സംസ്ഥാനത്ത് മലപ്പുറത്തും പാലക്കാടും കോഴിക്കോട്ടുമായി നിപ സമ്പർക്കപ്പട്ടികയിൽ 345 പേർ ഉൾപ്പെടുന്നു എന്നത് ആശങ്ക പടർത്തുന്നതാണ്. ആരോഗ്യരംഗം സമരങ്ങളാലും പ്രതിഷേധങ്ങളാലും കലുഷിതമായിരിക്കുന്ന ഈ വേളയിൽ നിപ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളിൽ ജാഗ്രതക്കുറവ് ഉണ്ടാകാൻ പാടില്ല.
മലപ്പുറത്ത് ചെട്ടിയാരങ്ങാടിയിൽ പതിനെട്ടുകാരി മരണമടഞ്ഞത് നിപ ബാധിച്ചാണെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. പനിയെത്തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനെട്ടുകാരിയുടെ നില ഗുരുതരമായതിനെത്തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിപ തന്നെയാണെന്ന് ഉറപ്പിക്കാനുള്ള ഔദ്യോഗിക പരിശോധന പൂനെയിലെ വൈറോളജി ലാബിൽ നിന്നാണ് വരേണ്ടത്. ഇതിനായി സ്രവം അയച്ചുകൊടുത്തിരിക്കുകയാണ്. ഈ കുട്ടിയുടെ രോഗ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. വീടിനോട് ചേർന്ന് വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളൊന്നുമില്ല.പെൺകുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 211 പേരുണ്ട്. ഇവരിൽ ഏറെയും ആരോഗ്യപ്രവർത്തകരും ബന്ധുക്കളുമാണ്. ഇവരോട് ക്വാറന്റീനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. റോഡിൽ നിന്നും മറ്റ് പുരയിടങ്ങളിൽ നിന്നുമൊക്കെ വീണുകിട്ടുന്ന മാങ്ങ, പേരയ്ക്ക, പഴം പോലുള്ളവ എടുത്ത് കഴിക്കാതിരിക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചികിത്സയ്ക്ക് മാത്രമല്ല നിപ വ്യാപനം തടയുന്നതിനുള്ള ബോധവത്‌ക്കരണത്തിനും മാദ്ധ്യമങ്ങളും മറ്റും വഴി ആരോഗ്യവകുപ്പ് മുൻതൂക്കം നൽകേണ്ടതാണ്. രോഗലക്ഷണങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ വിദഗ്ദ്ധർ തന്നെ വേണം നിർദ്ദേശങ്ങൾ നൽകേണ്ടത്. ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാതിരിക്കാൻ സോഷ്യൽ മീഡിയയും ജാഗ്രത കാണിക്കേണ്ട സന്ദർഭമാണിത്. ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന മറ്റ് പകർച്ചവ്യാധികൾ പോലെയല്ല നിപ രോഗം. ഗുരുതരാവസ്ഥയിലായാൽ മരണത്തിനു തന്നെ ഇടയാക്കാം.
ആരോഗ്യവകുപ്പിന്റെ ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടത് ഉത്തര കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഇതിനായി പ്രത്യേക വാർഡ് സജ്ജീകരിക്കുകയും ചികിത്സാ ഉപകരണങ്ങളും മരുന്നും മറ്റും ആവശ്യത്തിന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിലാവണം. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇതിനകം തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളും പരമാവധി സഹകരിക്കേണ്ടത് ഈ സന്ദർഭത്തിൽ ആവശ്യമാണ്. ചില സ്ഥലങ്ങളിൽ വവ്വാലുകളെ പടക്കം പൊട്ടിച്ച് ഓടിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒരു കാരണവശാലും പാടില്ലെന്നും വവ്വാലുകളിൽ സമ്മർദ്ദം വർദ്ധിക്കുന്നത് നിപ വൈറസ് സാന്നിദ്ധ്യം വർദ്ധിപ്പിക്കാനിടയാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ തവണ നിപ റിപ്പോർട്ട് ചെയ്തപ്പോഴും ആളുകൾ തനിച്ചും കൂട്ടമായും വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ നശിപ്പിച്ചിരുന്നു. വവ്വാലുകൾ കടിച്ച പഴവർഗങ്ങൾ ഭക്ഷിക്കുന്നതിലൂടെ വൈറസ് ബാധ ഉണ്ടാകാമെന്നാണ് നിഗമനമെങ്കിലും ഈ രോഗം വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് എങ്ങനെയാണ് പകരുന്നത് എന്നത് ഇനിയും കൃത്യമായി കണ്ടെത്തിയിട്ടില്ല. പടക്കം പൊട്ടിച്ചും എയർഗൺ ഉപയോഗിച്ചും വവ്വാലുകളെ തുരത്താനുള്ള പ്രവൃത്തികൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസും നിരീക്ഷണം ശക്തമാക്കണം. തുരത്തപ്പെടുന്ന വവ്വാലുകൾ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറിയാൽ ആ പ്രദേശത്തും രോഗസാദ്ധ്യതയ്ക്ക് വഴിവയ്ക്കാവുന്നതാണ്. നിപക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിന് നല്ല മുൻപരിചയം ഉള്ളതാണ്. ആ അനുഭവം മുതൽക്കൂട്ടാക്കി പ്രതിരോധ നടപടികളാണ് നിപ വ്യാപനം തടയാൻ അടിയന്തരമായി ചെയ്യേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |