വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ വയനാട് ജില്ലയിൽ നിന്ന് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത് ഒരേ ശബ്ദം മാത്രമാണ്. 'പുലി വരുന്നേ...പുലി...' ആളുകളെ പറ്റിക്കാൻ വേണ്ടി പണ്ട് പഴമൊഴിയായി പറഞ്ഞ് നടന്ന സൂചകമല്ല ഇത്. പുലിയുടെ വരവിൽ നിന്ന് ജനങ്ങളെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കൂ എന്ന മുന്നറിയിപ്പാണിത്. ഈ മുന്നറിയിപ്പ് ഇപ്പോൾ ഉയർന്നു കേൾക്കാത്ത പഞ്ചായത്തോ നഗരസഭയോ വയനാട്ടിലില്ല എന്നതാണ് സത്യം. ഗ്രാമ- നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ജനങ്ങളുടെ ഭീതി പുലിയാണ്.
മാസങ്ങളായി പുലിശല്യത്താൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ചീരാൽ, നമ്പ്യാർകുന്ന് പ്രദേശവാസികൾ. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഒരു ഡസനിലേറെ വളർത്തുമൃഗങ്ങളാണ് ഇവിടെ പുലി ആക്രമണത്തിന് ഇരയായത്. ഇതോടെ ജനങ്ങൾക്ക് പേടികൂടാതെ പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ്. ചീരാലിനും നമ്പ്യാർകുന്നിനും പുറമെ സുൽത്താൻ ബത്തേരി, വാകേരി, മൂടക്കൊല്ലി, വടുവൻചാൽ, മേപ്പാടി, പൊഴുതന, മരക്കടവ്, സീതാമൗണ്ട്, മൈലമ്പാടി തുടങ്ങിയ പ്രദേശങ്ങളിലും പുലിയുടെ സാന്നിദ്ധ്യമുണ്ട്. ഏതാനം മാസങ്ങൾക്ക് മുമ്പ് വരെ ഈ മേഖലയിൽ ഭീതി പരത്തിയിരുന്ന കടുവയുടെ ശല്യം കുറഞ്ഞതോടെയാണ് പുലിയുടെ വരവ്.
രണ്ടുമാസം മുമ്പാണ് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷന് സമീപത്തുള്ള താലൂക്ക് ആശുപത്രി റോഡിൽ പുലിയെ കണ്ടെത്തിയത്. തുടർന്ന് ആഴ്ചകൾക്കുശേഷം ടൗണിലെ കോട്ടക്കുന്നിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തി. പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വന്യജീവി കാര്യാലയത്തിനുള്ളിൽ നഗരസഭ ചെയർമാനടക്കമുള്ളവർ കുത്തിയിരുന്നു പ്രതിഷേധിച്ചതിനെ തുടർന്ന് കൂടുവച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. കൂട് വയ്ക്കുകയും നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്തെങ്കിലും ക്യാമറയിൽ ദൃശ്യം പതിയുകയോ കൂട്ടിലകപ്പെടുകയോ ചെയ്തില്ല. അതിനിടെ പുലി വളർത്തുമൃഗങ്ങളെ നിരന്തരം പിടികൂടിവന്നു. പുലിയെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വരുകയും നിയമനടപടിക്ക് ഒരുങ്ങുകയും ചെയ്തതോടെ വനംവകുപ്പിനും തലവേദനയായി.
കഴിഞ്ഞ ഏപ്രിൽ 21 നാണ് നമ്പ്യാർകുന്ന് ചീരാൽ മേഖലയിൽ പുലി ജനങ്ങൾക്കിടയിൽ നിത്യസന്ദർശനവുമായി ഇറങ്ങിയത്. വളർത്തുമൃഗങ്ങളെ പിടികൂടികൊണ്ടായിരുന്നു മേഖലയിൽ വിഹരിച്ചുവന്നത്. തൊഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന ആട് മാടുകളെ പിടികൂടിയ പുലിയെ പിടികൂടാൻ വനപാലകർ കൂട് സ്ഥാപിച്ചങ്കിലും കൂട്ടിൽ അകപ്പെട്ടില്ല. കഴിഞ്ഞ ദിവസവും പുലി കേരള അതിർത്തിയോട് ചേർന്ന പൂളക്കുണ്ടിൽ സ്വദേശി ഉമ്മറിന്റെ പശുക്കുട്ടിയേയും ആക്രമിച്ചു.
മൂന്ന് വയസുകാരന്റെ
അദ്ഭുത രക്ഷപെടൽ
വീട്ടുമുറ്റത്തെ കാർപോർച്ചിൽ കണ്ട പുലിയുടെ പിടിയിൽ നിന്ന് ദേവസൂര്യ എന്ന മൂന്ന് വയസുകാരൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. നമ്പ്യാർകുന്നിനടുത്ത് കേരള അതിർത്തിയോട് ചേർന്ന നരിക്കൊല്ലി സ്വദേശി പറമ്പിൽ ഷാജിയുടെ കാർപോർച്ചിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പുലിയെ കണ്ടത്. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിൽ നിന്ന് സ്വീറ്റ്സ് എടുക്കുന്നതിനായി ഷാജിയുടെ മകൻ ദേവസൂര്യ വാഹനത്തിന്റെ അടുത്തേയ്ക്ക് പോയപ്പോഴാണ് കാർപോർച്ചിൽ പുലി കിടക്കുന്നതായി കണ്ടത്. പേടിച്ച് കുട്ടി കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് ഓടിയതിനാൽ പുലിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു. കുട്ടിയുടെ കരച്ചിൽ കേട്ട് പുറത്തേയ്ക്ക് വന്ന ഷാജികണ്ടത് പോർച്ചിൽ പുലി കിടക്കുന്നതാണ്. ആളുകളുടെ ഒച്ചകേട്ടതോടെ സമീപത്തെ തോട്ടത്തിലേയ്ക്ക് പോയി. ഷാജി മകന് വാങ്ങിക്കൊണ്ടു വന്ന മിഠായി എടുക്കാനായി വാഹനത്തിന്റെ അടുത്തേയ്ക്ക് ചെന്നപ്പോഴാണ് പുലിയെ കണ്ടത്.
പ്രദേശവാസികൾ
രംഗത്ത്
പുലി ശല്യം രൂക്ഷമായ നമ്പ്യാർകുന്ന്, പൂളക്കുണ്ട്, നല്ലൂർ, ചെറുമാട്, ചീരാൽ, പഴൂർ, നൂൽപ്പുഴ, മുണ്ടക്കൊല്ലി മേഖലകളിലെ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു. പുലിയെ എത്രയും പെട്ടന്ന് പിടികൂടുക, നൈറ്റ് പട്രോളിംഗ് വനംവകുപ്പ് കാര്യക്ഷമമാക്കുക, വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്നുമാണ് ആവശ്യം.
അഞ്ചുവർഷത്തിനിടെ
എണ്ണത്തിൽ വർദ്ധന
വയനാട്ടിൽ പുലി ശല്യം അതിരൂക്ഷമാകാൻ തുടങ്ങിയിട്ട് അഞ്ചുവർഷമേ ആയിട്ടുള്ളു. 2010 മുതൽ 2020 വരെ കടുവയുടെ ആക്രമണമായിരുന്നു ജനങ്ങൾക്കിടയിൽ ഭീതിപരത്തിയിരുന്നത്. 2010ന് മുമ്പായിരുന്നു ഇവിടെ പുലി ശല്യം ഉണ്ടായിരുന്നത്. കേരളത്തിൽ ആദ്യമായി കരിമ്പുലിയെ പിടികൂടിയതും സുൽത്താൻ ബത്തേരിയിലെ മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണ്. ഇതിനെ പിന്നീട് തൃശ്ശൂരിലെ മൃഗശാലയിലേയ്ക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് പിടികൂടിയ പുലികളെയെല്ലാം മുത്തങ്ങ വനമേഖലയിലെ മരഗദ്ദയിലാണ് തുറന്നുവിട്ടിരുന്നത്.
2010ന് മുമ്പ് വയനാട്ടിൽ 4 മുതൽ 7 വരെയായിരുന്നു കടുവകളുടെ എണ്ണം. എന്നാൽ പത്തിനുശേഷം കടുവകളുടെ എണ്ണത്തിൽ വൻവർദ്ധനവാണുണ്ടായത്. ഈ കാലയളവിൽ പുലികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് കണ്ടില്ല. നേരത്തെ പുലിയും കടുവയും ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയിരുന്നെങ്കിലും കാര്യമായ ഉപദ്രവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. നാട്ടിൽ പുലി ഇറങ്ങിയാൽ തന്നെ അതിനെ പിടികൂടി വനത്തിലേയ്ക്ക് വിടുകയായിരുന്നു. എന്നാൽ ഇന്ന് കാട്ടിലേയ്ക്ക് തുറന്നു വിട്ടാലും അത് വീണ്ടും നാട്ടിൻപുറങ്ങളിലേയ്ക്ക് തിരികെ എത്തുമെന്നതിനാൽ വനത്തിൽ തുറന്ന് വിടുന്നതിനെതിരെ ജനങ്ങളുടെ എതിർപ്പ് ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |