സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള റവാഡ ചന്ദ്രശേഖറിന്റെ നിയമനം സി.പി.എമ്മിൽ പുകയുന്നു. കൂത്തുപറമ്പ് വെടിവയ്പ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നിയമനത്തിൽ സംസ്ഥാന സമിതി നേതാവ് പി. ജയരാജന്റെ നിലപാടും തുടർന്നുണ്ടായ സൈബർ വാഴ്ത്തുപാട്ടുകളുമാണ് ചർച്ചയായിരിക്കുന്നത്. റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ന്യായീകരിച്ചുകൊണ്ട് സി.പി.എം. നേതൃത്വം കൂത്തുപറമ്പ് സംഭവത്തിൽ റവാഡ ചന്ദ്രശേഖറിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആവർത്തിക്കുന്നു. പാർട്ടി സെക്രട്ടറിയും മന്ത്രിമാരും വിശദീകരണവുമായി എത്തി. എന്നാൽ ഈ ഏകീകൃത നിലപാടിൽ നിന്ന് വ്യത്യസ്തമായി നിന്ന ഒരേയൊരു നേതാവാണ് പി. ജയരാജൻ.
പിന്നീട് പി. ജയരാജന് തന്റെ പ്രസ്താവനകൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് മലക്കം മറിയേണ്ടി വന്നെങ്കിലും അണികൾ പി.ജെ.യുടെ നിലപാടിനെ ഏറ്റെടുത്തു. സർക്കാർ തീരുമാനത്തെ അനുകൂലിക്കുകയാണ് ചെയ്തതെന്നും, പാർട്ടി നിലപാടിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് പറയേണ്ടി വന്നു. ഈ തിരുത്തൽ പാർട്ടിക്കുള്ളിലെ സമ്മർദ്ദമാണോ എന്ന സംശയം അണികളിലുണ്ട്. പി. ജയരാജന്റെ പ്രാരംഭ നിലപാടിനെ പിന്തുണച്ചുകൊണ്ട് സൈബർ സഖാക്കൾ പാർട്ടിയെയും സർക്കാരിനെയും ചോദ്യം ചെയ്തു. ഒരേയൊരു പി.ജെ എന്ന മുദ്രാവാക്യം സൈബറിടങ്ങളിൽ ട്രെൻഡിംഗായി. കൂത്തുപറമ്പിലെ രക്തസാക്ഷികളെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും പി. ജയരാജന്റെ ചങ്കൂറ്റത്തിന് നന്ദിയറിയിക്കുന്ന പോസ്റ്റുകളും സൈബർ സ്‌പേസിൽ വ്യാപകമായി പ്രചരിച്ചു.
ഈ സൈബർ പ്രതികരണം സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടിനും പാർട്ടി നേതൃത്വത്തിനും എതിരായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ വിവാദം സി.പി.എമ്മിന്റെ ആന്തരിക രാഷ്ട്രീയത്തിലെ പുതിയ ചലനം വെളിപ്പെടുത്തുന്നു. ഒരു വശത്ത് പാർട്ടിയുടെ ഏകീകൃത നിലപാടും മറുവശത്ത് സൈബർ പ്രവർത്തകരുടെ വിയോജിപ്പും.
എം.വി.ആർ മുതൽ റവാഡ വരെ
കൂത്തുപറമ്പ് വെടിവെപ്പ് സംഭവത്തിലെ രക്തസാക്ഷികളെ സി.പി.എം മറന്നോ എന്ന ചോദ്യം ശക്തമാണ്. എം.വി. രാഘവനെയും പിന്നീട് അദ്ദേഹത്തിന്റെ മകൻ നികേഷ് കുമാറിനെയും സ്വീകരിച്ച സി.പി.എം, ഇപ്പോൾ വെടിവെപ്പിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ റവാഡ ചന്ദ്രശേഖറിനെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവന്നതാണ് ഈ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്. വെടിവെപ്പിന് ശേഷം അധികാരത്തിൽ വന്ന നായനാർ സർക്കാർ റവാഡ ചന്ദ്രശേഖറിനെതിരെ കേസെടുത്തിരുന്നു. എന്നാൽ, 2012ൽ കേരള ഹൈക്കോടതി അദ്ദേഹത്തെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കി. വെടിവെപ്പ് സംബന്ധിച്ച് റവാഡ കോടതിയിൽ നൽകിയ മൊഴികൾ അന്ന് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരുന്നു. കൂത്തുപറമ്പ് സംഭവത്തിന് ഉത്തരവാദിയെന്ന് സി.പി.എം ഒരു കാലത്ത് മുദ്രകുത്തിയ എം.വി. രാഘവനെ പിന്നീട് അംഗീകരിക്കുകയും, മരണത്തിന് മുൻപ് അദ്ദേഹത്തെ പാർട്ടിയിലെ ഒരു വിഭാഗം ചേർത്തുപിടിക്കുകയും ചെയ്തിരുന്നു. എം.വി. രാഘവന്റെ മകൻ നികേഷ് കുമാറിനെ പിന്നീട് അഴീക്കോട് ഇടതു സ്ഥാനാർത്ഥിയാക്കിയതും ഈ രാഷ്ട്രീയ വിട്ടുവീഴ്ചയുടെ ഭാഗമായി വിലയിരുത്തപ്പെട്ടു. ഇപ്പോൾ റവാഡ ചന്ദ്രശേഖറിന്റെ കാര്യത്തിലും പാർട്ടി സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ചുമതലയേറ്റെടുത്ത ശേഷം റവാഡ ചന്ദ്രശേഖറിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിൽ തന്നെ നടന്നതും കൗതുകമായി. ഐ.പി.എസ്. ട്രെയിനിംഗിനു ശേഷം എ.എസ്.പി.യായി ആദ്യ നിയമനം ലഭിച്ച കണ്ണൂരിൽ നിന്ന് തന്നെ ഡി.ജി.പി.യായി ഔദ്യോഗിക ചുമതലയും ആരംഭിക്കാനായത് യാദൃശ്ചികമെന്ന് ഡി.ജി.പി. റവാഡാ ചന്ദ്രശേഖർ പറഞ്ഞു.
വീണ്ടും ഓർമ്മയിൽ പുഷ്പൻ
''പുഷ്പനെ അറിയാമോ...
ഞങ്ങടെ പുഷ്പനെ അറിയാമോ...
സഖാവിനെ അറിയാമോ...
എന്ന വിപ്ലവ ഗാനം സൈബർ ഇടങ്ങളിൽ വീണ്ടുമുയരുന്നത് ആവേശം സൃഷ്ടിക്കാനല്ല, പാർട്ടിയെ വിമർശിക്കാനാണ്. സി.പി.എമ്മിന്റെ സമരചരിത്രത്തിലെ മരിക്കാത്ത ഓർമയായി മാറിയ കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുമ്പോൾ റവാഡ ചന്ദ്രശേഖറായിരുന്നു എ.എസ്.പി. ഇന്നും പൊലീസുകാരുടെ വീഴ്ചയാണ് വെടിവെപ്പിന് കാരണമായതെന്നാണ് സി.പിഎം. നിലപാട്. അതു തന്നെയാണ് പി. ജയരാജൻ ആവർത്തിച്ചതും. ഇതേ റവാഡ സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ പൊലീസ് മേധാവിയായി ചുമതലയേറ്റിരിക്കുന്നുവെന്നത് പാർട്ടിയെ സ്‌നേഹിക്കുന്നവർക്ക് വേദനയുണ്ടാക്കുന്നു. ആ വേദന തുറന്നു പറഞ്ഞു എന്നതാണ് പി. ജയരാജന് കിട്ടിയ പിന്തുണയ്ക്ക് കാരണം. ഇതോടെ ഒരിക്കൽ കൂടെ കൂത്തുപറമ്പ് വെടിവെപ്പും പുഷ്പനുമെല്ലാം രാഷ്ട്രീയ കേരളത്തിൽ സജീവ ചർച്ചയാവുകയും ചെയ്തു. റവാഡയ്ക്ക് അന്ന് ഒന്നുമറിയില്ലായിരുന്നുവെന്നും ചുമതലയേറ്റതേയുള്ളൂവെന്നും ന്യായീകരണമായി സർക്കാർ പറയുമ്പോഴും അതിനെ പൂർണമായും അംഗീകരിക്കാൻ അണികൾ തയ്യാറല്ല.
ഓർമ്മയിൽ കൂത്തുപറമ്പ്
1994 നവംബർ 25നായിരുന്നു കൂത്തുപറമ്പ് വെടിവെപ്പ്. അർബൻ സഹകരണ ബാങ്ക് സായാഹ്നഹ്നശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.വി. രാഘവൻ. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കേണ്ട മന്ത്രി എൻ. രാമകൃഷ്ണൻ സംഘർഷമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നു പിൻവാങ്ങുന്നു. പിൻമാറാതെ രാഘവൻ. കൂത്തുപറമ്പിലും പരിസരത്തും വൻ പൊലീസ് സന്നാഹം. രണ്ടായിരത്തോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പകൽ 11.55 ആയപ്പോഴേക്കും പൊലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. തിരിച്ചും കല്ലേറ്. ചിതറി ഓടിയവർക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗൺഹാളിലേക്ക്. ഹാളിനുള്ളിലും ലാത്തിച്ചാർജ്. പലരും അടിയേറ്റു വീണു.പോലീസുകാർ ഒരുക്കിയ വലയത്തിനുളളിൽനിന്ന് നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്ഘാടനം ചെയ്ത എം.വി.ആർ 13 മിനിറ്റ് പ്രസംഗിച്ചു. ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരിച്ചു കണ്ണൂരിലേക്ക്. ഇതിനിടയിൽ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വെടിവയ്പ് തുടങ്ങി. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷൻ, പ്രവർത്തകരായ വി. മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ മരിച്ചു വീണു. പുഷ്പൻ, മാങ്ങാട്ടിടം മങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവർക്കു പരിക്കേറ്റു. മുൻപിൽ വെടിയേറ്റു വീണ കെ.കെ രാജീവനെ താങ്ങിപ്പിടിക്കാൻ ചാടിയതായിരുന്നു പുഷ്പൻ. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്ന നാഡിക്കാണു പ്രഹരമേൽപിച്ചത്. കഴുത്തിനു താഴേക്കു തളർന്നു.
ന്യായീകരിച്ച് നേതാക്കൾ
റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചത് നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണെന്നാണ് കണ്ണൂരിലെ സി.പി.എം മുതിർന്ന നേതാവ് ഇപി ജയരാജന്റെ അഭിപ്രായം.
കേന്ദ്രസർക്കാർ നിയമിച്ച പട്ടികയിൽ നിന്നാണ് സംസ്ഥാന സർക്കാർ ഡി.ജി.പിയെ നിയമിച്ചിട്ടുള്ളതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. കോടതി റവാഡ ചന്ദ്രശേഖറെ കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റവാഡ ചന്ദ്രശേഖറിനു മേൽ ഒരു കുറ്റവും ചാർത്താൻ സാധിക്കില്ലെന്ന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടും ഉണ്ടായിരുന്നു. അദ്ദേഹം ശിക്ഷിക്കപ്പെട്ട ആളല്ല. പാർട്ടിക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും ചൂണ്ടിക്കാണിക്കാനില്ല. സംസ്ഥാന പൊലീസിന്റെ മേധാവിയായി വരാൻ പറ്റിയ ഒരാൾ എന്ന നിലയിൽ സർക്കാരെടുത്ത തീരുമാനമാണിത്. അതിനെ മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, മുൻ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവരും സർക്കാർ തീരുമാനത്തിന് പിന്തുണയുമായെത്തി. കൂത്തുപറമ്പ് സംഭവം നടക്കുമ്പോൾ എം.വി. ജയരാജനായിരുന്നു ഡി.വൈ.എഫ്.ഐ. പ്രതിഷേധം നയിച്ചത്.
ഒടുവിൽ സർക്കാർ
തീരുമാനത്തിനൊപ്പം
പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും റവാഡയ്ക്ക് ഒപ്പം നിലയുറപ്പിച്ചതോടെയാണ് പി. ജയരാജൻ നിലപാട് മയപ്പെടുത്തിയത്. സർക്കാർ തീരുമാനത്തിന് ഒപ്പമാണ്, എന്ന് പറഞ്ഞ ജയരാജൻ, മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും കൂട്ടിച്ചേർത്തു. മന്ത്രിസഭാ തീരുമാനത്തെ താൻ എതിർത്തിട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാൽ കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡയ്ക്ക് പങ്കുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് അദ്ദേഹം ഇന്ന് പൂർണമായി ഒഴിഞ്ഞുമാറി. പുതിയ ഡി.ജി.പി നിയമനം രക്തസാക്ഷി കുടുംബം ഉൾക്കൊള്ളുമോ എന്ന ചോദ്യത്തിനും പി. ജയരാജൻ കൃത്യമായി മറുപടി നൽകിയില്ല. താനും പാർട്ടി നേതൃത്വത്തിന്റെ ഭാഗം തന്നെയാണ് എന്ന് പറഞ്ഞൊഴിയുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |