SignIn
Kerala Kaumudi Online
Monday, 07 July 2025 9.53 PM IST

പെയ്തിറങ്ങിയ സഭാ സ്മരണകൾ

Increase Font Size Decrease Font Size Print Page
sa

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നിയമസഭാ മന്ദിരത്തിൽ കഴിഞ്ഞ ദിവസം കുറെ സമയം ചെലവഴിച്ചു. ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തഞ്ചാം വാർഷികം കേരള നിയമസഭ ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ചില പരിപാടികളിലേക്ക് സ്‌പീക്കർ എ.എം. ഷംസീറിന്റെ ക്ഷണമുണ്ടായിരുന്നു. ഗതകാല നിയമസഭാ സാമാജികരെയും, ഒപ്പം ഇരുപത്തഞ്ചു വർഷം നിയമസഭാ നടപടികൾ റിപ്പോർട്ട്‌ ചെയ്ത മാദ്ധ്യമ പ്രവർത്തകരെയും ആ വേദിയിൽ ആദരിക്കുന്നതായും സ്പീക്കർ അറിയിച്ചിരുന്നു. നാല്പതിലേറെ വർഷം മാദ്ധ്യമ പ്രവർത്തനം നടത്തിയ ഈയുള്ളവനും അക്കൂട്ടത്തിൽപ്പെടും. നിർഭാഗ്യവശാൽ,​ പരിപാടികൾ തീരുന്നതു വരെ മുഴുവൻ സമയവും അവിടെ ചെലവഴിക്കാൻ എനിക്കായില്ല. ആ വിവരം ആദരണീയനായ സ്പീക്കറെ ക്ഷമാപണത്തോടെ നേരിട്ടറിയിക്കുകയും ചെയ്തു.

വ്യത്യസ്തമായ വിവിധ പരിപാടികളിൽ ഒന്ന് 'പെയ്തിറങ്ങുന്ന ഓർമ്മകൾ" എന്ന പേരിലായിരുന്നു. അത്തരത്തിൽ ഭാവനാസമ്പന്നമായ ഒരു പരിപാടി സംഘടിപ്പിച്ച സ്പീക്കറെയും, അതിന് ഏറ്റവും അനുയോജ്യമായ പേരിട്ട വ്യക്തിയെയും, അദ്ദേഹം ആരെന്നറിയില്ലെങ്കിൽക്കൂടി ഹാർദ്ദമായി അഭിനന്ദിക്കട്ടെ.

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലെ ആൾക്കൂട്ടത്തിൽ തനിയെ ഇരിക്കുമ്പോൾ, എന്റെ മനസിലൂടെ അക്ഷരാർത്ഥത്തിൽ ഓർമ്മകൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു. സഭാനേതാവും പ്രതിപക്ഷ നേതാവുമായി മാറിമാറി ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ, ഇ.കെ. നായനാർ, കെ. കരുണാകരൻ, ഇ.എം.എസ് നമ്പൂതിരിപ്പാട് എന്നിവരുടെ പ്രകടനം, സി. അച്ചുതമേനോൻ, ഏ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ എന്നിവർ മുഖ്യമന്ത്രിമാരായി സഭ നയിച്ചിരുന്നത്, ജി. കാർത്തികേയൻ, എം. വിജയകുമാർ, വി.എം. സുധീരൻ, വർക്കല രാധാകൃഷ്ണൻ, വക്കം പുരുഷോത്തമൻ, ഏ.പി. കുര്യൻ തുടങ്ങിയ സ്പീക്കർമാർ സഭ നിയന്ത്രിച്ചത്... അങ്ങനെയങ്ങനെ ഒത്തിരി ഓർമ്മകൾ എന്നിൽ ഗൃഹാതുരത്വം ഉണർത്തി പെയ്തിറങ്ങി.

കൂടുതൽ കാലവും സാമ്പത്തിക പത്രങ്ങളിൽ പണിയെടുത്തിരുന്ന എന്റെ സ്മരണ ഉടക്കിയത് ബഡ്ജറ്റ് അവതരണങ്ങളുടെയും അവയിന്മേലുള്ള ചർച്ചകളുടെയും ഓർമ്മകളിലായിരുന്നു. ബഡ്ജറ്റ് അവതരണത്തിൽ റെക്കാഡ് സ്ഥാപിച്ച ധനമന്ത്രി കെ.എം. മാണി സ്വതസിദ്ധമായ ശൈലിയിൽ, പരുക്കൻ ശബ്ദത്തിൽ, ഇടയ്ക്കിടെ നെഞ്ചിൽ തടവിക്കൊണ്ട് കമ്മി ബ‌ഡ്ജറ്റും മിച്ച ബഡ്ജറ്റും, ഒരിക്കൽ കമ്മിയുമില്ല; മിച്ചവുമില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് 'സീറോ ഡെഫിസിറ്റ്" ബഡ്ജറ്റും അവതരിപ്പിച്ച രംഗങ്ങൾ ഓർമ്മയിൽ ഓടിയെത്തി. മാണി സാറിന്റെ അവസാന ബഡ്ജറ്റവതരണം സഭയിൽ സൃഷ്‌ടിച്ച സംഘർഷം അപൂർവങ്ങളിൽ അപൂർവം. ബ്രിട്ടീഷ് പാർലമെന്ററി ചരിത്രത്തിലെ 'മാഡ് പാർലമെന്റി"നെ ഓർമ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ ആ സംഘർഷവും ഭരണ- പ്രതിപക്ഷ സംഘട്ടനവും.

ബഡ്ജറ്റ് അവതരണം,​ രാഷ്ട്രീയ കാരണങ്ങളാൽ എന്തു മാർഗവും സ്വീകരിച്ച് തടസപ്പെടുത്താൻ അന്ന് പ്രതിപക്ഷം നടത്തിയ നീക്കവും, മറുപക്ഷത്ത് സഭയിലെ യുദ്ധസമാനമായ സംഘർഷം അവഗണിച്ച് ഞൊടിയിടയിൽ ബഡ്ജറ്റവതരണം നടത്തിയെന്ന് വരുത്തിതീർത്ത ഭരണപക്ഷത്തിന്റെ നടപടിയും ഒരുപോലെ നിയമസഭയെ അവഹേളിക്കുന്നതായിരുന്നില്ലേ എന്ന് ബന്ധപ്പെട്ടവർ ഇനിയെങ്കിലും ആത്മപരിശോധന നടത്തിയെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്. ഇന്ന് ഭരണപക്ഷത്ത് ഉന്നതപദവികൾ വഹിക്കുന്ന ചിലർ അന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ കാട്ടിയ കോപ്രായങ്ങൾ ഇന്നും ഇടയ്ക്കിടെ ദൃശ്യമാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നത് ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തികച്ചും ലജ്ജാകരമാണ്. സഭയിൽ സംസാരിച്ച ശേഷം കുഴഞ്ഞുവീണു മരിച്ച ധനമന്ത്രി കെ. ടി. ജോർജ്ജും സഭയെക്കുറിച്ചുള്ള ഒരു കറുത്ത ഓർമ്മയാണ്.

'മാഡ് പാർലമെന്റി"നെ ഓർമിപ്പിക്കുന്നത് എന്നു പറയുമ്പോൾ മറക്കാനോ മറച്ചുവയ്ക്കാനോ ആവാത്ത എത്രയെത്ര മാതൃകാപരമായ മുഹൂർത്തങ്ങൾക്ക് കേരള നിയമസഭ സാക്ഷ്യം വഹിച്ചുകൊണ്ട് ഒരു "മോഡൽ പാർലമെന്റ്" എന്ന വിശേഷണത്തിനും അർഹമായിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറുകൾ നീണ്ട മാരത്തോൺ ചർച്ചകൾക്കു ശേഷം അഴിമതിവിരുദ്ധ നിയമം കെ.ആർ. ഗൗരിഅമ്മ പാസാക്കിയെടുത്തത് ഇന്ത്യയിലെ നിയമസഭകളുടെ ചരിത്രത്തിൽ കേരളത്തിനു സ്വന്തമായ സുവർണാദ്ധ്യായമാണ്. സവിശേഷത നിറഞ്ഞ മറ്റൊന്നാണ് ഭൂപരിഷ്കരണ നിയമം. എത്രയെത്ര ആരോഗ്യകരമായ ചർച്ചകൾ. വ്യത്യസ്ത കക്ഷികളിലെ അതികായന്മാരുടെ എത്രയേറെ അവിസ്മരണീയ പ്രസംഗങ്ങൾ. അടിയന്തരാവസ്ഥ നിലനിൽക്കെത്തന്നെ അതിനെതിരെ, തടവിൽ കഴിയവേ തനിക്ക് നേരിടേണ്ടിവന്ന അതിക്രൂര മർദ്ദനത്തെക്കുറിച്ച് ചോരയിൽ മുങ്ങിയ വസ്ത്രം ഉയർത്തിപ്പിടിച്ച് യുവ അംഗമായ പിണറായി വിജയൻ നടത്തിയ ഉജ്ജ്വല പ്രസംഗം, അന്ന് വിദ്യാർത്ഥിയായിരുന്ന ഞാൻ സന്ദർശക ഗാലറിയിലിരുന്ന് ശ്രവിച്ചത് ഇന്നും കാതിൽ മുഴങ്ങുന്നു. വിഷയ നിർണയ സമിതിയും നമ്മുടെ നിയമസഭയുടെ സവിശേഷതയാണ്.

സഭാതലത്തിൽ കക്ഷിഭേദമെന്യേ സർവരെയും ചിരിപ്പിച്ചിരുന്ന ജോസഫ് ചാഴിക്കാടനും പിന്നെ ലോനപ്പൻ നമ്പാടനും അവിസ്മരണീയരാണ്. നന്നായി ഗൃഹപാഠം ആഭ്യസിച്ച ശേഷം മാത്രം സഭയിൽ സംസാരിച്ചിരുന്ന എൻ.ഐ. ദേവസിക്കുട്ടിയും, പിൽക്കാലത്തെ ടി.എം. ജേക്കബ്ബും സഭാചരിത്രത്തിലെ ചിരഞ്ജീവികൾ തന്നെയാണ്. ജേക്കബിന്റെ പ്രസംഗങ്ങളെ സി. അച്ചുതമേനോൻ തന്നെ വാഴ്ത്തിയിട്ടുണ്ട്. നീണ്ട നിയമസഭാ ജീവിതത്തിനിടയിൽ ഒരേ ഒരു മാസം മാത്രം മുഖ്യമന്ത്രിയായിരിക്കാനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ ലഭിച്ച സി.എച്ച്. മുഹമ്മദ് കോയാ സാഹിബിന്റെ പ്രസംഗങ്ങൾ ചിരിക്കും ചിന്തയ്ക്കും ഒരുപോലെ വക നൽകിയിരുന്നു.

സഭയ്ക്ക് തീരാക്കളങ്കം ചാർത്തിയ മറ്റു ചില രംഗങ്ങളും മറക്കാനോ മറച്ചുവയ്ക്കാനോ ആവുന്നില്ല. അവയിൽ അങ്ങേയറ്റം അധിക്ഷേപാർഹം, എം.വി. രാഘവനെ സഭയിലിട്ട് തൊഴിച്ച സംഭവമാണ്. പ്രസംഗിച്ചു നിന്ന സഹകരണ മന്ത്രി ടി. കെ. രാമകൃഷ്ണന്റെ അരികിലേക്ക് പ്രതിഷേധവുമായി പാഞ്ഞെത്തിയ രാഘവൻ, മന്ത്രി വായിച്ചുകൊണ്ടിരുന്ന കടലാസ് തട്ടിപ്പറിച്ച് പിച്ചിച്ചീന്തി. പ്രകോപിതരായ രാമകൃഷ്ണന്റെ ചില സഖാക്കൾ തുടർന്ന് രാഘവനെ തള്ളിയിട്ട് തൊഴിക്കുന്നതാണ് പിന്നെ സഭ കണ്ടത്.

അങ്ങനെ വൈവിദ്ധ്യം മാത്രമല്ല,​ ഒപ്പം വൈരുദ്ധ്യവും നിറഞ്ഞതാണ് കേരള നിയമസഭയും സഭാനടപടികളും. അവയുടെ ഗൗരവം ഒട്ടും ചോർന്നുപോകാതെയും വികലമാക്കാതെയും റിപ്പോർട്ട്‌ ചെയ്യുകയെന്നത് ഒരു കലയാണ്. അത് സ്വായത്തമാക്കിയ പത്രലേഖകർ നമുക്കുണ്ടായിരുന്നു. ഇന്നും ചിലരുണ്ട്. നിയമസഭാ വാർത്തകൾക്ക് പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചു തുടങ്ങിയത് ആദ്യകാലത്ത് 'കേരളകൗമുദി"യാണ്. പിൽക്കാലത്താണ് 'മലയാള മനോരമ"യും 'മാതൃഭൂമി"യും ഉൾപ്പെടെയുള്ള മലയാളപത്രങ്ങൾ ആ രീതി ആരംഭിച്ചത്. 'കേരളകൗമുദി"യുടെ ആക്കാലത്തെ മികച്ച നിയമസഭാ റിപ്പോർട്ടിംഗിന്റെ കാരണഭൂതൻ കെ. വിജയരാഘവൻ ആയിരുന്നു. പിന്നെയാണ് 'മനോരമ"യിലെ കെ.ആർ. ചുമ്മാറും 'ദീപിക"യിലെ കെ. സി. സെബാസ്റ്റിനും 'ദേശാഭിമാനി"യിലെ കെ. മോഹൻദാസുമൊക്കെ നിയമസഭാ റിപ്പോർട്ടിംഗ് രംഗത്ത് തിളങ്ങിനിന്നത്.

പത്രങ്ങളിലെ ദിവസേനയുള്ള നിയമസഭാവലോകനവും, ആകാശവാണി പത്രലേഖകരെക്കൊണ്ട് എഴുതിച്ച് പ്രക്ഷേപണം ചെയ്തിരുന്ന 'നിയമസഭയിൽ ഇന്ന്" എന്ന പരിപാടിയും സഭാ സാമാജികരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ഈ രണ്ട് വിഭാഗത്തിലും പെടാത്ത പൊതുസമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു പത്ര ലേഖകന്റെ നിയമസഭാ പാസ്സ് സ്പീക്കർ ഇടപെട്ട് റദ്ദാക്കിയ നടപടിയും, ഒരു പത്രാധിപരെ അവകാശലംഘന സമിതിയുടെ ശുപാർശ പ്രകാരം സഭയിൽ വിളിച്ചുവരുത്തി ശാസിച്ച സംഭവവും ഉണ്ടായതോർക്കുന്നു. ഇന്നിപ്പോൾ നിയമസഭാ വാർത്തകൾക്ക് അർഹമായ പ്രാധാന്യവും പ്രാമുഖ്യവും അച്ചടി മാദ്ധ്യമങ്ങളോ ദൃശ്യമാദ്ധ്യമങ്ങളോ നൽകുന്നുണ്ടോ എന്നത് സംശയകരമാണ്. സഭാതലത്തിലെ അനാരോഗ്യകരമായ പരാമർശങ്ങളിലും പ്രകടനങ്ങളിലുമാണ് മാദ്ധ്യമങ്ങൾക്ക് ഇപ്പോൾ കൂടുതൽ താത്പര്യം.

(ഇക്കണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്‌സ്‌പ്രസ് എന്നിവയുടെ ബ്യൂറോ ചീഫ്, റോയിട്ടേഴ്‌സ്, ഗൾഫ് ന്യൂസ്‌ ലേഖകൻ, ജന്മഭൂമി ചീഫ് എഡിറ്റർ, അമൃത ടിവി സീനിയർ എക്സിക്യുട്ടീവ് എഡിറ്റർ തുടങ്ങി നാല് പതിറ്റാണ്ടിലേറെയായി മാദ്ധ്യമ രംഗത്ത് സജീവമാണ് ലേഖകൻ)​

TAGS: NIYAMASAHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.