റാൻ കുനിഞ്ഞവളുടെ മുഖത്ത് ഉമ്മവച്ച കെളുടെ ചുണ്ടിൽനിന്നു മാഞ്ഞുപോകാത്ത കടൽ മണം എന്നിവ യെല്ലാം നമ്മുടെ അനുഭവങ്ങളെ വീണ്ടെടുക്കും. ഇങ്ങനെയും കവിതയാകാം എന്ന വിസ്‌മയത്തിൽ നാം ഒരിക്കൽക്കൂടി വായി ക്കാനായി സ്വന്തം ജീവിതത്തിൻ്റെ തുടക്കത്താളിലേക്ക് തിരി ച്ചെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |