കേരളാ പൊലീസിന്റെ 43-ാമത് നായകനായി റവാഡ ആസാദ് ചന്ദ്രശേഖർ വരികയാണ്. പതിവുകൾ തെറ്റിച്ച് ഡൽഹിയിൽ നിന്നാണ് പുതിയ പൊലീസ് മേധാവിയുടെ വരവ്. 17 വർഷമായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ (ഐ.ബി) ഡെപ്യൂട്ടേഷനിലായിരുന്നു റവാഡ. സീനിയറായ നിതിൻ അഗർവാളിനെയും (1989 ബാച്ച്) ഡി.ജി.പി യോഗേഷ് ഗുപ്തയെയും (1995 ബാച്ച്) ഒഴിവാക്കിയാണ് 1991ബാച്ചുകാരനായ റവാഡയെ സർക്കാർ നിയമിച്ചത്. പൊലീസ് മേധാവി നിയമനത്തിന് യു.പി.എസ്.സി ചെയർമാൻ അദ്ധ്യക്ഷനായ സമിതി സംസ്ഥാന സർക്കാരിന് കൈമാറിയ മൂന്നംഗ പാനലിൽ രണ്ടാം പേരുകാരനായിരുന്നു റവാഡ.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി രാജമുന്ദ്രി സ്വദേശിയായ റവാഡ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ അഡി.ഡയറക്ടർ മുതൽ സ്പെഷ്യൽ ഡയറക്ടർ വരെ വിവിധ ചുമതലകൾ വഹിച്ചു. ഐ.ബി. മേധാവിയാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്റി) പദവിയിലാണ് നിയമനം കിട്ടിയത്. ആഗസ്റ്റിൽ ഈ പദവിയിൽ ചുമതലയേൽക്കാനിരിക്കെയാണ് പൊലീസ് മേധാവിയായി മന്ത്രിസഭാ യോഗം നിയമിച്ചത്. കേന്ദ്രസേവനത്തിൽ നിന്ന് വിടുതൽ നേടിയാണ് റവാഡ കേരളത്തിലേക്ക് തിരിച്ചെത്തി പൊലീസ് മേധാവിയാവുന്നത്. 2026 ജൂലായ് വരെയാണ് റവാഡയ്ക്ക് സർവീസുള്ളതെങ്കിലും, സുപ്രീംകോടതി ഉത്തരവു പ്രകാരം പൊലീസ് മേധാവിക്ക് രണ്ടുവർഷ കാലാവധി ഉറപ്പാക്കണമെന്നതിനാൽ ഒരു വർഷം കൂടി സർവീസ് നീട്ടിക്കിട്ടും.
റവാഡയെ പൊലീസ് മേധാവിയായി നിയമിക്കാൻ സർക്കാരിന് രണ്ടു മനസായിരുന്നു. റവാഡയോട് മതിപ്പില്ലാത്തതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഐ.ബിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നതിനാൽ കേന്ദ്രത്തിന്റെ ആളാണോയെന്ന ആശങ്കയായിരുന്നു ഒന്നാമത്തേത്. അടുത്തിടെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ട് റവാഡ തന്റെ നിലപാടറിയിച്ചിരുന്നതോടെ അത് മാറിയെന്നാണ് സൂചന. മാത്രമല്ല, ഒരു മുൻ ഡി.ജി.പി സർക്കാരിന്റെ തെറ്റിദ്ധാരണ മാറ്റാനും റവാഡയുടെ നിയമനത്തിനുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ടതിന് സസ്പെൻഷനിലാവുകയും കേസിൽ കുടുങ്ങുകയും ചെയ്ത റവാഡയെ മേധാവിയാക്കിയാലുണ്ടായേക്കാവുന്ന വിവാദവും സർക്കാർ ഭയന്നിരുന്നു. 1994ൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ റവാഡയെ പ്രതിചേർത്തിരുന്നു. 2012ലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. അക്കാലം മുതൽ കേന്ദ്രസർവീസിലായിരുന്നു റവാഡ. തലശേരി എ.എസ്.പിയായിരിക്കെയാണ് 5സി.പി.എമ്മുകാരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന് റവാഡ ഉത്തരവിട്ടത്. സസ്പെഷനിലായി, ജുഡീഷ്യൽ അന്വേഷണത്തിനുശേഷം ഏറെ പണിപ്പെട്ടാണ് സർവീസിൽ തിരികെക്കയറിയത്. തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, റവാഡയെ പൊലീസ് മേധാവിയാക്കിയാൽ രാഷ്ട്രീയമായി പ്രതിരോധത്തിലാവുമെന്നതും സർക്കാരിന് വെല്ലുവിളിയായിരുന്നു.
പൊലീസ് മേധാവി നിയമനത്തിന് യു.പി.എസ്.സി നൽകിയ ചുരുക്കപ്പട്ടികയിൽ റവാഡ ഉൾപ്പെട്ടതോടെ നിയമനത്തിന് സർക്കാരിന് ധൈര്യമായി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പട്ടികയിലെ മൂന്നുപേരിൽ തമ്മിൽ ഭേദം പട്ടികയിലെ രണ്ടാമനായ റവാഡ ചന്ദ്രശേഖറാണെന്നും അതിനാലാണു നിയമിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പട്ടികയിലെ മൂന്നു പേരെക്കുറിച്ചും ലഘുവായ വിവരണവും മുഖ്യമന്ത്രി മന്ത്രിസഭയിൽ നടത്തി. സർക്കാരുമായി ഒത്തുപോവില്ലെന്ന് ഉറപ്പായതിനാലാണ് നിതിൻ അഗർവാളിനെ ഒഴിവാക്കിയത്. ബി.എസ്.എഫ് മേധാവിയായിരിക്കെ പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുടെയും പാക് സൈനിക കമാൻഡോകളുടെയും നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിന് നിതിനെ നിർബന്ധപൂർവം കേരളാ കേഡറിലേക്ക് തിരിച്ചയച്ചിരുന്നു. അപൂർവവും അസാധാരണവുമായ നടപടിയാണിത്. ഏറ്റവും സീനിയറായിട്ടും റോഡ് സുരക്ഷാ കമ്മിഷണറുടെ അപ്രധാന പദവിയാണ് നിതിന് പിന്നീട് നൽകിയത്. വിജിലൻസ്, ജയിൽ, ഫയർഫോഴ്സ് അടക്കം ഒരിടത്തും നിയമിച്ചതുമില്ല. നിതിൻഅഗർവാൾ 2023 ജൂണിൽ ബി.എസ്.എഫ് മേധാവിയായ ശേഷം കാശ്മീരിലടക്കം നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും വർദ്ധിച്ചിരുന്നു. സേനയിൽ അഗർവാളിന് നിയന്ത്രണമില്ലാതായെന്നും സൈന്യവുമായും മറ്റ് സേനകളുമായും ഏകോപനം പാളിയെന്നും കേന്ദ്രം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശപ്രകാരം നിയമനം റദ്ദാക്കി കേരളത്തിലേക്ക് തിരിച്ചയച്ചത്. ഇതുകൂടി പരിഗണിച്ചാണ് നിതിൻ അഗർവാളിനെ ഒഴിവാക്കിയത്.
തുടങ്ങിയത് തലശേരിയിൽ
തലശേരിയിൽ അഡി.എസ്.പിയായാണ് റവാഡ കേരളത്തിൽ സർവീസ് ആരംഭിച്ചത്. പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ്, എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിയായും കെ.എ.പി രണ്ടാം ബറ്റാലിയൻ, മൂന്നാം ബറ്രാലിയൻ എന്നിവിടങ്ങളിൽ കമൻഡാന്റായും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ ഭാഗമായി ബോസ്‌നിയയിലും പ്രവർത്തിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം റേഞ്ചുകളിൽ ഡി.ഐ.ജിയായിരുന്നു. ഡി.ഐ.ജി റാങ്കിൽ തിരുവനന്തപുരത്ത് പൊലീസ് കമ്മിഷണറായിരുന്നു. ക്രൈം റെക്കാർഡ്സ് ബ്യൂറോ ഐ.ജിയായിരിക്കെയാണ് കേന്ദ്രത്തിലേക്ക് പോയത്. ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനത്തും ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഐ.ബിയിൽ അഡി.ഡയറക്ടറായി വിജയവാഡ, മുംബയ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ ഐ.ബി ആസ്ഥാനത്ത് സ്പെഷ്യൽ ഡയറക്ടറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |