ഓണം കേരളത്തിനു മാത്രമായുള്ള ഉത്സവമാണ്. സമൃദ്ധമായ ഒരു ഭൂതകാലത്തിന്റെ ഓർമ്മ പുതുക്കുന്ന പുരാണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് ഓണാഘോഷത്തിന്റെ അടിസ്ഥാനമായി കരുതപ്പെടുന്നത്. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലം എന്നതാണ് ഓണത്തിന്റെ എക്കാലത്തെയും പ്രസക്തി. തൊട്ടപ്പുറത്തെ സംസ്ഥാനമായ തമിഴ്‌നാടിന് പൊങ്കലാണ് ഏറ്റവും വലിയ ആഘോഷം. വൈവിദ്ധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ സംസ്കാരവും ഐതിഹ്യവും ആചാരവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ആഘോഷങ്ങളാണുള്ളത്. അന്യനാട്ടിൽ പോയിട്ടുള്ള മലയാളികളിൽ ഭൂരിപക്ഷവും ഒരു വർഷം കാത്തിരുന്നാവും ഓണത്തിന് ഒത്തുകൂടാൻ കേരളത്തിലെത്തുക. കേരളത്തിലെത്താൻ കഴിയാത്തവർ, അവർ ഏതു നാട്ടിലായാലും തിരുവോണദിവസം സദ്യവട്ടങ്ങളൊരുക്കി ആഘോഷിക്കാറുണ്ട്. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഉച്ചയ്ക്ക് ഊണു കഴിക്കുന്നതാണ് തിരുവോണ ദിവസം ഏറ്റവുമധികം സന്തോഷം പകരുന്നത്.
ഇതൊന്നും പറഞ്ഞാൽ ഒരുപക്ഷേ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കേന്ദ്രമന്ത്രിമാർക്ക് മനസിലാകണമെന്നില്ല. ഓണത്തിന് കേരളത്തിന് അരിയുടെയും ഗോതമ്പിന്റെയും അധിക വിഹിതം തരാനാകില്ലെന്നാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചിരിക്കുന്നത്. ഡൽഹിയിൽ സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ നേരിട്ടു കണ്ട് അഭ്യർത്ഥിച്ചപ്പോഴാണ് കേരളത്തിനു മാത്രമായി അധിക വിഹിതം നൽകാനാകില്ലെന്ന നിലപാട് കേന്ദ്രമന്ത്രി എടുത്തത്. ഓണത്തിന് വിലക്കയറ്റം പിടിച്ചുനിറുത്താനായി മുൻഗണനേതര വിഭാഗങ്ങൾക്ക് അരിയും ഗോതമ്പും അഞ്ചുകിലോ വീതം അധികം നൽകണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. കേരളത്തിനു മാത്രമായി നൽകാനാവില്ലെന്ന് പറയുമ്പോൾ മറ്റ് സംസ്ഥാനങ്ങളും ഓണം ആഘോഷിക്കുന്ന സ്ഥിതി ഉണ്ടാകുകയാണെങ്കിൽ നൽകാമെന്നാണോ മനസിലാക്കേണ്ടത്? അത് എന്തായാലും ഉണ്ടാകാൻ പോകുന്നില്ല!
കാലാകാലങ്ങളായി ഓണക്കാലത്ത് കേരളത്തിന് കൂടുതൽ അരിയും ഗോതമ്പും അനുവദിക്കുന്ന കീഴ്‌വഴക്കമാണ് ഉണ്ടായിരുന്നത്. അതിനു വിരുദ്ധമായ നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. അതിനായി പ്രധാനമന്ത്രിയെ നേരിൽക്കണ്ട് ഇക്കാര്യം ധരിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. കേരളത്തിലെ എല്ലാ കാർഡുകാർക്കും പത്തുവർഷം മുമ്പുവരെ വേർതിരിവില്ലാതെ റേഷൻ ലഭിച്ചുകൊണ്ടിരുന്നതാണ്. ഭക്ഷ്യസുരക്ഷാ നിയമവും മറ്റും വന്നതിനു ശേഷം മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകാർക്കു മാത്രമേ ആ നിയമപ്രകാരമുള്ള റേഷൻ നൽകുന്നുള്ളൂ. ഇതിനു പുറമെ ലഭിക്കുന്ന 'ടൈഡ് ഓവർ" വിഹിതത്തിൽ നിന്നാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് സംസ്ഥാനം റേഷൻ നൽകിവരുന്നത്. 'ടൈഡ് ഓവർ" വിഹിതത്തിൽ കേരളത്തിന് നേരത്തേ ലഭിക്കുമായിരുന്ന ഗോതമ്പ് വിതരണം ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്. ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രം മറുപടി അറിയിച്ചിട്ടില്ല.
ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനപരമായ സമീപനമാണ് പുലർത്തുന്നതെന്ന പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്ന ഒരു നടപടി കൂടിയായി വേണം ഓണക്കാലത്ത് കൂടുതൽ അരി, ഗോതമ്പ് വിഹിതം നൽകില്ലെന്ന നിലപാടിനെ കാണേണ്ടത്. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിറുത്താൻ സംസ്ഥാന പൊതുവിതരണ വകുപ്പിന് പലപ്പോഴും കഴിയുന്നത് കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന അധിക സഹായം മൂലമാണ്. കേരളത്തിലെ ജനങ്ങൾ വൈകാരികമായി ഹൃദയത്തോടു ചേർത്ത് ആഘോഷിക്കുന്ന ഓണക്കാലം സമൃദ്ധമാക്കാൻ ഒരു ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാരിനും ബാദ്ധ്യതയുള്ളതാണ്. അതിൽ നിന്ന് മാനദണ്ഡങ്ങളുടെയും നിയമത്തിന്റെയും മറ്റും സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഭക്ഷ്യവകുപ്പ് ഒഴിഞ്ഞുമാറരുത്. അങ്ങനെ വന്നാൽ അത് കേരളത്തിലെ ജനങ്ങളോടുള്ള അവഗണനയായിത്തന്നെ കാണേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |