ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനും ലോക സമ്പന്നരിൽ 25ാം സ്ഥാനക്കാരനുമാണ് ഗൗതം അദാനി. അംബാനിമാർക്ക് ഒട്ടും പിന്നിലല്ല അദാനി. ഫോർബ്‌സിന്റെ കണക്കുപ്രകാരം 6,840 കോടി യുഎസ് ഡോളറാണ് ഗൗതം അദാനിയുടെ ആസ്‌തി. എന്നാൽ അംബാനി കുടുംബത്തെപ്പോലെ ലൈംലൈറ്റിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്നവരല്ല അദാനി കുടുംബം. അദാനിയുടെ ഭാര്യ പ്രീതി അദാനിയെക്കുറിച്ച് അധികംപേർക്കും അറിവുണ്ടാവുകയില്ല. ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായ ഗൗതം അദാനിയുടെ ഭാര്യയും ചില്ലറക്കാരിയല്ല. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാളായ പ്രീതി അദാനിയുടെ ആസ്‌തി 83.26 ബില്യൺ ആണ്.
1965ൽ മുംബയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് പ്രീതി അദാനി ജനിച്ചത്. അഹമ്മദാബാദിലെ സർക്കാർ ദന്തൽ കോളേജിൽ നിന്ന് ബിരുദം സ്വന്തമാക്കി. 1986ൽ 21ാം വയസിലാണ് പ്രീതി ഗൗതമിനെ വിവാഹം കഴിക്കുന്നത്. ഗൗതം അദാനിക്ക് 24 വയസായിരുന്നു അന്ന് പ്രായം. ഇരുവരുടെയും വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു അത്.
1988ലാണ് അദാനി ഗ്രൂപ്പ് സ്ഥാപിതമാവുന്നത്. 1996ൽ അദാനി ഫൗണ്ടേഷന് പ്രീതി രൂപം നൽകി. സമൂഹത്തിലെ നിരാലംബരായ ആളുകൾക്ക് വേണ്ടി ആരംഭിച്ച സ്ഥാപനമാണിത്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര ഉപജീവനമാർഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നഗര-ഗ്രാമ പ്രദേശങ്ങൾ തമ്മിലുള്ള അന്തരം നികത്താനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
പ്രീതി അദാനി 90കളിൽ തുടങ്ങിവച്ചത് പിന്നീടൊരു ആഗോള ട്രെൻഡായി മാറി. അന്ന് ഇന്ത്യയിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) എന്നത് അധികം പ്രചാരത്തിൽ ഇല്ലായിരുന്നു. ഇന്ത്യൻ കമ്പനി നിയമത്തിൽ ചേർത്ത നിർബന്ധിത സിഎസ്‌ആർ നിയമങ്ങൾക്ക് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഫൗണ്ടേഷന്റെ തുടക്കം.
സാക്ഷരതാ പരിപാടികളിലും സ്കോളർഷിപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രീതി തന്റെ സാമൂഹിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. സാമ്പത്തിക പരാധീനതകൾ നേരിടുന്ന കുട്ടികൾക്കായി ഫീസ് രഹിത സിബിഎസ്ഇ സ്കൂളുകളായ അദാനി വിദ്യാ മന്ദിറുകളാണ് പ്രീതിയുടെ ആദ്യകാല സംരംഭങ്ങൾ. 2001ൽ ഭുജ് ഭൂകമ്പത്തിന് പിന്നാലെ പ്രീതി അദാനി പബ്ളിക് സ്‌കൂൾ ആരംഭിച്ചു. ഗുജറാത്തിന്റെ സാക്ഷരതാ നിരക്ക് വർദ്ധിപ്പിക്കാൻ നിരവധി പ്രവർത്തനങ്ങളും പ്രീതി നടത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണ പരിപാടികൾ, സോളാർ തെരുവ് വിളക്കുകൾ, ശുദ്ധജല പൈപ്പ് ലൈനുകൾ, സ്ത്രീ കേന്ദ്രീകൃത ചെറുസംരംഭങ്ങൾ, ആട് വളർത്തൽ സഹകരണ സംഘങ്ങൾ, മത്സ്യബന്ധം തുടങ്ങി വിവിധ മേഖലകളിൽ പ്രീതി അദാനി തന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.
2020ൽ ഗുജറാത്ത് ലോ സൊസൈറ്റി യൂണിവേഴ്സിറ്റി ഡോ. പ്രീതിക്ക് വിദ്യാഭ്യാസ മാനുഷിക സേവനങ്ങൾക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ 2021ൽ ഇന്ത്യയിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാളായി പ്രീതി അദാനിയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2019ൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി (എഫ് ഐ സി സി ഐ) ഔട്ട്സ്റ്റാൻഡിംഗ് അച്ചീവ്മെന്റ് അവാർഡ് പുരസ്‌കാരവും പ്രീതി അദാനിയെ തേടിയെത്തിയിട്ടുണ്ട്.
തന്റെ വിജയങ്ങൾക്ക് കാരണം ഭാര്യയാണെന്ന് ഗൗതം അദാനി പല സന്ദർഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 'ഞാനൊരു പത്താം ക്ളാസ് മാത്രം പാസായ കോളേജ് ഡ്രോപ്പ് ഔട്ട് ആണ്. എന്നാൽ പ്രീതി ഒരു അംഗീകൃത ഡോക്‌ടറാണ്. എന്നെക്കാളും വലിയ യോഗ്യത ഉണ്ടായിരുന്നിട്ടുകൂടി എന്നെ വിവാഹം കഴിക്കുകയെന്ന വലിയ തീരുമാനത്തിൽ അവർ ഉറച്ചുനിന്നു. എന്റെ വിജയങ്ങൾക്കുള്ള ഏറ്റവും വലിയ കാരണം എന്താണെന്ന് ചോദിച്ചാൽ, അത് പ്രീതിയാണെന്ന് ഞാൻ ചൂണ്ടിക്കാണിക്കും'- എന്നാണ് ഒരു അഭിമുഖത്തിൽ അദാനി മനസുതുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |